നരച്ച മുടിക്ക് ചായം കൊടുക്കൽ

 



മനുഷ്യരിൽ പൊതുവായി കാണപ്പെടുന്ന ഒന്നാണ്  മുടിക്കും , താടിക്കും നര ബാധിക്കുക എന്നത് . പൊതുവെ ഇത് വാർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ മുതൽ തുടങ്ങുന്ന ഒരു അവസ്ഥയാണ് . പതിയെ പതിയെ ഓരോ മുടിയും , താടിയും നരച്ചു സമ്പൂർണ്ണമായ നരയിൽ എത്തുന്നു . പഴയ കാലത്തെ അപേക്ഷിച് ഇന്നത്തെ കാലത് മുടി , താടി രോമങ്ങൾ നരക്കുന്നത് ചെറുപ്പകാർക്കാണ് . പണ്ട് അത് വാർദ്ധക്യത്തിന്റെ ചിഹ്നമായി കണ്ടിരുന്നുവെങ്കിൽ ഇന്ന് അത് മാറിയിരിക്കുന്നു. യുവാക്കളിൽ അകാല നര ബാധിച്ചിരിക്കുന്നവരാണ് കൂടുതലും . അതിന്റെ ശാസ്ത്രീയ വശങ്ങൾ പറയുന്നതിനപ്പുറം നിറം കൊടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ഇസ്ലാമിക വശങ്ങൾ ചർച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നത് . ഭാവിയിൽ മരുന്നുകൾ കഴിച്ചോ അല്ലാതെയോ ഇതിനു പരിഹാരം കണ്ടെത്തുമായിരിക്കാം . വൃദ്ധരായവർ അവരുടെ നരക്ക് നിറം കൊടുത് തങ്ങളുടെ വാർദ്ധക്യം മറച്ചു വെക്കുന്നതിൽ എത്ര കണ്ട് വഞ്ചനയുടെ അംശം ഉണ്ടോ അത്ര തന്നെ അംശം വഞ്ചന യുവാക്കളിൽ ഉണ്ടാകുന്ന നരകൊണ്ട് അവരുടെ പ്രായം മനസ്സിലാക്കുന്നതിൽ ഉണ്ടാകുന്നുണ്ട് . വൈവാഹിക മേഖലയിലാണ് ഇത് കൂടുതലും ബാധിക്കുന്നത് . ഇരുപത്തിയഞ്ച് വയസ്സുള്ള ഒരാളെ അയാളുടെ നര കാരണം നാല്പത് വയസ്സുകാരൻ എന്ന് തെറ്റിദ്ധരിക്കുന്നു  .കഷണ്ടിയും സമാനമായ കാര്യമാണ് , നരയും , കഷണ്ടിയും ഒരാളുടെ പ്രായം  മനസ്സിലാക്കിയെടുക്കുന്നതിൽ  ജനത്തെ വഞ്ചിതരാകാറുണ്ട് . ജനന സർട്ടിഫിക്കറ്റ് നൽകിയാൽ പോലും ആളുകൾ വിശ്വസിക്കില്ലാത്ത സംഭവങ്ങളുണ്ട് . നമ്മുടെ രൂപം നമ്മുടെ തിരിച്ചറിയൽ കാർഡ് പോലെയാണ് . അത് നോക്കി നമ്മളെ പലരൂപത്തിൽ ജഡ്ജ് ചെയുന്നു . മിക്കവാറും അതെല്ലാം അബദ്ധമായിരിക്കും .

നരയുണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതല്ല . ഇസ്ലാമിക ശരീഅത് പ്രകാരം നരച്ച മുടി താടി എന്നിവക്ക് നിറം കൊടുക്കൽ അനുവദനീയമാണോ ? അതിനായി കറുപ്പ് നിറം സ്വീകരിക്കാമോ ? അതല്ല മറ്റു നിറങ്ങൾ മാത്രമാണോ സ്വീകരിക്കാവൂ എന്നിങ്ങനെയുള്ള വിഷയത്തിൽ ഏത് നിലപാടെടുക്കണം എന്നതിൽ പണ്ഡിതന്മാർ ഭിന്നിച്ചിരിക്കുന്നു.

