ഉസൂലുൽ ഹദീഥ് - പാർട്ട് 6

 

തദ്‌ലീസ്

നിദാന ശാസ്‌ത്രപരമായി പറഞ്ഞാൽ ന്യൂനത മറക്കുന്നതിനെയാണ് തദ്‌ലീസ് എന്ന് പറയുന്നത് . ഇതിനെ നിദാന ശാസ്ത്രത്തിൽ രണ്ടായി  തിരിച്ചിരിക്കുന്നു.  ഒന്ന്; തദ്‌ലീസുൽ ഇസ്നാദ്  രണ്ട്  ;തദ്‌ലീസുശുയൂഖ്

തദ്‌ലീസുൽ ഇസ്നാദ്

നേരിട്ട് കാണാത്ത സമകാലീനനിൽ നിന്നോ , നേരിൽ കണ്ടിട്ടും ഹദീസുകളൊന്നും കേട്ടിട്ടില്ലാത്ത സമകാലീനനിൽ നിന്നോ ഒരു ഹദീസ് നിവേദനം ചെയ്‌താൽ അതിനെ തദ്‌ലീസുൽ ഇസ്നാദ് എന്ന് പറയും . 

ഇതിൻറെ കീഴെ മൂന്ന് വിഭാഗമുണ്ട്

തദ്‌ലീസ് അൽ തസ്‌വിയ്യഃ

തദ്‌ലീസ് അൽ അത്ഫ്

തദ്‌ലീസ് അൽ ഖത്ഉ   

 

തദ്‌ലീസ് അൽ തസ്‌വിയ്യഃ

താൻ നേരിൽ കണ്ടിട്ടുള്ള , ഹദീസുകൾ കേട്ടിട്ടുള്ള ഗുരുവിൽ നിന്ന്  ആ ഗുരുവിൽ നിന്ന് നേരിട്ട്  കേൾക്കാത്ത ഒരു പ്രത്യേക ഹദീസ് വാസ്തവത്തിൽ  താൻ ആ ഹദീസ് കേട്ട ആളുടെ പേര് മറച്ചു വെച്ച്  തൻറെ ആ ഗുരുവിൽ നിന്ന് നിവേദനം ചെയ്യുന്നതിനെ തദ്‌ലീസ് അൽ തസ്‌വിയ്യഃ  എന്ന് പറയുന്നു .

 

ഉദാഹരണത്തിന് ;

ഹിശാം പിതാവിൽ നിന്ന് പിതാവ് ആയിശയിൽ (റ ) നിന്ന് " നബിക്ക് ആരോ സിഹ്ർ ചെയ്തു അങ്ങനെ താൻ ചെയ്യാത്ത കാര്യം ചെയ്തു എന്നും ചെയ്ത കാര്യം ചെയ്തില്ല എന്നും തോന്നാൻ തുടങ്ങി "

ഹിശാം പിതാവിൽ നിന്ന് ധാരാളം ഹദീസുകൾ കേട്ടിട്ടുണ്ട് പക്ഷെ അവസാന കാലത്ത് പിതാവിൽ നിന്ന് കേൾക്കാത്ത പലതും നിവേദനം ചെയ്യാൻ തുടങ്ങി .

قال يعقوب بن شيبة ثقة ثبت لم ينكر عليه شيء إلا بعدما صار إلي العراق فإنه انبسط في الرواية عن أبيه فأنكر ذلك عليه أهل بلده

യഅകൂബ് ‌ഇബ്‌നുശൈബ പറഞ്ഞു ; ഹിശാം വിശ്വസ്തനാണ് അദ്ദേഹം ഇറാക്കിലേക്ക് പോയതിനു ശേഷമല്ലാതെ ആരും അദ്ദേഹത്തെ ആക്ഷേപിച്ചിട്ടില്ല . ഇറാക്കിലേക്ക് പോയതിനു ശേഷം പിതാവിൽ നിന്നും കേൾകാതത് പിതാവിലേക്ക് ചേർത്ത് പറയാൻ തുടങ്ങി അങ്ങനെ ആളുകൾ അദ്ദേഹത്തിൽ നിന്നും ഹദീഥ് കേൾക്കുന്നത് നിർത്തി " [തഹ്ദീബ് 11 / 10089 ]

ഹിശാം തനിക്കും പിതാവിനും ഇടയിൽ റാവിയെ വിട്ട് കളയുകയോ ,മറച്ചു വെക്കുകയോ ചെയ്തിട്ടുണ്ട് അതിനാൽ അദ്ദേഹം കേൾവി വ്യക്തമാക്കാതെ "അൻ" എന്ന പദം കൊണ്ടാണ് നിവേദനം ചെയ്യുന്നത്. ഈ തദ്‌ലീസ് വെറുക്കപ്പെട്ടതാണ് എന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട് .

തദ്‌ലീസ് അൽ അത്ഫ്

നിവേദകൻ തന്റെ രണ്ട് ഗുരുവിൽ നിന്ന് ഹദീസ് ഉദ്ധരിക്കും വാസ്തവത്തിൽ അതിൽ ഒരാളിൽ നിന്ന് മാത്രമായിരിക്കും നേരിട്ട് ഹദീസ് കേട്ടിട്ടുണ്ടാകുകയുള്ളൂ " വ" എന്ന സംയോജിത അക്ഷരം ഉപയോഗിച്ച് രണ്ട് പേരുകൾ വേർതിരിക്കുന്നു എന്നിട്ട് രണ്ട് പേരിൽ നിന്നും ഉദ്ധരിക്കും ഇതിനെ തദ്‌ലീസ് അൽ അത്ഫ് എന്ന് പറയുന്നു .

