ഹദീസ് നിദാന ശാസ്ത്രത്തിന്റെ ചരിത്ര പാതയിലൂടെ ....

 



ഹിജ്റ നാലാം നൂറ്റാണ്ടായപ്പോഴേക്കും ഹദീസ് നിവേദനം ചെയ്യുന്നതിലും പഠിക്കുന്നതിലും ചില തളർച്ചകൾ പണ്ഡിതന്മാർക്കിടയിൽ പ്രകടമായിരുന്നു. ഹദീസുകളുടെ നിബന്ധനകളെക്കുറിച്ചോ, നിവേദകരുടെ വിശ്വാസ്യതയെക്കുറിച്ചോ ആഴത്തിൽ പഠിക്കാതെ ഹദീസ് മനപ്പാഠമാക്കുന്ന ഒരു ശൈലി ചിലർക്കിടയിൽ വളർന്നു വന്നു.ഹദീസ്  വെറുമൊരു മനപ്പാഠമാക്കൽ ഉപകരണമല്ല, അതീവ സൂക്ഷ്മമായ ഒരു ജീവ ശാസ്ത്ര ശാഖയാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാൻ അന്ന് രംഗത്തുവന്ന മഹാനാണ് ഇമാം ഹാകിം നൈസാപൂരി . ഹദീസ് ശാസ്ത്രത്തിലെ നിയമങ്ങളെയും സാങ്കേതിക ശബ്ദങ്ങളെയും 52 ഇനങ്ങളായി തരം തിരിച്ചു അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചു , 'മഅ്‌രിഫതു ഉലൂമിൽ ഹദീസ്'. ഹദീസ് ശാസ്ത്രത്തിലെ ഏറ്റവും ആദ്യത്തെയും പ്രധാനപ്പെട്ടതുമായ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് ഈ ഗ്രന്ഥം .

 

സ്വഹീഹായ (ആധികാരികമായ) ഹദീസിന്റെ നിബന്ധനകൾ എന്തൊക്കെയാണ്?


മുർസൽ, മുഅ്ദൽ (കണ്ണികൾ നഷ്ടപ്പെട്ടവ) തുടങ്ങിയ ബലഹീനമായ ഹദീസുകളെ എങ്ങനെ തിരിച്ചറിയാം?


ഹദീസ് നിവേദകരുടെ ജീവചരിത്രവും വിശ്വാസ്യതയും പരിശോധിക്കേണ്ടത് എങ്ങനെ?


തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. നിയമങ്ങൾ പറയുന്നതിനൊപ്പം ഓരോന്നിനും തന്റെ സ്വന്തം പരമ്പരയിലൂടെയുള്ള ഹദീസ് ഉദാഹരണങ്ങളും അദ്ദേഹം നൽകി.

ഇമാം ഹാകിമിന് മുൻപ് ഇമാം ഷാഫി(റ) തന്റെ രിസാലയിലും, ഇമാം തിർമിദി തന്റെ സുനനിലും ഹദീസ് നിയമങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെങ്കിലും, ഹദീസ് ശാസ്ത്രത്തിന് മാത്രമായി ഒരു വലിയ സ്വതന്ത്ര ഗ്രന്ഥം രൂപപ്പെടുന്നത് ഹാകിമിന്റെ ഗ്രന്തത്തിലൂടെയാണ് .ഇമാം ഖതീബ് ബഗ്ദാദി, ഇമാം ഇബ്നു സ്വലാഹ് തുടങ്ങിയ പ്രമുഖരെല്ലാം തങ്ങളുടെ ഗ്രന്ഥങ്ങൾ രചിക്കാൻ പ്രധാന അടിത്തറയാക്കിയത് ഇമാം ഹാകിമിന്റെ ഈ മഅ്‌രിഫതു ഉലൂമിൽ ഹദീസ് ആണ്.


ഹിജ്റ 577-ൽ (ക്രിസ്തുവർഷം 1181) ഇന്നത്തെ ഇറാഖിന്റെ വടക്കൻ മേഖലയിലുള്ള ശഹ്റസൂർ എന്ന പ്രദേശത്താണ് ഇബ്ൻ സലാഹ് ജനിച്ചത്. അബൂ അംറ് തഖിയുദ്ദീൻ ഉഥ്മാൻ ബിൻ അബ്ദിറഹ്മാൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. അദ്ദേഹം പ്രമുഖ ശാഫിഈ പണ്ഡിതനാണ്. ഇമാം ഹാകിം മരിച്ച് ഏകദേശം 240 വർഷങ്ങൾക്ക് ശേഷമാണ് ഇമാം ഇബ്നു സ്വലാഹ് ജീവിക്കുന്നത്. ഈ രണ്ട് നൂറ്റാണ്ടുകൾക്കിടയിൽ ഹദീസ് ശാസ്ത്രത്തിൽ വലിയ വികാസങ്ങൾ ഉണ്ടായി. പ്രത്യേകിച്ചും, ഇമാം ഹാകിമിന് ശേഷം വന്ന ഇമാം ഖതീബ് ബഗ്ദാദി (ഹിജ്റ 463) ഹദീസ് ശാസ്ത്രത്തിലെ ഓരോ ചെറിയ ശാഖയെക്കുറിച്ചും (ഉദാഹരണത്തിന്: ഹദീസ് എഴുതിയെടുക്കുന്ന നിയമങ്ങൾ, നിവേദകരുടെ പേരുകളിലെ സാദൃശ്യം തുടങ്ങിയവ) വലിയ വിജ്ഞാനകോശങ്ങൾ തന്നെ രചിച്ചു കഴിഞ്ഞിരുന്നു. അൽ കിഫായ , താരീഖ് ബാഗ്ദാദ് അവയിൽ പ്രധാനമാണ് . 

