ഉസൂലുൽ ഹദീഥ് - പാർട്ട് 8

മുദ്‌റജ്

സനദിന്റെ  ശരിയായ രൂപത്തിന് ഭംഗം വരുത്തുന്നതിനെയോ , മത്നിൻറെ മൂലത്തിൽ ഇല്ലാത്ത ഒരു വചനം കൂട്ടിച്ചേർക്കുന്നതിനെയോയാണ് മുദ്‌റജ്  എന്ന് പറയുന്നത് . സനദിലാണ് മാറ്റം വരുത്തുന്നതെങ്കിൽ മുദ്‌റജുൽ  ഇസ്നാദ് എന്നും മത്നിലാണ് മാറ്റം വരുത്തുന്നതെങ്കിൽ മുദ്‌റജുൽ മത്ന് എന്നും പറയും .

ഇത് സംഭവിക്കാനുള്ള ഒരു കാരണം , ഗുരുവിന്റെ മുഖത്തു നിന്നും ഹദീസ് കേൾക്കുന്ന സമയം ഹദീസിന്റെ മൂലത്തിൽ ഇല്ലാത്ത എന്തെങ്കിലും വാക്കുകൾ ഗുരു മുഖത്തുനിന്ന് വരുകയും അത് ഹദീസ് എന്ന് തെറ്റിദ്ധരിച്ച് ശിഷ്യന്മാർ രേഖപ്പെടുത്തുകയും ചെയ്യുമ്പോളാണ് . ഒരിക്കൽ ശരീക്ക്‌  ഇബ്ൻ അബ്ദുല്ലാ ഖാദി ഒരു ഹദീസ് തന്റെ ശിഷ്യന്മാർക്ക് ഓതി കൊടുക്കുകയായിരുന്നു . അദ്ദേഹം പറഞ്ഞു ; ഹദ്ദസനാ അ'അമശ് അൻ അബീ സുഫ്‌യാൻ  അൻ ജാബിർ (റ ) കാല ; കാല റസൂൽ (സ )......ശേഷം ശിഷ്യർ അത്രയും രേഖപ്പെടുത്തുന്നത് വരെ മൗനം ദീക്ഷിച്ചു . ആ സമയത്താണ് ക്ലാസ്സിലേക്ക് സാബിത് ഇബ്ൻ മൂസ കടന്ന് വരുന്നത് സാബിത്തിനെ കണ്ട ഉടനെ ശരീക്ക് ഇബ്ൻ അബ്ദുല്ല അദ്ദേഹത്തെ നോക്കി പറഞ്ഞു " രാത്രി ധാരാളം നമസ്ക്കരിക്കുന്നവരുടെ മുഖം പകൽ മനോഹരമായിരിക്കും " ശരീക്ക് ഇബ്ൻ അബ്ദുല്ല അത് പറയാൻ കാരണം സാബിത് രാത്രിയിൽ ധാരാളം നമസ്ക്കരിക്കുന്നവനാണ്  എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു സാബിത്തിനെ അദ്ദേഹം പ്രശംസിച്ചതായിരുന്നു . പക്ഷെ സാബിത് കരുതി ഇത് നബി വചനമാണെന്ന് . സാബിത് എഴുതി എടുക്കുകയും  നിവേദനം ചെയ്യുകയും ചെയ്തു . ഈ സംഭവം ഇമാം ഇബ്ൻ അദിയ്യ് അൽ ജുർജാനി തൻറെ അൽ കാമിലിൽ സാബിത് ഇബ്ൻ മൂസയുടെ ചരിത്രം വിവരിക്കുന്നിടത് ഉദ്ധരിച്ചാതാണ്

(അൽ കാമിൽ ഫീ ദുഅഫാ അൽ റിജാൽ 2/ 526 )

അദ്ദേഹം നിവേദനം ചെയ്തത് കൊണ്ട് തന്നെ പല ഹദീസ് ഗ്രന്ഥത്തിലും " രാത്രി ധാരാളം നമസ്ക്കരിക്കുന്നവരുടെ മുഖം പകൽ മനോഹരമായിരിക്കും " എന്ന ശരീക്കിന്റെ വാക്കുകൾ നബി വചനമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഇമാം ഇബ്ൻ മാജ രാത്രിയിലെ സുന്നത്ത് നമസ്‌കാരത്തിന്റെ മഹത്വം എന്ന അധ്യായത്തിൽ ഈ വചനം ഉദ്ധരിച്ചിട്ടുണ്ട് (ഇബ്ൻ മാജ 1313 ) സിഹാഹ് സിത്ത എന്ന് വിശേഷണത്തിൽ ഉൾപ്പെട്ട സുനന് ഇബ്ൻ മാജയിലാണ് ഈ ഹദീസ് എന്നതോർക്കണം !

