ഒരേ സ്ഥലത്തു തന്നെ നാഫിലുകൾ നമസ്ക്കരിക്കൽ



നിർബന്ധ നമസ്ക്കാരം കഴിഞ്ഞു സലാം വീട്ടിയ ഉടനെ അതെ സ്ഥലത്തു നിന്ന് സുന്നത് നമസ്ക്കാരം നിർവ്വഹിക്കുന്നത്  ഉത്തമമല്ല.   പക്ഷെ  അങ്ങിനെ നമസ്ക്കരിക്കൽ  ഹറാം ആയ സംഗതി പോലെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചില പണ്ഡിതന്മാർ അതിനെ അവതരിപ്പിക്കുന്നത് .

അതിന് കാരണം മുആവിയ (റ ) വിൽനിന്നും വന്ന ഒരു റിപ്പോർട്ടാണ്

മുആവിയ (റ) പറഞ്ഞു ; നിങ്ങൾ ജുമുഅ നമസ്കരിച്ചുകഴിഞ്ഞാൽ, നിങ്ങൾ സംസാരിക്കുകയോ (പള്ളിയിൽ നിന്ന്) പുറത്തുപോകുകയോ ചെയ്യുന്നതുവരെ മറ്റൊരു നമസ്ക്കാരം ഉടൻ നിർവ്വഹിക്കരുത്. കാരണം  സംസാരിക്കുകയോ (പള്ളിയിൽ നിന്ന്) പോകുകയോ ചെയ്യുന്നതുവരെ ഒരു   നമസ്ക്കാരം  ഉടൻ മറ്റൊന്നിനൊപ്പം പിന്തുടരരുത് എന്ന് അല്ലാഹുവിൻ്റെ ദൂതൻ   ഞങ്ങളോട് നിർദ്ദേശിച്ചു.

(മുസ്ലിം )

എന്നാൽ ഇമാം നവവിയെപോലുള്ള ഹദീസ് വ്യഖ്യാതാക്കൾ ഒരേ സ്ഥലത്തു നമസ്ക്കരിക്കാതിരിക്കൽ മുസ്തഹബ്ബാണ് എന്നാണ് പറയുന്നത് . കാരണം ഒരു കൂട്ടം സലഫുകൾ അവിടെ തന്നെ നമസ്ക്കരിക്കാം എന്ന് അഭിപ്രായമുള്ളവരുമുണ്ട് .

 

ഇമാം നവവി ; നാഫിൽ നമസ്‌കാരങ്ങൾ ഏതായാലും അത് നിർവ്വഹിക്കാൻ ഒരു സ്ഥലത്തു നിന്ന് അടുത്ത സ്ഥലത്തേക്കു നീങ്ങൽ ശാഫീ ഈ ഫുഖഹാഖ്കളുടെ അടുക്കൽ  മുസ്തഹബ്ബാണ് . (ശറഹ് മുസ്ലിം 148 )

 

ഖാളി പറഞ്ഞു ; അവർ അതിൽ ഭിന്നിച്ചിരിക്കുന്നു , ഒരേ സ്ഥലത്തു തന്നെ നമസ്ക്കരിക്കാം എന്ന് ഹസൻ , ഖാസിം ഇബ്ൻ മുഹമ്മദ് , സാലിമും മറ്റുള്ളവരും പറഞ്ഞിരിക്കുന്നു . എന്നാൽ ഇബ്ൻ ഉമർ , ശഅബി , അഹമ്മദ് ,ഇസ്‌ഹാഖ്‌ എന്നിവർ  അതിനെ ഇഷ്ടപ്പെട്ടില്ല (ശറഹ് മുസ്ലിം)

അഥവാ സലഫുകൾക്കിടയിൽ പോലും ഭിന്നതയുള്ള ഒരു വിഷയമാണിത് . അതിനാൽ ഹറാമാണ് എന്ന നിലക്ക് അതിനെ സമീപിക്കാൻ പറ്റില്ല . മറ്റൊരു കാരണം ഈ റിപ്പോർട്ടിന്റെ ദുർബലതയാകാം. ഇബ്ൻ ജുറൈജിനെ പോലെ കടുത്ത മുദല്ലിസായ റാവി ഇതിന്റെ പാരമ്പരയിലുണ്ട് .