ഇബ്ൻ സലാഹിന്റെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി ഇവയെല്ലാം ഒരു കുടക്കീഴിലാക്കുക ,അങ്ങിനെ വിദ്യാർത്ഥികൾക്ക് ഉലൂമുൽ ഹദീസ് എളുപ്പത്തിൽ പഠിക്കാനാകുക എന്നതായിരുന്നു . 

ഇമാം ഹാകിം നൽകിയ 52 ഇനങ്ങളെ അടിത്തറയാക്കി

അതിലേക്ക് ഖതീബ് ബഗ്ദാദിയുടെയും മറ്റ് പണ്ഡിതന്മാരുടെയും നിയമങ്ങൾ കൂട്ടിച്ചേർത്തു ഏറ്റവും പ്രധാനമായി, നീണ്ട ഹദീസ് പരമ്പരകൾ ഒഴിവാക്കി,വിട്ടുപോയ ചില ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി അതിനെ 65 അധ്യായങ്ങളാക്കി 'ഉലൂമുൽ ഹദീസ്'  എന്ന പേരിൽ ഗ്രന്ഥം രചിച്ചു . ഇമാം ഇബ്നു സ്വലാഹിനെ ഹദീസ് ചരിത്രത്തിൽ അമരനാക്കിയത് അദ്ദേഹം രചിച്ച  ഈ  ഗ്രന്ഥമാണ്. ഇത് പിൽക്കാലത്ത് 'മുഖദ്ദിമതു ഇബ്നി സ്വലാഹ്'  എന്ന പേരിൽ പ്രശസ്തമായി.  ഈ ഗ്രന്ഥത്തെ വിപുലീകരിച്ചാണ് 'നുഖ്ബത് അൽ ഫിക്കർ' എന്ന ഗ്രന്ഥം ഇമാം ഇബ്ൻ ഹാജർ അസ്ഖലാനി രചിച്ചത് . അതിന്റെ വ്യഖ്യാനവും അദ്ദേഹം തന്നെ രചിച്ചു (നുസ്ഹതു നദ്‌ർ) . പിന്നീട് വന്ന സകല നിദാനശാസ്ത്ര ഗ്രന്ഥത്തിന്റെയും അടിസ്ഥാനം ഇമാം ഇബ്ൻ സലാഹിന്റെ  'മുഖദ്ദിമ " തന്നെയായിരുന്നു . തന്റെ ഈ ഗ്രന്ഥത്തിലാണ് അദ്ദേഹം ആധികാരികമായ ഹദീസുകളെ കുറിച്ച് തന്റെ വീക്ഷണം പ്രഖ്യാപിച്ചത് .  ഇമാം ഇബ്നു സ്വലാഹ് പ്രഖ്യാപിച്ച ആ 7 ആധികാരിക സ്ഥാനങ്ങൾ  താഴെ പറയുന്ന ക്രമത്തിലാണ്:


മുത്തഫഖുൻ അലൈഹി: ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഒരുപോലെ സ്വഹീഹാണെന്ന് സമ്മതിച്ച് അവരുടെ ഗ്രന്ഥങ്ങളിൽ ഒരുമിച്ച് ഉദ്ധരിച്ച ഹദീസുകൾ 


ഇമാം ബുഖാരി മാത്രം തന്റെ 'സ്വഹീഹിൽ' ഉദ്ധരിച്ച ഹദീസുകൾ.


ഇമാം മുസ്‌ലിം മാത്രം തന്റെ 'സ്വഹീഹിൽ' ഉദ്ധരിച്ച ഹദീസുകൾ.


ബുഖാരിയിലോ മുസ്‌ലിമിലോ ഇല്ലെങ്കിലും, അവർ രണ്ടുപേരും വെച്ച കർശനമായ നിബന്ധനകൾക്ക് ഒത്തുവരുന്ന ഹദീസുകൾ.


ഇമാം ബുഖാരിയുടെ നിബന്ധനകൾക്ക് മാത്രം ഒത്തുവരുന്ന ഹദീസുകൾ.


ഇമാം മുസ്‌ലിമിന്റെ നിബന്ധനകൾക്ക് മാത്രം ഒത്തുവരുന്ന ഹദീസുകൾ.


