ഖബർ ആഹാദിന്റെ പ്രാമാണികത
മുതവാത്തിർ പോലെ അബദ്ധങ്ങൾ ഉണ്ടാകാതിരിക്കാൻ
സാധ്യതയില്ലാത്ത ഹദീസുകളല്ല ഖബർ വാഹിദ് . അതിൽ നിവേദകൻ വരുത്തുന്ന പിഴവുകൾ
ഉണ്ടാകാൻ സാധ്യതയുണ്ട് .കൂടാതെ സ്വാർത്ഥ താൽപര്യക്കാർ , രാഷ്ട്രീയ
ലക്‌ഷ്യമുള്ളവർ ,
കച്ചവട താൽപര്യക്കാർ ,
ഇസ്‍ലാമിന്റെ ശത്രുക്കൾ ,
കക്ഷിത്വം ബാധിച്ചവർ അങ്ങനെ പല
ആളുകളും അവരുടെ ആശയം നബിയുടെ പേരിൽ കടത്തികൂട്ടാൻ ശ്രമിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അതിലെ നെല്ലും പതിരും
വേർതിരിച്ചെടുക്കാൻ ചില നിബന്ധനകൾ രൂപപ്പെടുത്തേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിനു
വേണ്ടി രൂപപ്പെടുത്തിയ നിയമാവലികളെയാണ് ഉസൂലുൽ ഹദീഥ് എന്ന് പറയുന്നത്.
ഉസൂലുൽ ഹദീസ് ഒരു ശാസ്ത്രമാണ് അതിനാൽ
മറ്റ് ശാസ്ത്രം പോലെ തന്നെ ഇത് ഉണ്ടാകുകയും, വളരുകയും
ചെയ്തിട്ടുണ്ട് . ആദ്യകാലത്ത് ഉള്ളതുപോലെയല്ല ഇന്ന് അതുള്ളത് . ഒരു വാർത്ത വന്നാൽ
അതിൻറെ ആധികാരികത കണ്ടെത്താൻ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ടാക്കാൻ സാധിക്കുമോ
അതെല്ലാം ഉണ്ടാക്കിയാണ് ഉസൂലുൽ ഹദീഥ് ആവിഷ്‌കരിച്ചിരിക്കുന്നത് . ഇത് സഹാബികൾ
അവലംബിച്ച മാർഗ്ഗങ്ങൾ അനുസൃതമായി രൂപപ്പെടുത്തി എടുത്തതാണ് .ഉദാഹരണത്തിന് , സഹാബികൾ ചില ഹദീസുകൾ
പറയുമ്പോൾ അതിനെ സ്ഥിരീകരിക്കാൻ മറ്റു സാക്ഷികളെ സഹാബികൾ ആവശ്യപ്പെടാറുണ്ട്
. അതിന് കാരണം സ്വഹാബി കളവ് പറയും എന്ന സംശയമല്ല
മറിച്ച് കേട്ടതും ,മനസ്സിലാക്കിയതിലും
മാനുഷിക അബദ്ധമുണ്ടാകാൻ സാധ്യതയുള്ളത് കൊണ്ട് അത് കുറ്റമറ്റതായി സ്ഥിതീകരിക്കാനാണ്
.
അബൂബക്കർ [റ ]
വിന്റെ ഭരണകാലത്ത് ഒരു സ്ത്രീ വന്ന് തന്റെ വെല്ലുമ്മയുടെ മരണ ശേഷം സ്വത്തിലെ
വിഹിതം തേടി ഖലീഫയുടെ അടുത്ത് വന്നു . അബൂബക്കർ [റ ] അതിനെ കുറിച്ച് പ്രതികരിച്ചത്
' ഖുർആനിലും
, സുന്നത്തിലും
ഞാൻ ഇതിനെക്കുറിച്ച് ഒന്നും ഞാൻ കണ്ടിട്ടില്ല എന്നാണ് " ശേഷം അദ്ദേഹം
സദസ്സിലെ മറ്റ് സ്വഹാബികളോട് അതിനെ
കുറിച്ച് ആരാഞ്ഞു . അപ്പോൾ മുഗീറ [റ ] പറഞ്ഞു ; അവർക്ക് നബി
[സ ] ആറിൽ ഒന്ന് വിഹിതം നൽകുമായിരുന്നു . അപ്പോൾ അബൂബക്കർ [റ ] ചോദിച്ചു ;ആരുണ്ട്
നിനക്കു സാക്ഷിയായിട്ട് ?
അന്നേരം മുഹമ്മദ് ഇബ്ൻ മസ്ലമ [റ ] അതിന് സാക്ഷ്യം വഹിച്ചു .(തദ്‌കിറത്തുൽ ഹുഫാദ്
)
സ്വഹാബികൾ ഖുർആനിന്റെ കൽപനയുടെ അടിസ്ഥാനത്തിലാണ് ഇത്തരം
അന്വേഷണങ്ങൾ നടത്തിയത് . അല്ലാഹു പറയുന്നു ;
"സത്യവിശ്വാസികളേ, ഒരു
അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍
നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്
നിങ്ങള്‍ ആപത്തുവരുത്തുകയും,
എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും
ചെയ്യാതിരിക്കാന്‍ വേണ്ടി." (49 / 6 )
ഇതേപോലെ സ്വഹാബികൾ അവലംബിച്ച മാർഗ്ഗങ്ങൾ മാതൃകയാക്കി
രൂപപ്പെടുത്തിയെടുത്ത നിബന്ധനകളാണ് ഹദീസ് നിദാന ശാസ്ത്രമായി ഇന്ന് വളർന്നിരിക്കുന്നത്.
