ഉസൂലുൽ ഹദീഥ് - പാർട്ട് 4

 മർദൂദ് (അസ്വീകാര്യം)

മഖ്ബൂലാകാനുള്ള നിബന്ധനകൾ  പാലിക്കാത്ത ഹദീസുകളെ മർദൂദ് എന്ന് വിളിക്കുന്നു. മർദൂദ് ആകാനുള്ള കാരണങ്ങളെ ആസ്പദമാക്കി അവയെ വിവിധ വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.

പ്രഥമമായി രണ്ടായി തിരിക്കാം

ഒന്ന് ; നിവേദക ശ്രേണിയുടെ കണ്ണിമുറിയലുമായി ബന്ധപ്പെട്ടത്

രണ്ട് ; നിവേദക ശ്രേണിയിലെ നിവേദകരുടെ അയോഗ്യതയുമായി ബന്ധപ്പെട്ടത് .

 നിവേദക ശ്രേണിയുടെ കണ്ണിമുറിയലുമായി ബന്ധപ്പെട്ടത്


മുഅലക്ക് , മുർസൽ , മുഅദൽ , മുൻഖത്തിഉ , മുദല്ലസ്


മുഅലഖ്

നിവേദക പരമ്പരയിൽ ആരുടെ പേരും പറയാതെ നേരിട്ട് നബിയിൽ നിന്നോ , സ്വഹാബിയിൽ നിന്നോ , താബിഇൽ നിന്നോ ഉദ്ധരിക്കുന്ന നിവേദനകളെ മുഅലക്ക് എന്ന് പറയും . നിവേദക പരമ്പരയിൽ ആദ്യ ഭാഗത്ത് ഒന്നോ അതിലധികമോ റാവികളെ വിട്ട് കളഞ്ഞിട്ടുള്ള റിപ്പോർട്ടും മുഅലഖാണ് .

ഉദാഹരണം ;

അബൂആമിർ അല്ലെങ്കിൽ അബൂ മാലിക്കിൽ നിന്നും നിവേദനം നബി  (സ ) പറഞ്ഞു: വ്യഭിചാരവും, സംഗീതോപകരണങ്ങളും,  പുരുഷന്മാർക്ക് പട്ടും, മദ്യപാനവും  ഹലാലാക്കുന്ന ഒരു വിഭാഗം എന്റെ സമൂഹത്തിൽ ഉണ്ടായി തീരുക തന്നെ ചെയ്യും.’ (ബുഖാരി:5590)

وَقَالَ هِشَامُ بْنُ عَمَّارٍ حَدَّثَنَا صَدَقَةُ بْنُ خَالِدٍ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ يَزِيدَ بْنِ جَابِرٍ، حَدَّثَنَا عَطِيَّةُ بْنُ قَيْسٍ الْكِلاَبِيُّ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ غَنْمٍ الأَشْعَرِيُّ، قَالَ حَدَّثَنِي أَبُو عَامِرٍ ـ أَوْ أَبُو مَالِكٍ

ഹിശാം ഇബ്ൻ അമ്മാർ പറഞ്ഞു എന്ന് പറഞ്ഞാണ് സനദ് ആരംഭിക്കുന്നത് . "ഖാല " എന്ന പ്രയോഗം പരമ്പര മുറിഞ്ഞതിൻറെ ലക്ഷണമാണ് .

അല്ലെങ്കിൽ ' ഹദ്ദസന എന്നോ ഹദ്ദസനീ എന്നോ അഖ്ബറന എന്നോ അഖ്ബറനീആകും പ്രയോഗിക്കുക . ഹിശാം ഇബ്ൻ അമ്മാർ ബുഖാരിയുടെ ഉസ്താദ് ആണെങ്കിലും പ്രസ്തുത ഹദീസ് ഹിശാമിൽ നിന്ന് ബുഖാരി നേരിട്ട് കേട്ടിട്ടില്ലത്തത് കൊണ്ടാണ്   "ഖാല " പ്രയോഗിച്ചത് . ഇവിടെ സനദിൻറെ ആദ്യഭാഗത്തുള്ള ഒന്നോ അതിലധികമോ ആളുകളെ വിട്ട് കളഞ്ഞിട്ടുണ്ട് .

