ഇസ്ലാമിക ശരീഅത്തിൽ നിയമ നിർമ്മാണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് നബിചര്യ . ഇവ ഹദീസുകൾ എന്നും അറിയപ്പെടുന്നു ഈ ഹദീസുകൾ പല ഘട്ടങ്ങളിലായി പണ്ടിതന്മാർ ശേഖരിച്ചിട്ടുണ്ട് . ഇവ സ്വഹാബികളുടെ കാലഘട്ടത്തിന് ശേഷം ക്രോഡീകരിച്ചവയാണ് അതിനാൽ ഇതിൽ അബദ്ധങ്ങളും കൈകടത്തലും ഉണ്ടാകാൻ സാധ്യത പരിഗണിച് അവയെ വേർതിരിക്കാൻ ചില അടിസ്ഥാന നിയമങ്ങൾ രൂപീകരിക്കേണ്ടി വന്നു . അതിൻറെ അടിസ്ഥാനത്തിലാണ് ഹദീസിലെ നെല്ലും പതിരും വേർതിരിക്കുന്നത് അതിനെ ഉലൂമുൽ ഹദീഥ് എന്നോ ഉസൂലുൽ ഹദീഥ് എന്നോ വിളിക്കുന്നു .
സുന്നത്ത്
നബിയുടെ ചര്യകളെയാണ് പൊതുവെ ശരീഅത്തിൽ
സുന്നത്ത് എന്ന് പറയുന്നത് . ഇസ്ലാമിക ശരീഅത് നിയമങ്ങളിൽ ഖുർആൻ കഴിഞ്ഞാൽ രണ്ടാമത്തെ
സ്ഥാനം നബിചാര്യക്കാണ് . വിശുദ്ധ ഖുർആനിൻറെ വിവരണവും പ്രായോഗിക രൂപവുമാണ് നബിചര്യ
. വിശുദ്ധ ഖുർആൻ ശരിക്കും മനസ്സിലാക്കണമെങ്കിൽ നബിയുടെ വിശദീകരണം
അത്യന്താപേക്ഷിതമാണ് .
അല്ലാഹു പറയുന്നു ;
"തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍
നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക്
നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും
ചെയ്യുന്ന ( ഒരു ദൂതനെ ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു."
(ആലു ഇമ്രാൻ 164 )
"ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു
വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും
ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല." (നിസാഅ' 65 )
“വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി
( അവരെ നാം നിയോഗിച്ചു. ) നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു.
ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.” (നഹ്ല് 44 )
"അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച്
പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കികൊടുക്കുവാന്‍
വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും
കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്."
(നഹ്ല് 64 )
നബി [സ] യുടെ വാക്കുകൾ , പ്രവർത്തി , അംഗീകാരം
, മൗന
അനുവാദം എന്നിവയെയാണ് 'സുന്നത്ത് ' എന്ന്
ശരീഅതിൻറെ സാങ്കേതിക ഭാഷയിൽ വിവക്ഷിക്കുന്നത് . ഫിഖ്ഹ് നിയമങ്ങളുടെ സാങ്കേതിക
ഭാഷയിൽ ഉപേക്ഷിച്ചാൽ ശിക്ഷയിൽ ഉൾപ്പെടാത്ത കർമ്മങ്ങളെയാണ് സുന്നത്ത് എന്ന് വിവക്ഷിക്കുന്നത്
.
സഹാബികളാൽ മറ്റുള്ളവരിലേക്ക് നിവേദനം ചെയ്യപ്പെട്ട നബി]സ
]യുടെ സുന്നത്തിനെ ശരീഅതിൻറെ സാങ്കേതിക ഭാഷയിൽ 'ഹദീഥ് ' എന്ന്
പറയുന്നു . ഖബർ എന്ന മറ്റ് പേരിലും ഇത് അറിയപ്പെടുന്നു . ഭാഷാപരമായി അർത്ഥം വചനം
എന്നാണ് . പൊതുവെ നബി [സ ] വചനകളെയാണ് ഉദ്ദേശിക്കപ്പെടുന്നത് എന്നാൽ വചനമെന്ന
അടിസ്ഥാനത്തിൽ സഹാബികളുടെ വാക്കുകളെയും ഹദീഥ് എന്ന് മുഹദ്ദിസ്സുകൾ പറയാറുണ്ട് .ഈ
നിവേദനങ്ങൾ ശേഖരിച്ച ഗ്രന്ഥങ്ങളാണ് ഹദീഥ് ഗ്രന്ഥങ്ങൾ . നിവേദനം ചെയ്യുന്ന
വ്യക്തികളുടെ പരമ്പരയോട് കൂടിയാണ് ഹദീഥ് ഗ്രന്ഥങ്ങളിൽ അവ ശേഖരിച്ചിട്ടുള്ളത് . ആ പരമ്പരയുടെ ആധികാരികതയെ
അടിസ്ഥാനപ്പെടുത്തി ഹദീഥുകൾ സുന്നത്തായി സ്ഥിരപ്പെട്ടവയും അല്ലാത്തവയുമുണ്ടാകും .