ഇവ ഇരുവർക്കും പുറമെ മറ്റ് പ്രമുഖ ഹദീസ് പണ്ഡിതന്മാർ (ഉദാഹരണത്തിന് ഇമാം അബൂദാവൂദ്, തിർമിദി തുടങ്ങിയവർ) സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തിയ ഹദീസുകൾ.


അദ്ദേഹത്തിന് ശേഷം വന്ന ഇമാം നവവി, ഇമാം ഇബ്നു ഹജർ അസ്ഖലാനി തുടങ്ങിയ പിൽക്കാല ഹദീസ് പണ്ഡിതന്മാർ  ഇതേ തരംതിരിവ് തന്നെയാണ് ശരിവെക്കുകയും പിന്തുടരുകയും ചെയ്തത്. അതേപോലെ പില്കാലക്കാരും ഈ ഒരു സ്ഥാനം പിന്തുടർന്ന് പൊന്നു . ഇമാം ഇബ്ൻ സലാഹാണ് സ്വഹീഹൈനിക്ക് ഇത്ര വലിയ സ്ഥാനം പ്രഖ്യാപിച്ചത് . അത് പില്കാലക്കാരിൽ വലിയ വിഭാഗം ആളുകളും അനുകരിച്ചു പൊന്നു . എങ്കിലും ധാരാളം മുഹദ്ദിസുകൾ സ്വഹീഹൈനിയിലെ ഹദീസുകളിൽ ദുർബലതയുള്ള ഹദീസുകളും ഉണ്ടെന്ന അഭിപ്രായക്കാരാണ് . സ്വയം ഇമാം ഇബ്ൻ സലാഹ് തന്നെ സ്വഹീഹൈനിലെ ഹദീസിനെ ദുര്ബലപ്പെടുത്തിയിട്ടുമുണ്ട് . അവയ്ക്ക് ആധികാരികതയിൽ ഉയർന്ന സ്ഥാനം ഉണ്ടെന്നത് കൊണ്ട് അതിലെ  ഹദീസുകൾ മുഴുവനും സ്വീകാര്യമാണ് എന്നല്ല ഹദീസ് പണ്ഡിതൻമാർ മനസ്സിലാക്കിയത് .  പക്ഷെ  അല്ലഹുവും ,റസൂലും പ്രസ്തുത ഗ്രന്ഥങ്ങള്ക് ആ സ്ഥാനം നൽകിയ പോലെയാണ്  ആധുനികരായ ചില പണ്ഡിതന്മാരുടെ പ്രസ്താവനകൾ. അത് കേട്ട് ജനങ്ങൾ ധരിച്ചു വെച്ചിരിക്കുന്നതും സ്വഹീഹൈനിയിലെ മുഴുവനും ഹദീസുകൾ  സ്വഹീഹ് ആണെന്നാണ്  .  എന്നാൽ ഈ സ്ഥാനം നൽകിയത്  പണ്ഡിതന്മാരാണ് ഇത്  ജനം മനസ്സിലാക്കിയിട്ടില്ല .കേവലം  പണ്ഡിതന്മാരുടെ അഭിപ്രായം മത നിയമമല്ല .  ഹദീസ് പണ്ഡിതന്മാർ നിർവഹിച്ചത് ഹാദീസ് ക്രോഡീകരണമാണ് . അതിനാൽ അവ എക്കാലത്തും  പരിശോധന നടത്തുകയും അതിന്റെ ആധികാരികതയുടെ വെളിച്ചത്തിൽ സ്വീകരിക്കുകയും  മത നിയമം ഉണ്ടാക്കുകയും ചെയ്യേണ്ട ഒന്നാണ്  .

ഖത്തീബ് ബാഗ്ദാദിയുടെ اقتضاء العلم العمل എന്ന  ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ,

ശൈഖ് അൽബാനി (റഹ്) പറയുന്നു :"ഒരു ചോദിക്കുന്നയാൾ ഇങ്ങനെ ചോദിച്ചേക്കാം: ഹദീസ് സഹീഹാണോ ദുർബലമാണോ എന്ന് തിരിച്ചറിയുന്നതിൽ ഗ്രന്ഥകാരന് ഇത്രയും ഉയർന്ന പാണ്ഡിത്യമുണ്ടായിരിക്കെ, അദ്ദേഹത്തിന്റെ ഈ ഗ്രന്ഥവും മറ്റു ഗ്രന്ഥങ്ങളും ദുർബലമായ ഹദീസുകളാൽ നിറഞ്ഞുകാണുന്നത് എന്തുകൊണ്ടാണ്?"