മറ്റൊരു ഉദാഹരണം ;

قَالَ عُرْوَةُ

ഉർവ്വ പറഞ്ഞു ; സുവൈബ അബൂലഹബിൻറെ അടിമയായിരുന്നു ശേഷം അബൂലഹബ് അവരെ മോചിപ്പിച്ചു അവർ നബി [സ ] ക്ക് മുലയൂട്ടിയിട്ടുണ്ട് . അബൂലഹബ് മരിച്ചപ്പോൾ അബൂലഹബിനെ തന്റെ കുടുംബത്തില്‍ പെട്ടൊരു വ്യക്തി സ്വപ്‌നം കണ്ടു. മരണശേഷം നീയെന്തെല്ലാം അനുഭവിച്ചു എന്ന് കുടുംബക്കാരന്‍ ചോദിച്ചു. മരണശേഷം യാതൊരു ഗുണവും അനുഭവിച്ചിട്ടില്ലെന്നും ഞാന്‍ സുവൈബത്തിനെ സ്വതന്ത്രയാക്കിയത് കാരണം എല്ലാ തിങ്കളാഴ്ച്ചയും എന്റെ കൈവിരലിലൂടെ ശുദ്ധജലം നിര്‍ഗളിക്കുന്നുണ്ടെന്നും അബൂലഹബ് പറയുകയുണ്ടായി.(ബുഖാരി 5101 )

ഇവിടെ സനദ് ഒന്നും കൊടുക്കാതെ നേരെ താബിഇൽ നിന്നും നിവേദനം ചെയ്യുകയാണ് . പതിവ് പോലെ മറ്റ് ഹദീസ് ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തമായി ബുഖാരിയുടെ മുഅലഖുകൾക്ക് മുഹദ്ദിസുകൾ ആധികാരികത നൽകുന്നുണ്ട്. രേഖയുള്ളത് കൊണ്ടാണ് ഇമാം ബുഖാരി തൻറെ സ്വാഹീഹിൽ മുഅലഖുകൾ കൊടുത്തിട്ടുള്ളത് എന്നാണ് അവരുടെ വാദം . ഇബ്ൻ ഹജർ അസ്ഖലാനി ,  തഗ്‌ലീക് തഅലിക്ക് എന്ന ഗ്രന്ഥത്തിൽ ബുഖാരിയുടെ മുഅലഖുകൾക്ക് പരമ്പര കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് . അദ്ദേഹം അതെല്ലാം മൗസൂൽ ആണെന്ന് വാദിക്കുകയും ചെയ്യുന്നു.

മുർസൽ

സ്വഹാബിയുടെ പേര് പറയാതെ താബിഈ നബിയിൽ നിന്ന് നേരിട്ട് ഉദ്ധരിക്കുന്ന ഹദീസുകൾക്ക് മുർസൽ എന്ന് പറയുന്നു .നിവേദക ശ്രേണിയിലെ അവസാന ഭാഗത്ത് താബിഈക്ക് ശേഷം വരുന്ന നിവേദകനെ വിട്ടു കളയുകയാണ്  ഇവിടെ ചെയ്യുന്നത്  അത് സ്വഹാബിയും ആകാം മറ്റൊരു താബിഈയുമാകാം .

ഉദാഹരണം ;

وَحَدَّثَنِي مُحَمَّدُ بْنُ رَافِعٍ، حَدَّثَنَا حُجَيْنُ بْنُ الْمُثَنَّى، حَدَّثَنَا اللَّيْثُ، عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، عَنْ سَعِيدِ بْنِ الْمُسَيَّبِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى عَنْ بَيْعِ الْمُزَابَنَةِ

ഇബ്ൻ ശിഹാബ് സൈദ് ഇബ്ൻ മുസയ്യബിൽ നിന്ന് നിവേദനം ചെയ്യുന്നു : ' നബി [സ ] മുസാബന നിരോധിച്ചു "

(മുസ്‌ലിം 1539 )

മുസാബന ; മരത്തിലുള്ള പാകമാകാത്ത പഴങ്ങൾക്ക് ഏകദേശ അളവ് നിശ്ചയിച്ച് പകരം പാകമായ പഴങ്ങൾ ആ ഏകദേശ അളവിൽ തൂക്കി നൽകുന്നതിനാണ് മുസാബന എന്ന് പറയുന്നത് . മരത്തിലുള്ള മുന്തിരിക്ക് പകരം ഒണക്ക മുന്തിരി നൽകുന്നു . കമ്മതി കണക്കിനാണ് ഇവയുടെ അളവ് നിശ്ചയിക്കുന്നത് .

