ഒരു ഹദീസിന്റെ തുടക്കം എന്നത് അത്
രേഖപ്പെടുത്തിയ ഗ്രന്ഥകാരനാണ് അവസാനം എന്നത് നബി [സ ] യും . ഹദീസിനെ അതിൻറെ സനദ് ചെന്നവസാനിക്കുന്ന സ്ഥാനത്തെ
ആസ്പദമാക്കി മൂന്നായി തരം തിരിച്ചിരിക്കുന്നു .
മർഫുഅ' , മൗഖൂഫ് , മക്തൂഅ' എന്നിവയാണവ .
മർഫൂ’അ
നബിയുടെ വാക്ക് , കർമ്മം, മൗനാനുവാദം എന്നിവയടങ്ങിയ ആശയത്തിൽ
ചെന്നവസാനിക്കുന്ന സനദിനെ അഥവ സനാദിന്റെ അവസാനം എത്തിച്ചേരുന്നത് മുഹമ്മദ് നബി [സ
] യിലാണെങ്കിൽ അതിനെ മർഫുആയ ഹദീസ് എന്ന് പറയും . ഇതിനെ വീണ്ടും മൂന്നായി തിരിക്കാം
;
മർഫൂ’അ ഖൗലി സരീഹ്
നബി (സ )പറഞ്ഞു എന്ന് വ്യക്തതമായി
റാവി പറയുന്ന ഹദീസിനെയാണ് ഇങ്ങനെ പറയുക .നബി പറഞ്ഞു (ഖാല റസൂൽ )നബി പറയുന്നത്
കേട്ടു (സമഅതു )എന്നിങ്ങനെ വ്യക്തമായി പറയും .
ഉദാഹരണം ;
അബൂഹുറൈറ യിൽ നിന്ന് നിവേദനം ; നബി(സ ) പറഞ്ഞു ; 'ഇമാമിന് അറുപതോളം ശാഖകളുണ്ട്
"
(ബുഖാരി 9 )
മർഫൂ’അ ഫിഅലീ സരീഹ്
നബി[സ ] യുടെ കർമ്മമായി സ്വഹാബി
ഉദ്ധരിക്കുന്ന ഹദീസുകളെയാണ് ഇങ്ങനെ പറയുക . സ്വഹാബി നബി [സ ] ചെയ്യുന്ന കാര്യങ്ങൾ
കണ്ടിട്ട് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്ക ഹദീസുകളാണിത് .'നബി[സ ] ചെയ്യാറുണ്ടായിരുന്നു' , 'നബി [സ ] ചെയ്തത് ഞാൻ കണ്ടു' എന്നിങ്ങനെയായിരിക്കും ഈ ഹദീസ് നിവേദനം ചെയ്യുക .
ഉദാഹരണം ;
ആയിശയിൽ നിന്ന് നിവേദനം ; അവർ പറഞ്ഞു ; "റസൂൽ [സ ] കൈ കഴുകിയാണ് ജനാബത്
കുളി തുടങ്ങിയിരുന്നത് " (ബുഖാരി )
മർഫൂ’അ തക്രീരി സരീഹ്
നബിയുടെ സാന്നിധ്യത്തിൽ ഒരു സംഗതി
നടന്നിട്ട് നബി അതിന് മൗന അനുവാദം നൽകുന്ന ഹദീസുകളെയാണ് ഇങ്ങനെ പറയുക . നബി [സ ] എതിർക്കാതെ അതിനെ അനുവദിച്ചാൽ അത് നബി ചര്യയായി
സ്ഥിരപ്പെടുന്നു . നബിയുടെ മൗനാനുവാദം നബിയുടെ സുന്നത്താണ് .
ഉദാഹരണം ;
ആയിശ(റ) നിവേദനം: "നിശ്ചയം
നബി(സ) ഒരു രാത്രിയില്‍ പള്ളിയില്‍ വെച്ച് ഒരു മറയുണ്ടാക്കി നമസ്കരിച്ചു. അപ്പോള്‍
ഒരു വിഭാഗം ജനങ്ങളും നബി(സ)യെ തുടര്‍ന്നു നമസ്കരിച്ചു. അടുത്ത ദിവസവും നബി(സ)
അപ്രകാരം നമസ്കരിച്ചു. ആ നമസ്കാരത്തില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്തു. മൂന്നാം
ദിവസം അല്ലെങ്കില്‍ നാലാം ദിവസവും അവര്‍ ഒരുമിച്ച് കൂടി. (ബുഖാരി)
റമദാനിലെ രാത്രി നമസ്ക്കാരം നബി [സ
] പള്ളിയിൽ ഒരു മറയുണ്ടാക്കി നമസ്ക്കരിച്ചപ്പോൾ നബിയുടെ പാരായണം കേട്ട് സ്വഹാബികൾ
പിന്നിൽ സഫ്ഫ് കെട്ടി നിന്ന് നമസ്ക്കരിച്ചു . നബി [സ ] അതിനെ എതിർക്കാതെ
മൗനാനുവാദം കൊടുത്തു . അത് വഴി ഈ ജമാഅത് നമസ്ക്കാരം നബി ചര്യയായി സ്ഥിരപ്പെട്ടു .