ഉത്തരം: ഹദീസ് പണ്ഡിതന്മാരുടെ ഇടയിൽ അംഗീകരിക്കപ്പെട്ട ഒരു അടിസ്ഥാന തത്വമുണ്ട്. അതായത്, ഒരു മുഹദ്ദിസ് (ഹദീസ് പണ്ഡിതൻ) ഒരു ഹദീസ് അതിന്റെ സനദോടുകൂടി ഉദ്ധരിച്ചാൽ, അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിൽ നിന്ന് അദ്ദേഹം ഒഴിവാകുന്നു. കാരണം, ആ ഹദീസ് സഹീഹാണോ അല്ലയോ എന്ന് ഒരു പണ്ഡിതന് പരിശോധിച്ച് മനസ്സിലാക്കാൻ കഴിയുന്ന മാർഗ്ഗം അദ്ദേഹം അതിനോടൊപ്പം നൽകിയിട്ടുണ്ട്. ആ മാർഗ്ഗം തന്നെയാണ് ഇസ്നാദ് (اقتضاء العلم العمل).


ഹദീസ് നിദാന ശാസ്ത്രത്തിന്റെ അതിരുകൾക്ക് അപ്പുറം നിൽക്കുന്ന ഒരു അമാനുഷിക ഗ്രന്ഥം ലോകത്തില്ല എന്ന സത്യം നാം മനസ്സിലാക്കേണ്ടതാണ് . 


വായനയുടെയും , അതിലൂടെ നേടുന്ന അറിവിന്റെയും , അന്വേഷണത്മകതയെയും അനുസ്മരിക്കുന്ന ഈ വേളയിൽ , തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വിജ്ഞാന സേവനത്തിനായി നീക്കിവെച്ച ഈ മഹാ പണ്ഡിതനെ ഓർമ്മയിലേക്ക്  കൊണ്ടുവരാതിരിക്കാൻ കഴിയില്ല . ഇമാം ഇബ്നു സ്വലാഹ് ഹിജ്റ 643-ൽ (ക്രിസ്തുവർഷം 1245) തന്റെ 66-ാം വയസ്സിൽ ദമാസ്കസിൽ വെച്ച് അന്തരിച്ചു. ദമാസ്കസിലെ പ്രശസ്തമായ 'സൂഫിയ്യാ മഖ്ബറ'യിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.


ഹദീസ് ശാസ്ത്രത്തെ ഇന്നത്തെ രൂപത്തിൽ ക്രമീകരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് കണക്കിലെടുത്ത് പിൽക്കാല പണ്ഡിതന്മാർ അദ്ദേഹത്തെ "ശൈഖുൽ ഇസ്‌ലാം" എന്നാണ് വിശേഷിപ്പിച്ചത്. അല്ലാഹു അദ്ദേഹത്തിന്റെ  സൽകർമ്മങ്ങൾ സ്വീകരിക്കുമാറാകട്ടെ .

പ്രവാചകൻ (സ ) യിൽ നിന്നും ഒരു ഹദീസ് വന്നാൽ പരിശോധിക്കാതെ സ്വീകരിക്കണം ?!

 


കാലഘട്ടത്തിലെ മിക്ക മുസ്ലിം പണ്ഡിത വിഭാങ്ങളും മേൽ ഉദ്ധരിച്ച ആശയമാണ് പ്രബോധനം ചെയുന്നത് . "പ്രവാചകൻ ഒരു കാര്യം പറഞ്ഞാൽ അത് വിശ്വാസികൾ മറു ചോദ്യമില്ലാതെ സ്വീകരിച്ചോളണം " എന്നാണ് ആശയം . കേൾക്കുമ്പോൾ ശരിയാണെങ്കിലും ഇന്ന് അത് പറയുമ്പോൾ ചില ഒളിഞ്ഞിരിക്കുന്ന ശരികേടുകളുണ്ട് എന്നതാണ് വാസ്തവം .

         പ്രവാചകൻ ( ) അഭിസംബോധതന ചെയ് സമൂഹത്തിന് അത് അക്ഷരാർത്ഥത്തിൽ ശരിയാണ് എന്നാൽ ഇന്നത്തെ കാലത് അത് ശരിയല്ലതാനും . പ്രവാചകൻ വഫാതായിട്ട് ഇന്ന് 1437 വർഷമായി . നബിക്ക്  ( ) യിൽ നിന്നും ദീൻ പഠിച്ച സ്വഹാബികൾ നമ്മളെ പോലെ കൃഷിക്കാരും , കച്ചവടക്കാരും , ജോലിക്കാരും ഒക്കെയായിരുന്നു വളരെ ചുരുങ്ങിയ ആളുകൾ പഠനത്തിൽ മാത്രം ഒതുങ്ങി , വിവിധ രാജ്യങ്ങളിലേക്ക് ചേക്കേറി . അവർ സാധാരണ ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോൾ  തന്നെ  പ്രവാചകൻ ( ) യിൽ നിന്ന്  കേട്ട കാര്യങ്ങൾ അവരുടെ അടുക്കൽ പഠിക്കാൻ വന്ന ആളുകൾക്ക് പഠിപ്പിച്ചു കൊടുത്തു . അവരിൽ നിന്നും പഠിച്ച ആളുകൾ മറ്റുള്ളവർക്കും അടുത്ത തമുറക്കും പഠിപ്പിച്ചു കൊടുത്തു . ഇങ്ങനെ നിരവധി തലമുറകൾ കൈമാറി കിട്ടിയ അറിവുകളാണ് ഹദീസുകൾ . ഇന്ന് നമ്മുടെ കൈവശമുള്ള ഹദീസ് ഗ്രന്ഥങ്ങൾ അതിന്റെ സമ്പൂർണ രൂപത്തിലുള്ള കൈയെഴുത്തു പ്രതി എത്തി നില്കുന്നത് ഹിജ് 700 കളിലാണ്‌. അതിൽ ഏറ്റവും ചിന്തിക്കേണ്ടത് ഇവയൊന്നും തന്നെ ഗ്രന്ഥത്തിന്റെ ഉടമയുടെ കോപ്പികളുമല്ല അവരുടെ ശിഷ്യൻ മാരിൽ നിന്ന് കൈമാറി കൈമാറി വന്നതുമാണ് . ഇപ്പോൾ നമുക്ക് മനസ്സിലാകും  ' പ്രവാചകൻ ( ) യിൽ നിന്നും ഒരു ഹദീസ് വന്നാൽ പരിശോധിക്കാതെ സ്വീകരിക്കണം' എന്നത്