ഉദാഹരണത്തിന് ;

حدثنا حسن و مغرية

ഹദ്ദസനാ ഹസൻ  വ മുഗീറ എന്ന് ഒരു സനദ് നോക്കുക  ഇതിൽ യഥാർത്ഥത്തിൽ ഹസനിൽ നിന്നും മാത്രമായിരിക്കും നിവേദകൻ ഹദീസ് കേട്ടിട്ടുണ്ടാകു മുഗീറയിൽ നിന്നും ഹദീസ് നേരിട്ട് കേട്ടിട്ടുണ്ടാകില്ല .

 

തദ്‌ലീസ് അൽ ഖത്ഉ  

നിവേദകൻ തൻറെ ഗുരുവിലേക്ക് ചേർത് ഹദീസ് ഉദ്ധരിക്കും പക്ഷെ ആ ഗുരുവിൽ നിന്ന് ആ ഹദീസ് നേരിട്ട് കേട്ടിട്ടുണ്ടാകില്ല . " ഞങ്ങളോട് പറയപ്പെട്ടു "  "ഞങ്ങളെ അറിയിച്ചു" എന്ന രീതിയിൽ സനദ് പറഞ്ഞു  കൊണ്ടായിരിക്കും ഹദീസ് നിവേദനം ചെയ്യുക .  ചിലപ്പോൾ حدثنا أو سمعت ഞങ്ങൾക്ക് വിവരിച്ചു  അതോ കേട്ടു എന്ന് പറഞ്ഞു മൗനം പാലിക്കും എന്നിട്ട് ഗുരുവിലേക്ക് ചേർത് ബാക്കി സനദ് പറയും . ഇതിലൂടെ ഗുരുവിനും തനിക്കും ഇടയിലുള്ള ദുർബലനായ റാവിയെ വിട്ട് കളയും . പ്രത്യക്ഷത്തിൽ സനദ് സ്വഹീഹ് ആയിട്ട് കാണും . ഇതെല്ലം കറാഹത്തായ കാര്യമാണ് എന്നതിൽ പണ്ഡിതന്മാർക്ക് ഭിന്ന അഭിപ്രായമില്ല .  

 തദ്‌ലീസുശുയൂഖ്

താൻ കേട്ട ഗുരുവിന്റെ  അറിയപ്പെട്ട നാമം പറയാതെ വിളിപ്പേരോ , സ്ഥാനപ്പേരോ , ഗോത്രപ്പേരോ പറഞ്ഞു ഹദീസ് നിവേദനം ചെയ്യും . തൻറെ ഗുരു ദുർബലനായത് കൊണ്ടോ , ഗുരുവിന്റെ പേര് വ്യക്തമായാൽ ആ ഗുരുവിന്റെ ഗുരുക്കളുടെ പേര് വ്യക്തമാകും എന്നതും കൊണ്ടോ , താൻ താൻ  കേൾക്കാത്ത ഗുരുവാണെന്ന് വ്യക്തമാകും എന്നതോ ഒക്കെയാണ് ഈ പ്രവർത്തി ചെയ്യാൻ റാവിയെ പ്രേരിപ്പിക്കുന്നത് .

ഉദാഹരണത്തിന് ;

ഇശ്ഹാഖ്‌ ഇബ്ൻ റാഹവൈഹ്,  ബാഖിയ്യത്തിൽ നിന്ന് അദ്ദേഹം പറഞ്ഞു അബ്ദുൽ വഹബ് അൽ അസദി എന്നോട്  പറഞ്ഞു അദ്ദേഹം നാഫിഇൽ നിന്ന് അദ്ദേഹം ഇബ്ൻ ഉമർ (റ ) വിൽ നിന്ന് .......

ഇവിടെ ബാഖിയ്യത് എന്ന റാവി തൻറെ ഗുരുവിൻറെ,  കുനിയത്(വിളിപ്പേര്) ആണ് പറഞ്ഞത്. യഥാർത്ഥ നാമം ഉബൈദുല്ലാഹ് ഇബ്ൻ അംറ് അൽ അസദി എന്നാണ് ജനനം ഹിജ്റ 104 ലാണ്.   അബ്ദുൽ വഹബ് അൽ അസദി  എന്നത് വിളിപ്പേരാണ്. ഉബൈദുല്ലാഹ് ഇബ്ൻ അംറ് നാഫിഇൽ നിന്നും ഹദീസ് കേട്ടിട്ടില്ല ഇടക്ക് തൻറെ ഗുരുവിനെ ഉബൈദുല്ലാഹ് മറച്ച് വെച്ചിട്ടുണ്ട് . ഇതും മക്‌റൂഹ് ആയ തദ്‌ലീസാണ് .

