മാസപ്പിറവി

 

ഇസ്ലാമിക മാസപിറവിക്ക് നിദാനം മാസാന്ത്യത്തിൽ സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ തെളിയുന്ന ബാല ചന്ദ്രൻറെ ദർശനത്തെ അടിസ്ഥാനമാക്കിയാണ് . അസ്‌ട്രോണോമിക്കൽ ന്യൂ മൂൺ പിറവിയെടുക്കുന്ന സമയം മുതലോ , സൂര്യാസ്തമയത്തിനു ശേഷം അസ്തമിക്കുന്ന അദൃശ്യമായ ചന്ദ്രനെ അടിസ്ഥാനമാക്കിയോ അല്ല അത് കണക്കാക്കുന്നത് .

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം , നബി (സ ) പറഞ്ഞു ; "നിങ്ങൾ ഹിലാൽ കാണാതെ നോമ്പ് എടുക്കരുത് നിങ്ങൾ ഹിലാൽ കാണാതെ നോമ്പ് അവസാനിപ്പിക്കരുത് . ഇനി കാലാവസ്ഥ മേഘാവൃതമായാൽ എണ്ണം പൂർത്തിയാക്കുക " (മുസ്ലിം 1080 , മുവത്വ 50)

റബീ'ഉ (റ ) നിന്ന് നിവേദനം ; നബി [സ ] പറഞ്ഞു ; നിങ്ങൾ ഹിലാൽ കണ്ടാൽ നോമ്പ് തുടങ്ങുക ഹിലാൽ കണ്ടാൽ അവസാനിപ്പിക്കുക .മേഘം കൊണ്ട് കാണാൻ അസാധ്യമായാൽ ശഅബാൻ മുപ്പത് ദിവസം പൂർത്തിയാക്കുക .റമദാസനിലും ഇത്പോലെ കണ്ടില്ലെങ്കിൽ റമദാൻ മുപ്പത് പൂർത്തിയാക്കുക "

(നസാഈ 2128 )

ഹുദൈഫ (റ ) നിന്ന് ; നബി (സ ) പറഞ്ഞു : നിങ്ങൾ ചന്ദ്രക്കല കാണുന്നതുവരെ അല്ലെങ്കിൽ ദിവസങ്ങളുടെ എണ്ണം പൂർത്തിയാക്കുന്നത് വരെ മാസത്തെ മുൻകൂട്ടി കാണരുത്. എന്നിട്ട് ഹിലാൽ  കാണുന്നത് വരെ നോമ്പെടുക്കുക, അല്ലെങ്കിൽ ദിവസങ്ങളുടെ എണ്ണം പൂർത്തിയാക്കുക" (നസാഈ 2126 )

അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വളരെ വ്യക്തമാണ് കാര്യങ്ങൾ . ദൃശ്യമായ ഹിലാലിനെ നോക്കിയാണ് മാസപ്പിറവി തീരുമാനിക്കേണ്ടത് . ഹിലാലിനെ  ഇരുട്ട് മൂലമോ , മേഘം മൂലമോ  കണ്ടില്ലെങ്കിൽ മാസം മുപ്പത് ദിവസം പൂർത്തിയാക്കണം . കാണാൻ സാധിക്കുന്നില്ല എങ്കിലും സൂര്യാസ്തമയ ശേഷമാണ് ചന്ദ്രൻ അസ്തമിക്കുന്നത് എന്ന് കണക്കാക്കി മാസം ആരംഭിക്കാൻ പാടില്ല . ഇവിടെ ചിലർക്ക് സംഭവിച്ച അബദ്ധം എന്തെന്നാൽ സൂര്യാസ്തമയത്തിനു ശേഷം മിനുട്ടുകൾ കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത് എന്നത് കൊണ്ട് അവർ മനസ്സിലാക്കിയത്  അന്തരീക്ഷത്തിന്റെ പ്രശ്നം മൂലം ഹിലാൽ മറഞ്ഞതാണ് നമുക്ക് കാണാൻ സാധിക്കുന്നില്ല എന്നുള്ളൂ എന്നാണ് . അത് കൊണ്ട് കണക്ക് പ്രകാരം ചന്ദ്രൻ ചക്രവാളത്തിലുണ്ട് അത് മാസം മാറിയതാണ് എന്നവർ വാദിക്കുന്നു . ഇവിടെ അവർ റസൂൽ (സ ) ചര്യയിൽ നിന്നും തെറ്റുന്നു . അന്തരീക്ഷത്തിന്റെ പ്രശ്നം മൂലം ഹിലാൽ മറഞ്ഞാൽ മാസപ്പിറവിയായി കണക്കാക്കാനല്ല നബി (സ ) പഠിപ്പിച്ചത് .