അസർ
സഹാബികളുടെയും , താബിഉകളുടെയും വാക്കും പ്രവർത്തിയും ശരീഅതിൻറെ സാങ്കേതിക
ഭാഷയിൽ അസർ എന്ന് വിവക്ഷിക്കുന്നു .
പരമ്പരയിലെ നിവേദനകരുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽ ഹദീസിനെ
രണ്ടായി തിരിക്കാം
ഒന്ന് ;
മുത്തവാത്തിർ .
ധാരാളക്കണക്കിന് നിവേദകർ നിവേദനത്തിൻറെ ഓരോ തലമുറയിലും ഉള്ള
ഹദീസ് . നിവേദനത്തിൽ
അബദ്ധം പറ്റാത്ത വിധത്തിൽ ധാരാളം റാവികൾ (നിവേദകർ ) പാരമ്പരയിലുണ്ടാകും.
ഉദാഹരണം : "ആരെങ്കിലും എന്റെ പേരിൽ മനപ്പൂർവ്വം കളവ്
പറഞ്ഞാൽ അവൻറെ ഇരിപ്പിടം നരകത്തിൽ ഉറപ്പിച്ചുകൊള്ളട്ടെ "
രണ്ട് ;
ഖബർ ആഹാദ് .
മുത്തവാത്തിറല്ലാത്ത ഹദീസുകളെല്ലാം ഖബർ ആഹാദാണ് . ഹദീസ് ഗ്രന്ഥങ്ങളിൽ
ഭൂരിഭാഗവും ഖബർ ആഹാദാണ് . മുത്തവാത്തിറിൽ
ധാരാളം നിവേദകരിൽ നിന്നാണ് ഹദീസുകൾ നിവേദനം ചെയ്തിട്ടുള്ളത് . അത് കൊണ്ട് തന്നെ മത്നിൽ
അബദ്ധമുണ്ടാകില്ല . വ്യത്യസ്‍തമായ ധാരാളം ആളുകൾ ഒരേ കാര്യം വള്ളി പുള്ളി തെറ്റാതെ പറയുമ്പോൾ
അതിൻറെ ആധികാരികത കൂടുന്നു . എന്നാൽ ആഹാദിൽ ചിലപ്പോൾ നിവേദകർ കുറഞ്ഞ ഹദീസുകളുണ്ടാകും
അവ അബദ്ധങ്ങളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പിക്കാനാകില്ല . വിശുദ്ധ ഖുർആനിനോട് എതിരാക്കാത്ത
ആശയങ്ങളാണെങ്കിൽ അതിന് സ്വീകാര്യത കൈവരുന്നു .
ഉദാഹരണം : "‘മൂന്ന് വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.
മദ്യത്തിന് അടിമപ്പെട്ടവനും,
സിഹ്‌റിൽ വിശ്വസിക്കുന്നവനും,
കുടുംബബന്ധം വിച്ഛേദിക്കുന്നവനും'
ഖബർ ആഹാദിനെ നിവേദക ശ്രേണിയുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ
മൂന്നായി തരം തിരിക്കാം . ഹനഫി പണ്ഡിതന്മാർ നാലായി തിരിക്കുന്നുണ്ട് .പൊതുവെ അതിനെ
മൂന്നായി പരിഗണിക്കുന്നു .
ഒന്ന് ;
മശ്ഹൂർ
സനദിലെ ഓരോ തലമുറയിലും രണ്ടിന് മുകളിൽ ആളുകൾ ഉള്ള
ഹദീസുകൾക്ക് മശ്ഹൂർ എന്ന് പറയപ്പെടുന്നു . എണ്ണം
കൂടുതലാണെങ്കിൽ ഹനഫികൾ ഇതിന് മുസ്തഫീദ് എന്ന് വിളിക്കുന്നു . അവർ
മുസ്തഫീദിനെ വേറൊരു തരമായി പരിഗണിക്കുന്നു . അതിനാൽ ഹനഫിയാക്കളിൽ നാല് വിഭാഗം തരം തിരിവ് വരുന്നത്.
