ഉസൂലുൽ ഹദീഥ് - പാർട്ട് 7

 

മർദൂദ് ആയ ഹദീസുകളിൽ ഒന്നാമത്തെവിഭാഗമായ  നിവേദക ശ്രേണിയുടെ കണ്ണിമുറിയലുമായി ബന്ധപ്പെട്ട ഇനങ്ങളാണ് ഇത് വരെ ചർച്ച ചെയ്തത് .

രണ്ട് ; നിവേദക ശ്രേണിയിലെ നിവേദകരുടെ അയോഗ്യതയുമായി ബന്ധപ്പെട്ടത്

മതനിഷ്ഠ ,ധാർമികത പോലുള്ള വിഷയത്തിലോ , ഹദീസ് മനഃപാഠമാക്കൽ  എഴുതി സൂക്ഷിക്കൽ , കൈകൊള്ളൽ മുതലായ വിഷയത്തിൽ ന്യൂനത ആരോപിക്കപ്പെട്ടവനാകുക എന്നതാണ് നിവേദകരുടെ അയോഗ്യത എന്ന് പറയുന്നത് .

മത ധാർമ്മികതയുമായി ബന്ധപ്പെട്ട് അഞ്ച് കാര്യങ്ങളുണ്ട്

1 , കളവ് പറയൽ (കിദ്ബ്)

2 , കളവു പറഞ്ഞു എന്ന ആരോപണം

3 , അധാർമ്മിക പ്രവർത്തികൾ (ഫിസ്‌ക്‌)

4 , അനാചാര ബന്ധം (ബിദ്അത്)

5 , നിവേദകൾ ആജ്ഞതാനാകുക (മജ്ഹൂൽ)

 

ഹദീസ് മനഃപാഠമാക്കലുമായി ബന്ധപ്പെട്ടവ

1 , ഗുരുതരമായ അബദ്ധങ്ങൾ

2 , മനഃപാഠ വൈകല്യങ്ങൾ (സൂഉൽ ഹിഫ്ദ്)

3 , അശ്രദ്ധ

4,  ധാരണ പിശകുകളുടെ ആധിക്യം (വഹ്മ്)

കരുതിക്കൂട്ടിയല്ലാതെ സനദിലും , മത് നിലും തെറ്റുകൾ വരുത്തുക

5, പ്രാമാണികരോടുള്ള വിയോജിപ്പ്

ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം ഹദീസുകളെ വിവിധ ഇനമായി തിരിച്ചിട്ടുണ്ട് .

മൗദൂഅ͑

നബിയുടെ പേരിൽ കളവ് പറഞ്ഞിട്ടുണ്ട് എന്നതാണ് നിവേദകന്റെ അയോഗ്യതയെങ്കിൽ അയാളുൾപ്പെടുന്ന ഹദീസിനെ മൗദൂഅ͑  എന്ന് വിളിക്കുന്നു .

ഉദാഹരണം ;

ജാബിർ [റ ] നിന്ന് നിവേദനം നബി [സ ] പറഞ്ഞു ; ഈ സമുദായത്തിലെ അവസാനത്തെ ജന വിഭാഗം ആദ്യത്തെ ജന വിഭാഗത്തെ പഴിക്കുന്ന വേളയിൽ ആരെങ്കിലും ഒരു ഹദീസ് മറച്ചു വെച്ചാൽ അല്ലാഹു അവതരിപ്പിച്ചത് മറച്ചു വെച്ചപോലെയാണ് . (ഇബ്ൻ മാജ 263 )

ഇതിന്റെ സനദിലെ ഹുസ്സൈൻ ഇബ്ൻ അബീ സരീ എന്ന റാവി കളവ് പറയുന്നവനാണ് എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട് . (തഹ്ദീബ് 2/ 1625 )

അതിനാൽ പ്രസ്തുത ഹദീസ് മൗദൂആണ് .

മത്റൂക്ക്

കളവ് പറഞ്ഞു എന്ന ആരോപണമുള്ള ഒരു റാവി യുൾപ്പെടുന്ന ഹദീസിനെ മത്റൂക്ക് (വർജ്യം )എന്ന് പറയുന്നു.