     സൂര്യാസ്തമയ ശേഷം 16 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത് എന്നാൽ ചക്രവാളത്തിൽ ഹിലാൽ 16 മിനുട്ട് ഉണ്ടെന്നല്ല അർത്ഥമാക്കുന്നത് . സൂര്യാസ്തമയ ശേഷം ചന്ദ്രൻ 16 മിനുട്ട് ചക്രവാളത്തിന് മുകളിലുണ്ടെന്ന് മാത്രമാണ് അത് അർത്ഥമാക്കുന്നത്. അത് ഹിലാലായി ദൃശ്യമാകണമെങ്കിൽ സൂര്യനും ചന്ദ്രനും തമ്മിലുണ്ടാകുന്ന കോണകലത്തിൻറെ അളവനുസരിച്ചാണ്. അത് സാധ്യമാകണമെങ്കിൽ കൺജംഗ്ഷൻ കഴിഞ്ഞു പതിനഞ്ച് മണിക്കൂറെങ്കിലും കഴിയണം .

ഇന്നത്തെ ഗോള ശാസ്ത്ര കണക്കുകൾ ഖണ്ഡിതമാണെന്ന് വിശ്വസിക്കുന്നവർ ഈ വിഷയത്തിൽ വന്ന ചോദ്യത്തിന് ഗോളശാസ്ത്രജ്ഞനായ Dr .ഖാലിദ് ഷൗക്കത് നൽകുന്ന മറുപടി കാണുക ;

ചോദ്യം ; റിയാദിൽ ഡിസംബർ 19 , 1998 നു സൂര്യൻ അസ്തമിച്ചു 37 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത് എങ്കിൽ എന്തുകൊണ്ടാണ് ചന്ദ്രനെ കാണാൻ സാധിക്കില്ല എന്ന് നിങ്ങൾ പറയുന്നത് ?

ഉത്തരം ; സൂര്യാസ്തമയം കഴിഞ്ഞു 37 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത് എങ്കിൽ അതിനർത്ഥം 37 മിനുട്ട് ചന്ദ്രനെ കാണാം എന്നല്ല . ഇതിന്റെ ആകെ അർഥം ചന്ദ്രൻ 37 മിനുട്ട് ചക്രവാളത്തിനു മുകളിലുണ്ടാകുമെന്നാണ്. അത് സൂര്യനിൽ നിന്ന് 10  ഡിഗ്രി യിലൊ  7  ഡിഗ്രിയിലൊ താഴെയാണെങ്കിൽ കാണുക സാധ്യമല്ല .അതിൻറെ കാഴ്ച്ച സൂര്യനിൽ നിന്നുള്ള കൊണാളവ് കണക്കിനാണ് . കേവലം  ചക്രവാളത്തിൽ ചന്ദ്രൻ ഉണ്ടെന്നുള്ളത് കൊണ്ട് അതിനെ കാണാൻ സാധ്യമാകുമെന്ന് അർത്ഥമാകുന്നില്ല .

(www.moonsighting.com)

അതേപോലെ ഹിലാലിൻറെ വലുപ്പം ചൂണ്ടിക്കാണിച്ച് മാസം കണ്ടത് തെറ്റിപ്പോയി എന്ന് ചിലർ ആളുകളെ തെറ്റിദ്ധരിപ്പിക്കാറുണ്ട് . അതിന് ആധുനിക ഗോള ശാസ്ത്രം എന്ത് മറുപടി പറയുന്നു എന്ന് നോക്കുക ;

ചന്ദ്രൻ വലുതാണെങ്കിൽ അത് രണ്ടാം ദിവസ ചന്ദ്രനാണോ ? എന്ന ചോദ്യത്തിന് ഗോളശാസ്ത്രജ്ഞനായ Dr .ഖാലിദ് ഷൗക്കത് നൽകുന്ന മറുപടി കാണുക ;