ഒറ്റനോട്ടത്തിൽ ശരിയാണെങ്കിലും ശരിയല്ല എന്നത് .

 സഹാബികൾ നബിയുടെ( )  പേരിൽ കളവ് പറയില്ല എന്നത് മുസ്ലിം സമുദായം അന്നേ മുതൽ വിശ്വസിക്കുന്നു .  അത് കൊണ്ട് തന്നെ സ്വഹാബി സ്വീകാര്യനാണോ അല്ലയോ എന്ന പരിശോധനയില്ല എന്നത് ഹദീസ് നിദാന ശാസ്ത്രത്തിൽ പ്രശസ്തസാമായ കാര്യമാണ് . എന്നാൽ അവർക്ക് താഴെ ഗ്രന്ഥകാരൻ വരെയുള്ള ആളുകളെ കൃത്യമായി പരിശോധിക്കുകയും അവരുടെ യോഗ്യത അയോഗ്യത അനുസരിച്ചു വിലയിരുത്തുകയും സനദിന്റെ ബലം മനസ്സിലാക്കുകയും ചെയ്തിട്ട് വേണം അതിന്റെ പരമ്പര ശക്തമാണ് എന്ന് മനസ്സിലാക്കാൻ . അത് കൂടാതെ അതിന്റെ 'മത്നിൽ ' ന്യുനതയുണ്ടോ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട് . അതിൽ നബിയുടെ വാക്കുകൾക്കു പുറമെ റിപ്പോർട്ടറുടെ വാക്കുകളും ഉണ്ടാകാം ചിലപ്പോൾ റിപ്പോർട്ടർ  മനസിലാക്കിയ കാര്യങ്ങൾ കൂടി ഹദീസിന്റെ വാചകത്തിനൊപ്പം പറയുകയും അയാളിൽ നിന്ന് കേൾക്കുന്ന റിപ്പോർട്ടർ അത് നബിയുടെ വാക്കായി തെറ്റിദ്ധരിച്ചു ഹദീസിന്റെ വചനയായി നിവേദനം ചെയുകയും ചെയ്ത് പോരുന്നു  ഇതിനെ ഇദ്രാജ് എന്ന് വിളിക്കും . ഉദാഹരണത്തിന് ;

ബുഖാരിയും മുസ്ലിമും റിപോർട്ട് ചെയ്ത, നബി(സ്വ)ക്ക് ഹിറാ ഗുഹയിൽ വെച്ച് ആദ്യമായി വഹ്യ് ഉണ്ടായതിനെക്കുറിച്ച് ആഇശ() നിവേദനം ചെയ്യുന്ന ദീർഘമായ ഹദീസിൽ ...."അവിടുന്ന് ഹിറാ ഗുഹയിൽ ഏകാന്തനായി ഇരിക്കാറുണ്ടായിരുന്നു. അവിടെ അവിടുന്ന് 'യതഹന്നസു' ചെയ്യാറുണ്ടായിരുന്നു അതായത് ആരാധന നടത്തുക എണ്ണപ്പെട്ട രാത്രികളിൽ..."

(മുതഫക്കുൻ അലൈഹി )

ഹദീസിലെ "وهو التعبد" (അതായത് ആരാധന നടത്തുക) എന്ന വാചകം പ്രവാചകന്റേതോ ആഇശ()യുടേതോ അല്ല.'യതഹന്നസു' (يتحنث) എന്ന അറബി വാക്കിന്റെ അർത്ഥം സാധാരണക്കാർക്ക് മനസ്സിലാകാൻ വേണ്ടി ഇമാം സുഹ്രി സ്വന്തം നിലയ്ക്ക് നൽകിയ വിശദീകരണമാണിത്. ഇമാം സുഹ്രിയിൽ നിന്ന് ഹദീസ് കേട്ട പിൽക്കാല നിവേദകർ  വിശദീകരണവും ഹദീസിന്റെ യഥാർത്ഥ വാചകത്തിന്റെ ഭാഗമാണെന്ന് കരുതി ഒന്നിച്ച് നിവേദനം ചെയ്യുകയായിരുന്നു . ഇതാണ് ഇദ്രാജ് ഇത്തരത്തിലുള്ള ഹദീസിനെ മുദ്രാജ് എന്ന് വിളിക്കും .