നബിയുടെ ചര്യയിലേക് നോക്കിയാൽ പ്രവാചകൻ (സ ) നമസ്‌കാരത്തിൽ സലാം വീട്ടിയാൽ അല്പം നേരം ഇരുന്നതിനു ശേഷം തൽസ്ഥാനത് നിന്ന് നീങ്ങുകയാണ് പതിവ് .

 

ഉമ്മു സലമ‌ؓൽ നിന്ന്‌ ; തിരുമേനി(സ ) സലാം വീട്ടി നമസ്‌കാരത്തിൽ നിന്ന്‌ വിരമിച്ചു കഴിഞ്ഞാലുടനെ സ്ത്രീകൾ എഴുന്നേറ്റ്‌ പോവും. തിരുമേനി (സ ) എഴുന്നേൽക്കുന്നതിന്‌ മുമ്പ്‌ അൽപം അവിടെ ഇരിക്കും. (ബുഖാരി )

 

ഈ അൽപ നേരം ഇസ്‌തിഗ്‌ഫാറിനെ തേടുകയും തസ്ബീഹ് ചെയ്യുകയും ചെയ്തിരുന്നു .

തൗബാൻ [റ ] വിൽ നിന്ന് നിവേദനം ; നബി [സ ] നമസ്ക്കാരം പൂർത്തിയാക്കിയ ശേഷം മൂന്ന് തവണ ഇസ്തിഫ്‌ഗാർ നടത്തും ശേഷം اللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يَا ذَا الْجَلاَلِ وَالإِكْرَامِ എന്ന് പറയും .[നസാഈ 1337]

അതിന് ശേഷം സ്ത്രീകൾ പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ  ഇമാമിന്റെ സ്ഥാനത് നിന്ന് നീങ്ങും .

ആയിശ (റ) യിൽ നിന്ന് 'നബി സ്ര നമസ്ക്കാരത്തിൽ നിന്ന് സലാം ചൊല്ലി വിരമിച്ചാൽ اللهم انت السلام ومنك السلام تباركت ياذا الجلال والاكرام അല്ലാഹുവേ, നിയാണ് രക്ഷകൻ. നിന്നിൽ നിന്ന് മാത്രമാണ് രക്ഷ അത്യുദാരനും അതി മാത്യൻ മായ നീ പരിശുദ്ധനാണ്.ഇത് പ്രാർത്ഥിക്കുന്ന സമയം വരെ അല്ലാതെ മുസല്ലയിൽ ഇരുന്നിട്ടില്ല.

(മുസ്ലിം, അഹമദ്, തുർമുദി, ഇബ്നുമാജ ')

അങ്ങിനെ മാറിയിരുന്ന ശേഷം മാറ്റ് ദിക്ർ ദുആകൾ നിർവ്വഹിക്കും . നമസ്കാരത്തിന് നേതൃത്വം നല്കുന്നയാൾ ഇത്തരത്തിലാണ് പ്രവർത്തിക്കേണ്ടത് .എന്നാൽ  പിന്നിലുള്ളവർ തൽ സ്ഥാനത് ഇരുന്നു മേൽ പറഞ്ഞ ദുആ ചെയ്ത ശേഷം മാറ്റ് ദിക്റുകൾ നിർവ്വഹിക്കുക .