അസ്‌ട്രോണോമിക്കൽ ന്യൂ മൂൺ പിറവിയെടുക്കുന്നത് (കൺജംഗ്ഷൻ ) സൂര്യോദയത്തിന്  15 മണിക്കൂർ മുൻപാണെങ്കിൽ അന്ന് സൂര്യാസ്തമയത്തിൽ ഹിലാൽ ദൃശ്യമാകില്ല . അടുത്ത ദിവസമാണ് അത് ദൃശ്യമാകുക അത് കൊണ്ട് തന്നെ പ്രാദേശികമായി അതിൻറെ വലുപ്പത്തിൽ വ്യത്യാസം കാണും . കാരണം അപ്പോഴേക്കും കൺജംഗ്ഷൻ കഴിഞ്ഞു  39 മണിക്കൂർ കഴിഞ്ഞിരിക്കും . പക്ഷെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ അതിനെ രണ്ടാം ദിവസത്തെ ചന്ദ്രൻ എന്ന് പറയുന്നത് അബദ്ധമാണ് . വിശ്വാസികളെ സംബന്ധിച്ച് റസൂൽ (സ ) പറയുന്നതിനെയാണ് മുൻഗണന നൽകേണ്ടത് .

(www.moonsighting.com)

യഥാർത്ഥത്തിൽ ശാസ്ത്രത്തിന്റെ ആളുകളാണ് എന്നും , കണക്ക് ഖണ്ഡിതമാണ് എന്നും പറയുന്ന മിക്കവർക്കും ശരിയായ ശാസ്ത്ര ബോധമോ പരിജ്ഞാനമോ ഇല്ലാ എന്നതാണ് വസ്താവം . ഇസ്ലാമിക പ്രമാണങ്ങളിൽ വളരെ വ്യക്തമായി ഹിലാലിന്റെ വലുപ്പത്തെ പരാമർശിച്ചിട്ടുണ്ട് . 

അബൂ ബഖൈത്തിർ നിന്ന് നിവേദനം ;ഞങൾ ഉംറ നിർവ്വഹിക്കാൻ പോയപ്പോൾ നഖ്‍ല താഴ്‌വരയിൽ തമ്പടിക്കുകയൂം ഹിലാൽ ദർശിക്കാൻ പരിശ്രമിക്കുകയും  ചെയ്‌തു . കൂട്ടത്തിലെ ചിലർ ഹിലാലിന്റെ വലുപ്പം നോക്കി ഇത് മൂന്ന് ദിവസം പഴകിയ ഹിലാലാണ് എന്നുപറഞ്ഞു ,ചിലർ പറഞ്ഞു ഇത് രണ്ട് ദിവസത്തെ പഴക്കമേയുള്ളൂ എന്നും പറഞ്ഞു . അങ്ങനെ ഞങൾ ഇബ്ൻ അബ്ബാസ് (റ )വിനെ കണ്ടു അദേഹത്തോട് ഹിലാൽ ദർശിച്ച വിവരം പറഞ്ഞു , മൂന്നാം ദിവസത്തെ ഹിലാലാണ് രണ്ടാം ദിവസത്തെ ഹിലാലാണ് എന്നിങ്ങനെ ആളുകൾ പറഞ്ഞതും അദ്ദേഹത്തോട് പറഞ്ഞു . അദ്ദേഹം ചോദിച്ചു ; ഏത് രാത്രിയാണ് നിങ്ങൾ ഹിലാൽ കണ്ടത് ? ഏത് രാത്രിയാണ് ഞങ്ങളത് കണ്ടതെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ; നബി (സ ) പറഞ്ഞിട്ടുണ്ട് "തീർച്ചയായും അല്ലാഹു അത് കാണുന്നത് വരെ നീട്ടിവെച്ചിരിക്കുന്നു അതിനാൽ നിങ്ങൾ അത് കണ്ട രാത്രി മുതൽ മാസം കണക്കാക്കണം " (മുസ്ലിം 1088 )

 

ഇമാം മുസ്ലിം ഈ ഹദീസ്‌ കൊടുക്കുന്ന അധ്യായത്തിന്റെ പേര് നോക്കുക ;

"ചന്ദ്രക്കല വലുതോ ചെറുതോ എന്നത് പ്രശ്നമല്ല, അത്യുന്നതനായ അല്ലാഹു  അത് ആളുകൾക്ക് കാണാൻ കഴിയുന്നത്ര നേരം പ്രത്യക്ഷപ്പെടാൻ കാരണമാക്കുന്നു, ഇനി മേഘാവൃതമാണെങ്കിൽ മുപ്പത് ദിവസം പൂർത്തിയാക്കണം."