ഇത്തരത്തിലുള്ള ധാരാളം കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട് . ആധുനിക കാലത്തെ പ്രമുഖ ഹദീസ് ഗവേഷകരായ ശൈഖ് അൽബാനി, ശൈഖ് ശുഐബ് അൽ-അർനാഊത്വ്, ശൈഖ് മുഖ്ബിൽ തുടങ്ങിയവരൊക്കെ ഇക്കാലത്ത് ജീവിച്ചിരുന്ന വലിയ പണ്ഡിതന്മാരാണ്. ഇവർ മുൻകാല ഗ്രന്ഥങ്ങളെ സമഗ്രമായി പുനഃപരിശോധിക്കുകയും, മുൻഗാമികൾ പൊതുവായി പറഞ്ഞ കാര്യങ്ങളെ കൂടുതൽ സൂക്ഷ്മമായി അപഗ്രഥിച്ച് പുതിയ നിഗമനങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട്.

 

ഇതുകൊണ്ട് ഹദീസുകളുടെ വിശ്വാസ്യത നഷ്ടപ്പെടുമോ?

ഇതിന്റെ ഉത്തരം "ഇല്ല" എന്ന് മാത്രമല്ല, ഇത് ഹദീസിന്റെ വിശ്വാസ്യത കൂട്ടുകയാണ് ചെയ്യുന്നത്. കാരണം:

ഒളിച്ചുവെക്കേണ്ട ഒരു പിഴവായിട്ടല്ല മുഹദ്ദിസുകൾ ഇതിനെ കണ്ടത്. മറിച്ച്, പ്രവാചകന്റെ വാക്കുകളിൽ ഒരു അണുമണിത്തൂക്കം പോലും മാറ്റം വരാതിരിക്കാൻ അവർ വികസിപ്പിച്ചെടുത്ത ശാസ്ത്രീയമായ ഒരു ഫിൽട്ടറിംഗ് പ്രക്രിയയാണിത്. ഹദീസിന്റെ പ്രധാന ആശയത്തെയോ ഇസ്‌ലാമിലെ നിയമങ്ങളെയോ ബാധിക്കാത്ത ഇത്തരം ചെറിയ 'ഇദ്‌രാജുകൾ' പോലും ഇത്ര കൃത്യമായി വേർതിരിച്ചെടുക്കാൻ സാധിക്കുന്നത് ഇസ്‌ലാമിക ഹദീസ് ശാസ്ത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

ചുരുക്കത്തിൽ, ഹദീസ് ഗവേഷണം എന്നത് അവസാനിച്ച ഒരു പ്രക്രിയയല്ല. അത് ഇന്നും ലോകത്തെ വിവിധ ഇസ്‌ലാമിക് സർവ്വകലാശാലകളിൽ വലിയ തോതിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സജീവ ഗവേഷണ മേഖലയാണ്. അതെല്ലാം ഒരുകാലത്തു അവസാനിച്ച കാര്യങ്ങളല്ല ലോകാവസാനം വരെ നിലനിൽക്കുന്നതാണ് .

 

ഇമാം ഇബ്ൻ ഹജർ പറയുന്നു ; രണ്ടാം നൂറ്റാണ്ട് മുതൽ ഹദീസ് പണ്ഡിതന്മാർ അവരുടെ ഹദീസ് ഉദ്ധരിക്കുമ്പോൾ കൂടെ സനദും ഉദ്ധരിക്കും അതിലൂടെ അതിനെ കുറിച്ച് തങ്ങളുടെ മേലുള്ള ഉത്തരവാദിത്വം ഒഴിഞ്ഞു എന്നും അതിനെ കുറിച്ച് തങ്ങളോട് (അല്ലാഹുവിൻറെ അടുക്കൽ ) ചോദ്യം ഉണ്ടാകില്ല എന്നുമവർ വിശ്വസിച്ചു. (ലിസാനുൽ മീസാൻ 3 / 75 )

 