നരച്ച മുടി പറിച്ചുകളയുന്നത് വിരോധിച്ച പണ്ഡിതന്മാരുണ്ട് , അതിന്റ കാരണം താഴെ പറയുന്ന ഹദീസുകളാണ് .

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ النَّبِيَّ صلى الله عليه وسلم نَهَى عَنْ نَتْفِ الشَّيْبِ وَقَالَ : إِنَّهُ نُورُ الْمُسْلِمِ

അംറ് ബ്നു ശുഐബ്(റ) വിൽ നിന്ന് നിവേദനം: നബി   നര പറിക്കുന്നത് വിരോധിച്ചു. നിശ്ചയം അത് മുസ്‌ലിമിന്റെ പ്രകാശമാണ്. (തിർമുദി: 33/3053)

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لاَ تَنْتِفُوا الشَّيْبَ مَا مِنْ مُسْلِمٍ يَشِيبُ شَيْبَةً فِي الإِسْلاَمِ . قَالَ عَنْ سُفْيَانَ إِلاَّ كَانَتْ لَهُ نُورًا يَوْمَ الْقِيَامَةِ . وَقَالَ فِي حَدِيثِ يَحْيَى إِلاَّ كَتَبَ اللَّهُ لَهُ بِهَا حَسَنَةً وَحَطَّ عَنْهُ بِهَا خَطِيئَةً .

അബ്ദുല്ലാഹ് ഇബ്നു അംറ് ഇബ്നുല്‍ ആസ്വ്  (റ) വിൽ നിന്ന് നിവേദനം: നബി പറഞ്ഞു: നിങ്ങള്‍ നര പറിച്ച് കളയരുത് ഇസ്ലാമില്‍ ഏതൊരാള്‍ക്ക് നര വരുന്നുവോ അത് അവന് അന്ത്യനാളില്‍ പ്രകാശമായിരിക്കും.യഹ്യയുടെ ഹദീഥിൽ ഇപ്രകാരമാണ് :തു കാരണമായി അല്ലാഹു അവന്ന് ഒരു നന്മ രേഖപ്പെടുത്തുകയും ഒരു തിന്‍മ പൊഴിച്ചുകളയുകയും ചെയ്യും. (അബൂദാവൂദ് : 4202)

നബി പറഞ്ഞു: ‘‘നര പറിച്ചെടുക്കരുത്. കാരണം അത് മുസ്‌ലിമിന്റെ പ്രകാശമാണ്. ഇസ്‌ലാമിന് വേണ്ടി നരക്കുന്ന മുസ്‌ലിമിന് അതുമൂലം നന്മ എഴുതപ്പെടുകയും പദവി ഉയര്‍ത്തപ്പെടുകയും അതുമൂലം പാപം മായ്ച്ചുകളയപ്പെടുകയും ചെയ്യും’’ (ഇബ്‌നുമാജ).

 

ശുഐബ്  തന്റെ സഹോദരനിൽ നിന്ന് ഹദീസ് കേട്ടിട്ടില്ല എന്നാണ് ഇമാം അഹ്മദ് പറയുന്നത് . അതിനാൽ ഇതിന്റെ പരമ്പര മുറിഞ്ഞ മുർസലാണ്.

قال حرب: قيل: حديث عمرو بن شعيب، عن أبيه، عن جده كيف حديثه؟

قال: هو عمرو بن شعيب بن محمد بن عبد اللَّه بن عمرو بن العاص، ويقال: إن شعيبًا حدث من كتاب جده، ولم يسمعه منه.

"مسائل حرب" ص 450

 

