ഉസൂലുൽ ഹദീഥ് - പാർട്ട് 6

 

തദ്‌ലീസ്

നിദാന ശാസ്‌ത്രപരമായി പറഞ്ഞാൽ ന്യൂനത മറക്കുന്നതിനെയാണ് തദ്‌ലീസ് എന്ന് പറയുന്നത് . ഇതിനെ നിദാന ശാസ്ത്രത്തിൽ രണ്ടായി  തിരിച്ചിരിക്കുന്നു.  ഒന്ന്; തദ്‌ലീസുൽ ഇസ്നാദ്  രണ്ട്  ;തദ്‌ലീസുശുയൂഖ്

തദ്‌ലീസുൽ ഇസ്നാദ്

നേരിട്ട് കാണാത്ത സമകാലീനനിൽ നിന്നോ , നേരിൽ കണ്ടിട്ടും ഹദീസുകളൊന്നും കേട്ടിട്ടില്ലാത്ത സമകാലീനനിൽ നിന്നോ ഒരു ഹദീസ് നിവേദനം ചെയ്‌താൽ അതിനെ തദ്‌ലീസുൽ ഇസ്നാദ് എന്ന് പറയും . 

ഇതിൻറെ കീഴെ മൂന്ന് വിഭാഗമുണ്ട്

തദ്‌ലീസ് അൽ തസ്‌വിയ്യഃ

തദ്‌ലീസ് അൽ അത്ഫ്

തദ്‌ലീസ് അൽ ഖത്ഉ   

 

തദ്‌ലീസ് അൽ തസ്‌വിയ്യഃ

താൻ നേരിൽ കണ്ടിട്ടുള്ള , ഹദീസുകൾ കേട്ടിട്ടുള്ള ഗുരുവിൽ നിന്ന്  ആ ഗുരുവിൽ നിന്ന് നേരിട്ട്  കേൾക്കാത്ത ഒരു പ്രത്യേക ഹദീസ് വാസ്തവത്തിൽ  താൻ ആ ഹദീസ് കേട്ട ആളുടെ പേര് മറച്ചു വെച്ച്  തൻറെ ആ ഗുരുവിൽ നിന്ന് നിവേദനം ചെയ്യുന്നതിനെ തദ്‌ലീസ് അൽ തസ്‌വിയ്യഃ  എന്ന് പറയുന്നു .

 

ഉദാഹരണത്തിന് ;

ഹിശാം പിതാവിൽ നിന്ന് പിതാവ് ആയിശയിൽ (റ ) നിന്ന് " നബിക്ക് ആരോ സിഹ്ർ ചെയ്തു അങ്ങനെ താൻ ചെയ്യാത്ത കാര്യം ചെയ്തു എന്നും ചെയ്ത കാര്യം ചെയ്തില്ല എന്നും തോന്നാൻ തുടങ്ങി "

ഹിശാം പിതാവിൽ നിന്ന് ധാരാളം ഹദീസുകൾ കേട്ടിട്ടുണ്ട് പക്ഷെ അവസാന കാലത്ത് പിതാവിൽ നിന്ന് കേൾക്കാത്ത പലതും നിവേദനം ചെയ്യാൻ തുടങ്ങി .

قال يعقوب بن شيبة ثقة ثبت لم ينكر عليه شيء إلا بعدما صار إلي العراق فإنه انبسط في الرواية عن أبيه فأنكر ذلك عليه أهل بلده

യഅകൂബ് ‌ഇബ്‌നുശൈബ പറഞ്ഞു ; ഹിശാം വിശ്വസ്തനാണ് അദ്ദേഹം ഇറാക്കിലേക്ക് പോയതിനു ശേഷമല്ലാതെ ആരും അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ല . ഇറാക്കിലേക്ക് പോയതിനു ശേഷം പിതാവിൽ നിന്നും കേൾകാതത് പിതാവിലേക്ക് ചേർത്ത് പറയാൻ തുടങ്ങി അങ്ങനെ ആളുകൾ അദ്ദേഹത്തിൽ നിന്നും ഹദീഥ് കേൾക്കുന്നത് നിർത്തി " [തഹ്ദീബ് 11 / 10089 ]

ഹിശാം തനിക്കും പിതാവിനും ഇടയിൽ റാവിയെ വിട്ട് കളയുകയോ ,മറച്ചു വെക്കുകയോ ചെയ്തിട്ടുണ്ട് അതിനാൽ അദ്ദേഹം കേൾവി വ്യക്തമാക്കാതെ "അൻ" എന്ന പദം കൊണ്ടാണ് നിവേദനം ചെയ്യുന്നത്. ഈ തദ്‌ലീസ് വെറുക്കപ്പെട്ടതാണ് എന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട് .