ഒരു ഹദീസ് അത് കേട്ടതുപോലെ, അതിന്റെ നിവേദക പരമ്പരയോടെ ഉദ്ധരിക്കുന്നതിലൂടെ ഹദീസിന്റെ കൃത്യതയെയും വിശ്വാസ്യതയെയും കുറിച്ചുള്ള ബാധ്യത തങ്ങളിൽ നിന്ന് ഒഴിഞ്ഞതായി പണ്ഡിതന്മാർ കരുതി. കാരണം, കേൾക്കുന്നയാൾക്ക് സനദ് പരിശോധിച്ച് ഹദീസ് സ്വീകാര്യമാണോ അല്ലയോ എന്ന് സ്വയം തീരുമാനിക്കാനുള്ള വഴി അവർ തുറന്നിടുകയാണ് ചെയ്യുന്നത്. പ്രവാചകന്റെ (സ്വ) പേരിൽ വ്യാജമായി ഒന്നും കെട്ടിച്ചമച്ചു പറയാതിരിക്കാൻ മുൻകാല പണ്ഡിതന്മാർ അതീവ ജാഗ്രത പുലർത്തിയിരുന്നു. സനദ് വ്യക്തമാക്കുന്നതിലൂടെ, തങ്ങൾ മനഃപൂർവ്വം യാതൊന്നും കൂട്ടിച്ചേർത്തിട്ടില്ലെന്ന് അവർക്ക് ഉറപ്പിക്കാമായിരുന്നു. പരലോകത്ത് ഇതിനെക്കുറിച്ച് അല്ലാഹുവിന്റെ മുന്നിൽ മറുപടി പറയേണ്ടി വരില്ലെന്ന ബോധ്യം അവർക്കുണ്ടായിരുന്നു.

ഹദീസ് ശാസ്ത്രത്തിൽ ഇതിനെഅൽ ഇഹ്തിജാജ് ബി അസ്സനദ്' (സനദ് കൊണ്ട് ബാധ്യത ഒഴിവാക്കൽ) എന്നാണ് പറയുക .

ഇമാം നവവി തന്റെ ശർഹു സ്വഹീഹ് മുസ്ലിം  എന്ന ഗ്രന്ഥത്തിന്റെ മുഖവുരയിൽ വ്യക്തമാക്കുന്നത്:

മുൻകാല പണ്ഡിതന്മാർ പലപ്പോഴും ഹദീസുകളുടെ സനദുകൾ നീട്ടി എഴുതിയിരുന്നത് കേൾക്കുന്നവർക്ക് അതിന്റെ നിവേദകരുടെ അവസ്ഥ സ്വയം പരിശോധിച്ചറിയാൻ വേണ്ടിയാണ്. ഒരു മുഹദ്ദിസ് സനദ് നൽകുമ്പോൾ, "എനിക്ക് ലഭിച്ച വഴി ഇതാണ്, ഇതിന്റെ വിശ്വാസ്യത ഇനി നിങ്ങൾ പരിശോധിക്കുക" എന്നൊരു സന്ദേശമാണ് നൽകുന്നത്. ഇതിലൂടെ ഉദ്ധരിക്കുന്ന ആളുടെ മേലുള്ള വ്യക്തിപരമായ ഉത്തരവാദിത്തം ഇല്ലാതാകുന്നു.

 

ഇമാം അബൂ ശാമ തന്റെ അൽബാഇഥ് അലാ ഇൻകാരിൽ ബിദഇ വൽ ഹവാദിഥ് എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്:

"മുൻകാല പണ്ഡിതന്മാർ ഹദീസുകൾ ഉദ്ധരിക്കുമ്പോൾ ദുർബലമായ ഹദീസുകൾ പോലും സനദോടെ ഉദ്ധരിച്ചിരുന്നു. കാരണം, സനദ് ഒപ്പമുള്ളപ്പോൾ അതിന്റെ കുറ്റം എന്താണെന്ന് വ്യക്തമാകും. സനദ് നൽകുന്നതിലൂടെ അവർ തങ്ങളുടെ ബാധ്യത പൂർത്തിയാക്കി എന്നാണ് അവർ കരുതിയത്."

 

ഇമാം ജലാലുദ്ദീൻ സുയൂത്വി തന്റെ പ്രസിദ്ധമായ തദ്രീബുർ റാവി  എന്ന ഗ്രന്ഥത്തിൽ ഇതേ കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്:

"ആരെങ്കിലും ഒരു ഹദീസ് അതിന്റെ സനദോടെ ഉദ്ധരിച്ചാൽ, തീർച്ചയായും അവൻ അതിന്റെ ഉത്തരവാദിത്തം ( സനദിലേക്ക്) തിരിച്ചുവിട്ടിരിക്കുന്നു; അതിന്റെ ബാധ്യതയിൽ നിന്ന് അവൻ ഒഴിഞ്ഞിരിക്കുന്നു."

قالُوا: ((هذا حديثٌ (٤) صحيحٌ)) فمعناهُ: أنَّهُ اتَّصَلَ سَندُهُ معَ سائرِ الأوصافِ المذكورةِ، وليسَ مِنْ شرطِهِ أنْ يكونَ مقطوعاً بهِ في نفس الأمرِ، إذْ منهُ ما ينفردُ بروايتهِ عدْلٌ واحدٌ، وليسَ مِنَ الأخبارِ التي أجمعَتِ (٥) الأمّةُ عَلَى تَلَقِّيها بالقبولِ. وكذلكَ إذا قالوا في حديثٍ: ((إنَّهُ غيرُ صحيحٍ)) فليسَ ذلكَ قطعاً بأنَّهُ كذبٌ في نفس الأمرِ، إذْ قدْ يكونُ صِدقاً في نفسِ الأمرِ، وإنَّما المرادُ بهِ: أنَّهُ لَمْ يصحَّ إسنادُهُ على الشرطِ المذكورِ (٦)، واللهُ أعلمُ.