ഇസ്‌ലാമത നിയമങ്ങൾ ഘട്ടം
ഘട്ടമായിട്ടാണ് ഇറങ്ങിയിട്ടുള്ളത് അതിനാൽ നിലവിൽ ഉള്ളത് പിന്നീട് പരിഷ്‌ക്കരിക്കുകയും
പുതിയ നിയമങ്ങൾ രൂപീകരിക്കുകയും ചെയ്യും . അത് കൊണ്ട് തന്നെ ഖിയാമു റമദാൻ
ഐശ്ചികത്തിൽ നിന്ന് നിർബന്ധത്തിലേക്ക് മാറ്റപ്പെടുമോ എന്നൊരു ഭീതി പ്രവാചകനുണ്ടായി
. അത് കൊണ്ട് ജനങ്ങൾ അധികരിച്ചിട്ടും നബി [സ ] നാലാം ദിവസം നമസ്ക്കരിക്കാൻ
വരാതെയിരുന്നു . ശേഷം ജനങ്ങളെ ഇനി മുതൽ വീട്ടിൽ നമസ്‌കരിക്കാൻ പ്രേരിപ്പിച്ചു .
പള്ളിയിലെ നമസ്ക്കാരം നിർത്തിവെക്കാനുള്ള
കാരണം നബി [സ ] ജനങ്ങളെ ബോധിപ്പിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ആ കാരണം
അവസാനിച്ചപ്പോൾ നബി[സ ] തന്റെ ജീവിതത്തിൽ അനുവദിച്ചതിലൂടെ
നബി ചര്യയായി മാറിയ ഈ ജമാഅത് നമസ്ക്കാരം ഖുലഫാഉ റാഷിദായ സ്വഹാബിമാർ വീണ്ടും
നടപ്പിൽ വരുത്തി . നബിയുടെ വിലക്കിന്റെ കാരണം അവർ ശരിക്കും മനസ്സിലാക്കിയിരുന്നു .
ഖിയാമു റമദാൻ പള്ളിയിൽ ജമാഅത്തായി നിർവ്വഹിക്കൽ നബി ചര്യയിൽ സ്ഥിരപ്പെട്ടതാണ് .
ഉറങ്ങി എണീറ്റ് രാത്രിയുടെ അവസാനത്തിൽ നമസ്ക്കരിക്കൽ കൂടുതൽ ശ്രേഷ്ട്ടവുമാണ് .
അതിന് കഴിവുള്ളവർക്ക് അത് ചെയ്യാം അല്ലാത്തവർക്ക് ഇശാക്ക് ശേഷം എപ്പോൾ
വേണമെങ്കിലും നിർവ്വഹിക്കാം രണ്ടിനും
നബിയിൽ മാതൃകയുണ്ട് . നബിചര്യയെ കുറിച്ചും , ഇസ്ലാമിക ശരീഅത്തിനെ കുറിച്ചും
കൃത്യമായ അറിവില്ലാത്തവരാണ് ഖിയാമു റമദാൻ
പള്ളിയിൽ ജമാഅത്തായി നിർവ്വഹിക്കുന്നതിനെ എതിർക്കുന്നത് .
മർഫൂ' ഹുക്മി സരീഹ്
ഹഖീഖിയായി(യാഥാർഥ്യമായി )
മർഫൂആയവകൂടാതെ കൂടാതെ വിധി പ്രകാരം (ഹുക്മ് ) മർഫൂആയ ഹദീസുമുണ്ട് .
വിധി പ്രകാരം മർഫൂഇന്റെ സ്ഥാനത്ത് നിൽക്കുന്ന ഹദീസുകളെയാണ് ഇങ്ങനെ
പറയുന്നത് . 'ഞങ്ങളോട് കൽപ്പിക്കപ്പെട്ടിരുന്നു' എന്ന് സ്വാഹാബികൾ
പറഞ്ഞു ഉദ്ധരിക്കുന്ന ഹദീസുകളാണിത് .