ഇമാം ശുഅബ , ഇമാം അബു ആസിം , ഇമാം ഇബ്ൻ ഹസം പോലുള്ള പണ്ഡിതന്മാർ തദ്‌ലീസിനെ സ്വീകരിക്കാത്തവരാണ് .ഹനഫികളും ചില മാലിക്കികളുമൊക്കെ  വിശ്വസ്തരുടെ തദ്‌ലീസ് സ്വീകാര്യമാണ് എന്ന അഭിപ്രായക്കാരാണ് .  ആദ്യ കാലത് റാവികൾ തങ്ങളുടെ കേൾവി വ്യക്തത വരുത്താതെയായിരുന്നു നിവേദനം ചെയ്തിരുന്നത്. മിക്കവാറും റാവികൾ "അൻ " എന്ന് പറഞ്ഞാണ് രിവായത് ചെയ്തിരുന്നത് . സുഫ്‌യാൻ ഇബ്ൻ ഉയൈന , സുഫ്‌യാൻ അസൗരി  പോലുള്ളവർ  "അൻ" എന്ന് പറഞ്ഞാണ് കൂടുതലും നിവേദനം ചെയ്യുന്നത് . നിദാന ശാസ്ത്രം വളർന്നപ്പോൾ ഹദീസ് കേട്ടു എന്ന് വ്യക്തമാക്കേണ്ടത് ആവശ്യകരമാണെന്ന് മുഹദ്ദിസുകളിൽ ചിലർക്ക് ബോധ്യം വന്നതുകൊണ്ടാണ് തദ്‌ലീസുകളെ കുറിച്ചുള്ള ചർച്ചകളൊക്കെ വികസിച്ചത് . അബൂ സുബൈർ , ബഖിയ്യത് ഇബ്ൻ വലീദ് ,സുലൈമാൻ അ'അമശ് പോലുള്ളവർ ദുർബലരായ ഗുരുവിനെ മറച്ചു വെച്ചു വിശ്വസ്തനായ ഗുരുവിന്റെ പേരിലേക്ക് ചേർത് ഹദീസ് നിവേദനം ചെയ്യുന്ന റാവികളാണ് . ഇത്തരത്തിലുള്ള തദ്‌ലീസ് ഹറാമാണ് . ചുരുക്കി പറഞ്ഞാൽ തദ്‌ലീസ് ഒരു തരത്തിൽ കളവും , വഞ്ചനയുമാണ് . കാരണം ഒളിച്ചു വെച്ച ഒരു ഉദ്ദേശം അതിനു പിന്നിലുണ്ട്.

സനദിലെ റാവി തദ്‌ലീസ് ചെയ്തു വന്ന ഹദീസുകളെ 'മുദല്ലസ്' ഹദീസ് എന്ന് പറയും . അത് ദുർബല ഹദീസുകളുടെ ഇനത്തിൽപ്പെട്ടതാണ് .

ഉസൂലുൽ ഹദീഥ് - പാർട്ട് 5

 

മുൻക്വതിഅ

സനദിൻറെ ആദ്യഭാഗത്തോ , അവസാന ഭാഗത്തോ റാവികളെ വിട്ടു കളയുന്നതും  , തുടരെ രണ്ട് റാവികൾ വിട്ട് കളയുന്നതും അല്ലാത്ത രീതിയിൽ സനദിൽ റാവികൾ വിട്ട് പോയാൽ അതാണ് മുൻക്വതിഅ v

ഹദീസ് . ആദ്യം പരാമർശിച്ച മുഅല്ലഖ് , മുർസൽ , മുഅദൽ , മുദല്ലസ് എല്ലാം പൊതുവെ  മുൻക്വതിഅ v (പരമ്പര മുറിഞ്ഞത്)എന്ന ശീർഷകത്തിൽ വരുന്നതാണ് .

حدثنا أبو زيد أحمد بن يزيد الحوطي، ثنا محمد بن مصعب القرقساني، ثنا الأوزاعي، عن أبي عمار، عن أم الفضل أنها أتت النبي صلى الله عليه وسلم، فقالت: يا رسول الله إني رأيت في المنام حلما منكرا، فقال: وما هو؟ قالت: أصلحك الله إنه شديد، قال فما هو؟ قالت: رأيت كأن بضعة من جسدك قطعت، ثم وضعت في حجري

ഉമ്മു ഫദൽ ബിൻത് ഹാരിസ് (റ )യിൽ നിന്ന് നിവേദനം  ; ഞാൻ നബി [സ ]യുടെ അടുക്കൽ ചെന്ന് പറഞ്ഞു " നബിയെ കഴിഞ്ഞ രാത്രിയിൽ ഞാൻ ഒരു സ്വപ്‌നം കണ്ടു അതിൽ താങ്കളുടെ ശരീരത്തിലെ ഒരു ഭാഗം മുറിച് എടുത്ത് എൻറെ മടിയിൽ വെക്കപ്പെടുന്നത് ഞാൻ കണ്ടു ' നബി [സ ] പറഞ്ഞു ; നീ കണ്ടത് വളരെ നല്ലതാണ് അല്ലഹു വിൻറെ തീരുമാനമാണ് . ഫാത്തിമ ഒരു കുട്ടിയെ ജന്മം നൽകും അവൻ നിൻറെ മടിയിൽ ഇരിക്കും ......(ഹാക്കിം  3/ 210   , ത്വബ്റാനി 25/ 27 )

ഇമാം ഹാക്കിം,  മുഹമ്മദ് ഇബ്ൻ മുസ് അബിൽ നിന്നും അദ്ദേഹം ശദ്ദാദിൽ നിന്നും അദ്ദേഹം ഉമ്മ് ഫദ്‌ലിൽ നിന്നും എന്നാണ് പരമ്പര , എന്നാൽ ശദ്ദാദ് ഉമ്മ് ഫദ്‌ലിൽ നിന്നും ഹദീസുകൾ കേട്ടിട്ടില്ല അതിനാൽ ഇവർക്കിടയിലുള്ള റാവി വിട്ടു പോയിട്ടുണ്ട് .