പണ്ഡിതന്മാർ 'ഇതൊരു സ്വഹീഹായ ഹദീസാണ്' എന്ന് എപ്പോൾ പറഞ്ഞാലും, അതിന്റെ അർത്ഥം ഇതാണ്: അതിന്റെ  നിവേദക പരമ്പര  മുൻപ് പരാമർശിക്കപ്പെട്ട മറ്റ് നിബന്ധനകളോടൊപ്പം മുറിയാതെ വന്നിട്ടുണ്ട് (എന്ന് മാത്രമാണ് അതിനർത്ഥം). അത് പ്രവാചകൻ പറഞ്ഞതാണെന്ന് യാതൊരു സംശയവുമില്ലാതെ നൂറു ശതമാനം (100%) ഉറപ്പാണ് എന്നല്ല. അങ്ങനെ 100% ഉറപ്പുള്ളതാണെന്ന് തെളിയിക്കൽ ഒരു ഹദീസ് സ്വഹീഹാകാൻ നിർബന്ധവുമില്ല."ഒരു ഹദീസ് 'സ്വഹീഹ്' (ബലമുള്ളത്) ആകാൻ വേണ്ടി, അത് ഒരുപാട് ആളുകൾ ഒരേസമയം ഒന്നിച്ച് വന്ന് റിപോർട്ട് ചെയ്ത ഒന്നാകണമെന്ന് യാതൊരു നിർബന്ധവുമില്ല. ഒരു വിശ്വസ്തനായ വ്യക്തി മാത്രം ഒറ്റയ്ക്ക് (തന്റെ ഗുരുവിൽ നിന്ന്) നിവേദനം ചെയ്ത ഹദീസാണെങ്കിൽ പോലും അതിനെ പണ്ഡിതന്മാർ 'സ്വഹീഹ്' ആയി സ്വീകരിക്കും. അതുപോലെ, ലോകത്തുള്ള എല്ലാ മുസ്ലിം പണ്ഡിതന്മാരും ഒരേപോലെ അംഗീകരിച്ച ഹദീസുകൾ മാത്രമേ സ്വഹീഹ് ആകുകയുള്ളൂ എന്നൊരു നിബന്ധനയും ഹദീസ് ശാസ്ത്രത്തിലില്ല. (മുഖദ്ദിമ 80 )

അതിനാൽ ഒരു ഹദീസ് ഗ്രന്ഥത്തിൽ ഒരു ഹദീസ് വരുകയും ഒരു മുഹദ്ദിസ് അത് സ്വഹീഹ് എന്ന് പറയുകയും ചെയ്തു എന്നത് കൊണ്ട് അതൊരു അവസാന വാക്കല്ല അതിലെ ന്യുനത മറ്റൊരാൾക്ക്  കണ്ടെത്താനാകും എന്നതാണ് വാസ്തവം . അത് കൊണ്ട് ഒരു ഹദീസ് കണ്ടാൽ അത് കണ്ണടച്ച് സ്വീകരിക്കണം എന്നത് അടിസ്ഥാന രഹിതമായ കാര്യമാണ് . ഇത്തരം വിഷയങ്ങൾ പൊതു സമൂഹത്തിൽ നിന്നും മറച്ചു വെക്കുകയും തങ്ങളുടെ പൗരോഹിത്യം നിലനിർത്തുകയുമാണ്   ഭൂരിപക്ഷം ചെയ്യുന്നത് .

(من أسند فقد أحلك) അതായത്, "ആരൊരുവൻ സനദ് ഉദ്ധരിച്ചുവോ, അവൻ (അതിന്റെ ഗുണദോഷങ്ങളെ വിലയിരുത്താനുള്ള ചുമതല) വായനക്കാരനിലേക്ക് കൈമാറിക്കഴിഞ്ഞു."

അത് കൊണ്ട് ഇമാമു ഹദീസ് ഗ്രന്ഥത്തിൽ ഉണ്ടാരിച്ചല്ലോ ? ഇമാമിന് അതിന്റെ ദുര്ബലത അറിയില്ലേ എന്ന തരത്തിലുള്ള യുക്തി ചോദ്യവുമായി നടക്കുന്നവർ തികച്ചും ബുദ്ധിയില്ലാത്തവരാണ് . അത്തരം കുതർക്കം നടത്തിയത് കൊണ്ട് നിദാന ശാസ്ത്രത്തിലെ അടിസ്ഥാനപരമായ കാര്യങ്ങളെ അവഗണിക്കാനാകില്ല .