സൈദ് ഇബ്ൻ മുസയ്യബ് താബിഈയായ പണ്ഡിതനാണ് അദ്ദേഹം സ്വഹാബിയിൽ നിന്ന് കേട്ടതാകാം ചിലപ്പോൾ മറ്റൊരു പ്രായമായ താബിഈയിൽ നിന്നും കേട്ടതുമാകാം . മറ്റു റിപ്പോർട്ടുകളിലൂടെ അത് വ്യക്തമാകും വരെ അത് അറിയാൻ വഴിയില്ല . അതിനാൽ ഇത്തരം ഹദീസുകൾ തെളിവിന് പറ്റുകയില്ല .

പൂർവ്വിക പണ്ഡിതന്മാർ മുർസൽ ഹദീസ് സ്വീകരിച്ചിരുന്നു . ഇമാം മാലിക്കിൻറെ മുവത്വ നോക്കിയാൽ അതിൽ ധാരാളം മുർസലുകൾ കാണാം . ആദ്യം വിശദീകരിച്ചപോലെ ഹദീസ് നിദാന ശാസ്ത്രം വളർന്നു വികസിച്ചു വന്നതാണ് . ഹദീസുകളുടെ ആധികാരികത  തെളിയിക്കുന്നതിന്   പിൽകാലത്ത് പുതിയ ഉസൂലുകൾ ഉണ്ടായിവന്നിട്ടുണ്ട് . ഇമാം ശാഫിഈ യാണ്  മുർസൽ നിരുപാധികം സ്വീകാര്യമല്ല എന്ന് ആദ്യമായി പ്രസ്താവിച്ചത് .

ഇമാം സുയ്യൂത്തി പറയുന്നു ; ഇമാം ഇബ്ൻ ജരീർ ത്വബരി പറഞ്ഞു ; മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് ഇത്തരം അഭിപ്രായം തുടങ്ങിയത് ആദ്യകാലത്തു എല്ലാ പണ്ഡിതന്മാരും മുർസലുകൾ സ്വീകരിച്ചിരുന്നു ,  ഇമാം ഇബ്ൻ അബ്ദിൽ ബിർറ് പറയുന്നു ; ത്വബരി ഉദേശിച്ചത് ഇമാം ശാഫിഈയെയാണ് അദ്ദേഹമാണ് ആദ്യമായി മുർസലിൻറെ ആധികാരികത നിഷേധിച്ചത്

(തദ്‌രീബ്‌ അറാവി-104,ഇൻഹാഅ സകൻ ഇലാ മൻ യുതാലി ഇലാ അസ്സുനൻ -27  )

ഇമാം അബൂദാവൂദ് പറയുന്നു ; ഇമാം സൗരി , ഇമാം മാലിക്ക് , ഇമാം ഔസാഈ പോലുള്ളവർ മുർസൽ സ്വീകരിച്ചിരുന്നു എന്നാൽ ഇമാംശാഫിഈ കടന്നുവന്നതിനു ശേഷം മുർസൽ ദുർബലമായി പരിഗണിച്ചു , ഇമാം അഹമ്മദ് ഇബ്ൻ ഹമ്പലും അത് പിന്തുടർന്നു "

(അരിസാല ഇലാ അഹ്‌ലൽ മക്ക-32, ഇൻഹാഅ സകൻ ഇലാ മൻ യുതാലി ഇലാ അസ്സുനൻ -27  )

താബിഉകൾ  സ്വഹാബിയുടെ പേര് വിട്ട് കളയാൻ മുഹദ്ദിസുകൾ പല കാരണങ്ങൾ നിരത്തുന്നുണ്ട് അതിൽ പ്രധാനം , കേട്ട റാവിയുടെ പേര് മറന്നു പോയിട്ടുണ്ടാകും എന്നതാണ് മറ്റൊന്ന് രാഷ്ട്രീയ പ്രേരിതമായി റാവിയുടെ പേര് മറച്ചു വെക്കുന്നതാണ് .