ഉദാഹരണം ;
സഹൽ ഇബ്ൻ സഅദ് [ റ ] നിന്നും
നിവേദനം : നമസ്കാരത്തിൽ വലതു കൈ ഇടതു കൈയുടെ മുകളിൽ വെക്കാൻ ജനങ്ങളോട്
കൽപ്പിക്കപ്പെട്ടിരുന്നു " [ബുഖാരി 740]
അതേപോലെ 'സ്വഹാബികൾ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു ' എന്ന് പറഞ്ഞു വരുന്ന ഹദീസുകൾ ഇവയെല്ലാ മർഫൂഇന്റെ ഗണത്തിലായി പരിഗണിക്കുന്നു കാരണം നബിയിൽ നിന്നും മനസ്സിലാക്കിയത് പ്രകാരമോ , പഠിച്ചത് മൂലമോ ആയിരിക്കും സ്വഹാബികൾ ഒരു കാര്യം ചെയ്യുക
അതിനാൽ അതിന് മർഫൂഇന്റെ രൂപമായി പരിഗണിക്കുന്നു.
ഉദാഹരണം ;
ഇബ്ൻ ഉമർ [റ ] ഉച്ചത്തിൽ തക്ബീർ
ചൊല്ലിക്കൊണ്ട് മുസല്ലയിലേക്ക് പുറപ്പെടും നമസ്കാര സ്ഥലത്തു എത്തിയതിനുശേഷം ഇമാം
വരുന്നത് വരെ തക്ബീർ ചൊല്ലും " [മുസന്നഫ് ഇബ്ൻ അബീ ശൈബ 615
/ 1 ]
ഇത്തരത്തിൽ സ്വഹാബികൾ തക്ബീർ
ചൊല്ലികൊണ്ടാണ് മുസല്ലയിലേക്ക് പുറപ്പെട്ടത് എന്നത് സ്ഥിരപ്പെട്ട കാര്യമാണ് .
നബിയുടെ നിർദ്ദേശ പ്രകാരമായിരിക്കും അവർ അങ്ങനെ ചെയ്തിട്ടുണ്ടാകുക അക്കാരണത്താൽ
ഇത്തരത്തിലുള്ള ഹദീസുകൾ മർഫൂ ഫിഅലി ഹുക്മി എന്ന് പറയുന്നു . സഹൽ (റ )വിൽ നിന്നുള്ള
റിപ്പോർട്ട് മർഫൂ ഖൗലി ഹുക്മിക്ക് ഉദാഹരമാണ് .
എന്നാൽ ചിലപ്പോൾ സ്വാഹാബികളുടെ
ഇജ്തിഹാദ് പ്രകാരവും അവർ എന്തെങ്കിലും ചെയ്യാം അതിനാൽ വിശദമായ വിശകലനം ഈ വിഷയത്തിൽ
ആവശ്യമായിവരും .
മൗഖൂഫ്
സനദിന്റെ അവസാനം ചെന്നെത്തുന്നത്
നബിയിലല്ലാതെ സ്വഹാബിയിലാണെങ്കിൽ അതിനെ മൗഖൂഫ് എന്ന് പറയും . സ്വഹാബിയുടെ കർമ്മമോ , വാക്കോ , അനുവാദമോ ആയിരിക്കും അതിൽ പരാമർശിച്ചിട്ടുണ്ടാകുക
അത്തരം ഹദീസുകളെ മൗഖൂഫ് എന്ന് പറയുന്നു .
ഉദാഹരണം ;
അലി പറഞ്ഞു ; ജനങ്ങൾക് അവർക്ക് മനസ്സിലാകുന്ന നിലവാരത്തിൽ സംസാരിക്കു , അല്ലാഹുവിനെയും
നബിയെയും ജനങ്ങൾ തള്ളിപ്പറയുന്നത് നീ ഇഷ്ടപ്പെടുമോ ? (ബുഖാരി )
മക് തൂ'ഉ
സനദ് ചെന്നവസാനിക്കുന്നത് ഒരു താബിഈലാണെങ്കിൽ
അല്ലെങ്കിൽ അതിനു ശേഷം വരുന്ന ഒരു ഇമാമിലാണെങ്കിൽ അതിനെ മക് തൂ'ഉ ഹദീസ് എന്ന് പറയും . ഇതിൽ താബിഇൻറെ വാക്കുകൾ , കർമ്മംഅനുവാദമൊക്കെ യായിരിക്കും പരാമർശിക്കുക .
