മാസപ്പിറവി

 

ഇസ്ലാമിക മാസപിറവിക്ക് നിദാനം മാസാന്ത്യത്തിൽ സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറൻ ചക്രവാളത്തിൽ തെളിയുന്ന ബാല ചന്ദ്രൻറെ ദർശനത്തെ അടിസ്ഥാനമാക്കിയാണ് . അസ്‌ട്രോണോമിക്കൽ ന്യൂ മൂൺ പിറവിയെടുക്കുന്ന സമയം മുതലോ , സൂര്യാസ്തമയത്തിനു ശേഷം അസ്തമിക്കുന്ന അദൃശ്യമായ ചന്ദ്രനെ അടിസ്ഥാനമാക്കിയോ അല്ല അത് കണക്കാക്കുന്നത് .

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം , നബി (സ ) പറഞ്ഞു ; "നിങ്ങൾ ഹിലാൽ കാണാതെ നോമ്പ് എടുക്കരുത് നിങ്ങൾ ഹിലാൽ കാണാതെ നോമ്പ് അവസാനിപ്പിക്കരുത് . ഇനി കാലാവസ്ഥ മേഘാവൃതമായാൽ എണ്ണം പൂർത്തിയാക്കുക " (മുസ്ലിം 1080 , മുവത്വ 50)

റബീ'ഉ (റ ) നിന്ന് നിവേദനം ; നബി [സ ] പറഞ്ഞു ; നിങ്ങൾ ഹിലാൽ കണ്ടാൽ നോമ്പ് തുടങ്ങുക ഹിലാൽ കണ്ടാൽ അവസാനിപ്പിക്കുക .മേഘം കൊണ്ട് കാണാൻ അസാധ്യമായാൽ ശഅബാൻ മുപ്പത് ദിവസം പൂർത്തിയാക്കുക .റമദാസനിലും ഇത്പോലെ കണ്ടില്ലെങ്കിൽ റമദാൻ മുപ്പത് പൂർത്തിയാക്കുക "

(നസാഈ 2128 )

ഹുദൈഫ (റ ) നിന്ന് ; നബി (സ ) പറഞ്ഞു : നിങ്ങൾ ചന്ദ്രക്കല കാണുന്നതുവരെ അല്ലെങ്കിൽ ദിവസങ്ങളുടെ എണ്ണം പൂർത്തിയാക്കുന്നത് വരെ മാസത്തെ മുൻകൂട്ടി കാണരുത്. എന്നിട്ട് ഹിലാൽ  കാണുന്നത് വരെ നോമ്പെടുക്കുക, അല്ലെങ്കിൽ ദിവസങ്ങളുടെ എണ്ണം പൂർത്തിയാക്കുക" (നസാഈ 2126 )

അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വളരെ വ്യക്തമാണ് കാര്യങ്ങൾ . ദൃശ്യമായ ഹിലാലിനെ നോക്കിയാണ് മാസപ്പിറവി തീരുമാനിക്കേണ്ടത് . ഹിലാലിനെ  ഇരുട്ട് മൂലമോ , മേഘം മൂലമോ  കണ്ടില്ലെങ്കിൽ മാസം മുപ്പത് ദിവസം പൂർത്തിയാക്കണം . കാണാൻ സാധിക്കുന്നില്ല എങ്കിലും സൂര്യാസ്തമയ ശേഷമാണ് ചന്ദ്രൻ അസ്തമിക്കുന്നത് എന്ന് കണക്കാക്കി മാസം ആരംഭിക്കാൻ പാടില്ല . ഇവിടെ ചിലർക്ക് സംഭവിച്ച അബദ്ധം എന്തെന്നാൽ സൂര്യാസ്തമയത്തിനു ശേഷം മിനുട്ടുകൾ കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത് എന്നത് കൊണ്ട് അവർ മനസ്സിലാക്കിയത്  അന്തരീക്ഷത്തിന്റെ പ്രശ്നം മൂലം ഹിലാൽ മറഞ്ഞതാണ് നമുക്ക് കാണാൻ സാധിക്കുന്നില്ല എന്നുള്ളൂ എന്നാണ് . അത് കൊണ്ട് കണക്ക് പ്രകാരം ചന്ദ്രൻ ചക്രവാളത്തിലുണ്ട് അത് മാസം മാറിയതാണ് എന്നവർ വാദിക്കുന്നു . ഇവിടെ അവർ റസൂൽ (സ ) ചര്യയിൽ നിന്നും തെറ്റുന്നു . അന്തരീക്ഷത്തിന്റെ പ്രശ്നം മൂലം ഹിലാൽ മറഞ്ഞാൽ മാസപ്പിറവിയായി കണക്കാക്കാനല്ല നബി (സ ) പഠിപ്പിച്ചത് .

     സൂര്യാസ്തമയ ശേഷം 16 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത് എന്നാൽ ചക്രവാളത്തിൽ ഹിലാൽ 16 മിനുട്ട് ഉണ്ടെന്നല്ല അർത്ഥമാക്കുന്നത് . സൂര്യാസ്തമയ ശേഷം ചന്ദ്രൻ 16 മിനുട്ട് ചക്രവാളത്തിന് മുകളിലുണ്ടെന്ന് മാത്രമാണ് അത് അർത്ഥമാക്കുന്നത്. അത് ഹിലാലായി ദൃശ്യമാകണമെങ്കിൽ സൂര്യനും ചന്ദ്രനും തമ്മിലുണ്ടാകുന്ന കോണകലത്തിൻറെ അളവനുസരിച്ചാണ്. അത് സാധ്യമാകണമെങ്കിൽ കൺജംഗ്ഷൻ കഴിഞ്ഞു പതിനഞ്ച് മണിക്കൂറെങ്കിലും കഴിയണം .

ഇന്നത്തെ ഗോള ശാസ്ത്ര കണക്കുകൾ ഖണ്ഡിതമാണെന്ന് വിശ്വസിക്കുന്നവർ ഈ വിഷയത്തിൽ വന്ന ചോദ്യത്തിന് ഗോളശാസ്ത്രജ്ഞനായ Dr .ഖാലിദ് ഷൗക്കത് നൽകുന്ന മറുപടി കാണുക ;

ചോദ്യം ; റിയാദിൽ ഡിസംബർ 19 , 1998 നു സൂര്യൻ അസ്തമിച്ചു 37 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത് എങ്കിൽ എന്തുകൊണ്ടാണ് ചന്ദ്രനെ കാണാൻ സാധിക്കില്ല എന്ന് നിങ്ങൾ പറയുന്നത് ?

ഉത്തരം ; സൂര്യാസ്തമയം കഴിഞ്ഞു 37 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുന്നത് എങ്കിൽ അതിനർത്ഥം 37 മിനുട്ട് ചന്ദ്രനെ കാണാം എന്നല്ല . ഇതിന്റെ ആകെ അർഥം ചന്ദ്രൻ 37 മിനുട്ട് ചക്രവാളത്തിനു മുകളിലുണ്ടാകുമെന്നാണ്. അത് സൂര്യനിൽ നിന്ന് 10  ഡിഗ്രി യിലൊ  7  ഡിഗ്രിയിലൊ താഴെയാണെങ്കിൽ കാണുക സാധ്യമല്ല .അതിൻറെ കാഴ്ച്ച സൂര്യനിൽ നിന്നുള്ള കൊണാളവ് കണക്കിനാണ് . കേവലം  ചക്രവാളത്തിൽ ചന്ദ്രൻ ഉണ്ടെന്നുള്ളത് കൊണ്ട് അതിനെ കാണാൻ സാധ്യമാകുമെന്ന് അർത്ഥമാകുന്നില്ല .

(www.moonsighting.com)

അതേപോലെ ഹിലാലിൻറെ വലുപ്പം ചൂണ്ടിക്കാണിച്ച് മാസം കണ്ടത് തെറ്റിപ്പോയി എന്ന് ചിലർ ആളുകളെ തെറ്റിദ്ധരിപ്പിക്കാറുണ്ട് . അതിന് ആധുനിക ഗോള ശാസ്ത്രം എന്ത് മറുപടി പറയുന്നു എന്ന് നോക്കുക ;

ചന്ദ്രൻ വലുതാണെങ്കിൽ അത് രണ്ടാം ദിവസ ചന്ദ്രനാണോ ? എന്ന ചോദ്യത്തിന് ഗോളശാസ്ത്രജ്ഞനായ Dr .ഖാലിദ് ഷൗക്കത് നൽകുന്ന മറുപടി കാണുക ;

അസ്‌ട്രോണോമിക്കൽ ന്യൂ മൂൺ പിറവിയെടുക്കുന്നത് (കൺജംഗ്ഷൻ ) സൂര്യോദയത്തിന്  15 മണിക്കൂർ മുൻപാണെങ്കിൽ അന്ന് സൂര്യാസ്തമയത്തിൽ ഹിലാൽ ദൃശ്യമാകില്ല . അടുത്ത ദിവസമാണ് അത് ദൃശ്യമാകുക അത് കൊണ്ട് തന്നെ പ്രാദേശികമായി അതിൻറെ വലുപ്പത്തിൽ വ്യത്യാസം കാണും . കാരണം അപ്പോഴേക്കും കൺജംഗ്ഷൻ കഴിഞ്ഞു  39 മണിക്കൂർ കഴിഞ്ഞിരിക്കും . പക്ഷെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ അതിനെ രണ്ടാം ദിവസത്തെ ചന്ദ്രൻ എന്ന് പറയുന്നത് അബദ്ധമാണ് . വിശ്വാസികളെ സംബന്ധിച്ച് റസൂൽ (സ ) പറയുന്നതിനെയാണ് മുൻഗണന നൽകേണ്ടത് .