ഇമാം ഇബ്ൻ ജൗസി ഈ വചനം മൗദൂആണെന്ന് പറഞ്ഞു (അൽ മൗദൂആത് ഇബ്ൻ ജൗസി 110 )

നേരത്തെ ഉദാഹരണം പറഞ്ഞ ഗുരുവായ ശരീക്ക് ഇബ്ൻ അബ്ദുല്ലയായാലും , ശിഷ്യൻ സാബിത് ആയാലും അവർ പിഴവുകൾ വരുത്തുന്ന , വഹ്മുള്ള റാവികളാണ് എന്ന് ആ സംഭവം കൊണ്ട് മനസ്സിലാക്കാം . അങ്ങനെയാണ് മുഹദ്ദിസുകൾ റാവികളുടെ ന്യുനത കണ്ടെത്തുന്നത് .

ഇത്തരത്തിൽ ഇദ്‌റാജ്  സംഭവിക്കാനുള്ള മറ്റൊരു കാരണം ,റാവികൾ  ഹദീസ് ഉദ്ധരിക്കുമ്പോൾ സ്വന്തം അഭിപ്രായം കൂടി അതിനൊപ്പം പറയുന്നതാണ് . നബിയുടെ വാക്കുകളും അവരുടെ വാക്കുകളും കൂട്ടികലർത്തും . ഇതെല്ലം റാവികളുടെ ആധികാരികതയെ  ബാധിക്കുന്ന കാര്യങ്ങളാണ് .

ഉദാഹരണത്തിന് ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഉദ്ധരിച്ച "  സദസ്സില്‍ നിന്ന് വേര്‍പിരിയുന്നതുവരെ കച്ചവടത്തില്‍ നിന്ന് പിന്‍മാറുവാന്‍ വില്‍പ്പനക്കാരനും വാങ്ങുന്നവനും സ്വാതന്ത്യ്രമുണ്ട് " (ബുഖാരി 2114 ) എന്ന ഹദീസിൻറെ അവസാനത്തിൽ കച്ചവടം ഉറപ്പിച്ചു എന്നോ പിൻവലിച്ചു എന്നോ മൂന്ന് തവണ വാക്കാൽ ഉറപ്പിക്കണം എന്നുണ്ട് . ഇതിൽ "മൂന്ന് തവണ" എന്നത് നബിയുടെ (സ ) വാക്കുകളല്ല കൂട്ടി ചേർത്തതാണ് എന്ന് മുഹദ്ദിസുകൾ രേഖപ്പെടുത്തുന്നു.  (ഫത്ഹുൽ ബാരി 4 / 327 ,334 )

ചുരുക്കി പറഞ്ഞാൽ  മഹത് ഗ്രന്ഥങ്ങളിൽ പോലും ഇത്തരത്തിൽ റാവിയുടെ അഭിപ്രായങ്ങൾ , വാക്കുകൾ അബദ്ധത്തിൽ സംഭവിച്ചതും , മനപ്പൂർവ്വം കൂട്ടിച്ചേർത്തതും ഒക്കെ  നബി വചനവുമായി കൂട്ടി ചേർത്ത് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് . ഇത്തരത്തിലുള്ള ഹദീസുകളെ മുദ്‌റജ്  എന്ന് പറയുന്നു .

ഇവയെ വേർതിരിച്ചെടുക്കാനുള്ള ഒരു രീതി ശാസ്ത്രം പണ്ഡിതന്മാർ വികസിപ്പിച്ചെടുത്തിട്ടുമുണ്ട് അവിടെയാണ് ഉസൂലുൽ ഹദീഥിൻറെ പ്രസക്തി നിലകൊള്ളുന്നത് .

മഖ് ലൂബ്

സാൻദിലോ, മത്നിലോ ഏതെങ്കിലും ഒരു പദം  തല തിരിഞ്ഞു വരുന്നതിനെയാണ് മഖ് ലൂബ് ഹദീസ് എന്ന് പറയുന്നത് . സനദിൽ മാറ്റം  വന്നാൽ മഖ് ലൂബു സ്സനദ് എന്നും മത്നിൽ മാറ്റം  വന്നാൽ മഖ് ലൂബുൽ മത്ന് എന്നും പറയും .