തദ്‌ലീസ് അൽ അത്ഫ്

നിവേദകൻ തന്റെ രണ്ട് ഗുരുവിൽ നിന്ന് ഹദീസ് ഉദ്ധരിക്കും വാസ്തവത്തിൽ അതിൽ ഒരാളിൽ നിന്ന് മാത്രമായിരിക്കും നേരിട്ട് ഹദീസ് കേട്ടിട്ടുണ്ടാകുകയുള്ളൂ " വ" എന്ന സംയോജിത അക്ഷരം ഉപയോഗിച്ച് രണ്ട് പേരുകൾ വേർതിരിക്കുന്നു എന്നിട്ട് രണ്ട് പേരിൽ നിന്നും ഉദ്ധരിക്കും ഇതിനെ തദ്‌ലീസ് അൽ അത്ഫ് എന്ന് പറയുന്നു .

ഉദാഹരണത്തിന് ;

حدثنا حسن و مغرية

ഹദ്ദസനാ ഹസൻ  വ മുഗീറ എന്ന് ഒരു സനദ് നോക്കുക  ഇതിൽ യഥാർത്ഥത്തിൽ ഹസനിൽ നിന്നും മാത്രമായിരിക്കും നിവേദകൻ ഹദീസ് കേട്ടിട്ടുണ്ടാകു മുഗീറയിൽ നിന്നും ഹദീസ് നേരിട്ട് കേട്ടിട്ടുണ്ടാകില്ല .

 

തദ്‌ലീസ് അൽ ഖത്ഉ  

നിവേദകൻ തൻറെ ഗുരുവിലേക്ക് ചേർത് ഹദീസ് ഉദ്ധരിക്കും പക്ഷെ ആ ഗുരുവിൽ നിന്ന് ആ ഹദീസ് നേരിട്ട് കേട്ടിട്ടുണ്ടാകില്ല . " ഞങ്ങളോട് പറയപ്പെട്ടു "  "ഞങ്ങളെ അറിയിച്ചു" എന്ന രീതിയിൽ സനദ് പറഞ്ഞു  കൊണ്ടായിരിക്കും ഹദീസ് നിവേദനം ചെയ്യുക .  ചിലപ്പോൾ حدثنا أو سمعت ഞങ്ങൾക്ക് വിവരിച്ചു  അതോ കേട്ടു എന്ന് പറഞ്ഞു മൗനം പാലിക്കും എന്നിട്ട് ഗുരുവിലേക്ക് ചേർത് ബാക്കി സനദ് പറയും . ഇതിലൂടെ ഗുരുവിനും തനിക്കും ഇടയിലുള്ള ദുർബലനായ റാവിയെ വിട്ട് കളയും . പ്രത്യക്ഷത്തിൽ സനദ് സ്വഹീഹ് ആയിട്ട് കാണും . ഇതെല്ലം കറാഹത്തായ കാര്യമാണ് എന്നതിൽ പണ്ഡിതന്മാർക്ക് ഭിന്ന അഭിപ്രായമില്ല .  

 തദ്‌ലീസുശുയൂഖ്

താൻ കേട്ട ഗുരുവിന്റെ  അറിയപ്പെട്ട നാമം പറയാതെ വിളിപ്പേരോ , സ്ഥാനപ്പേരോ , ഗോത്രപ്പേരോ പറഞ്ഞു ഹദീസ് നിവേദനം ചെയ്യും . തൻറെ ഗുരു ദുർബലനായത് കൊണ്ടോ , ഗുരുവിന്റെ പേര് വ്യക്തമായാൽ ആ ഗുരുവിന്റെ ഗുരുക്കളുടെ പേര് വ്യക്തമാകും എന്നതും കൊണ്ടോ , താൻ താൻ  കേൾക്കാത്ത ഗുരുവാണെന്ന് വ്യക്തമാകും എന്നതോ ഒക്കെയാണ് ഈ പ്രവർത്തി ചെയ്യാൻ റാവിയെ പ്രേരിപ്പിക്കുന്നത് .