ഹസൻ ബസ്വരി അലി (റ )വിൻറെ പേര് മറച്ചു വെച്ച് നേരിട്ട് നബിയിൽ നിന്നും ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട് എന്ന് ഇമാം മിസ്സി തഹ്ദീബ് അൽ കമാലിൽ രേഖപ്പെടുത്തുന്നു . കാരണം ഹജ്ജാജ് ഇബ്ൻ യുസുഫിന്റെ കാലത്തായിരുന്നു ഹസൻ ബസ്വരി ജീവിച്ചിരുന്നത് .ഹജ്ജാജ് ഇറാഖിന്റെ ഗവർണർ ആയിരുന്നു .ഒരു നാസിബിയും (അഹ്‌ലുൽ ബൈത്തിനോട് വെറുപ്പും ശത്രുതയും പുലർത്തുന്നവർ )  സഹാബികളെയും , താബിഉകളെയും ബഹുമാനിക്കാത്ത മര്യാദകേട് കാണിച്ചിരുന്ന ഉമയ്യദ് ഭരണാധികാരിയുമായിരുന്നു ഹജ്ജാജ് . അത് കൊണ്ട് അയാളെ ഭയന്നാണ് പലപ്പോഴും അലി (റ ) പേര് മറച്ചു വെച്ചത് എന്ന് ഹസൻ ബസ്വരി പറയുന്നത് . ഇത്തരം സാഹചര്യമായത് കൊണ്ട് ഇമാം ശാഫിഈ മുർസലുകളെ ദുർബലമായി പരിഗണിച്ചു എന്നാൽ സൈദ് ഇബ്ൻ മുസയ്യബിന്റെ ചില  മുർസലുകൾ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു .

 മുഅദൽ

സനദിൽ തുടർച്ചയായി രണ്ടിലധികം റാവികൾ വിട്ട് പോയിട്ടുണ്ടെങ്കിൽ അത്തരം ഹദീസുകളെ മുഅദൽ എന്ന് വിളിക്കുന്നു .

ഉദാഹരണം ;

حَدَّثَنِي مَالِكٌ، أَنَّهُ بَلَغَهُ أَنَّ أَبَا هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " لِلْمَمْلُوكِ طَعَامُهُ وَكِسْوَتُهُ بِالْمَعْرُوفِ وَلاَ يُكَلَّفُ مِنَ الْعَمَلِ إِلاَّ مَا يُطِيقُ

അബൂഹുറൈറ ഇപ്രകാരം പ്രസ്താവിച്ചതായി മാലിക്കിൽ നിന്നും വിവരം ലഭിച്ചിരിക്കുന്നു ; നബി [സ ] പറഞ്ഞു; അടിമക്ക് ന്യായപ്രകാരം ഭക്ഷണവും വസ്ത്രവും ലഭിക്കാൻ അവകാശമുണ്ട് .തനിക്കു സാധ്യമാകുന്ന പ്രവർത്തികളേ അവനോട് കൽപ്പിക്കാവു "

(മുവത്വ )

ഇമാം മാലിക്ക് ജനനം ഹി 93 മരണം ഹിജ്‌റ 179 , അദ്ദേഹം അബൂഹുറൈറ (റ )വിൻെറ യും തന്റെയും ഇടയിലെ ഒന്നിലധികം റാവികളെ വിട്ടു കളയുന്നു . അബൂഹുറൈറ (റ )വിൻറെ മരണം ഹി 59 ആയിരുന്നു അത് കഴിഞ്ഞു 34 വർഷം കഴിഞ്ഞാണ് ഇമാം മാലിക്ക് ജനിച്ചത് . ഇമാം മാലിക്കിന്റെ അറിയപ്പെട്ട തരീഖ് പ്രകാരം മുഹമ്മദ് ഇബ്ൻ അജ്‌ലാനിൽ നിന്നും അദ്ദേഹം പിതാവ് അജ്‌ലാനിൽ നിന്നും അദ്ദേഹം അബൂഹുറൈറ(റ )യിൽ നിന്നും എന്നാണുള്ളത് . (മഅരിഫത് ഉലൂമൽ ഹദീഥ് )

മുഅദൽ ഹദീസുകൾ മുർസലിനേക്കാൾ ദുർബലമായവയാണ് .

No comments:

Post a Comment