ഉദാഹരണത്തിന് ; കഅബ് ഇബ്ൻ മർറത്ത്  എന്ന പേര് സനദിൽ തിരിച് പറഞ്ഞാൽ അഥവ മർറത്ത് ഇബ്ൻ കഅബ് എന്ന് പറഞ്ഞാൽ അതിനെ മഖ് ലൂബു സ്സനദ് എന്ന് പറയും . അതേപോലെ വാലിദ് ഇബ്ൻ മുസ്ലിം എന്നത് മുസ്ലിം ഇബ്ൻ വലീദ് എന്ന് പറയുക ഇതൊക്കെ മഖ് ലൂബു സ്സനദിന് ഉദാഹരങ്ങളാണ് . (ഫത്ഹുൽ മുഗീസ് 1/ 278 )

മത്നിൽ വാക്കുകൾ തല തിരിഞ്ഞു വരുന്നതിന്  ഉദാഹരണം ;

അബൂഹുറൈറ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ തണലല്ലാത്ത മറ്റു യാതൊരു തണലുമില്ലാത്ത ദിവസം ഏഴ് വിഭാഗത്തിന് അവൻ തണല്‍ നൽകുന്നതാണ്.നീതിമാനായ നേതാവ് അല്ലാഹുവിന് ഇബാദത്ത്‌ ചെയ്തുകൊണ്ട് ജീവിച്ചു വളർന്ന യുവാവ്  ഹൃദയം  എല്ലാ സമയവും പള്ളിയുമായി ബന്ധപ്പെട്ട മനുഷ്യൻ അല്ലാഹുവിന്റെ പേരിൽ പരസ്‌പരം സ്നേഹിക്കുകയും അതായത് അവന്റെ പേരിൽ ഒന്നിക്കുകയും അവന്റെ പേരിൽ ഭിന്നിക്കുകയും ചെയ്ത രണ്ട് ആളുകൾ സൗന്ദര്യവും സ്ഥാനമാനങ്ങളുമുള്ള ഒരു സ്‌ത്രീ അവിഹിത വേഴ്ചക്ക് ആവശ്യപ്പെട്ടപ്പോൾ ഞാൻ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ മനുഷ്യൻ ഇടത്  കൈകൊണ്ട് കൊടുക്കുന്നത് വലത്  കൈപോലും അറിയാത്ത വിധത്തിൽ വളരെ രഹസ്യമായി ദാനധർമ്മങ്ങൾ ചെയ്‌തവൻ ഏകനായിരുന്നുകൊണ്ട് അല്ലാഹുവിനെ ഓർത്ത്‌ കണ്ണുനീർ വാർത്തവൻ (ഇവരാണ് ഏഴു കൂട്ടർ). (മുസ്ലിം 1031 )

ഇവിടെ വലതു കൈകൊണ്ട് കൊടുക്കുന്നത് ഇടത് കൈപോലും അറിയില്ല എന്നതിനെ തല തിരിച്ച് 'ഇടത്  കൈകൊണ്ട് കൊടുക്കുന്നത് ' എന്ന്  ഇമാം മുസ്ലിമിന്റെ റാവി നിവേദനം ചെയ്തു . ഇതിനെ മഖ് ലൂബുൽ മത്ന് എന്ന് പറയുന്നു . (ഇഖ്തിസാർ  ഉലൂമിൽ ഹദീഥ്  - 88)

ഇമാം മുസ്ലിമിന്റെ കോപ്പികളിൽ വലതു കൈക്ക് പകരം ഇടത് എന്നണുള്ളത് . എന്നാൽ ഇമാം  മാലിക്ക് , ഇമാം ബുഖാരി എന്നിവർ വലതു കൈ എന്നുതന്നെയാണുള്ളത് . ഇത്തരത്തിൽ സനദിലും , മത്നിലും വാക്കുകൾ തിരിഞ്ഞു വരാം . സൂക്ഷ്മമായ പഠനത്തിലൂടെ മാത്രമേ ഇതെല്ലം തിരിച്ചറിയാനാകു .