എന്നാൽ ചില പണ്ഡിതന്മാർ ഈ ന്യുനത അവഗണിച്ചു ഇദ്ദേഹത്തിൻെറ ഹദീസുകൾ ഹസൻ ആകുന്നുണ്ട് . അതാണ് ഈ വിഷയത്തിൽ ഭിന്നതക്ക് ഒരു കാരണം .  റാവികൾ ഹദീസുകൾ പരസ്പരം കൈമാറിയതിന് തെളിവ് വേണം എന്ന് എല്ലാ പണ്ഡിതന്മാരും നിർബന്ധം പിടിക്കുന്നില്ല . അത് കൊണ്ട് ആ അവസ്ഥയിൽ വരുന്ന ഹദീസുകളെ അവർ ഹസൻ ആക്കുന്നു ചിലർ സഹീഹ് പോലുമാക്കുന്നു  . ഇമാം മുസ്ലിമിന് ഒരു ഹദീസ് സഹീഹ് ആകാൻ റാവികൾ ഹദീസുകൾ പരസ്പരം കൈമാറിയതിന് തെളിവ് വേണം എന്ന നിബന്ധനയില്ല . റാവികൾ ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്ന് തെളിഞ്ഞാൽ മതി . എന്നാൽ ഈ കാര്യത്തിൽ ഇമാം മുസ്ലിമിന്റെ അഭിപ്രായത്തിന് നേർ എതിരാണ് ഇമാം ബുഖാരിയുടെ അഭിപ്രായം . ബുഖാരിക്ക് , റാവികൾ ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നാൽ മാത്രം പോരാ അവർ പരസ്പ്പരം ഹദീസ് കൈമാറി എന്ന് തെളിവും വേണം . എങ്കിൽ മാത്രമേ അദ്ദേഹം ആ പരമ്പര മൂത്തസിൽ എന്ന് പ്രസ്താവിക്കു.

നരക്ക് ചായം തേക്കാം പക്ഷെ കറുപ്പ് നിറം പാടില്ല എന്ന് അഭിപ്രായമുള്ള ആളുകളുണ്ട് . അവർ അതിനു തെളിവാകുന്നത് താഴെ പറയുന്ന ഹദീസാണ്

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ أُتِيَ بِأَبِي قُحَافَةَ يَوْمَ فَتْحِ مَكَّةَ وَرَأْسُهُ وَلِحْيَتُهُ كَالثَّغَامَةِ بَيَاضًا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم : غَيِّرُوا هَذَا بِشَىْءٍ وَاجْتَنِبُوا السَّوَادَ

 

ജാബിർ(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. മക്കാവിജയ ദിവസം അബൂബക്കർ(റ) വിന്റെ പിതാവ് അബൂഖുഹാഫയെ കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തിന്റെ തലയും താടിയും വെളുത്ത നിലയിലായിരുന്നു, അപ്പോൾ നബി പറഞ്ഞു. നിങ്ങൾ അതിന് ചായം കൊടുക്കൂ. എന്നാൽ കറുപ്പ്ചായം നിങ്ങൾ വെടിയുക (മുസ്‌ലിം:2120)

അബൂ സുബൈർ  എന്ന റാവിയിലൂടെയാണ് എല്ലാരും ഈ ഹദീസ് നിവേദനം ചെയുന്നത് ഇമാം ബുഖാരിയടക്കം പലരും പ്രാമാണികനല്ല എന്ന് ഇദ്ദേഹത്തെ കുറിച്ആക്ഷേപിച്ചിട്ടുണ്ട്

أبو زرعة وأبو حاتم ، والبخاري ، فقالوا : لا يحتج به

(കാഷിഫ് 4 /194 )

 

ഇത് ഇമാം മുസ്ലിമും , സുനനുകാരും ഉദ്ധരിക്കുന്ന ഹദീസാണ്. ഇമാം മുസ്ലിമിന്റെ ഈ റാവിയെ ബുഖാരി പ്രമാണികനായി കരുതുന്നില്ല . മുസ്ലിം ഇദ്ദേഹത്തിൽ നിന്ന് ധാരാളം ഹദീസുകൾ സ്വഹീഹിൽ ഉദ്ധരിക്കുന്നുണ്ട്  .