ഒരാൾ ബിദ് അതുകാരനായ ഇമാമിന്റെ
പിന്നിലെ നമസ്‌കാരത്തിന്റെ വിധി താബിഈയായ
ഹസൻ ബസ്വരിയോട് ചോദിച്ചു , ഹസൻ ബസ്വരി പറഞ്ഞു ; അയാളുടെ പിന്നിൽ നമസ്കരിച്ചുകൊള്ളുക , അയാളുടെ ബിദ്അത്തിന്റെ ഫലം അയാൾക്കാണ് ലഭിക്കുക "
(ഫത്ഹുൽ ബാരി ഇബ്ൻ റജബ് 4 /182)
മൗഖൂഫ്,മക് തൂ'ഉ ആയ ഹദീസുകളെ തന്നെയാണ് അസർ എന്ന്
പറയുന്നത് .
വിവിധ തരം ഹദീസ് ഗ്രന്ഥങ്ങൾ
ജാമി'ഉകൾ
സിയർ (യുദ്ധ പര്യടനങ്ങൾ ), ആദാബ് (മര്യാദകൾ ), തഫ്‌സീർ (വ്യാഖ്യാനങ്ങൾ ), അഖാഇദ് (വിശ്വാസങ്ങൾ ), ഫിത്ൻ (പരീക്ഷണങ്ങൾ ) , അഷ്‌റാത് (അന്ത്യദിന അടയാളങ്ങൾ ) , അഹ്‌കാം ( വിധിവിലക്കുകൾ ) , മനാഖിബ് (ആളുകളുടെ വിശേഷണങ്ങൾ ) തുടങ്ങിയ എട്ടുതരം ഹദീഥുകൾ ഉൾകൊള്ളുന്ന ഗ്രന്ഥത്തിനെയാണ് അൽ ജാമി'ഉ എന്ന് പറയുന്നത്
.
ഉദാഹരണം ;
ജാമി'ഉ സ്വഹീഹ് അൽ ബുഖാരി, ജാമി'ഉ തിർമുദി
സുനൻ
വിവിധ അധ്യായങ്ങൾ നൽകി ഫിഖ്ഹ് അടിസ്ഥാനത്തിൽ ഹദീസുകളെ
ശേഖരിച്ചിട്ടുള്ള ഗ്രന്ഥങ്ങളാണിത് . പ്രധാനമായും ഫുഖ്ഹാക്കളുടെ കയ്യിൽ നിന്നും
തെളിവ് കണ്ടേത്തുക എന്നതാണ് ഇത്തരം ഹദീസ് ഗ്രന്ഥങ്ങളുടെ ലക്‌ഷ്യം .
ഉദാഹരണം ;
സുനൻ അബൂദാവൂദ് , സുനൻ നസാഈ
മുസ്‌നദ്
സഹാബികളുടെ പേരിൻറെ അടിസ്ഥാനത്തിൽ
ഓരോ അധ്യായങ്ങളായി ഹദീസുകൾ ശേഖരിക്കുന്ന ഗ്രന്ഥത്തെയാണ് മുസ്‌നദ് എന്ന് പറയുന്നത്
.
ഉദാഹരണം ;
മുസ്‌നദ് അഹമ്മദ് , മുസ്‌നദ് ഹുമൈദി
മുഅജം
ചില ഗുരുക്കന്മാരുടെ മാത്രം
ഹദീസുകൾ ശേഖരിക്കുന്ന ഗ്രന്ഥങ്ങളെയാണ് ഇങ്ങനെ പറയുക
ഉദാഹരണം ;
ഇമാം ത്വബ്റാനിയുടെ മുഅജം അൽ കബീർ , മുഅജം അൽ ഔസാത് , മുഅജം അൽ സഗീർ
മുസ്‌തദറക്ക്
ഏതെങ്കിലുമൊരു മുഹദ്ദിസിന്റെ
ശർത്തുകൾ പ്രകാരം അയാളുടെ ഗ്രന്ഥത്തിൽ ഉദ്ധരിക്കാത്ത ഹദീസുകൾ ശേഖരിച്ചതിനെയാണ്
ഇങ്ങനെ പറയുക .