മുള്ത്വരിബ്

പരസ്പ്പരം സംയോജിപ്പിക്കാൻ അസാധ്യമായ വിധത്തിൽ  വ്യത്യാസത്തോടെ വരുന്ന , അതെ സമയം ഒന്നിനെ മറ്റൊന്നിനേക്കാൾ മുൻഗണന നൽകാൻ സാധിക്കാത്തവിധം ബലാ ബലം സമമായി വരുന്ന  ഹദീസുകളെയാണ് മുള്ത്വരിബ് എന്ന് പറയുന്നത് . ഇത് സനദിലും , മത്നിലും സംഭവിക്കാം .  മുള്ത്വരിബു സ്സനദ് , മുള്ത്വരിബുൽ മത്ന് എന്നിങ്ങനെ പറയും . ഒരു വിഷയത്തെ കുറിച്ചായിരിക്കും ഹദീസുകൾ നിവേദനം ചെയ്യപ്പെടുന്നത് എന്നാൽ ഓരോ നിവേദനവും പരസ്പരം ഭിന്നമായിരിക്കും .ഇതിൽ ഒരു നിവേദനം സ്വീകരിച്ച് മറ്റേത് മാറ്റിവെക്കാൻ (തർജീഹ് ) സാധ്യമല്ലാത്ത വിധം ആധികാരികതയിൽ എല്ലാം സമമായിരിക്കും . ഇവയുടെ ആശയം സംയോജിപ്പിക്കാനും(ജംഉ) സാധ്യമാകാത്ത വിധം ഭിന്നവുമായിരിക്കും .

ഉദാഹരണം ;

അബൂബക്കർ (റ )വിൽ നിന്ന് നിവേദനം ; അദ്ദേഹം നബിയോട് പറഞ്ഞു ; അല്ലാഹുവിന്റെ ദൂതരെ താങ്കളെ നര ബാധിച്ചതായി ഞാൻ കാണുന്നു ; നബി [സ] പറഞ്ഞു 'ഹൂദും അതിന്റെ സഹോദരികളുമാണ് എന്നെ നരപ്പിച്ചത് '

(തിർമുദി 3297  , ഹാക്കിം )

ഈ ഹദീസ് വ്യത്യസ്തമായ പത്തോളം രീതിയിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് എല്ലാം അബൂ ഇസഹാക്ക് അസ്സബഈ വഴിയാണ് വന്നിട്ടുള്ളത് . ചിലത് മുർസലായിട്ടും , ചിലത് മൂത്തസ്വിലായിട്ടുമാണ് നിവേദനം ചെയ്യുന്നത് . ചിലതിൽ അബൂബക്കർ [റ ] വാണ് സ്വഹാബിയെങ്കിൽ ചിലതിൽ ആയിശ[റ ]യാണ് ചിലതിൽ സഅദാണ് . ഒന്നിന് മുൻഗണന നൽകി മറ്റൊന്നിനെ താഴെയാക്കാൻ പറ്റാത്ത വിധം സനദ് തുല്യമാണ് . ഇമാം ദാറുഖുത്നി ഈ ഹദീസ് മുള്ത്വരിബു സ്സനദിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു .

(ഇഖ്തിസാർ  ഉലൂമിൽ ഹദീഥ്  - 72 )

മത്നിൽ ഇള്ത്വിറാബ് സംഭവിച്ചതിന്  സിഹ്ർന്നബി ഹദീസ് ഉത്തമ ഉദാഹരണമാണ് . ഹിശാം ഇബ്ൻ ഉർവ്വയിൽ നിന്ന് സിഹാഹുകാർ ഉദ്ധരിച്ച നിവേദനത്തിൽ സിഹ്ർ ചെയ്ത വസ്തുക്കൾ നശിപ്പിച്ചതിനെ ചൊല്ലി പരസ്പര ഭിന്ന അഭിപ്രായമാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് .

 

"ആയിശ [റ ]നബിയോട് ചോദിച്ചു ; നബിയെ എന്താണ് അങ് സിഹ്ർ വസ്തുക്കൾ ജനങ്ങളെ പ്രദർശിപ്പിക്കാഞ്ഞത് ? നബി [സ ] പറഞ്ഞു ; എനിക്ക് അല്ലാഹു ശമനം നൽകി . ഇത് പുറത്തെടുത്ത് കാണിച്ചു ജനങ്ങൾക്കിടയിൽ പ്രശ്നം പരക്കുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല അങ്ങനെ നബി [സ ] ആ കിണർ മൂടാൻ കൽപ്പന കൊടുത്തു  "