(www.moonsighting.com)

യഥാർത്ഥത്തിൽ ശാസ്ത്രത്തിന്റെ ആളുകളാണ് എന്നും , കണക്ക് ഖണ്ഡിതമാണ് എന്നും പറയുന്ന മിക്കവർക്കും ശരിയായ ശാസ്ത്ര ബോധമോ പരിജ്ഞാനമോ ഇല്ലാ എന്നതാണ് വസ്താവം . ഇസ്ലാമിക പ്രമാണങ്ങളിൽ വളരെ വ്യക്തമായി ഹിലാലിന്റെ വലുപ്പത്തെ പരാമർശിച്ചിട്ടുണ്ട് . 

അബൂ ബഖൈത്തിർ നിന്ന് നിവേദനം ;ഞങൾ ഉംറ നിർവ്വഹിക്കാൻ പോയപ്പോൾ നഖ്‍ല താഴ്‌വരയിൽ തമ്പടിക്കുകയൂം ഹിലാൽ ദർശിക്കാൻ പരിശ്രമിക്കുകയും  ചെയ്‌തു . കൂട്ടത്തിലെ ചിലർ ഹിലാലിന്റെ വലുപ്പം നോക്കി ഇത് മൂന്ന് ദിവസം പഴകിയ ഹിലാലാണ് എന്നുപറഞ്ഞു ,ചിലർ പറഞ്ഞു ഇത് രണ്ട് ദിവസത്തെ പഴക്കമേയുള്ളൂ എന്നും പറഞ്ഞു . അങ്ങനെ ഞങൾ ഇബ്ൻ അബ്ബാസ് (റ )വിനെ കണ്ടു അദേഹത്തോട് ഹിലാൽ ദർശിച്ച വിവരം പറഞ്ഞു , മൂന്നാം ദിവസത്തെ ഹിലാലാണ് രണ്ടാം ദിവസത്തെ ഹിലാലാണ് എന്നിങ്ങനെ ആളുകൾ പറഞ്ഞതും അദ്ദേഹത്തോട് പറഞ്ഞു . അദ്ദേഹം ചോദിച്ചു ; ഏത് രാത്രിയാണ് നിങ്ങൾ ഹിലാൽ കണ്ടത് ? ഏത് രാത്രിയാണ് ഞങ്ങളത് കണ്ടതെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ; നബി (സ ) പറഞ്ഞിട്ടുണ്ട് "തീർച്ചയായും അല്ലാഹു അത് കാണുന്നത് വരെ നീട്ടിവെച്ചിരിക്കുന്നു അതിനാൽ നിങ്ങൾ അത് കണ്ട രാത്രി മുതൽ മാസം കണക്കാക്കണം " (മുസ്ലിം 1088 )

 

ഇമാം മുസ്ലിം ഈ ഹദീസ്‌ കൊടുക്കുന്ന അധ്യായത്തിന്റെ പേര് നോക്കുക ;

"ചന്ദ്രക്കല വലുതോ ചെറുതോ എന്നത് പ്രശ്നമല്ല, അത്യുന്നതനായ അല്ലാഹു  അത് ആളുകൾക്ക് കാണാൻ കഴിയുന്നത്ര നേരം പ്രത്യക്ഷപ്പെടാൻ കാരണമാക്കുന്നു, ഇനി മേഘാവൃതമാണെങ്കിൽ മുപ്പത് ദിവസം പൂർത്തിയാക്കണം."

ഇമാം മുസ്ലിം പേര് നൽകിയത് നോക്കിയാൽ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ വിധി മനസ്സിലാക്കാം . ഹിലാലിന്റെ വലുപ്പ ചെറുപ്പം മാസപ്പിറവിയെ ബാധിക്കുന്നില്ല. മാത്രവുമല്ല ഹിലാൽ ദർശിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടായാൽ അത് ഉണ്ടെന്ന് കണക്കാക്കി മാസം മാറി എന്ന് മനസ്സിലാക്കുകയല്ല അവർ ചെയ്‌തത്‌ .നബിയുടെ കൽപ്പന പ്രകാരം 30 തികക്കുകയാണ്  ചെയ്തത് . കാണാൻ കഴിയാത്ത ഹിലാലിനെ അവർ മാസപ്പിറവിക്ക് അടിസ്ഥാനമാക്കിയിട്ടില്ല . മേഘം കൊണ്ടോ , ഇരുട്ട് കൊണ്ടോ ഹിലാൽ മറഞ്ഞാൽ അതിൻറെ സാന്നിധ്യമുണ്ടെന്ന് കണക്കാക്കി മാസം മാറൽ അനുവദനീയമല്ല കാരണം ഈ കാരണത്തിന് പ്രധിവിധി മതത്തിൽ അല്ലാഹു  നല്കികഴിഞ്ഞിട്ടുണ്ട് , അത് മുപ്പത് പൂർത്തിയാക്കുക എന്നാണ് .

  സൂര്യാസ്തമയ ശേഷം രാത്രിയാണ് സലഫുകൾ  മാസപ്പിറ നോക്കാൻ പോയത് എന്ന് ഈ ഹദീസിൽ വ്യക്തമാണ് , അതോടെ പകൽ മാസപ്പിറവി നോക്കുന്ന ഹിജ്രി കമ്മറ്റിക്കാരുടെ അനിസ്ലാമിക വാദവും പൊളിഞ്ഞു .

ഇസ്ലാമിക മാസ ആരംഭത്തിന്റെ അടിത്തറ ഹിലാലാണ് . അത് ദൃശ്യമാകുന്നത് അനുസരിച്ചാണ് മാസമാറ്റം സംഭവിക്കുന്നത് . ഇത് കാണുക എന്നത് ഏറ്റവും ലളിതമായ ഒരു കാര്യമാണ് . ഈ  ഹിലാൽ എന്ന്, എപ്പോൾ ,എത്ര നേരം  കാണാൻപറ്റുമെന്ന സാധ്യതകൾ   ആധുനിക ഗോള ശാസ്ത്ര സംവിധാനങ്ങൾ  ഉപയോഗപ്പെടുത്തി കണ്ടെത്താൻ സാധിക്കുമോ എന്നതിലാണ് നമ്മൾ ശ്രദ്ധ കൊടുക്കേണ്ടത് . ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് ഇസ്ലാം എതിരല്ല പക്ഷെ അത് ഹിലാൽ രൂപപ്പെടുന്നത് കണ്ടെത്താനാണ് ഉപയോഗിക്കേണ്ടത് . കലണ്ടർ നിർമ്മിക്കാൻ വേണ്ടി പുറപ്പെട്ട ഒരു വിഭാഗം ഇസ്ലാമിക അടിത്തറയിൽ നിന്ന് തെറ്റി അസ്‌ട്രോണോമിക്കൽ ന്യൂ മൂൺ അടിത്തറയാക്കി മാസം കാണുന്നതിലേക്ക് എത്തിപ്പെട്ടിട്ടുണ്ട് . അതെല്ലാം കൃത്യമായ വഴികേടാണ് .

 

 

പള്ളിയിൽ ഇടത് കൈ ഊന്നി ഇരിക്കൽ

 

ഇടത് കൈ ഊന്നി പള്ളികളിൽ ഇരിക്കരുത് എന്ന് വിരോധിക്കുന്ന ഒരു ഹദീസ് ശരീദ് ഇബ്ൻ സുവൈദ്  (റ )വിൽ നിന്ന് ഇമാം അഹമ്മദും, ഇമാം അബൂദാവൂദും മറ്റുള്ളവരും ഉദ്ധരിച്ചിട്ടുണ്ട് . അത് ശപിക്കപ്പെട്ടവരുടെ ഇരുത്തമാണെന്നാണ് കാരണം പറയുന്നത് .

ശരീദ് ബ്നു സുവൈദ് (റ )പറയുന്നു: ഞാൻ ഒരിക്കൽ എന്റെ ഇടതു കൈപ്പത്തി പരത്തിവെച്ച് ഇടതു കയ്യിൽ ഊന്നിക്കൊണ്ട് ഇരിക്കുമ്പോൾ നബി(സ )  എന്റെ നേരെ വന്നു. അപ്പോൾ നബി(സ )പറഞ്ഞു: ‘നിങ്ങൾ അല്ലാഹു കോപിച്ചവരുടെ രീതിയിലാണോ ഇരിക്കുന്നത്?’