ഉദാഹരണം ;
ഇമാം ഹാക്കിമിന്റെ മുസ്‌തദറക്ക് അല
അൽ സ്വഹീഹൈൻ
മുസ്തഖ്‌റജ്
ഒരു ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുള്ള
ഹദീസുകളുടെ മറ്റു സനദുകൾ ശേഖരിക്കുന്ന ഗ്രന്ഥങ്ങളെ ഇങ്ങനെ വിളിക്കുന്നു
ഉദാഹരണം ;
ഇമാം ഇസ്മാഈലീയുടെ മുസ്തഖ്‌റജ് അലാ
സഹീഹ് ബുഖാരി . ഇമാം അബൂ അവാനയുടെ
മുസ്തഖ്‌റജ് അലാ സഹീഹ് മുസ്ലിം
തഖ്രീജ്
സനദ് കൊടുക്കാതെ ഹദീസിന്റെ മത്ന്
മാത്രം ഉദ്ധരിച്ച ഗ്രന്ഥങ്ങളുടെ
ഹദീസുകൾക്ക് സനദ് കൊടുത് എഴുതിയ ഗ്രന്ഥത്തിനെയാണ് തഖ്രീജ് എന്ന് പറയുന്നത്
.
ഉദാഹരണം ;
ഇമാം സൈലാഈയുടെ നസ്‌ബു റായ്യ ഫീ തഖ്രീജിൽ അഹാദീഥ് അൽ ഹിദായ
ഇമാം അസ്ഖലാനിയുടെ അൽ ദിറായ ഫീ തഖ്രീജിൽ അഹാദീഥ് അൽ ഹിദായ
അതേപോലെ അൽ ഇലല് , അൽ അത്രാഫ് , അൽ സവാഇദ് , ഫഹാരിസ് , മൗദൂആത് , ഗരീബുൽ ഹദീഥ് ,അൽ ജമാഅ തുടങ്ങി മറ്റു അനേകം വിഭാഗങ്ങളുമുണ്ട് ദൈർഖ്യം മൂലം
വിവരിക്കുന്നില്ല . ഹദീസ് നിദാന ശാസ്ത്രത്തിലെ അടിസ്ഥാനപരമായ കാര്യങ്ങളാണ് ഇത് വരെ
വിവരിച്ചത് . ഈ നിയമങ്ങളെല്ലാം ഏതൊരു ഹദീസ് ഗ്രന്ഥത്തിനും ബാധകമാണ് . ചില വിഭാഗം
പണ്ഡിതന്മാർ ചില ഗ്രന്ഥങ്ങൾക്ക് അപ്രമാദിത്വം നൽകിപ്പോന്നിട്ടുണ്ട് അത് തെളിവിന്റെ
പിൻബലമില്ലാതെ പിൻഗാമികൾ തക് ലീദ് ചെയ്തു പോന്നിട്ടുമുണ്ട്
ഹദീസ് ശേഖരണം പിൽക്കാലത് നടന്നതാണ് അഥവ
ഖുർആൻ ക്രോഡീകരണം പോലെ സ്വഹാബികളുടെ കാലത് അവരുടെ മേൽ നോട്ടത്തിൽ ഒരു
ഗ്രന്ഥമാക്കിയതല്ല . അവ പ്രവാചകനിലേക്ക് ചേർക്കപ്പെടുമ്പോൾ അതിൻറെ സത്യാവസ്ഥ
ഉറപ്പിക്കാൻ , അവയിൽ ഏതെങ്കിലും തകരാറുകൾ , കൈകടത്തലുകൾ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ അവയിലെ നെല്ലും പതിരും വേർതിരിച്ചു തന്നെ
മനസ്സിലാക്കാൻ ഉസൂലുകൾ രൂപപ്പെടുത്തേണ്ടി വന്നട്ടുണ്ട് . ആ
ഉസൂലുകളുടെ ആശ്രയത്തോടെ മാത്രമേ അതിന് സാധിക്കു. ഇത് ഏതെങ്കിലും ഒരു കാലഘട്ടത്തിലെ കുറച്ച്
ആളുകളിൽ മാത്രം പരിമിതമായ ഒരു അറിവേ അല്ല . ലോകാവസാനം വരെയുള്ള ആളുകൾക്ക് ഈ
നിയമങ്ങൾ മുഖേന മാത്രമാണ് ഹദീസിനെ സമീപിക്കാൻ സാധിക്കു . ഈ വിഷയത്തിൽ ചെറിയൊരു വെളിച്ചം വീശുക എന്നൊരു ആഗ്രഹത്താലാണ്
ഈ ഉദ്യമത്തിന് മുതിർന്നത് . ജനങ്ങൾക്ക് പ്രയോജനമുണ്ടാകട്ടെ എന്ന് ആശിക്കുന്നു .
No comments:
Post a Comment