ഇതിനു വിരുദ്ധമായി ഹിശാമിൽ നിന്ന് തന്നെയുള്ള മറ്റൊരു നിവേദനത്തിൽ

"അങ്ങനെ സിഹ്ർ വസ്തുക്കൾ പുറത്തെടുത്തു  ആയിശ [റ ]നബിയോട് ചോദിച്ചു ; നബിയെ എന്താണ് അങ്ങ്  നുശ്ര (മറു സിഹ്ർ ) ചെയ്യഞ്ഞത് ? എനിക്ക് അല്ലാഹു ശമനം നൽകി അതുകൊണ്ട് ജനങ്ങൾക്കിടയിൽ പ്രശ്നം പരക്കുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല '

ആദ്യത്തേതിൽ ആയിശ [റ ]യുടെ ചോദ്യം, സിഹ്ർ വസ്തുക്കൾ ജനങ്ങൾക്ക് കാണിച്ചു കൊടുക്കുന്നതിനെ പറ്റിയാണ്. രണ്ടാമത്തേതിൽ ആയിശ  [റ ] വിൻറെ റസൂലിനോടുള്ള ചോദ്യം നുശ്ര ചെയ്യുന്നതിനെ പറ്റിയാണ്രണ്ടു ചോദ്യത്തിനും നബി [സ ] ഒരേ ഉത്തരമാണ്  'റസൂൽ [സ ] പറഞ്ഞത് അത് 'അല്ലാഹു എനിക്ക് സുഖപ്പെടുത്തിയിരിക്കുന്നു അത് കൊണ്ട് ജനങ്ങൾക്കിടയിൽ ഈ വാർത്ത പരക്കുന്നത്  ഞാൻ ഭയപ്പെടുന്നു ' എന്നതാണ്.  ഇത് പരിഹരിക്കാൻ പറ്റാത്ത വൈരുധ്യമാണ്. ഇതിൽ ഒന്നിനെ മറ്റൊന്നിനേക്കാൾ മുൻഗണന നൽകാനും സാധിക്കില്ല രണ്ടും ബലാബലത്തിൽ തുല്യമാണ് .

ഇബ്ൻ ബതാൽ പറയുന്നു : മുഹല്ലബ് പ്രസ്താവിച്ചു 'കുടോത്രം ചെയ്യാനുപയോഗിച്ച വസ്തുകൾ പുറത്തെടുത്ത സംഭവം ഹിശാം പറഞ്ഞതിനെപറ്റി നിവെദകന്മാരു ഭിന്നിചിരികുന്നു . സുഫ് യാനു എടുത്തു എന്ന് സ്ഥാപിച്ചു .ആയിഷ [റ ] ചോദ്യം മാരണം നിഷ്ക്രിയമാകിയതിനെ പറ്റിയ ണെന്നു വരുത്തുകയും ചെയ്തു . ഈസ ഇബ്ൻ യുനുസകട്ടെ മാരണം നിഷ്ക്രിയമാകിയതിനെ പറ്റിയല്ല മറിച്ചു കുടോത്രം ചെയ്യാനുപയോഗിച്ച വസ്തുകൾ പു റതെടുതോ എന്നാണ് ആയിശ [റ ] യുടെ ചോദ്യമായി സ്ഥാപിച്ചത് , മുഹല്ലബ് ഇതിനൊന്നും മറുപടി പറഞ്ഞില്ല "

[
ഫത് ഹുൽ ബാരി 13/ 165 ]

മുഹദ്ദിസുകൾക്ക് ഈ വൈരുദ്ധ്യത്തെ ജംഉ ചെയ്യാൻ സാധിച്ചില്ല  മറുപടി പറയാതെ മൗനം പാലിക്കുകയും ചെയ്തു  . പ്രസ്തുത ഹദീസ് പ്രസിദ്ധമായ ഗ്രന്ഥങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്  എന്നത് അതിൻറെ ആധികാരിതയെ സൂചിപ്പിക്കുന്നില്ല  കാരണം മുഹദ്ദിസുകൾ സ്വഹീഹ് ആയ നിവേദനം മാത്രമല്ല ശേഖരിക്കുക . അവർ നിവേദനം ചെയ്യപ്പെട്ട പ്രസിദ്ധമായ ഹദീസുകളെല്ലാം ശേഖരിക്കും അതിൽ ദുർബലതകളുള്ളതും ഇല്ലാത്തതും ഉണ്ടാകും . അവർ ഏത് നിലക്ക് നിവേദനം ചെയ്തോ അതെ നിലക്ക് ഉദ്ധരിക്കും കാരണം പിൽകാലക്കാർക്ക് അതിലെ യോഗ്യതകളും ,ന്യുനതകളും  മനസ്സിലാക്കാനും പഠിക്കാനുമുള്ളതാണ് .