ഖബർ ആഹാദിനെ അതിന്റെ പ്രാമാണികതയുടെ അടിസ്ഥാനത്തിൽ രണ്ടായി
ത്തിരിക്കാം.
മഖ്ബൂൽ ഹദീസ്, മർദൂദ് ഹദീസ്
ഒരു സനദിനെ ഒരു ഹദീസായിട്ടാണ് കണക്കാക്കുന്നത് . 'നബി [സ ] മഗ്‌രിബ്
നമസ്‌കാരത്തിൽ സൂറത്തു ത്തൂർ പാരായണം ചെയ്തു' എന്ന ആശയം
അഞ്ച് വ്യത്യസ്‍ത സനദിലൂടെ വന്നിട്ടുണ്ടെങ്കിൽ അതിനെ ഒരു ഹദീസ് ആയിട്ടല്ല എണ്ണുക , അഞ്ച്
ഹദീസായിട്ടാണ് എണ്ണുക. അത് കൊണ്ടാണ് ഇമാം ശാഫിഈ ഒരു ലക്ഷം ഹദീസ് മനഃപാഠമാക്കി
എന്നൊക്കെ പറയുന്നത് .
മഖ്ബൂൽ (സ്വീകാര്യം)
ഓർമ്മശക്തിയുളള ,ഹദീസ് എഴുതി സൂക്ഷിക്കുന്ന , ആദിലായ
ആളുകളിൽ നിന്ന്,
പരമ്പര മുറിയാതെ ,ഒളിഞ്ഞിരിക്കുന്ന
ന്യൂനതകളിൽ നിന്ന് മുക്തമായ സനദും , മത്നുമുള്ള , ശാദ്ദാകാത്ത സനദും , മത്നുമുള്ള
, മുദല്ലസല്ലാത്ത
റിപ്പോർട്ടുകളെ മഖ്ബൂൽ എന്ന് പറയും .
(അവലംബം
; രിസാല
, നുഖ്ബത്
അൽ ഫിക്‌ർ)
മഖ് ബൂൽ ആയ ഹദീസിനെ നാലായി തിരിക്കാം ;
ഒന്ന് - സ്വഹീഹ് ലിദാത്തിഹി
രണ്ട് - സ്വഹീഹ് ലിഗൈരിഹി
മൂന്ന് - ഹസൻ ലിദാത്തിഹി
നാല് - ഹസൻ ലിഗൈരിഹി
സ്വഹീഹ് ലിദാത്തിഹി
മഖ്ബൂലിന്റെ നിബന്ധനകൾ സ്വയമേ ഒത്തുവന്നിട്ടുള്ള
ഹദീസുകൾക്ക് സ്വഹീഹ് ലിദാത്തിഹി എന്ന് പറയുന്നു .
ഉദാഹരണം ;
ഇമാം ബുഖാരി (ഹി 256
) ഈ ഹദീസ് ഉദ്ധരിക്കുന്നത് അബ്ദുല്ല ഇബ്ൻ യുസുഫിൽ നിന്നാണ് അദ്ദേഹം ഇമാം മാലിക്കിൽ
നിന്ന് അദ്ദേഹം ഇബ്ൻ ശിഹാബിൽ നിന്ന് അദ്ദേഹം മുഹമ്മദ് ഇബ്ൻ ജുബൈർ ഇബ്ൻ മുഅതമിൽ
നിന്നാണ് അദ്ദേഹം പിതാവായ സഹാബി ജുബൈർ ഇബ്ൻ മുഅതമിൽ[റ ]നിന്നും അദ്ദേഹം നബി[സ ]
യിൽ നിന്നും ; 'നബി [സ ] മഗ്‌രിബ്
നമസ്‌കാരത്തിൽ സൂറത്തു ത്തൂർ പാരായണം ചെയ്തു'
ഒരു ഹദീസിന് രണ്ട് ഭാഗങ്ങളാണുള്ളത് ഒന്ന് , സനദ്
-പരമ്പര (നിവേദകരുടെ നാമങ്ങൾ ) രണ്ട് , മത്ന് (ആശയം)
സനദ്- പരമ്പരയിലെ
ആളുകൾ (റാവികൾ)
അബ്ദുല്ല ഇബ്ൻ യുസുഫ് ദിമശ്ക്കി (ഹി 218 ) ;
ഇദ്ദേഹം ഇമാം മാലിക്കിന്റെ (ഹി 179 ) പ്രധാനപ്പെട്ട
ശിഷ്യനാണ്.