 (അബൂദാവൂദ്  4848, അഹമ്മദ് 18960 , ബൈഹഖി 3/ 236 , ഹാകിം 5/ 382 , ത്വബ്റാനി 7/ 316 )

ഈ ഹദീസിന്റെ പരമ്പരയെല്ലാം  ابن جريج ، عن إبراهيم بن ميسرة ، عن عمرو بن الشريد ، عن أبيه عن എന്നാണ് വന്നിട്ടുള്ളത് .

ഇബ്ൻ ജുറൈജ് എല്ലാ തരീഖിലുമുണ്ട്  അദ്ദേഹം പ്രബലനല്ല .

 

അബ്ദുൽ മാലിക്ക് ഇബ്ൻ അബ്ദിൽ അസീസ് ഇബ്ൻ ജുറൈജ് എന്നാണ് പൂർണ്ണ നാമം . അദ്ദേഹം മുദല്ലിസാണ് .

قال الدارقطني: تجنب تدليس ابن جريج، فإنه قبيح التدليس

ഇമാം ദാറുഖുത്നി പറഞ്ഞു ; ഇബ്ൻ ജുറൈജിന്റെ തദ്‌ലീസ് റിപ്പോർട്ട് ഒഴിവാക്കേണ്ടതാണ് ,അത് മോശം തദ്‌ലീസാണ്

قال إسماعيل بن داود المخراقي، عن مالك: كان ابن جريج حاطب ليل

ഇമാം മാലിക്ക് പറഞ്ഞു ; (ഹാതിബ് ലൈൽ) പരിശോധനകൂടാതെ ഹദീസ് സ്വീകരിക്കുന്ന വ്യക്തിയാണ്

 (തഹ്ദീബ് 2/ 616 )

മുദല്ലിസ്സായ നിവേദകൻ തദ്‌ലീസോടെ ഉദ്ധരിച്ച ഹദീസയാത് കൊണ്ട് ഇത് ദുർബല വിഭാഗത്തിൽ പെട്ട മുദല്ലസ് ഹദീസാണ് . കൂടാതെ ഇതിനു ഉപോൽബലകമായി(മുതാബിയായ) ഇബ്ൻ ഉമർ (റ ) നിന്നുള്ള നിവേദനത്തിൽ പള്ളിയിൽ ഇരിക്കുമ്പോൾ കൈകുത്തുന്നതിനെയല്ല പരാമർശിക്കുന്നത് നമസ്‌കാരത്തിൽ കൈകുത്തി ഇരിക്കുന്നത് വെറുക്കപ്പെട്ടത് എന്നാണുള്ളത് .

നാഫിഇൽ നിന്നും നിവേദനം ; നമസ്‌കാരത്തിൽ ഇടതു കയ്യിൽ ഊന്നിക്കൊണ്ട്  ഇരിക്കുന്ന ഒരാളെ കണ്ടപ്പോൾ ഇബ്‌നു ഉമർ അയാളോട് പറഞ്ഞു: താങ്കൾ ഇങ്ങനെ ഇരിക്കരുത്, ഇത് ശിക്ഷിക്കപ്പെടുന്നവരുടെ ഇരുത്തമാണ്. (അബൂദാവൂദ് :994)

പക്ഷെ ഇതിന്റെ പരമ്പരയിൽ ഹിശാം ഇബ്ൻ സഈദ് എന്ന നിവേദകൻ ദുർബലനാണ് .

قَالَ  يحيى بن معِين  هِشَامُ بْنُ سَعْدٍ ضَعِيفٌ أحمد بن شعيب النسائي : ضعيف الحديث

ഇമാം ഇബ്ൻ മഈൻ പറഞ്ഞു ; ദുർബലനാണ് , ഇമാം നസാഈ പറഞ്ഞു ; ഹദീസുകൾ ദുർബലമാണ്

(സിയർ ദഹബി , മജ്‌റൂഹുൻ ഇബ്ൻ ഹിബ്ബാൻ )

ചുരുക്കി പറഞ്ഞാൽ  പള്ളിയിൽ ഇരിക്കുമ്പോൾ ഇടത് കൈ ഊന്നൽ വിരോധിക്കപ്പെട്ടതാണ് എന്നത്  അടിസ്ഥാന രഹിതമായ ഒരു കാര്യമാണ്. പലർക്കും ശാരീരിക അസ്വാസ്ഥ്യങ്ങൾ കാണും അതനുസരിച്ചു സൗകര്യപ്രദമായി പള്ളിയിൽ ഇരിക്കാം. ഇതിലൊന്നും കാർക്കശ്യം പാലിക്കാൻ മതം അനുശാസിക്കുന്നില്ല . സഫ്ഫു നിൽകുമ്പോൾ അടുത്ത ആളുടെ കാൽ ചവിട്ടി മെതിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട് അവരൊക്കെ കോവിഡ് കാലത്ത് മൂന്ന് മീറ്റർ അകലെയാണ് നിന്നത് എന്നത് ഓർക്കുന്നത് നല്ലതാണ് . സഫ്ഫുകൾ വിടവില്ലാതെ നിൽക്കുക എന്നതാണ് മതത്തിന്റെ താല്പര്യം അല്ലാതെ അടുത്ത് നിൽക്കുന്നവരുടെ കാലിൽ ചവിട്ടുക എന്നതല്ല .

നോമ്പ് തുറക്കൽ


പ്രദോഷമായാൽ നോമ്പ് തുറക്കാൻ സമയമായി അതിനാൽ ഉടനെ തന്നെ നോമ്പ് തുറക്കുക . സമയമായിട്ടും വെറുതെ നോമ്പ് തുറക്കാതെ താമസിപ്പിക്കരുത്,താമസിപ്പിക്കൽ നബിയോടുള്ള അനുസരണക്കേടാണ് .

സഹ്ല്‍ ബ്ന്‍ സഅ്ദ് (റ ) നിവേദനം: നബി (സ ) പറഞ്ഞു: “നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുന്നിടത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും.” (ബുഖാരി:1957, മുസ്‌ലിം:1098)

അബൂ അത്വിയ്യ പറയുന്നു: ഞാനും മസ്റൂഖും ആയിശ (റ )യുടെ അടുക്കല്‍ ചെന്നു. ഞങ്ങള്‍ ചോദിച്ചു: “സത്യവിശ്വാസികളുടെ മാതാവേ! നബി(സ ) യുടെ സ്വഹാബികളില്‍ പെട്ട ഒരാള്‍ നോമ്പ് തുറക്കാനും, നമസ്കാരം നിര്‍വ്വഹിക്കാനും ധൃതി കൂട്ടുന്നു. മറ്റൊരാളാകട്ടെ നോമ്പ് തുറയും, നമസ്കാരവും വൈകിപ്പിക്കുന്നു.
ആയിശ(റ ) പറഞ്ഞു: “രണ്ടു പേരില്‍ ആരാണ് നോമ്പ് തുറക്കും, നിസ്കാരത്തിനും ധൃതി കൂട്ടുന്നത്?” ഞങ്ങള്‍ പറഞ്ഞു: “അബ്ദുല്ലാഹിബ്നു മസ്ഈദാണ്.” ആയിശ(റ ) പറഞ്ഞു: “അങ്ങനെയായിരുന്നു നബി (സ ) ചെയ്തിരുന്നത്.” (മുസ്‌ലിം:1099)

