അന്യമതസ്ഥരുടെ ഉത്സവങ്ങളിലേ ഭക്ഷണം .

അന്യമത ആഘോഷത്തിലെ ഭക്ഷണങ്ങൾ കഴിക്കാമോ ഇല്ലയോ എന്ന വിഷയം ചർച്ച ചെയ്യപ്പെടുന്ന ഒരു കാലം. ഇതേ കാലത്താണ് ആര് എന്ത് ഭക്ഷണം കഴിക്കണം കഴിക്കണ്ട എന്ന് ഒരു കൂട്ടർ തീരുമാനിക്കുന്നതും, അതിനെതിരെ മറ്റുള്ളവർ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്യുന്നത്. ചില പ്രദേശങ്ങളിൽ അവിടത്തെ അധികാരികൾ ചില ഭക്ഷണങ്ങൾ കഴിക്കൽ എല്ലാവർക്കും നിഷിദ്ധമായി പ്രഖ്യാപിക്കുന്നു. എന്ത് ഭക്ഷിക്കണം എന്ന സ്വാതന്ത്ര്യ ത്തെ ജനങ്ങൾക്ക് ഇല്ലാതാക്കുകയും ചെയുന്നു.അതിന് കാരണം വലിയ വിഭാഗം ആളുകൾ ആ ഭക്ഷണങ്ങളെ ആരാധ്യ വസ്തുക്കളായി കാണുന്നു എന്നതാണ് അവർ പറയുന്ന ന്യായം. ഇവിടെ നിഷേധിക്കപ്പെടുന്നത് ജനാധിപത്യ മതേതരത്വ മൂല്യങ്ങളെയാണ്. ഇവിടെ നഷ്ട്ടമാകുന്നത് മത സൗഹാർദ്ദമാണ് .ഓരോ മതത്തിനും അതിൻ്റേതായ വിശ്വാസ ആചാരങ്ങളുണ്ട്. അതിനെ പരസ്പരം ആദരിക്കാൻ സാധിക്കണം. സഹിഷ്ണുത കാണിക്കാൻ സാധിക്കണം. അതില്ലാതെ വരുമ്പോളാണ് ഭക്ഷണ നിരോധനം , ഹലാൽ വിരോധം, അറവ് നിരോധനം ഒക്കെ ഉണ്ടാകുന്നത്. ശബരിമലയിൽ പോകാൻ തയ്യാറാകുന്ന ഒരു ഭക്തൻ മാംസ ആഹാരങ്ങൾ കഴിക്കില്ല. അത് കൊണ്ട് തന്നെ  മാംസ ആഹരങ്ങളുടെ സാന്നിധ്യമുള്ളയിടങ്ങളിൽ നിന്ന് അവർ ഭക്ഷണം കഴിക്കാറില്ല. അതിനെ മറ്റുള്ള മതസ്ഥർ ആദരിക്കണം അതിനോട് സഹിഷ്ണുത കാണിക്കണം . അല്ലാതെ ഞാൻ ഈദിന് കൊടുത്ത ചിക്കൻ ബിരിയാണി അവൻ കഴിച്ചില്ല അവൻ മതവർഗ്ഗീയ വാദിയാണ് എന്ന് പറഞ്ഞു ആക്ഷേപിക്കുകയല്ല  വേണ്ടത് . പലപ്പോഴും ബലി പെരുന്നാളിൽ നിങൾ നൽകുന്ന ബലി മാംസം അവൻ സ്വീകരിക്കാറുണ്ട് എന്നുള്ളത് മറക്കരുത്. അതേപോലെ നിവേദ്യമായി ലഭിക്കുന്ന പായസം ഒരു മുസ്ലിം സുഹൃത്ത് കഴിച്ചില്ല എന്നത് കൊണ്ട് അവനെ വർഗ്ഗീയവാദി എന്ന് വിളിക്കുകയല്ല വേണ്ടത് അവനോട് സഹിഷ്ണുത കാട്ടുകയാണ് വേണ്ടത്. കാരണം അവൻ നിൻ്റെ വീട്ടിൽ ഉണ്ടാകുന്ന പായസവും സദ്യയും കഴിക്കറുള്ളവനാണ്. ആരാധനപരമയ വസ്തുക്കൾ മാത്രമേ അവൻ കഴിക്കാത്ത തായുള്ളൂ . തൻ്റെ മതത്തിൻ്റെ വിശ്വാസങ്ങളിൽ  ആചാരങ്ങളിൽ ഉറച്ചു നിന്ന് കൊണ്ട് തന്നെ മറ്റു മതത്തിൽ വിശ്വസിക്കുന്നവരുമായി സഹകരണത്തിൽ , സൗഹൃദത്തിൽ ജീവിക്കുകയാണ് വേണ്ടത്. അതിന് മാതൃക മുഹമ്മദ് നബി (സ) തന്നെയാണ്. മദീനയിലെ ഭരണാധികാരിയായ പ്രവാചകൻ അവിടത്തെ ന്യൂനപക്ഷ മതത്തിലെ ആളുകൾക്ക് അവരുടെ മത വിശ്വാസ ആചാരങ്ങൾ അനുസരിച്ച് ജീവിക്കുവാൻ അനുവാദം നൽകിയിരുന്നു. ഇസ്ലാമിക നിയമങ്ങളല്ല അവരിൽ ചുമത്തിയത്. അവരുടെ ആഘോഷങ്ങളായ ആശുറ , നൈറൂസ് എല്ലാം അവർക്ക് അനുവദിച്ചിരുന്നു. സ്വഹാബികൾ അതെ രീതി പിന്തുടർന്നു. സഹകരിക്കാ വുന്ന കാര്യങ്ങളിലൊക്കെ സഹകരിക്കുകയും ചെയ്തു.