ഇബ്ൻ അബീ ഹാതിം റാസി പറഞ്ഞു ;സ്വീകാര്യൻ
ഇബ്ൻ അദിയ്യ് പറഞ്ഞു ; വിശ്വസ്തൻ , തകരാറുകളില്ല
അബീ യഅല ഖലീലിയ്യ് പറഞ്ഞു ; സ്വീകാര്യൻ
ശൈഖൈനികൾ സ്വീകരിച്ചു
ഇമാം മാലിക്ക് ഇബ്ൻ അനസ് അസ്ബഹീ (ഹി 179 );
മദീനയുടെ ഇമാം , ഇമാം ശാഫിഈയുടെ ഉസ്താദ് . മാലിക്കി മദ്ഹബ് ഇദ്ദേഹത്തിന്റെ
പേരിൽ അറിയപ്പെടുന്നു .
അബീ ഹാതിം റാസി പറഞ്ഞു ;സ്വീകാര്യൻ
ബൈഹഖി പറഞ്ഞു ; സ്വീകാര്യൻ .
സുഫ്‌യാൻ ഇബ്ൻ ഉയൈന ; ഹദീസിന്റെ
ഇമാം
വാക്കിഉ പറഞ്ഞു ; പ്രാമാണികൻ
അബൂദാവൂദ് പറഞ്ഞു ; ദുനിയാവിൽ
അദ്ദേഹത്തിന്റെതിനേക്കാൾ നല്ല ഹദീസ് വേറെയില്ല
ഇമാം ഇബ്ൻ ശിഹാബ് സുഹ്‌രി മദനി ( ഹി 124 );
വലിയ താബിഉകളിൽ പെട്ട പണ്ഡിതൻ . നൂറിലധികം സഹാബികളിൽ നിന്ന്
പഠിച്ചിട്ടുണ്ട് .
അബൂദാവൂദ് പറഞ്ഞു; ഹദീസിന്റെ ആളുകളിൽ ഉത്തമൻ
ഇമാം ഹാകിം പറഞ്ഞു ; സ്വീകാര്യൻ
മുഹമ്മദ് ഇബ്ൻ ജുബൈർ ഇബ്ൻ മുത് യിമിന് മദനി
(ഹി 100
);
അബൂബക്കർ [റ ] , ഉമർ
[റ ] , ഉസ്‍മാൻ [റ ] പോലെ പതിനാറോളം സഹാബികളിൽ നിന്നും ഹദീസ്
ഉദ്ധരിച്ചിട്ടുണ്ട് . പിതാവ് സഹാബിയായ ജുബൈർ ഇബ്ൻ മുഅതമാണ് .
ഇബ്ൻ സ്വാലിഹ് ജൈലിയ്യ് പറഞ്ഞു ; സ്വീകാര്യൻ
ഇബ്ൻ ഖറാഷ് പറഞ്ഞു ; സ്വീകാര്യൻ
ജുബൈർ ഇബ്ൻ മുത് യിമിന്
ഖുറൈശി മദനി [ഹി 57 ];
സഹാബി
ജാഹിലിയ്യാ കാലത്ത് ആയിശ [റ ] വുമായി വിവാഹം
നിശ്ചയിച്ചിരുന്നു . അബൂബക്കർ [റ ] ഇസ്ലാം മതം സ്വീകരിച്ചപ്പോൾ വിവാഹം വേണ്ടെന്ന്
വെച്ചു .പിന്നീട് ഇസ്ലാമിന്റെ ശത്രു പാളയത്തിൽ ആയിരുന്നു . മക്ക വിജയ കാലത്ത്
ഇസ്ലാമിലേക്ക് വന്നു. ഇദ്ദേഹത്തതിൽ നിന്ന് 792 ഓളം ഹദീസുകൾ വിവിധ ഹദീസ്
ഗ്രന്ഥങ്ങളിലായി പരന്ന് കിടക്കുന്നു .
ഈ ഹദീസിലെ റാവികൾ (സനദിലെ നിവേദകർ ) എല്ലാവരും ഹദീസ് എഴുതി
സംരക്ഷിക്കുന്നവരും ,
പരസ്പരം കണ്ടിട്ടുള്ളവരുമാകുന്നു . കൂടാതെ വിശ്വാസികളും , പ്രായപൂർത്തിയായവരും
,ആരോപണങ്ങൾക്ക്
വിധേയരായവരോ , അസാന്മാർഗ്ഗിക സഞ്ചാരമില്ലാത്തവരുമാകുന്നു അഥവാ ആദിൽ
ആകുന്നു . ഇതിൻറെ സനദും (പരമ്പര ), മത്നും (ആശയം ) ഒളിഞ്ഞിരിക്കുന്ന
ന്യുനതകളൊന്നുമില്ലാത്തതാകുന്നു. ഇതിൻറെ
സനദും (പരമ്പര ),
മത്നും (ആശയം ) ശാദ്ദുമല്ല അഥവ വിശ്വസ്തരായ ആളുകൾ ഉദ്ധരിച്ചതിന്ന് എതിരല്ല
അതിനാൽ ഈ ഹദീസിനെ സ്വാഹീഹ് ലിദാത്തിഹി എന്ന ഗണത്തിൽപ്പെടുത്താം.
No comments:
Post a Comment