നോമ്പ് തുറക്കേണ്ടത് ഈന്തപ്പഴം കൊണ്ടോ വെള്ളം കൊണ്ടോ ആണെന്നുള്ളത് വിവരിക്കേണ്ട ആവശ്യമില്ലാത്ത വിധം സ്ഥിരപ്പെട്ട സുന്നത്താണ് . പ്രാർത്ഥന ഏറ്റവും വേഗത്തിൽ സ്വീകരിക്കപ്പെടുന്ന ഒരു സന്ദർഭം കൂടിയാണ് നോമ്പ് തുറക്കുന്ന സമയം . അന്നേരം പ്രത്യേക പ്രാർത്ഥനയോ ,ദിക്‌റോ നബി ചര്യയായി സ്ഥിരപ്പെട്ടു വന്നിട്ടില്ല . അന്നേരമുള്ള ചില ദുആകൾ ഹദീസ് ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുള്ളത് ദുർബലങ്ങളാകുന്നു . അതിൽ ഒന്ന് اللَّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ എന്ന ദുആയാണ്‌ . ഈ ദുആ നബിയിൽ നിന്നും മുത്തസിലായി നിവേദനം ചെയ്യപ്പെട്ടിട്ടില്ല എല്ലാം മുർസലാണ് , താബിഉകളാണ് നബിയിലേക്ക് ചേർത്ത് നിവേദനം ചെയ്യുന്നത് . താബിഈനും നബിക്കും ഇടയിൽ നിവേദകർ വിട്ട് കളഞ്ഞിട്ടുണ്ട് . ശാഫിഈ ഇമാം ചില താബിഈങ്ങളുടെ മുർസലുകൾ പ്രമാണമായി സ്വീകരിച്ചിരുന്നു . എന്നാൽ മുഹദ്ദിസുകൾ മുർസലുകൾ ദുർബല ഹദീസായിട്ടാണ് പരിഗണിച്ചിട്ടുള്ളത് .
മറ്റൊരു പ്രാർത്ഥന ذَهَبَ الظَّمَأُ وَابْتَلَّتِ العُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ എന്നതാണ് . അതും സ്വഹീഹായി നിവേദനം ചെയ്യപ്പെട്ടിട്ടില്ല . ചില പണ്ഡിതന്മാർ ഹസൻ എന്ന് വിധിച്ചിട്ടുണ്ട് ഇമാം ദാറുഖുത്നി അതിൽപ്പെടുന്നു .
سننه" 3/ 156
ഈ ഹദീസിൻറെ പരമ്പര മുറിഞ്ഞതാണ് .മർവാൻ ഇബ്ൻ മുഖഫഉ എന്ന റാവി ഇബ്ൻ ഉമർ (റ ) വിൽ നിന്നാണ് ഈ ഹദീസ് നിവേദനം ചെയ്യുന്നത് എന്നാൽ ഈ മർവാൻ , ഇബ്ൻ ഉമറി(റ )ൽ നിന്ന് ഹദീസ് കേട്ടതായി രേഖയില്ല .മുൻകത്തിആയ ഹദീസാണിത് അതിനാൽ തെളിവാക്കാൻ സാധിക്കില്ല . ചുരുക്കി പറഞ്ഞാൽ മർവാന് എന്ന റാവി മജ്‌ഹൂലാണ് .
നബിയിൽ നിന്നും പ്രത്യേക ദുആ സ്ഥിരപ്പെട്ടുവന്നിട്ടില്ലെങ്കിലും ആ സമയത്ത് ധാരാളമായി പ്രാർത്ഥിക്കുക മറയില്ലാതെ പ്രാർത്ഥന സ്വീകരിക്കപ്പെടുന്ന അവസരമാണത് . 


റവാത്തിബ് സുന്നത്തുകൾ

 

 നിർബന്ധ നമസ്ക്കാരങ്ങളുടെ കൂടെ നിർവ്വഹിക്കപ്പെടുന്ന സുന്നത്ത് നമസ്ക്കാരത്തെയാണ് റവാത്തിബ് സുന്നത്തുകൾ  എന്ന് പറയുന്നത് . അവയല്ലാത്ത പൊതുവായ നാഫിൽ നമസ്‌കാരങ്ങൾ വേറെയുണ്ട് നിരോധിക്കപ്പെട്ട സമയം ഒഴിച്ച് മറ്റു അവസരങ്ങളിൽ അവ രണ്ട് റക്അത് വീതം നമസ്ക്കരിക്കാവുന്നതാണ് .

നബി [സ ] ഇത് വീട്ടിൽ വെച്ചായിരുന്നു നിർവ്വഹിച്ചിരുന്നത് .ഇമാം തീർമുദി തൻറെ ജാമിഇൽ  'പ്രവാചകൻ വീട്ടിൽ നമസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടത് ' എന്ന അധ്യായത്തിൽ കൊടുക്കുന്ന ഹദീസ് നോക്കുക ;

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ ] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി ഞാൻ  മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ് രണ്ട് റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് ഇശാക്ക് ശേഷം രണ്ട് റക്അത് ഹഫ്‌സ (റ )എന്നോട് പറഞ്ഞു ;നബി സുബ്ഹിക്ക് മുൻപ്  രണ്ട് റക്അത് നമസ്ക്കരിക്കുമായിരുന്നു .(തിർമുദി 433 )

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; നബി [സ ] മഗ്‌രിബിന് ശേഷം രണ്ട്‌ റക്അത് വീട്ടിൽ നമസ്ക്കരിക്കാറുണ്ടായിരുന്നു (മുസ്‌നദ് അഹമ്മദ് 4743 )

കഴിവതും നാഫിൽ നമസ്‌കാരങ്ങൾ വീട്ടിലാണ് നിർവ്വഹിക്കേണ്ടത്  അതാണ് ഉത്തമം . ഇമാം തിർമുദി ഹദീസിനെ തെളിവായി പിടിച്ചതും അത് കൊണ്ടാണ്. ജനം പൊതുവെ തൊഴിൽ കാര്യങ്ങളിലായത് കൊണ്ട് എല്ലാവർക്കും റാവാത്തിബുകൾ വീട്ടിൽ നമസ്‌കരിക്കാൻ സാധിച്ചുകൊള്ളണമെന്നില്ല . അത്തരക്കാർ പള്ളിയിൽ തന്നെ ഫർദിനുശേഷം അത് നിർവ്വഹിക്കുക .

അബൂഹുറൈറ (റ ) വിൽ നിന്നും നിവേദനം ; നബി (സ ) പറഞ്ഞു ; പരലോകത്തു ആദ്യമായി കണക്കു നോക്കുന്നത് (നിർബന്ധ )നമസ്ക്കാരത്തെ പറ്റിയാണ് .അത് കഴിഞ്ഞാൽ നാഫിൽ (സുന്നത്ത് )നമസ്ക്കാരത്തെ പറ്റിയാണ്. അതിന് ശേഷം നിർബന്ധ നമസ്ക്കാരത്തിൽ  വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ അത് സുന്നത്ത് നമസ്‌കാരങ്ങൾ കൊണ്ട് പരിഹരിക്കുന്നതാണ് . (നസാഈ  466 )

നിർബന്ധ നമസ്ക്കാരങ്ങളിൽ സംഭവിക്കുന്ന വീഴ്ചകൾ ഐച്ഛിക നമസ്ക്കാരങ്ങൾ കൊണ്ട് പരിഹരിക്കപ്പെടുമെന്നാണ് റസൂൽ(സ ) പഠിപ്പിക്കുന്നത് . അതിനാൽ ധാരാളം വർധിപ്പിക്കേണ്ട നമസ്‌കാരമാണ് ഇവയെല്ലാം .

ദുഹ്‌ർ

ദുഹ്‌റിന് മുൻപ് രണ്ടും ശേഷം രണ്ടുമാണ് സ്ഥിരപ്പെട്ട സുന്നത്തുകൾ നാല് വീതമെന്നത് ദുർബലമായ ഹദീസാണ് .

അംബസ ഇബ്ൻ അബീ സുഫ്‌യാനിൽ നിന്ന് നിവേദനം എന്റെ സഹോദരി ഉമ്മു ഹബീബ ,നബി [സ ] പറഞ്ഞതായി ഉദ്ധരിച്ചു ; ആരെങ്കിലും ദുഹ്‌റിന്‌ മുൻപ് നാല് റക്അത്തും ശേഷം നാല് റക്അത്തും നമസ്‌കരിച്ചാൽ അല്ലാഹു അവൻറെ ശരീരത്തെ  നരക തീയിൽ നിന്ന് സംരക്ഷിക്കും  " (നസാഈ 1814 )

ഈ ഹദീസിൻറെ പരമ്പര മുറിഞ്ഞതാണ്  മക്ഹൂൽ ഇബ്ൻ അബീ മുസ്ലിം മുദല്ലിസാണ്. ഇദ്ദേഹം അംബസ ഇബ്ൻ അബീ സുഫ്യാനിൽ നിന്നുമാണ് ഈ ഹദീസ് നിവേദനം ചെയ്യുന്നത് . യഥാർത്ഥത്തിൽ  മക്ഹൂൽ ,അംബസയിൽ നിന്നും ഹദീസുകൾ കേട്ടതിന് രേഖയില്ല . അഥവാ മക്‌ഹൂൽ അംബസയിൽ നിന്നും ഹദീസുകൾ കേട്ടിട്ടില്ല . ഇത് മുഹദ്ദിസുകൾ രേഖപ്പെടുത്തിയിട്ടുണ്ട് .

قال النسائي: لم يسمع من عنبسة [تهذيب التهذيب (4/ 148

ഇമാം നസാഈ തന്നെ ഇത് രേഖപ്പെടുത്തുന്നു (തഹ്ദീബ് 4 / 148 ).

മറ്റൊരു പരമ്പരയിൽ ഇസ്മായിൽ ഇബ്ൻ മൂസ അൽ കുർശി എന്ന നിവേദകനുണ്ട് അദ്ദേഹം ഹദീസിൻറെ വിഷയത്തിൽ യോഗ്യനല്ല എന്നാണ് ഇമാം നസാഈ പറയുന്നത് .