ഇമാം മുസ്ലിം പേര് നൽകിയത് നോക്കിയാൽ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ വിധി മനസ്സിലാക്കാം . ഹിലാലിന്റെ വലുപ്പ ചെറുപ്പം മാസപ്പിറവിയെ ബാധിക്കുന്നില്ല. മാത്രവുമല്ല ഹിലാൽ ദർശിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടായാൽ അത് ഉണ്ടെന്ന് കണക്കാക്കി മാസം മാറി എന്ന് മനസ്സിലാക്കുകയല്ല അവർ ചെയ്‌തത്‌ .നബിയുടെ കൽപ്പന പ്രകാരം 30 തികക്കുകയാണ്  ചെയ്തത് . കാണാൻ കഴിയാത്ത ഹിലാലിനെ അവർ മാസപ്പിറവിക്ക് അടിസ്ഥാനമാക്കിയിട്ടില്ല . മേഘം കൊണ്ടോ , ഇരുട്ട് കൊണ്ടോ ഹിലാൽ മറഞ്ഞാൽ അതിൻറെ സാന്നിധ്യമുണ്ടെന്ന് കണക്കാക്കി മാസം മാറൽ അനുവദനീയമല്ല കാരണം ഈ കാരണത്തിന് പ്രധിവിധി മതത്തിൽ അല്ലാഹു  നല്കികഴിഞ്ഞിട്ടുണ്ട് , അത് മുപ്പത് പൂർത്തിയാക്കുക എന്നാണ് .

  സൂര്യാസ്തമയ ശേഷം രാത്രിയാണ് സലഫുകൾ  മാസപ്പിറ നോക്കാൻ പോയത് എന്ന് ഈ ഹദീസിൽ വ്യക്തമാണ് , അതോടെ പകൽ മാസപ്പിറവി നോക്കുന്ന ഹിജ്രി കമ്മറ്റിക്കാരുടെ അനിസ്ലാമിക വാദവും പൊളിഞ്ഞു .

ഇസ്ലാമിക മാസ ആരംഭത്തിന്റെ അടിത്തറ ഹിലാലാണ് . അത് ദൃശ്യമാകുന്നത് അനുസരിച്ചാണ് മാസമാറ്റം സംഭവിക്കുന്നത് . ഇത് കാണുക എന്നത് ഏറ്റവും ലളിതമായ ഒരു കാര്യമാണ് . ഈ  ഹിലാൽ എന്ന്, എപ്പോൾ ,എത്ര നേരം  കാണാൻപറ്റുമെന്ന സാധ്യതകൾ   ആധുനിക ഗോള ശാസ്ത്ര സംവിധാനങ്ങൾ  ഉപയോഗപ്പെടുത്തി കണ്ടെത്താൻ സാധിക്കുമോ എന്നതിലാണ് നമ്മൾ ശ്രദ്ധ കൊടുക്കേണ്ടത് . ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് ഇസ്ലാം എതിരല്ല പക്ഷെ അത് ഹിലാൽ രൂപപ്പെടുന്നത് കണ്ടെത്താനാണ് ഉപയോഗിക്കേണ്ടത് . കലണ്ടർ നിർമ്മിക്കാൻ വേണ്ടി പുറപ്പെട്ട ഒരു വിഭാഗം ഇസ്ലാമിക അടിത്തറയിൽ നിന്ന് തെറ്റി അസ്‌ട്രോണോമിക്കൽ ന്യൂ മൂൺ അടിത്തറയാക്കി മാസം കാണുന്നതിലേക്ക് എത്തിപ്പെട്ടിട്ടുണ്ട് . അതെല്ലാം കൃത്യമായ വഴികേടാണ് .

 

 

No comments:

Post a Comment