ഇനി ഇത് തെളിവിന് പറ്റും എന്ന് സങ്കല്പിച്ചാൽ പോലും  വൃദ്ധനായ അബൂ ഖുഹാഫയോട് പറഞ്ഞതാണ് ഇതെന്നു മനസ്സിലാക്കേണ്ട വിഷയമേയുള്ളൂ . ശരീരം ചുളുക്ക് വീണ വാർദ്ധക്യം ബാധിച്ചവരെ അവരുടെ നര കൂടാതെ തന്നെ മനസ്സിലാകുന്നതാണ് . അവർ നര കൊടുത്തിട്ടും കാര്യമില്ല . എന്നാൽ ചെറുപ്പക്കാരായ ആളുകൾക്ക് നര ബാധിച്ചാൽ അവർക്ക് പ്രായക്കൂടുതലുണ്ടെന്നു  തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട് . അവർ നരക്ക് നിറം കൊടുക്കുന്നത് കൊണ്ട് ഒരു വഞ്ചനയും ഉണ്ടാകുന്നുമില്ല . മാത്രവുമല്ല  ഹദീസ് നിദാന ശാസ്ത്രപരമായി നോക്കുമ്പോൾ  അബൂ സുബൈർ പ്രാമാണികനല്ല എന്ന ആക്ഷേപം നിലനിൽക്കുന്നത് കൊണ്ട് ഹദീസിനെ പ്രാമാണികമായി എടുക്കാൻ സാധിക്കില്ല.

മാത്രവുമല്ല സഹാബത്തിൽ പലരും കറുപ്പ് നിറവും കൊടുത്തിരുന്നു അതിൽ നിന്നും അവർ ഇതിനെ പൊതുവായ നിരോധനമായി കണ്ടിട്ടില്ല എന്ന് വ്യതമാണ് . മൈലാഞ്ചി , നീല അമേരി എന്നീ ചെടിയുടെ ഇലകൾ കൊണ്ട് മുടിക്കും , താടിക്കും  സഹാബികൾ നിറം കൊടുത്തിരുന്നു . അവയുടെ ഇലകൾ ചേരുമ്പോൾ കിട്ടുന്നത് കറുപ്പ് നിറമാണ് .

عَنْ قَتَادَةَ، قَالَ‏: قُلْتُ لأَنَسِ بْنِ مَالِكٍ‏: هَلْ خَضَبَ رَسُولُ اللهِ صلى الله عليه وسلم‏؟‏ قَالَ‏: لَمْ يَبْلُغْ ذَلِكَ، إِنَّمَا كَانَ شَيْبًا فِي صُدْغَيْهِ وَلَكِنْ أَبُو بَكْرٍ، خَضَبَ بِالْحِنَّاءِ وَالْكَتَمِ

ഖതാദ(റ)പറയുന്നു: ഞാന്‍ അനസ് ബ്നു മാലിക്കിനോട് ചോദിച്ചു: നബി മുടി ചായം തേക്കാറുണ്ടായിരുന്നോ? അദ്ദേഹം അതിനുമാത്രം നര എത്തിയിട്ടില്ലായിരുന്നു. നര അവിടുത്തെ ചെന്നിയില്‍ മാത്രമേ ബാധിചിട്ടുള്ളായിരുന്നു. എന്നാല് അബൂബകർ (റ) മൈലാഞ്ചിയും കത്മും(ഒരുതരം ചെടി) ഉപയോഗിച്ച് ചായം പൂശാരുണ്ടായിരുന്നു. (الشمائل المحمدية)

عَنْ أَنَسٍ، خَادِمِ النَّبِيِّ صلى الله عليه وسلم قَالَ قَدِمَ النَّبِيُّ صلى الله عليه وسلم وَلَيْسَ فِي أَصْحَابِهِ أَشْمَطُ غَيْرَ أَبِي بَكْرٍ، فَغَلَفَهَا بِالْحِنَّاءِ وَالْكَتَمِ‏.

അനസ്(റ)പറഞ്ഞു: നബി (മദീനയിലേക്ക്) വരുന്ന സന്ദര്‍ഭത്തില്‍ നര കയറിത്തുടങ്ങിയ ഒരു സ്വഹാബിയും അവിടുത്തെ അനുയായികളുടെ കൂട്ടത്തില്‍ ഇല്ലായിരുന്നു; അബൂബക്ര്‍(റ) ഒഴികെ. അദ്ദേഹമാകട്ടെ, തന്റെ നര മൈലാഞ്ചി കൊണ്ടും ‘കതമ്’ (ഒരുതരം ചെടി) കൊണ്ടും നിറം കൊടുക്കാറുണ്ടായിരുന്നു. (ബുഖാരി: 3919)

അബൂറംദയില്‍നിന്ന് നിവേദനം: ‘‘നബി മൈലാഞ്ചികൊണ്ടും കതം ചെടികൊണ്ടും നിറം കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ തലമുടി ചുമല്‍വരെ എത്തുകയും ചെയ്തിരുന്നു’’ (അബൂദാവൂദ്).