എന്നാൽ മറ്റുള്ള പണ്ഡിതന്മാർ ഇതിനെ മശ്ഹൂർ എന്ന് തന്നെ വിളിക്കുന്നു
. സ്ത്രീകളുടെ പള്ളിപ്രവേശവും , ദജ്ജാലിന്റെ വരവും , ഈസാ നബിയുടെ
രണ്ടാം വരവും കുറിക്കുന്ന ഹദീസുകൾ ഈ
ഗണത്തിൽപ്പെടുന്നു .
ഉദാഹരണം ;
↱ S 1 ↣ A ↣ B ↣ C ↣ D
P ↣ S 2 ↣ E ↣ F ↣ G ↣ H
↳ S 3 ↣ I ↣ J ↣ K ↣ L
(P
= PROPHET , S = SAHABA , OTHER = RAAWIS )
രണ്ട് ;
അസീസ്
സനദിലെ ഓരോ തലമുറയിലും
ചുരുങ്ങിയത് രണ്ട് പേരെങ്കിലും
ഉണ്ടാകുന്ന ഹദീസുകളെ അസീസ് എന്ന് പറയപ്പെടുന്നു . ചിലപ്പോൾ മൂന്ന്
പേർ ഉണ്ടാകും . ചില മുഹദ്ദിസുകൾ മൂന്നോ
അതിൽ കൂടുതലോ ആളുകൾ ഉള്ള ഹദീസിനെയാണ് മശ്ഹൂർ എന്നും , മുസ്തഫീദ്
എന്നുമൊക്കെ വിളിക്കുന്നത് .
ഉദാഹരണം ;
↱ S 1
↣ A ↣ B ↣ C ↣ D
P
↳ S 2
↣ I ↣ J ↣ K ↣ L
"നിങ്ങളുടെ
പിതാവിനേക്കാളും സന്താനങ്ങളെക്കാളും
നിങ്ങൾ എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങളാരും തന്നെ
വിശ്വാസിയാകില്ല" എന്ന ഹദീസ് അസീസ്
ആയ ഹദീസിന് ഉദാഹരണമാണ് . അതിൽ അബൂഹുറൈറ
അനസ് ,
അബ്ദുല്ല ഇബ്ൻ ഹിശാം തുടങ്ങിയ സഹാബികളും അഅറജ്, ഇബ്ൻ ഹുർമൂസ്
(അബൂഹുറൈയിൽ നിന്ന് )ഇബ്ൻ സുഹൈബ് , ഖതാദ (അനസിൽ നിന്ന് )സുഹ്രത് ഇബ്ൻ മഅബ്ബദ് തുടങ്ങിയ
താബിഉകളും അബൂ സനാദ് ,ഇബ്ൻ ഉലയ്അത്
, അബൂ
അഖീലി തുടങ്ങിയ തബ്അ താബിഉകളും ശുഐബ്
യഅഖൂബ് ഇബ്ൻ ഇബ്രാഹിം ,ഹൈവത്
തുടങ്ങിയ തബ്അ തബ്അ താബിഉകളും അബൂയമാൻ ,മുഹമ്മദ്
ഇബ്ൻ ജഅഫർ ,ഇബ്ൻ
വഹബ് തുടങ്ങിയ തബ്അ തബ്അ തബ്അ താബിഉകളുമാണുള്ളത് .
ബുഖാരി ,,
മുസ്ലിം ,
നസാഈ അടക്കമുള്ള ഹദീഥ് ഗ്രൻഥത്തിൽ
രേഖപ്പെട്ടു കിടക്കുന്നതാണ് ഈ ഹദീഥ് . ഓരോ തലമുറയിലും രണ്ടിൽ കൂടുതൽ ആളുകളുണ്ട് .
മൂന്ന് ;
ഗരീബ്
ഇത് രണ്ട് തരമുണ്ട് , അതിന്റെ
അവസ്ഥക്ക് അനുസരിച്ച് അതിനെ ഫർദ് മുത് ലക്കി , ഫർദ് നിസ്‌ബി
എന്ന് പറയും .
ഫർദ് മുത് ലക്കി
സനദിൻറെ ആദ്യഭാഗത് അഥവ താബിഇൻറെ ഭാഗത്ത് ഒരാൾ
മാത്രമുണ്ടാകുകയാണെങ്കിൽ അതിനെ ഫർദ് മുത്
ലക്കി എന്ന് പറയും .