അബൂഹുറൈറ [റ ]വിൽ നിന്ന് നബി [ സ ] പറഞ്ഞു ;നമസ്‌കാരത്തിന് ശേഷം ആരെങ്കിലും മുപ്പത്തി മൂന്ന് പ്രാവശ്യം സുബ്ഹാനല്ലാഹ് പറഞ്ഞാൽ   , മുപ്പത്തി മൂന്ന് പ്രാവശ്യം അൽഹംദുലില്ലാഹ് പറഞ്ഞാൽ  , മുപ്പത്തി മൂന്ന് പ്രാവശ്യം അല്ലാഹുഅക്ക്ബർ  പറഞ്ഞാൽ  തൊണ്ണൂറ്റി ഒൻപത് പ്രാവശ്യമാകും അത് നൂറ് ആക്കാൻ اَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ എന്നും പറഞ്ഞാൽ സമുദ്രത്തിന്റെ നുരപോലെ അത്രയധികം പാപങ്ങളുണ്ടെങ്കിലും അല്ലാഹു അവന് പൊറുത്ത് കൊടുക്കും "

[ മുസ്ലിം 597 , മുവത്വ ]

 

മുആവിയ (റ ) റിപ്പോർട്ടിൽ പറയുന്നത് സലാം വീട്ടിയ ശേഷം എന്തെങ്കിലും സംസാരിക്കുകയോ പള്ളിയിൽ നിന്ന് പുറത്തു പോയി വീട്ടിലോ ആണ് സുന്നത്തുകൾ നിർവ്വഹിക്കേണ്ടത് എന്നാണ് .അഥവാ  സലാം വീട്ടിയ ശേഷം അവിടെ ഇരുന്നു ദിക്ർ ദുആകൾ ചെയ്യുക ശേഷം എഴുന്നേറ്റ് സുന്നത് നമസ്ക്കാരം നമസ്കരിക്കുക എന്നാണ് . 

എന്നാൽ നിർബന്ധ നമസ്ക്കാരം നിർവഹിച്ച അതെ സ്ഥലത്തു തന്നെ നില്കാതെ മറ്റു  സ്ഥലങ്ങളിലേക്ക് മാറി നിന്ന് സുന്നത്തുകൾ നിർവ്വഹിക്കാൻ അബൂഹുറൈറ (റ ) വിൽ നിന്നും ഹദീസ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . എന്നാൽ അതിന്റെ പരമ്പര ദുർബലമാണ് .

 

അബൂഹുറൈറ (റ ) വിൽ നിന്നും നിവേദനം ; നിങ്ങളിൽ ആർക്കെങ്കിലും പ്രാർത്ഥിക്കുമ്പോൾ, മുമ്പോട്ടോ പിന്നോട്ടോ, വലത്തോട്ടോ ഇടത്തോട്ടോ നടക്കാൻ കഴിവില്ലേ?" സുന്നത് നമസ്ക്കാരങ്ങളിൽ എന്നർത്ഥം .

(ഇബ്ൻ മാജ 1427 )

إبراهيم بن إسماعيل എന്ന റാവി മജ്‌ഹൂലാണ് .

إبراهيم بن إسماعيل روى عن أبي هريرة روى عنه الحجاج ابن عبيد سمعت أبي يقول ذلك: سألت أبي عنه فقال: مجهول

(ജർഹ് വ തഅദീൽ )

 

ചുരുക്കി പറഞ്ഞാൽ  ഫർദ് നമസ്ക്കരിച്ചു കഴിഞ്ഞു നബി (സ ) യുടെ ചര്യകൾ അനുസരിച്ചുള്ള ദുആ , ദിക്റുകൾ ചെയ്തതിന് ശേഷം ഫർദ് നമസ്ക്കരിച്ച അതെ സ്ഥാനത് നിന്ന് സുന്നത് നമസ്കരിക്കാവുന്നതാണ് . നിർബന്ധ നമസ്‌കാരത്തിന് ശേഷം ഉണ്ടനെ എഴുന്നേറ്റ് സുന്നത് നമസ്കരിക്കാതിരിക്കലാണ് ഉത്തമം . മുആവിയ (റ ) വിന്റെ ഹദീസിൽ പറഞ്ഞ കാര്യവും അത് തന്നെ . എന്നാൽ അങ്ങിനെ നമസ്കരിച്ചു എന്നത് കൊണ്ട് അത് ഹറാം ആകുകയുമില്ല .

 

 

 

 

 

 


No comments:

Post a Comment