ഉസൂലുൽ ഹദീഥ് - പാർട്ട് 3

 

ഹസൻ ലിദാത്തിഹി.

ഹദീസ് സ്വഹീഹ് ആകാൻ വേണ്ട നിബന്ധനകളിൽ ഒന്നാണ് റാവികൾ ഓർമ്മ ശക്തിയുള്ളവരാകുക എന്നത്. മറ്റെല്ലാ നിബന്ധനകളും പൂർത്തിയായി എന്നാൽ സനദിലെ ഏതെങ്കിലും റാവിക്ക് ഓർമ്മശക്തി കുറവുണ്ടോ അത്തരം ഹദീസുകളെ ഹസൻ ലിദാത്തിഹി എന്ന് വിളിക്കും .

ഉദാഹരണം ;

ഇമാം നസാഈ പറയുന്നു ഹുസ്സൈൻ ഇബ്ൻ ഹുറൈസ് വിവരിച്ചു അദ്ദേഹം ഫദ്ൽ ഇബ്ൻ മൂസയിൽ നിന്നും അദ്ദേഹം ഹുസ്സൈൻ ഇബ്ൻ വാഖിദിൽ നിന്നും അദ്ദേഹം അബ്ദുല്ലാ ഇബ്ൻ ബുറൈദ യിൽ നിന്നും അദ്ദേഹം  ബുറൈദ (റ )വിൽ നിന്ന് നിവേദനം ചെയുന്നു അദ്ദേഹം പറഞ്ഞു ;" നബി [സ ] ഹസൻ , ഹുസ്സൈൻ എന്നിവർക്ക് അഖീക്ക അറുത്തു " (നസാഈ 4213 )

ഈ ഹദീസിലെ റാവിയായ ഹുസ്സൈൻ ഇബ്ൻ വാഖിദ് അൽ മറൂസി വിശ്വസ്തനാണ് എന്നാൽ ഹദീസ് മനഃപാഠമാക്കുന്നതിൽ അത്ര മികവുള്ള ആളല്ല .

ഇമാം അബൂദാവൂദ് പറഞ്ഞു ; ലൈസ ബിഹി ബഹ്‌സുന്  (ഇദ്ദേഹത്തിന്റെ ഹദീസ് പ്രശ്‍മില്ല )

ഇമാം നസാഈ പറഞ്ഞു ; ലൈസ ബിഹി ബഹ്‌സുന്

ഇമാം അബൂ സുർഅ പറഞ്ഞു ; ലൈസ ബിഹി ബഹ്‌സുന്

ഇമാം അഹമ്മദ് പറഞ്ഞു ; ലാ ബഹ്സ ബിഹി (ഇദ്ദേഹം കുഴപ്പമില്ല )

                           മുഹദ്ദിസുകൾ ഇദ്ദേഹത്തിന്റെ ആധികാരികത ചർച്ച ചെയ്തപ്പോൾ ലൈസ ബിഹി ബഹ്‌സുന് , ലാ ബഹ്സ ബിഹി എന്നൊക്കെയാണ് പറഞ്ഞത് . മനഃപാഠത്തിൽ കുറവുള്ളവരെ അവർ ഇങ്ങനെയാണ് വിലയിരുത്തുന്നത് .ചിലപ്പോൾ സദൂഖ് (സത്യസന്ധൻ )എന്നും, സികതുൻ യൂഖ്തീഈ (സ്വീകാര്യൻ,  പിഴവുകൾ വരുത്തും ) എന്നും ഒക്കെ പറയും . ഈ സാങ്കേതിക പ്രയോഗങ്ങൾ റാവിയുടെ മനഃപാഠത്തെയും , ഹദീസ് എഴുതി സൂക്ഷിക്കുന്നതിൽ വരുത്തുന്ന വീഴ്ച്ചയെയും  സൂചിപ്പിക്കുന്നു . ആയതിനാൽ മേൽ പ്രസ്താവിച്ച ഹദീസ് ഹസൻ ലിദാത്തിഹിക്ക് ഉദാഹരണമാണ് . 

ഹസൻ ലിഗൈരിഹി

ഒരു ഹദീസിൻറെ ഒരു റാവി ഹദീസ് മനഃപാഠമാക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവനാകുകയും അതോടൊപ്പം ആ സനദിൽ മസ്‌തുറായ റാവി         ( അജ്ഞാതനായറാവി) ഉണ്ടാകുകയോ എന്നാൽ  ആ ഹദീസിന് ഒരു മുതാബി (പിൻഗാമിയായ മറ്റൊരു സനദ് ) ഉണ്ടാകുകയും ആ മുതാബിയുടെ  റാവികൾ ഓർമ്മ ശക്തികുറവ്  ഉള്ളവരോ  അല്ലെങ്കിൽ ആ റാവിക്ക്  മുകളിൽ യോഗ്യതയുള്ളവരോ ആകുകയും ചെയ്‌താൽ ആ ഹദീസിനെ ഹസൻ ലിഗൈരിഹി  എന്ന് പറയുന്നു . അതേപോലെ മുർസലായ ഹദീസുകൾക്കും ഇത്തരം മുതാബാത്തുകളുണ്ടായാൽ അതും ഹസൻ ലി ഗൈരിഹിയാകും .