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: ‘‘ഒരിക്കല്‍ നബി യുടെ അടുത്തുകൂടി മൈലാഞ്ചി കൊണ്ട് നിറം കൊടുത്ത ഒരാള്‍ നടന്നുപോയി. അപ്പോള്‍ നബി പറഞ്ഞു: ‘ഇത് എത്ര നല്ലത്!’ പിന്നീട് മൈലാഞ്ചി കൊണ്ടും കതം ചെടിയുടെ ഇലകൊണ്ടും ചായം കൊടുത്ത മറ്റൊരാള്‍ നടന്നുപോയപ്പോള്‍ നബി പറഞ്ഞു: ‘ഇത് അതിനെക്കാള്‍ നല്ലത്.’ പിന്നീട് മഞ്ഞവര്‍ണം കൊടുത്ത ഒരാളെ കണ്ടപ്പോള്‍ എല്ലാത്തിനെക്കാളും നല്ലത് ഇതെന്നും നബി പറഞ്ഞു’’ (അബൂദാവൂദ്).

മേൽ ഹദീസുകളിൽ നിന്നും നബി (സ ) മൈലാഞ്ചിയും , നീല അമേരി യും ചേർത്തുനിറം കൊടുക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു എന്നും ,  സഹാബികൾ അത് കൊണ്ട് നിറം കൊടുത്തിരുന്നു എന്നും വ്യക്തമാണ് . 

എന്നാൽ ഇതിന് എതിരായി മറ്റൊരു ഹദീസ് കൂടി വരുന്നുണ്ട് .

عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَكُونُ قَوْمٌ يَخْضِبُونَ فِي آخِرِ الزَّمَانِ بِالسَّوَادِ كَحَوَاصِلِ الْحَمَامِ لاَ يَرِيحُونَ رَائِحَةَ الْجَنَّةِ

ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് നിവേദനം: നബി പറഞ്ഞു: കലാവസാനത്തില്‍ ഒരു വിഭാഗമാളുകൾ പ്രാവുകളുടെ മേടപോലെ(മുടി കുറ്റി വെളുത്തതും അഗ്രഭാഗം കറുത്തതുമായ രീതിയിൽ)കറുപ്പ് വർണ്ണം കൊടുക്കുന്നവരായിരിക്കും. അവർ സ്വർഗത്തിന്റെ പരിമളം പോലും ആസ്വദിക്കില്ല. (അബൂദാവൂദ് : 4212 –  സ്വഹീഹ് അൽബാനി)

ഒന്നാമത് ഇതിന്റെ പരമ്പരയിലെ അബ്ദുൽ കരീമിനെ സംബന്ധിച്ചു ഭിന്നതയുണ്ട് . ചിലർ അബ്ദുൽ കരീം ജസ്റിയാണെന്നും ചിലർ അബ്ദുൽ കരീം മുഖാരിക്ക് ആണെന്നും പറയുന്നു . അബ്ദുൽ കരീം മുഖാരിക്ക് ദുർബലനാണ് . അബ്ദുൽ കരീം ജസ്റി ആണെങ്കിൽ സ്വീകാര്യനാണ് പക്ഷെ പിഴവുകൾ വരുത്തുന്ന ആളാണ് .

قَالَ ابْن سعد كَانَ ثِقَة صَدُوقًا كثير الحَدِيث وَرُبمَا أَخطَأ

 ഇബ്ൻ സഅദ് പറഞ്ഞു; സ്വീകാര്യനാണ് , വിശ്വസ്തനാണ്  , ധാരാളം ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട് , ചിലപ്പോൾ പിഴവ് വരുത്താറുണ്ട് .