മുസ്വഹ്ഹഫ് , മുഹർറഫ്

ഗുരുവിന്റെ ഗ്രന്ഥങ്ങളിൽ നിന്ന് ശിഷ്യൻ ഹദീസ് വായിച്ചെടുക്കുമ്പോളോ , എഴുതി എടുക്കുമ്പോളോ നുഖ്തകളോ (കുത്തുകൾ ) ഇ'റാബുകളോ (വ്യഞ്ജനാക്ഷരം ) തെറ്റായി വായിച്ചെടുക്കുന്നത് മൂലം ഹദീസിന്റെ സനദിലോ മത്നിലോ ഉള്ള പദങ്ങളിൽ വ്യത്യാസം വരാറുണ്ട് . ഈ വ്യത്യാസം നുഖ്തയിലാണെങ്കിൽ അതിനെ തശീഫ് എന്നോ മുസ്വഹ്ഹഫെന്നോ പറയുന്നു . ഇ'റാബുകളിലാണ് വ്യത്യാസമെങ്കിൽ മുഹർറഫ് എന്നും പറയുന്നു .

മുസ്വഹ്ഹഫിന് ഉദാഹരണം ; العوام بن مراجم എന്നത്  العوام بن مزاحم എന്ന് റാവി തെറ്റായി ഉദ്ധരിച്ചിട്ടുള്ളത് .

മുഹർറഫിന് ഉദാഹരണം ; عاصم الأحول  എന്നതിനെ واصل الأحدب എന്ന് റാവി തെറ്റായി ഉദ്ധരിച്ചിട്ടുള്ളത് . ഇമാം നസാഈ ഇബ്ൻ മസ്ഊദ് (റ ) വിൽ നിന്നും ഉദ്ധരിച്ച  ' ഏറ്റവും വലിയ പാപമേതാണ് നബിയെ ' എന്നുതുടങ്ങുന്ന ഹദീസ് (നസാഈ 4014 ,4015 )

 (ശറഹ് അൽ തബ്‌സ്വിറത് വൽ തദ്‌കിറത് 2 / 105, തുഹ്ഫത്തുൽ ദുറർ 58 )

ഹദീസിൻറെ മത്നിൽ ഇത് പോലെ മാറ്റം വരുത്തൽ അനുവദനീയമല്ല . അത് ആശയം ചുരുക്കുന്നതിനു വേണ്ടിയാണെങ്കിലും , വ്യഖാനിച്ചു പറയുവാനാണെങ്കിലും അതിൽ വന്ന പദങ്ങളിൽ മാറ്റം വരുത്തൽ അനുവദനീയമല്ല . ചില പണ്ഡിതന്മാർ , ഭാഷ ഗ്രാഹ്യമുള്ള , ഗ്രാമർ അറിയുന്ന നഹ്‌വും സർഫും അറിയുന്ന റാവികൾ അർത്ഥവ്യത്യാസമില്ലാതെ വാക്കുകൾ മാറ്റുന്നതിൽ തെറ്റില്ല എന്ന അഭിപ്രായമുണ്ട് .

(തുഹ്ഫത്തുൽ ദുറർ  59 )

എന്നാൽ ഏറ്റവും ശരിയായത് ഒരു മാറ്റവും വരുത്താതെ നബിയിൽ നിന്നും കേട്ട അതെ പദങ്ങൾ തന്നെ ഉദ്ധരിക്കുക എന്നതാണ് . ഇമാം ബുഖാരി, ബർറാ'അ (റ )വിൽ നിന്നുദ്ധരിച്ച  "ഉറങ്ങും മുൻപുള്ള ദുആ ' പഠിപ്പിക്കുന്ന ഹദീസിൽ 'നബിയ്യിക്ക ' എന്നുള്ള ഭാഗത് റസൂലിക്ക എന്ന് ബർറാ'അ (റ ) മാറ്റി പറഞ്ഞപ്പോൾ നബി (സ ) നബിയ്യിക്ക എന്ന് തന്നെ പറയണം എന്ന് തിരുത്തുന്നത് കാണാം . അർത്ഥവ്യത്യാസമില്ലെങ്കിലും നബി [സ ] പറയുന്ന വാക്കുക്കൾ തന്നെ ഹദീസ് റിവായത് ചെയ്യാൻ ഉപയോഗിക്കണം എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം .

 

ശാദ്ദ്

വിശ്വസ്തനായ ഒരു റാവി നിവേദനം ചെയ്ത ഒരു ഹദീസിനു വിരുദ്ധമായി അദ്ദേഹത്തേക്കാൾ കൂടുതൽ സ്വീകാര്യനായ മറ്റൊരു  റാവി  ഹദീസ് ഉദ്ധരിച്ചാൽ ആദ്യത്തെ ഹദീസ് ശാദ്ദ് എന്ന് പറയുന്നു . കൂടുതൽ പ്രാമാണികമായ റാവി ഉദ്ധരിച്ചത്  സ്വീകരിക്കുകയും  അതിലും താഴെ സഥാനത്തുള്ള റാവികൾ ഉദ്ധരിച്ചതിനെ ഒറ്റപ്പെട്ടതായി (ശാദ്ദ് ) പരിഗണിക്കുകയുമാണ് നിദാന ശാസ്ത്രത്തിൽ ചെയ്യുക . ഇത് സനദിലും , മത്നിലും സംഭവിക്കും .

ഉദാഹരണം ;

വെണ്ണയിൽ എലി വീഴുന്നതിനെ പറ്റിയുള്ള ഹദീസിൽ രണ്ട് വഴികളുണ്ട് (ത്വരീഖ്‌ )

ഒന്ന് ; 'അമർ ഇബ്ൻ റഷാദ് വഴിക്കും വന്നത്

രണ്ട് ;മാലിക്ക് ഇബ്ൻ അനസ്  വഴിക്കും  വന്നത്

ഒന്നാമത്   മ'അമർ ഇബ്ൻ റഷാദ് വഴി വന്നത്തിന്റെ ആശയം നോക്കുക :

'അമർ -- സുഹ്‌രി -- സഈദ് -- അബൂഹുറൈറ (റ ) --നബി (സ )--ശുദ്ധമായ കട്ടി വെണ്ണയിൽ എലി വീണാൽ അതിനെ എടുത്ത് കളയുക കൂടാതെ അത് വീണ ഭാഗത്തെ വെണ്ണയും എടുത്ത് കളയുക . ഇനി വെണ്ണ പാനീയ രൂപത്തിൽ ആണെങ്കിൽ നിങ്ങൾ അതിനെ ഉപയോഗിക്കരുത് " (അബൂദാവൂദ് 3842 )

രണ്ടാമത് മാലിക്ക് ഇബ്ൻ അനസ്  വഴി വന്നതിന്റെ ആശയം നോക്കുക

മാലിക്ക് -- സുഹ്‌രി --ഉബൈദുല്ലാഹ്‌ ഇബ്ൻ അബ്ദുല്ലാഹ് --ഇബ്ൻ അബ്ബാസ് (റ ) --മൈമൂന (റ ) ;ശുദ്ധമായ വെണ്ണയിൽ  എലി വീണാൽ എന്ത് ചെയ്യണമെന്ന് നബിയോട് ചോദിക്കപ്പെട്ടു അപ്പോൾ നബി (സ )പറഞ്ഞു ; നിങ്ങൾ അതിനെ എടുത്ത് കളയുക കൂടാതെ അത് വീണ ഭാഗത്തെ വെണ്ണയും എടുത്ത് കളയുക "

(മുവത്വ 1785 )

'അമർ  ഈ ഹദീസ് സുഹ്‌രിയിൽ നിന്ന് സഈദ് അൽ മക്ബൂരി വഴിക്ക് അബൂഹുറൈറയിൽ നിന്നാണ് ഉദ്ധരിക്കുന്നത് എന്നാൽ ഇതിലും പ്രാമാണികമായ സനദാണ് മാലിക്കിൽ നിന്നും ഉദ്ധരിക്കപ്പെട്ടത് , അത് സുഹ്‌രിയിൽ നിന്ന് ഉബൈദുല്ലാഹ്‌ ഇബ്ൻ അബ്ദുല്ലാഹ് വഴി ഇബ്ൻ അബ്ബാസ്(റ ) വഴി മൈമൂന (റ ) നിന്നാണ് നിവേദനം ചെയ്യുന്നത് അതിനാൽ മ'അമറിന്റെ സനദ് ശദ്ദാണ് .