ഇവർ സാധാരണ സംസാരത്തിൽ കളവു പറയുന്നവനായി അറിയപ്പെടുന്നവനായിരിക്കും കൂടാതെ ദീനിൽ അറിയപ്പെട്ട കാര്യങ്ങൾക്ക് എതിരായി ഇവരിൽ നിന്ന് മാത്രം ഹദീസ് നിവേദനം ചെയ്യപ്പെടും . ഇത്തരം റാവികൾ ഉദ്ധരിക്കുന്ന ഹദീസുകളെ മത്റൂക്ക് എന്ന് വിളിക്കപ്പെടും .

അമ്മാർ [ ]വിൽ നിന്നും , അലി [ ] വിൽ നിന്നും നിവേദനം   ; അവർ രണ്ടുപേരും നബി()യുടെ പിന്നിൽ നിന്ന് പ്രഭാതത്തിൽ നമസ്കരിക്കുകയും  ഖുനൂത്ത് ചെയ്യുകയും ചെയ്തു. ( സുനന് ദാറുഖുത്നിയ്യ് 1489 )

 

ഈ ഹദീസിൻറെ പരമ്പരയിൽ അംറ് ഇബ്ൻ ഷമീർ ജൂഅഫി എന്ന നാമത്തിൽ ഒരു നിവേദകനുണ്ട് . അയാൾ മത്റൂക്കുൽ ഹദീസ് ആണ്.അതേപോലെ തന്നെ ജാബിർ ഇബ്ൻ യസീദ് ജൂഅഫി എന്ന നാമത്തിലുള്ള മറ്റൊരു മത്റൂക്കുൽ ഹദീസ് ആയ നിവേദകനുമുണ്ട് ഇതിന്റെ പരമ്പരയിൽ .

قالَ النسائي عَمْرو بْن شمر كوفي متروك الحديث قال النسائي جَابِر بْن يزيد الجعفي كوفي متروك الحديث

(അൽ കാമിൽ ഫീ ദുഅഫാഉ റിജാൽ )

      മത്റൂകായിട്ടുള്ള ചില റാവികൾക്ക് ഉദാഹരണം  ;

 

സഈദ് ഇബ്ൻ സിനാൻ ശാമി

അസ് റം ഇബ്ൻ ഹൗശബ് ഹംദാനി

അബൂബക്കർ ഹദ്‌ലി

അഹമ്മദ് ഇബ്ൻ ഹാരിസ് ഗസ്നി

വലീദ് ഇബ്ൻ മുഹമ്മദ് മൗക്കറി

 

ഈ റാവികളിൽ അബൂബക്കർ ഹദ്‌ലിയിൽ നിന്ന് സിഹാഹു സിത്തായിലെ സുനന് ഇബ്ൻ മാജയിൽ ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്  , അതേപോലെ വലീദ് ഇബ്ൻ മുഹമ്മദ് മൗക്കറിയിൽ നിന്ന് സുനന് ഇബ്ൻ മാജയിലും ജാമിഉ തിർമുദിയിലും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് . മുഹദ്ദിസുകൾ സ്വഹീഹ് ആയ ഹദീസ് മാത്രമല്ല ശേഖരിക്കുക , ദുർബലം കൂടി ശേഖരിക്കും കാരണം പലതാണ് . അതിൽ പ്രഥമ കാരണം  പ്രസ്തുത ഹദീസ് ആരിൽ നിന്നാണ് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത് എന്നത് പിൽക്കാലക്കാക്ക് മനസ്സിലാക്കാൻ ഇതാണ് നല്ല മാർഗ്ഗം . വ്യാജ നിർമ്മിത സനദുകൾ തിരിച്ചറിയാൻ ഇത് ഉപകരിക്കും . കൃത്രിമമായി ഒരു പരമ്പര ഉണ്ടാക്കി ഒരു ഹദീസിനെ പിൽകാലത് സ്വീകാര്യമാക്കാൻ  നോക്കിയാൽ അതിനവർക്ക് സാധിക്കില്ല ,  കാരണം   മുഹദ്ദിസുകൾ ആ ഹദീസ് നിവേദനം ചെയ്യപ്പെട്ട എല്ലാ തരീക്കുകൾ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും .

മുൻകർ

ഗുരുതരമായ അബദ്ധം , തികഞ്ഞ അശ്രദ്ധ ,ധാർമ്മികതക്ക് നിരക്കാത്ത പ്രവർത്തികൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ആക്ഷേപിക്കപ്പെട്ട റാവികൾ സനദിൽ ഉണ്ടെങ്കിൽ അത്തരം ഹദീസിനെ മുൻകർ  എന്ന് പറയുന്നു .

ഉദാഹരണം

 

ആയിശ (റ )വിൽ നിന്ന് നിവേദനം ; നബി (സ ) പറഞ്ഞു ; നിങ്ങൾ പച്ച ഈന്തക്കായ ഉണങ്ങിയ ഇന്തപ്പഴവുമായി ചേർത്ത് ഭക്ഷിക്കുക നിശ്ചയം ആദമിന്റെ മക്കൾ ഇങ്ങനെ കഴിക്കുകയാണെങ്കിൽ പിശാച് കോപിഷ്ടനാകും "

{സുനന് ഇബ്ൻ മാജ 3330 , സുനനുൽ കുബ്റ നസാഈ 5553 ,ഹാക്കിം 7238 ,ബസ്സാർ 18/ 99 , അഖ്ബാറുൽ അസ്ബഹാൻ 450 }

ഈ ഹദീസിലെ അബൂ സുഖൈർ യഹിയ്യബ്‌നു മുഹമ്മദിബ്നു ഖൈസ് പ്രാമാണികനല്ല

ഇമാം ഉഖൈലി പറഞ്ഞു ; ഇദ്ദേഹത്തെ ഹദീസിന്റെ കാര്യത്തിൽ പിൻപറ്റാനാകില്ല

ഇമാം ഇബ്ൻ മഈൻ പറഞ്ഞു ; ദുർബലൻ

ഇമാം സക്കരിയ്യ സാജി പറഞ്ഞു ; ലയ്യിനുൽ ഹദീസാണ് - തിക്കാത്തിൻറെ (പ്രാമാണികൻ ) യോഗ്യതയിലേക്ക് ഉയരാത്ത റാവിയെയാണ്  'ലയ്യിൻ' എന്ന് വിമർശിക്കുന്നത് .  റാവികൾ തികച്ചും അശ്രദ്ധരും , ലാഘവത്തോടെ കാര്യങ്ങളെ കാണുന്നവരുമായിരിക്കും.

ഇമാം ഇബ്ൻ ഹജർ ; സത്യസന്ധനാണെങ്കിലും ധാരാളം പിഴവുകൾ വരുത്തും .

(സിയർ അഅലാമു നുബിലാ , തഹ്ദീബ്)

ഈ ഹദീസിനെ കുറിച്ച് ഇമാം നസാഈ തന്നെ പറയുന്നത് മുൻകർ എന്നാണ് (തുഹ്ഫത്തുൽ അഷ്‌റാഫ് 17334 )

പ്രാമാണികരായ റാവികൾ നിവേദനം ചെയ്ത ഹദീസിനു വിരുദ്ധമായി ഹദീസുകൾ നിവേദനം ചെയ്താലും അതിനെ മുൻകർ എന്ന് വിളിക്കും .

ഉദാഹരണം ;

ഇബ്ൻ അബ്ബാസ് (റ ) വിൽ നിന്ന് നിവേദനം ; നബി (സ )പറഞ്ഞു ; വല്ലവനും നമസ്ക്കാരം നിലനിർത്തുകയും , സകാത്ത് നൽകുകയും , കഅബയിൽ പോയി ഹജ്ജ് നിർവ്വഹിക്കുകയും നോമ്പ് അനുഷ്ഠിക്കുകയും , അതിഥിയെ സൽക്കരിക്കുകയും ചെയ്‌താൽ അവൻ സ്വർഗ്ഗ പ്രവേശനത്തിന് അർഹനായി "

(ഥബ്റാനി 12526 )

മുസന്നഫ് അബ്ദിറസാക്കിൽ ഇബ്ൻ അബ്ബാസ് (റ ) വിൽ നിന്ന് മൗഖൂഫ് ആയിട്ടാണ് ഇത് നിവേദനം ചെയ്തിട്ടുള്ളത് (മുസന്നഫ് 20529)