(ത്വബഖാത്തുൽ ഹുഫ്ഫാദു)

هذا حديث لا يصح عن رسول الله صلى الله عليه وسلم، والمتهم به عبد الكريم بن أبي المخارق أبو أمية البصري، قال أيوب السختياني: والله إنه لغير ثقة، وقال يحيى: ليس بشيء، وقال أحمد بن حنبل: ليس بشيء يشبه المتروك، وقال الدارقطني: متروك

ഇമാം ഇബ്ൻ ജൗസി പറഞ്ഞു ; ഈ ഹദീസ് നബിയുടെ പേരിൽ സ്വഹീഹ് ആയതല്ല അബ്ദുൽകരീം മുഖാരിക്ക് നബിയുടെ പേരിൽ വെച്കെട്ടിയതാണ്  ഇമാം അയ്യൂബ് സഖ്‌ത്യാനി പറഞ്ഞു അല്ലാഹുവാണെ അവൻ വിശ്വസ്തനല്ല, ഇമാം യഹിയ പറഞ്ഞു അയാൾ ഒന്നുമല്ല ഇമാം അഹമ്മദ് പറഞ്ഞു അയാൾ ഒന്നുമല്ല മാത്രൂക് ആണ് ഇമാം ദാറുഖുത്നി പറഞ്ഞു മാത്രൂക്

(അൽ മൗദൂആത് 3/55)

ഇത്തരം വീക്ഷണ വ്യത്യാസമുള്ള ഹദീസ് കൊണ്ട് മാത്രം നരക്ക് കറുപ്പ് നിറം കൊടുക്കൽ നിഷിദ്ധമാണ് എന്നൊന്നും പ്രസ്താവിക്കാൻ സാധിക്കില്ല. മാത്രമല്ല മറ്റു ഹദീസുകൾക്ക് എതിരുമാണ് ഈ റിപ്പോർട്ട് .( മൈലാഞ്ചിയും . കത് മും ഉപയോഗിക്കുന്ന ഹദീസ്  ) മൈലാഞ്ചിയും , കത് മും ചേർത്താൽ ലഭിക്കുന്നത് കറുപ്പ് നിറമാണ് . സഹാബികൾ അവ ഉപയോഗിച്ച് നിറം കൊടുത്തിരുന്നു നബി (സ ) ഇതിനെ ആക്ഷേപിച്ചിട്ടില്ല. എന്നാൽ അതുകൊണ്ട്  നരക്ക് ചായം കൊടുക്കൽ നിർബന്ധമായ ഒരു കർമ്മമല്ല പ്രവാചകൻ (സ ) യിൽ നിന്ന് ഒരു റിപ്പോട്ട് വന്നിട്ടുള്ളത് ഇങ്ങിനെയാണ്‌.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ النَّبِيُّ صلى الله عليه وسلم ‏ “‏ إِنَّ الْيَهُودَ وَالنَّصَارَى لاَ يَصْبُغُونَ فَخَالِفُوهُمْ ‏

അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി പറഞ്ഞു: നരച്ച മുടിക്ക് ചായം കൊടുക്കുക. ജൂതക്രൈസ്തവര്‍ ചായം കൊടുക്കാറില്ല. നിങ്ങള്‍ അവര്‍ക്കെതിരാകണം. (ബുഖാരി:5899)

ഹദീസുകളുടെ പ്രയോഗം വാജിബിനെ സൂചിപ്പിക്കുന്നത് പോലെയുള്ള പ്രയോഗമാണെങ്കിലും അത് വാജിബല്ല. സഹാബികളിൽ  ചിലർ  നരക്ക് ചായം കൊടുത്തിരുന്നു എന്നതും ചിലർ ചായം കൊടുത്തിരുന്നില്ല എന്നതും തന്നെയാണ് ഇത് വാജിബല്ല എന്നതിന് തെളിവ്. വാജിബ് ആയിരുന്നു എങ്കിൽ ചിലർ അതിൽ നിന്ന് ഒഴിഞ്ഞു നിൽകില്ലായിരുന്നു. അതേപോലെ തന്നെ കറുപ്പ് നിറം പൊതുവായി നിരോധിച്ചിട്ടുമില്ല . ആളുകൾ വഞ്ചിതരാകാതിരിക്കാൻ കറുപ്പ് ഉപയോഗിക്കരുത് എന്ന് മാത്രമേ മനസ്സിലാകേണ്ടതുള്ളൂ .

 

 


No comments:

Post a Comment