قال النسائي :أحد الفقهاء ليس بالقوي في الحديث

محمد بن إسماعيل البخاري :  منكر الحديث

زكريا بن يحيى الساجي : عنده مناكير

ഇമാം നാസഈ പറഞ്ഞു ; ഇദ്ദേഹം ഹദീസിൽ പ്രബലനല്ല  ഇമാം ബുഖാരി പറയുന്നു ; ഇയാളുടെ ഹദീസുകൾ വർജിക്കണം  ഇമാം സാജി പറയുന്നു ; ഇയാൾ മുൻകറായ ഹദീസുകൾ ഉദ്ധരിക്കാറുണ്ട് .

മറ്റൊരു പരമ്പര ഇമാം തിർമുദി ഉദ്ധരിക്കുന്നതിൽ ഖാസിം ഇബ്ൻ അബ്ദുറഹ്മാൻ എന്ന നിവേദകൻ വിമര്ശിക്കപ്പെട്ടിട്ടുണ്ട്

المفضل بن غسان الغلابي : منكر الحديث أحمد بن صالح الجيلي : وليس بالقوي ابن حجر العسقلاني : صدوق يغرب كثيرا

 

ഇമാം ഗലാബി പറഞ്ഞു ; മുൻകറുൽ ഹദീസ് (ഹദീസുകൾ വർജിക്കണം )

ഇമാം ജൈലി പറഞ്ഞു ; ഇദ്ദേഹം പ്രബലനല്ല

ഇമാം അസ്ഖലാനി പറഞ്ഞു ; വിശ്വസ്തനാണ് , അപരിചിതമായ ഹദീസുകൾ ധാരാളം ഉദ്ധരിക്കും

അതെ പോലെ തന്നെ ഇതിൻറെ പരമ്പരയിൽ ഹൈസം ഇബ്ൻ ഹുമൈദും വിമർശന വിധേയനാണ് .

أبو مسهر الغساني : ضعيف قدري ابن حجر العسقلاني : صدوق رمي بالقدر 

ഇമാം ഗസ്സാനീ പറഞ്ഞു ; ദുർബലനും , ഖാദിരിയ്യ വിഭാഗവുമാണ്

ഇമാം അസ്ഖലാനി പറഞ്ഞു ; വിശ്വസ്തനാണ് , കടുത്ത ഖാദിരിയ്യയാണ്

അസർ

അസറിനു മുൻപും ശേഷവും റവാത്തിബില്ല . അസറിനു മുൻപ് നബി നമസ്കരിച്ചു എന്നൊരു റിപ്പോർട്ട് വന്നിട്ടുണ്ട് പക്ഷെ അത് പ്രാമാണികമല്ല .

അലി [റ ] നിന്ന് നിവേദനം ; നബി [സ ] അസ്ർ നമസ്‌ക്കാരത്തിന് മുൻപ് രണ്ട് റക്അത് നമസ്ക്കരിക്കുമായിരുന്നു " (അബൂദാവൂദ് 1272, ഥബ്റാനി 1 / 506 )

ഈ ഹദീസിന്റെ പരമ്പരയിൽ അബൂ ഇസ്ഹാഖ് അസ്സബഈ , ആസിം ഇബ്ൻ ദംറത്ത് ഹൻദല ഇബ്ൻ അബ്ദുല്ല എന്നീ ദുർബലന്മാരുണ്ട് . 

അബൂ ഇസ്ഹാഖ് അസ്സബഈ - മുദല്ലിസ് , ബുദ്ധിഭ്രമം ബാധിച്ചിട്ടുണ്ട്

ആസിം ഇബ്ൻ ദംറത്ത് - ശീഈ , പ്രബലനല്ല

ഹൻദല ഇബ്ൻ അബ്ദുല്ല - ദുർബലൻ

സനദ് പ്രബലമല്ലാത്തത് കൊണ്ട് ഈ ഹദീസ്  പ്രമാണമാക്കാനാകില്ല .

അസറിനു ശേഷം രണ്ട് റക്അത് നമസ്ക്കരിച്ചു എന്ന  ഹദീസുകൾ  യഥാർത്ഥത്തിൽ ദുഹ്‌റിന്റെ ശേഷം നിർവ്വഹിക്കേണ്ട രണ്ട് റക്അത്തുകളാണ്  അവ അപ്പോൾ നമസ്ക്കരിക്കാൻ മറന്നത് മൂലം അസറിന് ശേഷം നമസ്ക്കരിച്ചു എന്നുള്ളൂ .

 

കുറൈബിൽ നിന്ന് നിവേദനം ; വലിയ ഹദീസിലെ ഒരു ഭാഗം ...ഉമ്മു സലമഃ (റ ) പറഞ്ഞു ; അസറിന് ശേഷം നമസ്ക്കരിക്കുന്നത് നബി(സ ) വിരോധിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്നിട്ടും നബി(സ ) അത് നിർവ്വഹിക്കുന്നതും ഞാൻ കണ്ടു . ഒരു അടിമ പെണ്ണിനെ ഇതിനെക്കുറിച്ചു ചോദിക്കാൻ  ഞാൻ നബി(സ )യുടെ അടുക്കൽ പറഞ്ഞയച്ചു .അവൾ അത് പോലെ ചോദിച്ചു . നബി (സ )പറഞ്ഞു ; അബൂ ഉമയ്യയുടെ മകളെ നീ അസറിന് ശേഷമുള്ള നമസ്ക്കാരത്തെ ക്കുറിച്ചു ചോദിക്കുന്നു , യഥാർത്ഥത്തിൽ അബുൽ ഖൈസ് ഗോത്രത്തിൽ നിന്നും കുറെ ആളുകൾ ഇസ്ലാമിലേക്ക് വരാൻ ആഗ്രഹം പിടിച്ചു കടന്നു വന്നു അത് കൊണ്ട് അതിനിടയിൽ ദുഹ്‌റിന് ശേഷമുള്ള രണ്ട് റക്അത് നമസ്ക്കരിക്കാൻ ഞാൻ വിസ്മരിച്ചു . അതാണ് അസറിന് ശേഷം നിർവ്വഹിച്ചത് . (മുസ്‌ലിം 834 )

അസ്‌വദും , മസ്‌റൂകും നിവേദനം ചെയ്യുന്നു ; ആഇശ(റ) പറഞ്ഞതിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു: നബി(സ) എന്റെ കൂടെ ഉണ്ടായിരുന്ന ഒരു ദിവസം പോലും എന്റെ വീട്ടിൽ രണ്ട് റക്അത്ത് നമസ്കരിച്ചിട്ടില്ല, അതായത്.  അസറിന് ശേഷം രണ്ട് റക്അത്ത്. (മുസ്ലിം 835 )

ഈ ഹദീസുകൾ വിരൽ ചൂണ്ടുന്നത് റവാത്തിബുകൾ   മറന്നു പോയാൽ പിന്നീട് നബി [സ ] അവ നിർവഹിച്ചിരുന്നു എന്നാണ് . അല്ലാതെ അസറിന് ശേഷം പ്രത്യേക  സുന്നത്തില്ല. 

മഗ്‌രിബ്

മഗ്‌രിബ് നമസ്ക്കാരത്തിന് മുൻപ് റവാത്തിബ് സുന്നത്തുകളൊന്നുമില്ല ശേഷമാണ് രണ്ട് റക്അത് നിർവ്വഹിക്കേണ്ടത് .എന്നാൽ റവാത്തിബല്ലാത്ത നാഫിൽ (ഐച്ഛികം ) സുന്നത്ത് രണ്ട്‍ റക്അത് മഗ്‌രിബിന് മുൻപ് നിർവഹിക്കാം .

 

അബ്ദുല്ലാഹ് ഇബ്ൻ മുസ്നിയ്യ് (റ )വിൽ നിന്നും നിവേദനം ;നബി [സ ][ പറഞ്ഞു ; മഗ്‌രിബിന് മുൻപ് നമസ്‌കരിക്കുക അങ്ങനെ മൂന്നുവട്ടം പറഞ്ഞു ശേഷം പറഞ്ഞു ; നിങ്ങൾക്കിഷ്ടമുള്ളവർ അത് നിർവ്വഹിക്കട്ടെ

(ബുഖാരി 1183 )

മുഅക്കദായ സുന്നത്തല്ല ഇത് അതിനാലാണ് റസൂൽ [സ ] ഇഷ്ടമുള്ളവർ നമസ്ക്കരിക്കട്ടെ എന്ന് പറഞ്ഞത് . മഗ്‌രിബിന് ശേഷം രണ്ട് റക്അതാണ് നബി [സ ] റവാത്തിബായി നമസ്‌ക്കരിച്ചത്

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ ] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി ഞാൻ  മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ് രണ്ട് റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് .(തിർമുദി 433 )

അതേപോലെ മഗ്‌രിബിന് ശേഷം ആറു റക്അത് സുന്നത്തുണ്ട് അത് നിവ്വഹിച്ചാൽ പന്ത്രണ്ട് കൊല്ലം ഇബാദത് എടുത്ത പ്രതിഫലം ലഭിക്കുമെന്ന് ഒരു നിവേദനം നബിയിലേക്ക് ചേർത്തി വരുന്നുണ്ട് അത് തികച്ചും ദുർബലമായ ഹദീസാണ് .