എന്നാൽ ഈ ഹദീസിൽ  നബിയുടെ വാക്കായിട്ടാണ് ഉദ്ധരിക്കുന്നത് . പ്രസ്തുത ഹദീസിൽ , ഹുബൈബ് ഇബ്ൻ ഹബീബ് എന്ന റാവി യുണ്ട് അയാൾ ദുർബലനായ റാവിയാണ് പ്രാമാണികരായ റാവികൾ ഉദ്ധരിച്ചതിന് വിരുദ്ധമായതിനാൽ മേൽ പ്രസ്താവിക്കപ്പെട്ട ഹദീസ് മുൻകറാണ് .

ഇമാം അബൂ സുർഅ റാസി പറഞ്ഞു ; ഇത് മുൻകറാണ് , ഇത് ഇബ്ൻ അബ്ബാസിൽ നിന്ന് മൗഖൂഫായിട്ടാണ് വന്നിട്ടുള്ളത് (അൽ ഇലൽ ഇബ്ൻ അബീ ഹാതിം 1998 )

മുഅല്ലൽ

ബാഹ്യദൃഷ്ടിയിൽ യാതൊരു ന്യൂനതയുമില്ലാത്തതും എന്നാൽ കാര്യമായ ന്യൂനത മറഞ്ഞു കിടക്കുന്നതുമായ ഹദീസുകളെയാണ് മുഅല്ലൽ(വികലം ) എന്ന് പറയുന്നത് .ഈ ന്യൂനത സനദിലും , മത് നിലും ഉണ്ടാകാറുണ്ട് .

റാവികൾക്ക് സംഭവിക്കുന്ന വഹ്മാണ് ഇത്തരം ഇല്ലത്തുകളുണ്ടാകാൻ  കാരണം .

സനദിലെ ഇല്ലത്തിന് ഒരു ഉദാഹരണം ;

യഅല ഇബ്ൻ ഉബൈദ് സൗരിയിൽ നിന്നും അദ്ദേഹം അംറ് ഇബ്ൻ ദീനാറിൽ നിന്നും അദ്ദേഹം ഇബ്ൻ ഉമറിൽ (റ )നിന്നും നിവേദനം ; “നബി [സ ] പറഞ്ഞു ; സദസ്സില്‍ നിന്ന് വേര്‍പിരിയുന്നതുവരെ കച്ചവടത്തില്‍ നിന്ന് പിന്‍മാറുവാന്‍ വില്‍പ്പനക്കാരനും വാങ്ങുന്നവനും സ്വാതന്ത്യ്രമുണ്ട്"

ഈ ഹദീസിൻറെ മത്നിൽ പറയുന്ന കാര്യം സ്ഥിരപ്പെട്ടതാണെങ്കിലും ഈ സനദിൽ ന്യൂനതയുണ്ട് . അംറ് ഇബ്ൻ ദീനാർ എന്ന റാവി ഇബ്ൻ ഉമറിൽ (റ )നിന്ന് ഹദീസ് കേട്ടിട്ടില്ല . സനദിലെ  മറ്റ് റാവികൾക്ക് വഹ്മ് സംഭവിച്ചതാണ് യഥാർത്ഥത്തിൽ അബ്ദുല്ലാഹ് ഇബ്ൻ ദീനാർ ആണ് ഇബ്ൻ ഉമറിൽ (റ )നിന്ന് ഹദീസുകൾ  കേട്ടിട്ടുള്ളത് . റാവികളിൽ ആർക്കൊ അബദ്ധം സംഭവിച്ച് അംറ് ഇബ്ൻ ദീനാർ എന്ന് റിപ്പോർട്ട് ചെയ്തതാണ് . (തദ്‌രീബുറാവി 1/ 296 )