وأما إسناد أبي عمار فمنقطع لأنه لم يدرك أم الفضل

ഇമാം ദഹബി പറയുന്നു ; സനദിലെ ശദ്ദാദ്  ഉമ്മു ഫദ്‌ലിനെ കണ്ടിട്ടില്ല അതിനാൽ സനദ് മുൻക്വതിആണ്

(തൽഖീസ് മുസ്തദറക് 3/ 176 ,സിൽസില 2/ 465 )

വിട്ട് പോയ റാവി ആരെന്ന് അറിയാത്തത് മൂലം ആ സനദിൻറെ  യോഗ്യത നിർണ്ണയിക്കാനാകില്ല. അതിനാൽ ഈ വിഭാഗം ഹദീസുകൾ  ദുർബല ഹദീസിൽ പെട്ടതാണ് .

സക്ത് (വിട്ടുകളയൽ) രണ്ട് രീതിയിലുണ്ട് .

സക്ത് വാദിഹ്, സക്ത് ഖഫീയ്യ്

ഇത് വിവരിക്കും മുൻപ് ഇജാസയും , വിജാദയും എന്തെന്ന് അറിയണം .

ഇജാസ : നേരിട്ട് കാണുകയോ , കേൾക്കുകയോ ചെയ്യാത്ത ഗുരുവിന്റെ ഗ്രന്ഥങ്ങളിൽ നിന്നോ , ഗുരുവിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ നിന്നോ ഹദീസ് റിപ്പോർട്ട് ചെയ്യാൻ ഗുരു കത്തിലൂടെയോ മറ്റ് വല്ല വഴിയോ നൽകുന്ന അനുവാദത്തെയാണ് ഇജാസ എന്ന് പറയുന്നത് . പ്രമുഖ പണ്ഡിതന്മാർ ഇതിൻറെ ആധികാരികതയെ വിമർശിച്ചിട്ടുണ്ട് .

വിജാദ : തനിക്ക് കിട്ടിയ ഗ്രന്ഥത്തിൽ നിന്നോ , ഫലകത്തിൽ നിന്നോ ഇത് ഏത് ഗുരുവിന്റേ എഴുത്താണ് എന്ന് മനസ്സിലാക്കി  റിപ്പോർട്ട് ചെയ്യലിനെയാണ് വിജാദ എന്ന് പറയുന്നത് . അൻ ഫുലാനിന് , അഖ്‌ബറനാ ഫുലാനുൻ , സമിഅതു മിൻഹു , വജ്ദത്തു ബിഖാതിഹി പോലുള്ള ശൈലിയിലെ ഇത്തരം ഹദീസുകൾ റിപ്പോർടട്ട് ചെയ്യാവൂ .

            ഹദീസ് നിവേദനം ചെയ്യുന്ന രീതികൾ തന്നെ വ്യത്യസ്‍തമാണ് . ഇതിനെക്കുറിച്ചുള്ള വ്യക്തമായ അറിവ് ഹദീസിനെ കുറിച്ചുള്ള വ്യക്തതയിലേക്ക് എത്തിക്കുന്നു . ഏറ്റവും ആധികാരികമായ നിവേദനം  സീമാആണ് , പിന്നെ ഖിറാഅതും .നിവേദകൻ ഹദീസ് ഉദ്ധരിക്കുമ്പോൾ വ്യക്തത വരുത്തേണ്ട ബാധ്യതയുണ്ട് .  സമിഅതു , ഹദ്ദസനാ , ഹദ്ദസനീ , അഖ്ബറനാ ,അഖ്ബറനീ ,അന്ബഅനാ , ദക്റനാ , ഖാല ലനാ , ഖറഅതു തുടങ്ങിയ പ്രയോഗങ്ങളിലൂടെയാണ് നിവേദകൻ ഹദീസ് നിവേദനം ചെയ്യുന്നത് . ഇതിൽ ഏറ്റവും സ്വീകാര്യം സമിഅതു എന്ന പ്രയോഗമാണ് , പിന്നെ ഹദ്ദസനാ,അഖ്ബറനാ അതിന്റെ താഴെയുള്ള സ്ഥാനമേ മറ്റു നിവേദനകൾക്കുള്ളൂ .

സക്ത് വാദിഹ്

രണ്ട്  റാവികൾ തമ്മിൽ പരസ്പ്പരം കണ്ടിട്ടില്ല എന്ന് വളരെ അറിയപ്പെട്ട കാര്യമാകുക . അത്തരം സനദുകൾ കാണുമ്പോൾ മുഹദ്ദിസുകൾക്ക് പരിചയമായിരിക്കും കാരണം അവർ തമ്മിൽ കണ്ടിട്ടില്ല എന്ന കാര്യം പ്രസിദ്ധമായിരിക്കും . കൂടാതെ അവർക്ക് അത് നിവേദനം ചെയ്യാൻ ഇജാസയൊ , വിജാദയൊ ലഭിച്ചിട്ടുമുണ്ടാകില്ല . അങ്ങനെ പരമ്പര മുറിഞ്ഞതിനെയാണ് സക്ത് വാദിഹ് എന്ന് പറയുന്നത് . തൻറെ സമകാലീനനല്ലാത്ത ആളിൽ നിന്ന് റാവി റിപ്പോർട്ട് ചെയ്യുന്ന സന്ദർഭത്തിൽ മുർസലു ദാഹിർ എന്നും ഇതിനെ വിശേഷിപ്പിക്കും.

ഉദാഹരണത്തിന് ;

 

ഇമാം സുഹ്‌രി  ഖാല റസൂൽ (സ ) എന്ന് പറഞ്ഞു ഹദീസ് ഉദ്ധരിച്ചാൽ അതിനെ മുർസലു ദാഹിർ എന്ന് പറയും . സുഹ്‌രി നബിയെ (സ) കണ്ടിട്ടില്ല എന്ന് വ്യക്തമാണല്ലോ .