അബൂ ഹുറൈറ നിന്ന് നിവേദനം നബി പറഞ്ഞു ആരെങ്കിലും മഗ്‌രിബ് കഴിഞ്ഞു ആറു റക്അത് നമസ്ക്കരിക്കുകയും അതിന്നിടയിൽ ഒന്നും മിണ്ടാതിരിക്കുകയും ചെയ്‌താൽ പത്രണ്ട് കൊല്ലം ഇബാദത്തെടുത്ത പ്രതിഫലം അവനു ലഭിക്കുന്നതാണ് '(തിർമുദി 435 ,ഇബ്ൻ മാജ 1167 )

قَالَ وَسَمِعْتُ مُحَمَّدَ بْنَ إِسْمَاعِيلَ يَقُولُ عُمَرُ بْنُ عَبْدِ اللَّهِ بْنِ أَبِي خَثْعَمٍ مُنْكَرُ الْحَدِيثِ

ഈ ഹദീസിലെ ഉമർ ഇബ്ൻ അബീ ഹഥ്അം എന്ന റാവി മുൻകാറാണ് എന്ന് ഇമാം ബുഖാരി പറയുന്നു .

(അദ്ദുഅഫാ ഇബ്ൻ ജൗസി )

ഇശാഅ'

ഇശാ നമസ്ക്കാരത്തിന് മുൻപ് റവാത്തിബ് സുന്നത്തില്ല , നമസ്ക്കാര ശേഷം രണ്ട് റക്അത്തുണ്ട് .

ഇബ്ൻ ഉമർ (റ ) നിന്ന് നിവേദനം ; പ്രവാചകൻ [സ ] രാവിലെയും രാത്രിയിലുമായി പത്തു റക്അത്തുകൾ നമസ്ക്കരിച്ചതായി ഞാൻ  മനഃപാഠമാക്കിയിട്ടുണ്ട് . ദുഹ്‌റിനു മുൻപ് രണ്ട് റക്അത് ശേഷം രണ്ട് റക്അത് മഗ്‌രിബിന് ശേഷം രണ്ട് റക്അത് ഇശാക്ക് ശേഷം രണ്ട് റക്അത് (തിർമുദി 433 )

ഫജ്ർ

ഫജ്ർ നമസ്‌കാരത്തിന് മുൻപാണ് രണ്ട് റക്അത് സുന്നത്തുള്ളത് ശേഷം സുന്നത്തില്ല

ആയിശ (റ )വിൽ നിന്ന് നിവേദനം ; നബി (സ ) പറഞ്ഞു ; ഫജ്‌റിനു മുൻപുള്ള രണ്ട് റക്അത്തുകളാണ് ഈ ദുനിയാവും അതിലുള്ള സകലതിനേക്കാളും  വിലയുള്ളത് (മുസ്‌ലിം 725 )

റവാത്തിബ് കൂടാതെ നാഫിലായിട്ടുള്ള നമസ്ക്കാരം എല്ലാ ബാങ്കിനും  ഇഖാമത്തിനും ഇടയിലുണ്ട് . ഇത്തരം ഐച്ഛിക നമസ്ക്കാരങ്ങൾ നിർവഹിക്കുക വഴി നമ്മുടെ ഫർദ് നമസ്ക്കാരങ്ങളിലെ കുറവുകൾ പരിഹരിക്കാവുന്നതാണ് .

അബ്ദുല്ലാഹ് ഇബ്ൻ മുഗ്‌ഫൽ (റ )വിൽ നിന്നും നിവേദനം റസൂൽ (സ ) പറഞ്ഞു ; എല്ലാ ബാങ്കിനും ഇഖാ മത്തിനും ഇടയിൽ നമസ്ക്കാരമുണ്ട് (ബുഖാരി 627 )

നാഫിൽ നമസ്‌കാരങ്ങൾ ഫർദ് നമസ്ക്കാര വേളയിൽ മാത്രമല്ല അല്ലാത്ത സന്ദർഭങ്ങളിലുമുണ്ട് . അനസ് (റ )വിൻറെ വലിയുമ്മ നബി(സ )യെ വിരുന്നിന് വീട്ടിലേക്ക് വിളിച്ചപ്പോൾ ഭക്ഷണം കഴിഞ്ഞു നബി(സ )  അവർക്ക് നേതൃത്വത്തിൽ രണ്ട് റക്അത് സുന്നത് നമസ്ക്കരിച്ചിട്ടാണ് പിരിഞ്ഞത് . (മുവത്വ 34 ,ബുഖാരി 380 )

ഉസൂലുൽ ഹദീഥ് - പാർട്ട് 10

 

ഒരു ഹദീസിന്റെ തുടക്കം എന്നത് അത് രേഖപ്പെടുത്തിയ ഗ്രന്ഥകാരനാണ് അവസാനം എന്നത് നബി [സ ] യും . ഹദീസിനെ അതിൻറെ സനദ് ചെന്നവസാനിക്കുന്ന സ്ഥാനത്തെ ആസ്പദമാക്കി മൂന്നായി തരം തിരിച്ചിരിക്കുന്നു .

മർഫുഅ' , മൗഖൂഫ് , മക്തൂഅ' എന്നിവയാണവ .

മർഫൂ’അ

നബിയുടെ വാക്ക് , കർമ്മം, മൗനാനുവാദം എന്നിവയടങ്ങിയ ആശയത്തിൽ ചെന്നവസാനിക്കുന്ന സനദിനെ അഥവ സനാദിന്റെ അവസാനം എത്തിച്ചേരുന്നത് മുഹമ്മദ് നബി [സ ] യിലാണെങ്കിൽ അതിനെ മർഫുആയ ഹദീസ് എന്ന് പറയും . ഇതിനെ വീണ്ടും മൂന്നായി തിരിക്കാം ;

മർഫൂ’അ ഖൗലി സരീഹ്

നബി (സ )പറഞ്ഞു എന്ന് വ്യക്തതമായി റാവി പറയുന്ന ഹദീസിനെയാണ് ഇങ്ങനെ പറയുക .നബി പറഞ്ഞു (ഖാല റസൂൽ )നബി പറയുന്നത് കേട്ടു (സമഅതു )എന്നിങ്ങനെ വ്യക്തമായി പറയും .

ഉദാഹരണം ;

അബൂഹുറൈറ യിൽ നിന്ന് നിവേദനം ; നബി(സ ) പറഞ്ഞു ; 'ഇമാമിന് അറുപതോളം ശാഖകളുണ്ട് "

(ബുഖാരി 9 )

മർഫൂ’അ ഫിഅലീ സരീഹ്

നബി[സ ] യുടെ കർമ്മമായി സ്വഹാബി ഉദ്ധരിക്കുന്ന ഹദീസുകളെയാണ് ഇങ്ങനെ പറയുക . സ്വഹാബി നബി [സ ] ചെയ്യുന്ന കാര്യങ്ങൾ കണ്ടിട്ട് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്ക ഹദീസുകളാണിത് .'നബി[സ ] ചെയ്യാറുണ്ടായിരുന്നു' , 'നബി [സ ] ചെയ്തത് ഞാൻ കണ്ടു' എന്നിങ്ങനെയായിരിക്കും ഈ ഹദീസ് നിവേദനം ചെയ്യുക .

ഉദാഹരണം ;

ആയിശയിൽ നിന്ന് നിവേദനം ; അവർ പറഞ്ഞു ; "റസൂൽ [സ ] കൈ കഴുകിയാണ് ജനാബത് കുളി തുടങ്ങിയിരുന്നത് " (ബുഖാരി )

മർഫൂ’അ തക്രീരി സരീഹ്

നബിയുടെ സാന്നിധ്യത്തിൽ ഒരു സംഗതി നടന്നിട്ട് നബി അതിന് മൗന അനുവാദം നൽകുന്ന ഹദീസുകളെയാണ് ഇങ്ങനെ പറയുക . നബി [സ ] എതിർക്കാതെ അതിനെ അനുവദിച്ചാൽ അത് നബി ചര്യയായി സ്ഥിരപ്പെടുന്നു . നബിയുടെ മൗനാനുവാദം നബിയുടെ സുന്നത്താണ് .