" സൗരി - അംറ് ഇബ്ൻ ദീനാർ - ഇബ്ൻ ഉമർ " എന്നാണ് സനദ്  ഇതിൽ  സൗരി ഹദീസ് കേട്ടിട്ടുള്ള  ശൈഖ് അബ്ദുല്ലാഹ് ഇബ്ൻ ദീനാർ ആണ് . അദ്ദേഹം കേട്ടത് ഇബ്ൻ ഉമറിൽ നിന്നാണ് എന്നാൽ റാവിയുടെ പേര് തെറ്റായിട്ടാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് . ചിലപ്പോൾ ഹദീസ് പകർത്തി എഴുതിയെടുത്തപ്പോൾ പിഴവ് സംഭവിച്ചതാകാനും സാധ്യതയുണ്ട് . അഥവ പ്രത്യക്ഷത്തിൽ ന്യൂനതയില്ല എന്നാൽ ഒരു ന്യൂനത ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു ഈ പരമ്പരയിൽ .

മത്നിലെ ഇല്ലത്തിന് ഒരു ഉദാഹരണം ;

ഇബ്ൻ അബ്ബാസ് (റ )വിൽ നിന്ന് നിവേദനം ; നബി [സ ] നമസ്‌കാരത്തിൽ  ' ബിസ്മില്ലാഹി ' എന്ന് തുടങ്ങിയതാണ് ഫാതിഹ ഓതിയത് ' (ജാമിഉ തിർമുദി )

 

ഈ ഹദീസിൻറെ മത്നിൽ ഇല്ലത്തുണ്ട് . പ്രബലരായ നിവേദകരെല്ലാം നിവേദനം ചെയ്തത് ,  നബി [സ ] നമസ്‌കാരത്തിൽ  ഫാതിഹ തുടങ്ങിയത്  ' അൽഹംദുലില്ലാഹി ' എന്ന് ഓതികൊണ്ടാണ് എന്നാണ് .

(ഉലൂമുൽ ഹദീസ് ഇബ്ൻ സ്വലാഹ് 1/ 91 -92 )

ഇമാം ബുഖാരി , മുസ്ലിം അടക്കം ധാരാളം മുഹദ്ദിസുകൾ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് . മുസ്ലിം ഉദ്ധരിച്ചതിൽ സിയാദായായി വന്നിട്ടുള്ളത് " നമസ്കാര ആരംഭത്തിലോ അന്ത്യത്തിലോ  'ബിസ്‌മി ' ഓതിയിട്ടില്ലാ ' എന്ന് കൂടിയുണ്ട് .

ഇത്തരത്തിലുള്ള ഇല്ലത്തുകൾ കണ്ടെത്തുക എന്നത് ശ്രമകരമായ കാര്യമാണ് . നിദാന ശാസ്ത്രത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗവും ഇത് തന്നെ . ഹദീസ് നിദാന  ശാസ്ത്രവുമായിട്ടുള്ള നിരന്തരമായിട്ടുള്ള ഇടപെടലിലൂടെ മാത്രം ആർജ്ജിച്ചെടുക്കാവുന്ന ഒരു അറിവ് മാത്രമാണിത്  . ഇമാം അലി ഇബ്ൻ മദീനി ഈ വിഷയത്തിൽ നിപുണനായിരുന്നു . അദ്ദേഹത്തിന്റെ 'കിത്താബ് അൽ ഇലൽ ' എന്ന ഗ്രന്ഥം അതിൽ പ്രശസ്തമാണ് . ഇമാം ബുഖാരിയടക്കം പലരും അദ്ദേഹത്തിൽ നിന്ന് ആ കിത്താബ് ഓതി പഠിച്ചിട്ടുണ്ട് . ഇമാം തിർമുദി , ഇമാം ഇബ്ൻ അബീ ഹാതിം എന്നിവരും "അൽ ഇലൽ" എന്ന പേരിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് . ഇമാം തിർമുദി പറഞ്ഞത് അതിൽ ഭൂരിഭാഗവും അദ്ദേഹം പഠിച്ചത് തന്റെ ശൈഖായിരുന്ന ഇമാം  ബുഖാരിയിൽ നിന്നായിരുന്നു എന്നാണ് . ഇമാം തിർമുദി യുടെ ഈ ഗ്രന്ഥത്തിന് ഇബ്ൻ റജബ് വ്യാഖ്യാനവും എഴുതിയിട്ടുണ്ട്.

No comments:

Post a Comment