സക്ത് ഖഫീയ്യ്

പരമ്പര മുറിഞ്ഞതാണ് എന്ന് പ്രത്യക്ഷത്തിൽ അറിയാതിരിക്കുകയാണ് സക്ത് ഖഫീയ്യിൽ സംഭവിക്കുന്നത് . അഥവ സനദ് നോക്കിയാൽ ഇൻക്വിതാഉ കാണില്ല പക്ഷെ അതിലെ നിവേദകരെ പഠിക്കുമ്പോൾ പരസ്പരം ഹദീസ് കൈമാറിയിട്ടില്ല എന്ന് കണ്ടെത്താനാകും . നിവേദകർ മുആസിർ  (സമകാലീനൻ) ആയിരിക്കും പക്ഷെ അവർ   തമ്മിൽ ലികാ'അ (നേരിൽ കാണുക ) ഉണ്ടോകില്ല . അത് അവരുടെ ജീവ ചരിത്രം പരിശോധിക്കുക  വഴി അറിയാൻ സാധിക്കുന്ന കാര്യമാണ് . അവർ ആരിൽ നിന്ന് ഹദീസ് കേട്ടിട്ടുണ്ട് , ആരെല്ലാം അവരിൽ നിന്ന് ഹദീസ് കേട്ടിട്ടുണ്ട് , അവർ ഏതെല്ലാം രാജ്യത്തിൽ താമസിച്ചിട്ടുണ്ട് , അവർ എത്ര വയസ്സിലാണ് മരണപ്പെട്ടത് തുടങ്ങി അവരുടെ ജീവ ചരിത്രം അറിഞ്ഞു വേണം ഈ വിഷയം മനസ്സിലാക്കാൻ . ഇത് പോലെ പരസ്പരം നേരിൽ കണ്ടതായി തെളിവില്ലാത്ത  സമകാലീനരായ റാവിയിൽ നിന്ന് ഹദീസ് ഉദ്ധരിച്ചാൽ അതിനെ മുർസലു ഖഫീയ്യ് എന്നും പറയും.

ഉദാഹരണത്തിന് ;

ഇമാം മുസ്ലിം , ഖുതൈബത് ഇബ്ൻ സഈദിൽ നിന്നും അദ്ദേഹം ജരീറിൽ നിന്നും അദ്ദേഹം ബയാനിൽ നിന്നും അദ്ദേഹം ഖൈസ് ഇബ്ൻ അബീ ഹാസത്തിൽ നിന്നും അദ്ദേഹം ഉഖ്ത്ത് ബ്‌നുആമിർ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി (സ )പറഞ്ഞു: ഇന്നലെ രാത്രിയിൽ അവതരിക്കപ്പെട്ട സൂക്തങ്ങൾ നീ അറി‍ഞ്ഞില്ലയോ, അതിനു തുല്ല്യമായ വചനങ്ങൾ മുമ്പൊരിക്കലും കാണപ്പെട്ടിട്ടുമില്ല. സൂറത്തുന്നാസ്, ഫലഖ് എന്നിവയത്രെ അത്. (മുസ്‌ലിം:814)

ഈ സനദിലെ  ഖൈസ് ഇബ്ൻ അബീ ഹാസവും , ഉഖ്ത്ത് ബ്‌നുആമിർ(റ)വും സമകാലീനരാണ് പക്ഷെ ഖൈസ് ഇബ്ൻ അബീ ഹാസം ഉഖ്ത്ത് ബ്‌നുആമിർ(റ)വും തമ്മിൽ ലികാഉണ്ടായിട്ടില്ല എന്ന്  കാണാം . ഈ സനദിലെ ഇൻക്വിതാഉ  (ഖഫീയ്യ് )മറഞ്ഞിരിക്കുകയാണ് .

قال علي بن المديني وروى عن عقبة بن عامر فلا أدري سمع منه أم لا

ഇമാം ഇബ്ൻ മദീനി പറയുന്നു ; അദ്ദേഹം ഉഖ്‌ബത്തിൽ നിന്ന് കേട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല

(മറാസീൽ  ഇബ്ൻ അബീ ഹാതിം 1/ 169 )

അതേപോലെ നിവേദകരുടെ തദ്‌ലീസും ഈ കൂട്ടത്തിൽ പെടുന്നതാണ് . മുർസലു ഖഫിയ്യും , തദ്‌ലീസും തമ്മിലുള്ള വ്യത്യാസം  നിവേദകർ സമകാലീനർ ആയിരിക്കും ലികാഉം ഉണ്ടാകും  പക്ഷെ അയാളിൽ നിന്ന് നേരിട്ട്  കേൾക്കാത്ത ഒരു ഹദീസ് അയാളുടെ പേരിൽ നിവേദനം ചെയ്യുന്ന രീതിയാണ് 'തദ്‌ലീസ്' . മുർസലു ഖഫിയ്യിൽ നിവേദകർ സമകാലീനർ ആയിരിക്കും ലികാഉണ്ടാകില്ല . തദ്‌ലീസിനെ പലതായി തരം തിരിച്ചിട്ടുണ്ട് അത് വഴിയെ ചർച്ച ചെയ്യാം .

ഉസൂലുൽ ഹദീഥ് - പാർട്ട് 4

 മർദൂദ് (അസ്വീകാര്യം)

മഖ്ബൂലാകാനുള്ള നിബന്ധനകൾ  പാലിക്കാത്ത ഹദീസുകളെ മർദൂദ് എന്ന് വിളിക്കുന്നു. മർദൂദ് ആകാനുള്ള കാരണങ്ങളെ ആസ്പദമാക്കി അവയെ വിവിധ വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.