ഉദാഹരണം ;

ആയിശ(റ) നിവേദനം: "നിശ്ചയം നബി(സ) ഒരു രാത്രിയില്‍ പള്ളിയില്‍ വെച്ച് ഒരു മറയുണ്ടാക്കി നമസ്കരിച്ചു. അപ്പോള്‍ ഒരു വിഭാഗം ജനങ്ങളും നബി(സ)യെ തുടര്‍ന്നു നമസ്കരിച്ചു. അടുത്ത ദിവസവും നബി(സ) അപ്രകാരം നമസ്കരിച്ചു. ആ നമസ്കാരത്തില്‍ കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്തു. മൂന്നാം ദിവസം അല്ലെങ്കില്‍ നാലാം ദിവസവും അവര്‍ ഒരുമിച്ച് കൂടി. (ബുഖാരി)

റമദാനിലെ രാത്രി നമസ്ക്കാരം നബി [സ ] പള്ളിയിൽ ഒരു മറയുണ്ടാക്കി നമസ്ക്കരിച്ചപ്പോൾ നബിയുടെ പാരായണം കേട്ട് സ്വഹാബികൾ പിന്നിൽ സഫ്ഫ് കെട്ടി നിന്ന് നമസ്ക്കരിച്ചു . നബി [സ ] അതിനെ എതിർക്കാതെ മൗനാനുവാദം കൊടുത്തു . അത് വഴി ഈ ജമാഅത് നമസ്ക്കാരം നബി ചര്യയായി സ്ഥിരപ്പെട്ടു .

ഇസ്‌ലാമത നിയമങ്ങൾ ഘട്ടം ഘട്ടമായിട്ടാണ് ഇറങ്ങിയിട്ടുള്ളത് അതിനാൽ നിലവിൽ ഉള്ളത് പിന്നീട് പരിഷ്‌ക്കരിക്കുകയും പുതിയ നിയമങ്ങൾ രൂപീകരിക്കുകയും ചെയ്യും . അത് കൊണ്ട് തന്നെ ഖിയാമു റമദാൻ ഐശ്ചികത്തിൽ നിന്ന് നിർബന്ധത്തിലേക്ക് മാറ്റപ്പെടുമോ എന്നൊരു ഭീതി പ്രവാചകനുണ്ടായി . അത് കൊണ്ട് ജനങ്ങൾ അധികരിച്ചിട്ടും നബി [സ ] നാലാം ദിവസം നമസ്ക്കരിക്കാൻ വരാതെയിരുന്നു . ശേഷം ജനങ്ങളെ ഇനി മുതൽ വീട്ടിൽ നമസ്‌കരിക്കാൻ പ്രേരിപ്പിച്ചു . പള്ളിയിലെ നമസ്ക്കാരം നിർത്തിവെക്കാനുള്ള  കാരണം നബി [സ ] ജനങ്ങളെ ബോധിപ്പിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ആ കാരണം അവസാനിച്ചപ്പോൾ നബി[സ ]  തന്റെ ജീവിതത്തിൽ അനുവദിച്ചതിലൂടെ നബി ചര്യയായി മാറിയ ഈ ജമാഅത് നമസ്ക്കാരം ഖുലഫാഉ റാഷിദായ സ്വഹാബിമാർ വീണ്ടും നടപ്പിൽ വരുത്തി . നബിയുടെ വിലക്കിന്റെ കാരണം അവർ ശരിക്കും മനസ്സിലാക്കിയിരുന്നു . ഖിയാമു റമദാൻ പള്ളിയിൽ ജമാഅത്തായി നിർവ്വഹിക്കൽ നബി ചര്യയിൽ സ്ഥിരപ്പെട്ടതാണ് . ഉറങ്ങി എണീറ്റ് രാത്രിയുടെ അവസാനത്തിൽ നമസ്ക്കരിക്കൽ കൂടുതൽ ശ്രേഷ്ട്ടവുമാണ് . അതിന് കഴിവുള്ളവർക്ക് അത് ചെയ്യാം അല്ലാത്തവർക്ക് ഇശാക്ക് ശേഷം എപ്പോൾ വേണമെങ്കിലും നിർവ്വഹിക്കാം  രണ്ടിനും നബിയിൽ മാതൃകയുണ്ട്‌ . നബിചര്യയെ കുറിച്ചും , ഇസ്ലാമിക ശരീഅത്തിനെ കുറിച്ചും കൃത്യമായ അറിവില്ലാത്തവരാണ്  ഖിയാമു റമദാൻ പള്ളിയിൽ ജമാഅത്തായി നിർവ്വഹിക്കുന്നതിനെ എതിർക്കുന്നത് .

മർഫൂ' ഹുക്മി സരീഹ്

ഹഖീഖിയായി(യാഥാർഥ്യമായി ) മർഫൂആയവകൂടാതെ കൂടാതെ വിധി പ്രകാരം (ഹുക്മ് ) മർഫൂആയ ഹദീസുമുണ്ട് .

വിധി പ്രകാരം മർഫൂഇന്റെ  സ്ഥാനത്ത് നിൽക്കുന്ന ഹദീസുകളെയാണ് ഇങ്ങനെ പറയുന്നത് . 'ഞങ്ങളോട് കൽപ്പിക്കപ്പെട്ടിരുന്നു' എന്ന്  സ്വാഹാബികൾ പറഞ്ഞു ഉദ്ധരിക്കുന്ന ഹദീസുകളാണിത് .

ഉദാഹരണം ;

സഹൽ ഇബ്ൻ സഅദ് [ റ ] നിന്നും നിവേദനം : നമസ്കാരത്തിൽ വലതു കൈ ഇടതു കൈയുടെ മുകളിൽ വെക്കാൻ ജനങ്ങളോട് കൽപ്പിക്കപ്പെട്ടിരുന്നു " [ബുഖാരി 740]

അതേപോലെ 'സ്വഹാബികൾ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു ' എന്ന് പറഞ്ഞു വരുന്ന ഹദീസുകൾ ഇവയെല്ലാ മർഫൂഇന്റെ  ഗണത്തിലായി പരിഗണിക്കുന്നു കാരണം  നബിയിൽ നിന്നും മനസ്സിലാക്കിയത് പ്രകാരമോ , പഠിച്ചത് മൂലമോ ആയിരിക്കും സ്വഹാബികൾ ഒരു കാര്യം ചെയ്യുക അതിനാൽ അതിന് മർഫൂഇന്റെ രൂപമായി പരിഗണിക്കുന്നു.

ഉദാഹരണം ;

ഇബ്ൻ ഉമർ [റ ] ഉച്ചത്തിൽ തക്ബീർ ചൊല്ലിക്കൊണ്ട് മുസല്ലയിലേക്ക് പുറപ്പെടും നമസ്കാര സ്ഥലത്തു എത്തിയതിനുശേഷം ഇമാം വരുന്നത് വരെ തക്ബീർ ചൊല്ലും " [മുസന്നഫ് ഇബ്ൻ അബീ ശൈബ 615 / 1 ]

ഇത്തരത്തിൽ സ്വഹാബികൾ തക്ബീർ ചൊല്ലികൊണ്ടാണ് മുസല്ലയിലേക്ക് പുറപ്പെട്ടത് എന്നത് സ്ഥിരപ്പെട്ട കാര്യമാണ് . നബിയുടെ നിർദ്ദേശ പ്രകാരമായിരിക്കും അവർ അങ്ങനെ ചെയ്തിട്ടുണ്ടാകുക അക്കാരണത്താൽ ഇത്തരത്തിലുള്ള ഹദീസുകൾ മർഫൂ ഫിഅലി ഹുക്മി എന്ന് പറയുന്നു . സഹൽ (റ )വിൽ നിന്നുള്ള റിപ്പോർട്ട് മർഫൂ ഖൗലി ഹുക്മിക്ക് ഉദാഹരമാണ് .

എന്നാൽ ചിലപ്പോൾ സ്വാഹാബികളുടെ ഇജ്തിഹാദ് പ്രകാരവും അവർ എന്തെങ്കിലും ചെയ്യാം അതിനാൽ വിശദമായ വിശകലനം ഈ വിഷയത്തിൽ ആവശ്യമായിവരും .

മൗഖൂഫ്

സനദിന്റെ അവസാനം ചെന്നെത്തുന്നത് നബിയിലല്ലാതെ സ്വഹാബിയിലാണെങ്കിൽ അതിനെ മൗഖൂഫ് എന്ന് പറയും . സ്വഹാബിയുടെ കർമ്മമോ , വാക്കോ , അനുവാദമോ ആയിരിക്കും അതിൽ പരാമർശിച്ചിട്ടുണ്ടാകുക അത്തരം ഹദീസുകളെ മൗഖൂഫ് എന്ന് പറയുന്നു .

ഉദാഹരണം ;

അലി പറഞ്ഞു ; ജനങ്ങൾക് അവർക്ക് മനസ്സിലാകുന്ന നിലവാരത്തിൽ  സംസാരിക്കു , അല്ലാഹുവിനെയും  നബിയെയും ജനങ്ങൾ തള്ളിപ്പറയുന്നത് നീ ഇഷ്ടപ്പെടുമോ ? (ബുഖാരി )

മക് തൂ'

സനദ് ചെന്നവസാനിക്കുന്നത് ഒരു താബിഈലാണെങ്കിൽ അല്ലെങ്കിൽ അതിനു ശേഷം വരുന്ന ഒരു ഇമാമിലാണെങ്കിൽ അതിനെ മക് തൂ'ഉ ഹദീസ് എന്ന് പറയും . ഇതിൽ താബിഇൻറെ വാക്കുകൾ , കർമ്മംഅനുവാദമൊക്കെ യായിരിക്കും പരാമർശിക്കുക .