ഉദാഹരണം ;

ഇബ്ൻ മസ്ഊദ് [റ ] വിൽ നിവേദനം ; നബി [സ ] പറഞ്ഞു ; നിങ്ങളിൽ ആരെങ്കിലും  റുകൂഉ ചെയ്യുമ്പോൾ سُبْحَانَ رَبِّيَ الْعَظِيمِ  " മഹാനായ എൻറെ റബ്ബിൻറെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു " എന്ന് അവൻ മൂന്ന് പ്രാവശ്യം  പറയട്ടെ .അങ്ങനെ പറഞ്ഞാൽ അവൻറെ റുകൂഉ പൂർത്തിയായി . ഇനി നിങ്ങളിൽ ആരെങ്കിലും സുജൂദ് ചെയ്യുകയാണെങ്കിൽ سُبْحَانَ رَبِّيَ الأَعْلَى  'അത്യുന്നതനായ എന്റെ നാഥൻറെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു' എന്ന് അവൻ മൂന്ന് പ്രാവശ്യം  പറയട്ടെ അങ്ങനെ പറഞ്ഞാൽ അവൻറെ സുജൂദ് പൂർത്തിയായി . ഇത് തന്നെയാണ് ഏറ്റവും ചുരുങ്ങിയ രൂപവും . [ ഇബ്ൻ മാജ 890 , അബൂദാവൂദ് 886 ]

ഈ ഹദീസ് ഉദ്ധരിച്ച അബൂദാവൂദ് തന്നെ ഇത് പരമ്പര മുറിഞ്ഞതാണ് എന്ന് രേഖപ്പെടുത്തുന്നു .

قَالَ أَبُو دَاوُدَ هَذَا مُرْسَلٌ عَوْنٌ لَمْ يُدْرِكْ عَبْدَ اللَّهِ .

[അബൂദാവൂദ് 886]

മറ്റൊരു ഹദീസ് ;

إِيَاسَ بْنَ عَامِرٍ يَقُولُ سَمِعْتُ عُقْبَةَ بْنَ عَامِرٍ الْجُهَنِيَّ، يَقُولُ لَمَّا نَزَلَتْ {فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ} قَالَ لَنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ " اجْعَلُوهَا فِي رُكُوعِكُمْ " . فَلَمَّا نَزَلَتْ {سَبِّحِ اسْمَ رَبِّكَ الأَعْلَى} قَالَ لَنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ " اجْعَلُوهَا فِي سُجُودِكُمْ " .

ഉക്ബത് ഇബ്ൻ ആമിർ [റ ] പറഞ്ഞു ; 'ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക.' എന്ന ആയത് അവതരിച്ചപ്പോൾ നബി [സ ] കൽപ്പിച്ചു നിങ്ങൾ റുകൂഉ ചെയ്യുമ്പോൾ ഇത് ചെയ്യുക . 'അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.' എന്ന ആയത് അവതരിച്ചപ്പോൾ

നബി [സ ] കൽപ്പിച്ചു ഇത് നിങ്ങൾ സുജൂദിൽ ചെയ്യുക.’’

[ഇബ്ൻ മാജ  887, അഹമ്മദ്  17450]

ഈ വിഷയത്തിൽ സ്വീകാര്യമായി വന്നിട്ടുള്ള റിപ്പോർട്ടാണിത് . ഇയാസ് ഇബ്ൻ ആമിർ ഹസനുൽ ഹദീഥ് ആണ് മുർസലായ ഇബ്ൻ മസ്ഊദ് [റ ] വിൻറെ ഹദീസിന് ഇയാസിൻറെ റിപ്പോർട്ടിന് ശക്തി പകരുന്നു അങ്ങനെ  ഈ ഹദീസിൽ നിന്നും   سُبْحَانَ رَبِّيَ الْعَظِيمِ എന്ന് റുകൂഇലും سُبْحَانَ رَبِّيَ الأَعْلَى എന്ന് സുജൂദിലും പറയുന്നതിന് അടിസ്‌ഥാനം ലഭിക്കുന്നു.

 പിൽക്കാലക്കാരായ ചില പണ്ഡിതന്മാർ വളരെ ദുർബലരായ റാവികൾ വ്യത്യസ്തമായ ധാരാളം  വഴികളിലൂടെ വന്നിട്ടുള്ള ഹദീസുകളെയും ഇത്തരത്തിൽ ഹസൻ ആകാറുണ്ട് . ഇബ്ൻ ഹാജർ അസ്ഖലാനി , ശൈഖ് അൽബാനി പോലുള്ളവർ അതിൽ പെട്ടതാണ് . അങ്ങനെ പലരും റിപ്പോർട്ട് ചെയ്യുന്നത് മൂലം അതിന് ഒരു അടിസ്ഥാനം ഉണ്ടാകും എന്ന് അവർ വാദിക്കുന്നു . ഉദാഹരണത്തിന് ഗറാനിഖി  കഥ , നബി [സ ] യുടെ നാവിലൂടെ പിശാച് സംസാരിച്ചു എന്നുള്ളത് . അത് അടിസ്ഥാന രഹിതമായ കാര്യമാണ് . എന്നാൽ ഇതരത്തിലുള്ള  അശാസ്ത്രീയമായ വാദം പറഞ്ഞു ഇബ്ൻ ഹജർ അസ്ഖലാനി പ്രസ്തുത സംഭവത്തിന് അടിസ്ഥാനമുണ്ട് എന്ന് പറയുന്നു {ഫത്ഹുൽ ബാരി }

നടുവേ ഒടിഞ്ഞ കുറെയധികം മരക്കമ്പുകൾ ചേർത്ത് പിടിച്ചാൽ അവ നിവർന്ന് നിൽക്കാത്തത് പോലെ വളരെയധികം ദുർബലരായ റാവികൾ റിപ്പോർട്ട് ചെയ്തത് കൊണ്ട് ഒരു ഹദീസ് ശക്തിയുള്ളതാകില്ല . ഹദീസ് എഴുതി വെക്കാതിരിക്കൽ പോലെ  ചെറിയ കുറവുകൾ മാത്രമുള്ളൂ എങ്കിൽ അവ ഹസൻ ആകും എന്നത് ആക്ഷേപകരമായ കാര്യമല്ല .

No comments:

Post a Comment