പ്രഥമമായി രണ്ടായി തിരിക്കാം

ഒന്ന് ; നിവേദക ശ്രേണിയുടെ കണ്ണിമുറിയലുമായി ബന്ധപ്പെട്ടത്

രണ്ട് ; നിവേദക ശ്രേണിയിലെ നിവേദകരുടെ അയോഗ്യതയുമായി ബന്ധപ്പെട്ടത് .

 നിവേദക ശ്രേണിയുടെ കണ്ണിമുറിയലുമായി ബന്ധപ്പെട്ടത്


മുഅലക്ക് , മുർസൽ , മുഅദൽ , മുൻഖത്തിഉ , മുദല്ലസ്


മുഅലഖ്

നിവേദക പരമ്പരയിൽ ആരുടെ പേരും പറയാതെ നേരിട്ട് നബിയിൽ നിന്നോ , സ്വഹാബിയിൽ നിന്നോ , താബിഇൽ നിന്നോ ഉദ്ധരിക്കുന്ന നിവേദനകളെ മുഅലക്ക് എന്ന് പറയും . നിവേദക പരമ്പരയിൽ ആദ്യ ഭാഗത്ത് ഒന്നോ അതിലധികമോ റാവികളെ വിട്ട് കളഞ്ഞിട്ടുള്ള റിപ്പോർട്ടും മുഅലഖാണ് .

ഉദാഹരണം ;

അബൂആമിർ അല്ലെങ്കിൽ അബൂ മാലിക്കിൽ നിന്നും നിവേദനം നബി  (സ ) പറഞ്ഞു: വ്യഭിചാരവും, സംഗീതോപകരണങ്ങളും,  പുരുഷന്മാർക്ക് പട്ടും, മദ്യപാനവും  ഹലാലാക്കുന്ന ഒരു വിഭാഗം എന്റെ സമൂഹത്തിൽ ഉണ്ടായി തീരുക തന്നെ ചെയ്യും.’ (ബുഖാരി:5590)

وَقَالَ هِشَامُ بْنُ عَمَّارٍ حَدَّثَنَا صَدَقَةُ بْنُ خَالِدٍ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ يَزِيدَ بْنِ جَابِرٍ، حَدَّثَنَا عَطِيَّةُ بْنُ قَيْسٍ الْكِلاَبِيُّ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ غَنْمٍ الأَشْعَرِيُّ، قَالَ حَدَّثَنِي أَبُو عَامِرٍ ـ أَوْ أَبُو مَالِكٍ

ഹിശാം ഇബ്ൻ അമ്മാർ പറഞ്ഞു എന്ന് പറഞ്ഞാണ് സനദ് ആരംഭിക്കുന്നത് . "ഖാല " എന്ന പ്രയോഗം പരമ്പര മുറിഞ്ഞതിൻറെ ലക്ഷണമാണ് .

അല്ലെങ്കിൽ ' ഹദ്ദസന എന്നോ ഹദ്ദസനീ എന്നോ അഖ്ബറന എന്നോ അഖ്ബറനീആകും പ്രയോഗിക്കുക . ഹിശാം ഇബ്ൻ അമ്മാർ ബുഖാരിയുടെ ഉസ്താദ് ആണെങ്കിലും പ്രസ്തുത ഹദീസ് ഹിശാമിൽ നിന്ന് ബുഖാരി നേരിട്ട് കേട്ടിട്ടില്ലത്തത് കൊണ്ടാണ്   "ഖാല " പ്രയോഗിച്ചത് . ഇവിടെ സനദിൻറെ ആദ്യഭാഗത്തുള്ള ഒന്നോ അതിലധികമോ ആളുകളെ വിട്ട് കളഞ്ഞിട്ടുണ്ട് .

മറ്റൊരു ഉദാഹരണം ;

قَالَ عُرْوَةُ

ഉർവ്വ പറഞ്ഞു ; സുവൈബ അബൂലഹബിൻറെ അടിമയായിരുന്നു ശേഷം അബൂലഹബ് അവരെ മോചിപ്പിച്ചു അവർ നബി [സ ] ക്ക് മുലയൂട്ടിയിട്ടുണ്ട് . അബൂലഹബ് മരിച്ചപ്പോൾ അബൂലഹബിനെ തന്റെ കുടുംബത്തില്‍ പെട്ടൊരു വ്യക്തി സ്വപ്‌നം കണ്ടു. മരണശേഷം നീയെന്തെല്ലാം അനുഭവിച്ചു എന്ന് കുടുംബക്കാരന്‍ ചോദിച്ചു. മരണശേഷം യാതൊരു ഗുണവും അനുഭവിച്ചിട്ടില്ലെന്നും ഞാന്‍ സുവൈബത്തിനെ സ്വതന്ത്രയാക്കിയത് കാരണം എല്ലാ തിങ്കളാഴ്ച്ചയും എന്റെ കൈവിരലിലൂടെ ശുദ്ധജലം നിര്‍ഗളിക്കുന്നുണ്ടെന്നും അബൂലഹബ് പറയുകയുണ്ടായി.(ബുഖാരി 5101 )