   അതേപോലെ മ'അമറിന്റെ ഹദീസിൽ വെണ്ണയുടെ കട്ടയായ അവസ്ഥയെയും , ദ്രാവകമായ അവസ്ഥയെയും പരാമർശിക്കുന്നുണ്ട് അതേപോലെ നബിയുടെ ഖൗലായിട്ടാണ് മ'അമർ ഉദ്ധരിക്കുന്നത് എന്നാൽ മാലിക്ക്, നബിയോട് ചോദിക്കപ്പെടുമ്പോൾ മറുപടി പറയുന്നതായിട്ടാണ് നിവേദനം ചെയ്യുന്നത് . അതിൽ വെണ്ണയുടെ അവസ്ഥകളെ കുറിച്ച് ഒരു പരാമർശവുമില്ല . അതിനാൽ മ'അമറിന്റെ മത്നും ശാദ്ദാണ് .

അൽ മസീദു ഫീ മുത്വസിലിൽ അസാനീദ്

സനദിൽ അധികമായി റാവിയെ കൂട്ടിച്ചേർക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത് . സനദ് മുറിഞ്ഞു പോകാത്തതും പ്രത്യക്ഷത്തിൽ കുറ്റമറ്റതുമായ പരമ്പരയിൽ അധികമായി റാവിയെ കൂട്ടിച്ചേർക്കപ്പടുന്നു . ഇതിനു കാരണം ഹദീസ് കേൾക്കുമ്പോളുള്ള അശ്രദ്ധ തന്നെയാണ് .

ഉദാഹണം ;

രാത്രി മുഴുക്കെ ഉറങ്ങാതെ ഇബാദത് എടുക്കുന്ന  ഹൌലാ ബിൻത് തുവൈത്തിനെ കുറിച്ചുള്ള ഹദീസിൻറെ സനദിൽ അധികമായി ഒരു റാവിയുടെ പേര് കടന്നു വരുന്നുണ്ട്

അബ്ദുല്ലാഹ് ഇബ്ൻ സാലിം വഴി വന്ന റിപ്പോർട്ടിൽ  --- സുബൈദിയ്യ് --- സുഹ്‌രി --- ഹബീബ് മൗലാ ഉർവ്വ --- ഉർവ്വ --- ആയിശ (റ ) എന്നാണ്  പക്ഷെ ഉസ്മാൻ ഇബ്ൻ ഉമർ വഴി വന്ന റിപ്പോർട്ടിൽ യൂനസ് ഇബ്ൻ യസീദ്  --- സുഹ്‌രി --- ഉർവ്വ --- ആയിശ (റ ) എന്നാണ്. അബ്ദുല്ലാഹ് ഇബ്ൻ സാലിം വഴി വന്ന റിപ്പോർട്ടിൽ ഹബീബ് മൗലാ ഉർവ്വ എന്ന റാവി അധികപ്പറ്റായി കയറി വന്നിട്ടുണ്ട് .

(ഫത്ഹുൽ മുഗീസ് 4/ 74 )

ഇങ്ങനെ അധികരിച്ചു വരുന്ന പരമ്പര ദുർബലമാണ് . ഹദീസുകൾ കൈകാര്യം ചെയ്യുമ്പോൾ വരുന്ന അശ്രദ്ധമൂലമാണ് ഇങ്ങനെ സിയാദത് സംഭവിക്കുന്നത് . നിവേദക  ശ്രേണിയിലെ റാവികളുടെ അയോഗ്യത മൂലം ദുർബലമാകുന്ന ഹദീസുകളെ കുറിച്ചാണ് ഇവിടെ ഇത്രയും ചർച്ച ചെയ്തത് . വളരെ ചുരുക്കിയാണ് മേൽ കാര്യങ്ങൾ വിവരിച്ചത് കൂടുതൽ പഠനം ആഗ്രഹിക്കുന്നവർക്ക്   ഇബ്ൻ ഹജറിന്റെ നുഖ്ബയുടെ ശറഹും , ഹാഫിദ് ഇറാഖിയുടെ അൽഫിയത്തിൻെറ ശറഹായ  ഫത്ഹുൽ മുഗീസും മതിയാകുന്നതാണ് . 

No comments:

Post a Comment