↱ S 1
↣ A ↣ B ↣ C ↣ D
P ↣ S 2 ↣ A ↣ F ↣ G ↣ H
↳ S 3
↣ A ↣ J ↣ K ↣ L
ഉദാഹരണം ;
"നിശ്ചയം കർമ്മഫലം ഉദ്ധേശശുദ്ധിയുടെ അടിസ്ഥാനത്തിലാണ്
നിർണ്ണയിക്കപ്പെടുക "
ഈ ഹദീഥിൻറെ ആദ്യഭാഗത് ഒരാൾ മാത്രമുള്ളു അഥവാ ഈ ഹദീഥ് അൽഖമ ഇബ്ൻ അബ്ബാസ് ലൈസി എന്ന
താബിഈയിൽ നിന്നും മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഫർദ് നിസ്‌ബി
സനദിന്റെ ഏതെങ്കിലും തലമുറയിൽ ഒരാൾ മാത്രം ഒറ്റപ്പെട്ടാൽ അതിനെ ഫർദ് നിസ്‌ബി എന്നു പറയും. മറ്റു വിശ്വസ്തർ റിപ്പോർട്ട് ചെയ്യാതെ ഒരാൾ മാത്രം റിപ്പോർട്ട് ചെയ്യുന്നതിനെയും ഇങ്ങനെ തന്നെ വിളിക്കുന്നു . ചില സമയം സനദിൽ ഒന്നിലധികം ആളുകൾ ഉണ്ടെങ്കിലും ഒരാൾ മാത്രം വിശ്വസ്തനായാൽ അതിനെയും ഗരീബായി പരിഗണിക്കും . അതേപോലെ ഒരു ദേശക്കാർ മാത്രമായി റിപ്പോർട്ട് ചെയ്ത ഹദീഥിനും ഇങ്ങനെ പറയപ്പെടും .
↱ S 1
↣ A ↣ B ↣ C ↣ D
P ↣ S 2 ↣ E ↣ F ↣ C ↣ H
↳ S 3
↣ I ↣ J ↣ C ↣ L
ഉദാഹരണം ;
ത്വൽക്ക് ഇബ്ൻ അലി ഇബ്നുൽ മുൻദിർ [റ ] വിൽ നിന്നും നിവേദനം
:
" നബി [സ ] പറഞ്ഞു ' ആകാശത്തു
ഉദിച്ചു ഉയരുന്ന വെളുപ്പ് ഭക്ഷണത്തിൽ നിന്നും നിങ്ങളെ തടയാതിരിക്കട്ടെ ,
ചക്രവാളത്തിനു സമാന്തരമായി ചുവപ്പ് പടരും വരെ നിങ്ങൾ തിന്നുകയും കുടിക്കുകയും
ചെയ്യുക "
ഇമാം അബൂദാവൂദ് പറഞ്ഞു ; ഈ
ഹദീസ് യമാമക്കാരിൽ നിന്നും ഒറ്റപ്പെട്ട് റിപോർട്ട് ചെയ്യപ്പെട്ട്
വന്നിരിക്കുന്നു
[അബൂദാവൂദ് 2348 ]
മറ്റൊരു ഉദാഹരണം;
ഇബ്ൻ ഉമർ [റ ] വില നിന്നും നിവേദനം ,നബി
[സ ] പറഞ്ഞു ;അല്ലാഹുവിന്റെ അടിമകൾ കളവ് പറഞ്ഞാൽ മലക്കുകൾ ആ
പ്രവർത്തിയുടെ ഫലമായി ഉയരുന്ന ദുർഗന്ധം നിമിത്തം മൈലുകൾ ഓടിയകലുന്നതാണ് "
ഇമാം അബു ഈസ പറഞ്ഞു ; ഈ
ഹദീഥ് അബ്ദുറഹീം ഇബ്ൻ ഹാറൂൺ ഗസ്സാനി യിൽ
നിന്നും ഈ രൂപത്തിൽ ഒറ്റപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്നു .
[തിർമുദി 1972
]
രണ്ടും ഫർദ് നിസ്‌ബിക്ക് ഉദാഹരണമാണ് ,
ഒന്ന് ഒരു പ്രദേശക്കാരിൽ നിന്നും ഒറ്റപ്പെട്ട് വന്നത് മറ്റേത് ഒരു വ്യക്തിയിൽ
നിന്നും ഒറ്റപ്പെട്ടത്.
അൽഹംദുലില്ലാഹ് 🏵️🏵️
ReplyDeleteബാക്കി പാർട്ടുകൾ വന്നതിനു ശേഷം സംശയം ചോദിക്കാം എന്ന് കരുതുന്നു