ഇവിടെ സനദ് ഒന്നും കൊടുക്കാതെ നേരെ താബിഇൽ നിന്നും നിവേദനം ചെയ്യുകയാണ് . പതിവ് പോലെ മറ്റ് ഹദീസ് ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തമായി ബുഖാരിയുടെ മുഅലഖുകൾക്ക് മുഹദ്ദിസുകൾ ആധികാരികത നൽകുന്നുണ്ട്. രേഖയുള്ളത് കൊണ്ടാണ് ഇമാം ബുഖാരി തൻറെ സ്വാഹീഹിൽ മുഅലഖുകൾ കൊടുത്തിട്ടുള്ളത് എന്നാണ് അവരുടെ വാദം . ഇബ്ൻ ഹജർ അസ്ഖലാനി ,  തഗ്‌ലീക് തഅലിക്ക് എന്ന ഗ്രന്ഥത്തിൽ ബുഖാരിയുടെ മുഅലഖുകൾക്ക് പരമ്പര കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് . അദ്ദേഹം അതെല്ലാം മൗസൂൽ ആണെന്ന് വാദിക്കുകയും ചെയ്യുന്നു.

മുർസൽ

സ്വഹാബിയുടെ പേര് പറയാതെ താബിഈ നബിയിൽ നിന്ന് നേരിട്ട് ഉദ്ധരിക്കുന്ന ഹദീസുകൾക്ക് മുർസൽ എന്ന് പറയുന്നു .നിവേദക ശ്രേണിയിലെ അവസാന ഭാഗത്ത് താബിഈക്ക് ശേഷം വരുന്ന നിവേദകനെ വിട്ടു കളയുകയാണ്  ഇവിടെ ചെയ്യുന്നത്  അത് സ്വഹാബിയും ആകാം മറ്റൊരു താബിഈയുമാകാം .

ഉദാഹരണം ;

وَحَدَّثَنِي مُحَمَّدُ بْنُ رَافِعٍ، حَدَّثَنَا حُجَيْنُ بْنُ الْمُثَنَّى، حَدَّثَنَا اللَّيْثُ، عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، عَنْ سَعِيدِ بْنِ الْمُسَيَّبِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى عَنْ بَيْعِ الْمُزَابَنَةِ

ഇബ്ൻ ശിഹാബ് സൈദ് ഇബ്ൻ മുസയ്യബിൽ നിന്ന് നിവേദനം ചെയ്യുന്നു : ' നബി [സ ] മുസാബന നിരോധിച്ചു "

(മുസ്‌ലിം 1539 )

മുസാബന ; മരത്തിലുള്ള പാകമാകാത്ത പഴങ്ങൾക്ക് ഏകദേശ അളവ് നിശ്ചയിച്ച് പകരം പാകമായ പഴങ്ങൾ ആ ഏകദേശ അളവിൽ തൂക്കി നൽകുന്നതിനാണ് മുസാബന എന്ന് പറയുന്നത് . മരത്തിലുള്ള മുന്തിരിക്ക് പകരം ഒണക്ക മുന്തിരി നൽകുന്നു . കമ്മതി കണക്കിനാണ് ഇവയുടെ അളവ് നിശ്ചയിക്കുന്നത് .

സൈദ് ഇബ്ൻ മുസയ്യബ് താബിഈയായ പണ്ഡിതനാണ് അദ്ദേഹം സ്വഹാബിയിൽ നിന്ന് കേട്ടതാകാം ചിലപ്പോൾ മറ്റൊരു പ്രായമായ താബിഈയിൽ നിന്നും കേട്ടതുമാകാം . മറ്റു റിപ്പോർട്ടുകളിലൂടെ അത് വ്യക്തമാകും വരെ അത് അറിയാൻ വഴിയില്ല . അതിനാൽ ഇത്തരം ഹദീസുകൾ തെളിവിന് പറ്റുകയില്ല .

പൂർവ്വിക പണ്ഡിതന്മാർ മുർസൽ ഹദീസ് സ്വീകരിച്ചിരുന്നു . ഇമാം മാലിക്കിൻറെ മുവത്വ നോക്കിയാൽ അതിൽ ധാരാളം മുർസലുകൾ കാണാം . ആദ്യം വിശദീകരിച്ചപോലെ ഹദീസ് നിദാന ശാസ്ത്രം വളർന്നു വികസിച്ചു വന്നതാണ് . ഹദീസുകളുടെ ആധികാരികത  തെളിയിക്കുന്നതിന്   പിൽകാലത്ത് പുതിയ ഉസൂലുകൾ ഉണ്ടായിവന്നിട്ടുണ്ട് . ഇമാം ശാഫിഈ യാണ്  മുർസൽ നിരുപാധികം സ്വീകാര്യമല്ല എന്ന് ആദ്യമായി പ്രസ്താവിച്ചത് .

ഇമാം സുയ്യൂത്തി പറയുന്നു ; ഇമാം ഇബ്ൻ ജരീർ ത്വബരി പറഞ്ഞു ; മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് ഇത്തരം അഭിപ്രായം തുടങ്ങിയത് ആദ്യകാലത്തു എല്ലാ പണ്ഡിതന്മാരും മുർസലുകൾ സ്വീകരിച്ചിരുന്നു ,  ഇമാം ഇബ്ൻ അബ്ദിൽ ബിർറ് പറയുന്നു ; ത്വബരി ഉദേശിച്ചത് ഇമാം ശാഫിഈയെയാണ് അദ്ദേഹമാണ് ആദ്യമായി മുർസലിൻറെ ആധികാരികത നിഷേധിച്ചത്

(തദ്‌രീബ്‌ അറാവി-104,ഇൻഹാഅ സകൻ ഇലാ മൻ യുതാലി ഇലാ അസ്സുനൻ -27  )