 ഉദാഹരണം ;

ഒരാൾ ബിദ് അതുകാരനായ ഇമാമിന്റെ പിന്നിലെ നമസ്‌കാരത്തിന്റെ   വിധി താബിഈയായ ഹസൻ ബസ്വരിയോട് ചോദിച്ചു , ഹസൻ ബസ്വരി പറഞ്ഞു ; അയാളുടെ പിന്നിൽ നമസ്കരിച്ചുകൊള്ളുക , അയാളുടെ ബിദ്അത്തിന്റെ ഫലം അയാൾക്കാണ് ലഭിക്കുക " (ഫത്ഹുൽ ബാരി ഇബ്ൻ റജബ്  4 /182)

മൗഖൂഫ്,മക് തൂ'ഉ ആയ ഹദീസുകളെ തന്നെയാണ് അസർ എന്ന് പറയുന്നത് .

വിവിധ തരം  ഹദീസ് ഗ്രന്ഥങ്ങൾ

ജാമി'ഉകൾ

സിയർ (യുദ്ധ പര്യടനങ്ങൾ ), ആദാബ് (മര്യാദകൾ ), തഫ്‌സീർ (വ്യാഖ്യാനങ്ങൾ ), അഖാഇദ് (വിശ്വാസങ്ങൾ ), ഫിത്ൻ (പരീക്ഷണങ്ങൾ ) , അഷ്‌റാത് (അന്ത്യദിന അടയാളങ്ങൾ ) , അഹ്‌കാം ( വിധിവിലക്കുകൾ ) , മനാഖിബ് (ആളുകളുടെ വിശേഷണങ്ങൾ ) തുടങ്ങിയ എട്ടുതരം  ഹദീഥുകൾ ഉൾകൊള്ളുന്ന ഗ്രന്ഥത്തിനെയാണ് അൽ ജാമി'   എന്ന് പറയുന്നത് .

ഉദാഹരണം ;

ജാമി'ഉ സ്വഹീഹ് അൽ ബുഖാരി, ജാമി'  തിർമുദി

സുനൻ

വിവിധ അധ്യായങ്ങൾ നൽകി  ഫിഖ്ഹ് അടിസ്ഥാനത്തിൽ ഹദീസുകളെ ശേഖരിച്ചിട്ടുള്ള ഗ്രന്ഥങ്ങളാണിത് . പ്രധാനമായും ഫുഖ്ഹാക്കളുടെ കയ്യിൽ നിന്നും തെളിവ് കണ്ടേത്തുക എന്നതാണ് ഇത്തരം ഹദീസ് ഗ്രന്ഥങ്ങളുടെ ലക്‌ഷ്യം .

ഉദാഹരണം ;

സുനൻ അബൂദാവൂദ് , സുനൻ നസാഈ

മുസ്‌നദ്

സഹാബികളുടെ പേരിൻറെ അടിസ്ഥാനത്തിൽ ഓരോ അധ്യായങ്ങളായി ഹദീസുകൾ ശേഖരിക്കുന്ന ഗ്രന്ഥത്തെയാണ് മുസ്‌നദ് എന്ന് പറയുന്നത് .

ഉദാഹരണം ;

മുസ്‌നദ് അഹമ്മദ് , മുസ്‌നദ് ഹുമൈദി

 

മുഅജം

ചില ഗുരുക്കന്മാരുടെ മാത്രം ഹദീസുകൾ ശേഖരിക്കുന്ന ഗ്രന്ഥങ്ങളെയാണ് ഇങ്ങനെ പറയുക

ഉദാഹരണം ;

ഇമാം ത്വബ്റാനിയുടെ മുഅജം അൽ കബീർ , മുഅജം അൽ ഔസാത് , മുഅജം അൽ  സഗീർ

മുസ്‌തദറക്ക്

ഏതെങ്കിലുമൊരു മുഹദ്ദിസിന്റെ ശർത്തുകൾ പ്രകാരം അയാളുടെ ഗ്രന്ഥത്തിൽ ഉദ്ധരിക്കാത്ത ഹദീസുകൾ ശേഖരിച്ചതിനെയാണ് ഇങ്ങനെ പറയുക .

ഉദാഹരണം ;

ഇമാം ഹാക്കിമിന്റെ മുസ്‌തദറക്ക് അല അൽ സ്വഹീഹൈൻ

മുസ്തഖ്‌റജ്

ഒരു ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുള്ള ഹദീസുകളുടെ മറ്റു സനദുകൾ ശേഖരിക്കുന്ന ഗ്രന്ഥങ്ങളെ ഇങ്ങനെ വിളിക്കുന്നു

ഉദാഹരണം ;

ഇമാം ഇസ്മാഈലീയുടെ മുസ്തഖ്‌റജ് അലാ സഹീഹ് ബുഖാരി   . ഇമാം അബൂ അവാനയുടെ മുസ്തഖ്‌റജ് അലാ സഹീഹ് മുസ്ലിം

തഖ്രീജ്

സനദ് കൊടുക്കാതെ ഹദീസിന്റെ മത്ന് മാത്രം ഉദ്ധരിച്ച ഗ്രന്ഥങ്ങളുടെ  ഹദീസുകൾക്ക് സനദ് കൊടുത് എഴുതിയ ഗ്രന്ഥത്തിനെയാണ് തഖ്രീജ് എന്ന് പറയുന്നത് .

ഉദാഹരണം ;

ഇമാം സൈലാഈയുടെ  നസ്‌ബു റായ്യ ഫീ തഖ്രീജിൽ അഹാദീഥ് അൽ ഹിദായ

ഇമാം അസ്ഖലാനിയുടെ  അൽ ദിറായ ഫീ തഖ്രീജിൽ അഹാദീഥ് അൽ ഹിദായ

അതേപോലെ അൽ ഇലല് , അൽ അത്രാഫ് , അൽ സവാഇദ്  , ഫഹാരിസ് , മൗദൂആത് , ഗരീബുൽ ഹദീഥ് ,അൽ ജമാഅ തുടങ്ങി മറ്റു അനേകം വിഭാഗങ്ങളുമുണ്ട് ദൈർഖ്യം മൂലം വിവരിക്കുന്നില്ല . ഹദീസ് നിദാന ശാസ്ത്രത്തിലെ അടിസ്ഥാനപരമായ കാര്യങ്ങളാണ് ഇത് വരെ വിവരിച്ചത് . ഈ നിയമങ്ങളെല്ലാം ഏതൊരു ഹദീസ് ഗ്രന്ഥത്തിനും ബാധകമാണ് . ചില വിഭാഗം പണ്ഡിതന്മാർ ചില ഗ്രന്ഥങ്ങൾക്ക് അപ്രമാദിത്വം നൽകിപ്പോന്നിട്ടുണ്ട് അത് തെളിവിന്റെ പിൻബലമില്ലാതെ പിൻഗാമികൾ തക് ലീദ് ചെയ്തു പോന്നിട്ടുമുണ്ട്   

      ഹദീസ് ശേഖരണം പിൽക്കാലത് നടന്നതാണ് അഥവ ഖുർആൻ ക്രോഡീകരണം പോലെ സ്വഹാബികളുടെ കാലത് അവരുടെ മേൽ നോട്ടത്തിൽ ഒരു ഗ്രന്ഥമാക്കിയതല്ല . അവ പ്രവാചകനിലേക്ക് ചേർക്കപ്പെടുമ്പോൾ അതിൻറെ സത്യാവസ്ഥ ഉറപ്പിക്കാൻ , അവയിൽ ഏതെങ്കിലും തകരാറുകൾ , കൈകടത്തലുകൾ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ    അവയിലെ നെല്ലും പതിരും വേർതിരിച്ചു തന്നെ മനസ്സിലാക്കാൻ ഉസൂലുകൾ രൂപപ്പെടുത്തേണ്ടി വന്നട്ടുണ്ട്  .  ആ ഉസൂലുകളുടെ  ആശ്രയത്തോടെ മാത്രമേ അതിന് സാധിക്കു.  ഇത് ഏതെങ്കിലും ഒരു കാലഘട്ടത്തിലെ കുറച്ച് ആളുകളിൽ മാത്രം പരിമിതമായ ഒരു അറിവേ അല്ല . ലോകാവസാനം വരെയുള്ള ആളുകൾക്ക് ഈ നിയമങ്ങൾ മുഖേന മാത്രമാണ് ഹദീസിനെ സമീപിക്കാൻ സാധിക്കു . ഈ വിഷയത്തിൽ ചെറിയൊരു വെളിച്ചം വീശുക എന്നൊരു ആഗ്രഹത്താലാണ് ഈ ഉദ്യമത്തിന് മുതിർന്നത് . ജനങ്ങൾക്ക് പ്രയോജനമുണ്ടാകട്ടെ എന്ന് ആശിക്കുന്നു .