ഉദാഹരണത്തിന് ;

ഇശ്ഹാഖ്‌ ഇബ്ൻ റാഹവൈഹ്,  ബാഖിയ്യത്തിൽ നിന്ന് അദ്ദേഹം പറഞ്ഞു അബ്ദുൽ വഹബ് അൽ അസദി എന്നോട്  പറഞ്ഞു അദ്ദേഹം നാഫിഇൽ നിന്ന് അദ്ദേഹം ഇബ്ൻ ഉമർ (റ ) വിൽ നിന്ന് .......

ഇവിടെ ബാഖിയ്യത് എന്ന റാവി തൻറെ ഗുരുവിൻറെ,  കുനിയത്(വിളിപ്പേര്) ആണ് പറഞ്ഞത്. യഥാർത്ഥ നാമം ഉബൈദുല്ലാഹ് ഇബ്ൻ അംറ് അൽ അസദി എന്നാണ് ജനനം ഹിജ്റ 104 ലാണ്.   അബ്ദുൽ വഹബ് അൽ അസദി  എന്നത് വിളിപ്പേരാണ്. ഉബൈദുല്ലാഹ് ഇബ്ൻ അംറ് നാഫിഇൽ നിന്നും ഹദീസ് കേട്ടിട്ടില്ല ഇടക്ക് തൻറെ ഗുരുവിനെ ഉബൈദുല്ലാഹ് മറച്ച് വെച്ചിട്ടുണ്ട് . ഇതും മക്‌റൂഹ് ആയ തദ്‌ലീസാണ് .

ഇമാം ശുഅബ , ഇമാം അബു ആസിം , ഇമാം ഇബ്ൻ ഹസം പോലുള്ള പണ്ഡിതന്മാർ തദ്‌ലീസിനെ സ്വീകരിക്കാത്തവരാണ് .ഹനഫികളും ചില മാലിക്കികളുമൊക്കെ  വിശ്വസ്തരുടെ തദ്‌ലീസ് സ്വീകാര്യമാണ് എന്ന അഭിപ്രായക്കാരാണ് .  ആദ്യ കാലത് റാവികൾ തങ്ങളുടെ കേൾവി വ്യക്തത വരുത്താതെയായിരുന്നു നിവേദനം ചെയ്തിരുന്നത്. മിക്കവാറും റാവികൾ "അൻ " എന്ന് പറഞ്ഞാണ് രിവായത് ചെയ്തിരുന്നത് . സുഫ്‌യാൻ ഇബ്ൻ ഉയൈന , സുഫ്‌യാൻ അസൗരി  പോലുള്ളവർ  "അൻ" എന്ന് പറഞ്ഞാണ് കൂടുതലും നിവേദനം ചെയ്യുന്നത് . നിദാന ശാസ്ത്രം വളർന്നപ്പോൾ ഹദീസ് കേട്ടു എന്ന് വ്യക്തമാക്കേണ്ടത് ആവശ്യകരമാണെന്ന് മുഹദ്ദിസുകളിൽ ചിലർക്ക് ബോധ്യം വന്നതുകൊണ്ടാണ് തദ്‌ലീസുകളെ കുറിച്ചുള്ള ചർച്ചകളൊക്കെ വികസിച്ചത് . അബൂ സുബൈർ , ബഖിയ്യത് ഇബ്ൻ വലീദ് ,സുലൈമാൻ അ'അമശ് പോലുള്ളവർ ദുർബലരായ ഗുരുവിനെ മറച്ചു വെച്ചു വിശ്വസ്തനായ ഗുരുവിന്റെ പേരിലേക്ക് ചേർത് ഹദീസ് നിവേദനം ചെയ്യുന്ന റാവികളാണ് . ഇത്തരത്തിലുള്ള തദ്‌ലീസ് ഹറാമാണ് . ചുരുക്കി പറഞ്ഞാൽ തദ്‌ലീസ് ഒരു തരത്തിൽ കളവും , വഞ്ചനയുമാണ് . കാരണം ഒളിച്ചു വെച്ച ഒരു ഉദ്ദേശം അതിനു പിന്നിലുണ്ട്.

സനദിലെ റാവി തദ്‌ലീസ് ചെയ്തു വന്ന ഹദീസുകളെ 'മുദല്ലസ്' ഹദീസ് എന്ന് പറയും . അത് ദുർബല ഹദീസുകളുടെ ഇനത്തിൽപ്പെട്ടതാണ് .

No comments:

Post a Comment