ഇമാം അബൂദാവൂദ് പറയുന്നു ; ഇമാം സൗരി , ഇമാം മാലിക്ക് , ഇമാം ഔസാഈ പോലുള്ളവർ മുർസൽ സ്വീകരിച്ചിരുന്നു എന്നാൽ ഇമാംശാഫിഈ കടന്നുവന്നതിനു ശേഷം മുർസൽ ദുർബലമായി പരിഗണിച്ചു , ഇമാം അഹമ്മദ് ഇബ്ൻ ഹമ്പലും അത് പിന്തുടർന്നു "

(അരിസാല ഇലാ അഹ്‌ലൽ മക്ക-32, ഇൻഹാഅ സകൻ ഇലാ മൻ യുതാലി ഇലാ അസ്സുനൻ -27  )

താബിഉകൾ  സ്വഹാബിയുടെ പേര് വിട്ട് കളയാൻ മുഹദ്ദിസുകൾ പല കാരണങ്ങൾ നിരത്തുന്നുണ്ട് അതിൽ പ്രധാനം , കേട്ട റാവിയുടെ പേര് മറന്നു പോയിട്ടുണ്ടാകും എന്നതാണ് മറ്റൊന്ന് രാഷ്ട്രീയ പ്രേരിതമായി റാവിയുടെ പേര് മറച്ചു വെക്കുന്നതാണ് .

ഹസൻ ബസ്വരി അലി (റ )വിൻറെ പേര് മറച്ചു വെച്ച് നേരിട്ട് നബിയിൽ നിന്നും ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട് എന്ന് ഇമാം മിസ്സി തഹ്ദീബ് അൽ കമാലിൽ രേഖപ്പെടുത്തുന്നു . കാരണം ഹജ്ജാജ് ഇബ്ൻ യുസുഫിന്റെ കാലത്തായിരുന്നു ഹസൻ ബസ്വരി ജീവിച്ചിരുന്നത് .ഹജ്ജാജ് ഇറാഖിന്റെ ഗവർണർ ആയിരുന്നു .ഒരു നാസിബിയും (അഹ്‌ലുൽ ബൈത്തിനോട് വെറുപ്പും ശത്രുതയും പുലർത്തുന്നവർ )  സഹാബികളെയും , താബിഉകളെയും ബഹുമാനിക്കാത്ത മര്യാദകേട് കാണിച്ചിരുന്ന ഉമയ്യദ് ഭരണാധികാരിയുമായിരുന്നു ഹജ്ജാജ് . അത് കൊണ്ട് അയാളെ ഭയന്നാണ് പലപ്പോഴും അലി (റ ) പേര് മറച്ചു വെച്ചത് എന്ന് ഹസൻ ബസ്വരി പറയുന്നത് . ഇത്തരം സാഹചര്യമായത് കൊണ്ട് ഇമാം ശാഫിഈ മുർസലുകളെ ദുർബലമായി പരിഗണിച്ചു എന്നാൽ സൈദ് ഇബ്ൻ മുസയ്യബിന്റെ ചില  മുർസലുകൾ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു .

 മുഅദൽ

സനദിൽ തുടർച്ചയായി രണ്ടിലധികം റാവികൾ വിട്ട് പോയിട്ടുണ്ടെങ്കിൽ അത്തരം ഹദീസുകളെ മുഅദൽ എന്ന് വിളിക്കുന്നു .

ഉദാഹരണം ;

حَدَّثَنِي مَالِكٌ، أَنَّهُ بَلَغَهُ أَنَّ أَبَا هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " لِلْمَمْلُوكِ طَعَامُهُ وَكِسْوَتُهُ بِالْمَعْرُوفِ وَلاَ يُكَلَّفُ مِنَ الْعَمَلِ إِلاَّ مَا يُطِيقُ

അബൂഹുറൈറ ഇപ്രകാരം പ്രസ്താവിച്ചതായി മാലിക്കിൽ നിന്നും വിവരം ലഭിച്ചിരിക്കുന്നു ; നബി [സ ] പറഞ്ഞു; അടിമക്ക് ന്യായപ്രകാരം ഭക്ഷണവും വസ്ത്രവും ലഭിക്കാൻ അവകാശമുണ്ട് .തനിക്കു സാധ്യമാകുന്ന പ്രവർത്തികളേ അവനോട് കൽപ്പിക്കാവു "

(മുവത്വ )

ഇമാം മാലിക്ക് ജനനം ഹി 93 മരണം ഹിജ്‌റ 179 , അദ്ദേഹം അബൂഹുറൈറ (റ )വിൻെറ യും തന്റെയും ഇടയിലെ ഒന്നിലധികം റാവികളെ വിട്ടു കളയുന്നു . അബൂഹുറൈറ (റ )വിൻറെ മരണം ഹി 59 ആയിരുന്നു അത് കഴിഞ്ഞു 34 വർഷം കഴിഞ്ഞാണ് ഇമാം മാലിക്ക് ജനിച്ചത് . ഇമാം മാലിക്കിന്റെ അറിയപ്പെട്ട തരീഖ് പ്രകാരം മുഹമ്മദ് ഇബ്ൻ അജ്‌ലാനിൽ നിന്നും അദ്ദേഹം പിതാവ് അജ്‌ലാനിൽ നിന്നും അദ്ദേഹം അബൂഹുറൈറ(റ )യിൽ നിന്നും എന്നാണുള്ളത് . (മഅരിഫത് ഉലൂമൽ ഹദീഥ് )

മുഅദൽ ഹദീസുകൾ മുർസലിനേക്കാൾ ദുർബലമായവയാണ് .