محمد بن سيرين، قال: أُتِيَ عَلِيٌّ رَضِيَ اللهُ عَنْهُ بِهَدِيَّةِ النَّيْرُوزِ فَقَالَ: مَا هَذِهِ؟ قَالُوا: يَا أَمِيرَ الْمُؤْمِنِينَ هَذَا يَوْمُ النَّيْرُوزِ، قَالَ: فَاصْنَعُوا كُلَّ يَوْمٍ فَيْرُوزَ.
ഇബ്ൻ സീരീൻ പറയുന്നു: അലി (റ) വിൻെറ അടുക്കൽ നൈറൂസിൻ്റെ സമ്മാനങ്ങൾ കൊണ്ട് വരപ്പെട്ടു അദ്ദേഹം ചോദിച്ചു ഇത് എന്താണ്? അമീറുൽ മുഅമിനീൻ ഇന്ന്  നൈറൂസ് ദിനമാണ്. അന്നേരം അലി (റ) പറഞ്ഞു: എന്നാൽ എല്ലാ ദിവസവും നൈറൂസ് ദിനമാക്കൂ. "
(ബൈഹക്കി , ഇബ്ൻ അസാക്കിർ 42/447)

ഇന്ന് ചില ആളുകൾ പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഓണ സദ്യ കഴിച്ചാൽ നരകത്തിൽ പോകും എന്നൊക്കെ പറഞ്ഞു കളഞ്ഞു. നബിയുടെ അനുചരനായ അലി (റ) യുടെ പ്രവർത്തി അവരെ ലജ്ജിപ്പികുന്നതാണ്. 

അന് തര പറഞ്ഞു : അലി (റ) നൈറൂസിൻ്റെയോ, മിഹ്റ ജാൻ്റെയോ ദിനത്തിൽ വന്നു. അദ്ദേഹത്തിൻ്റെ കയ്യിൽ ഹദിയ്യയുണ്ടയിരുന്നൂ .
(ഇബ്ൻ അസാക്കിർ 42/447)

നൈറൂസ് പേർഷ്യക്കരുടെ പുതുവത്സര ആഘോഷമാണ്. അതിൽ ഹദിയ്യയായി ലഭിക്കുന്ന വസ്തുക്കൾ അലി (റ) സ്വീകരിച്ചിരുന്നു. ഇന്ന്  ക്രിസ്മസ് ആഘോഷങ്ങളിൽ നമ്മുടെ സുഹൃത്ത് ഒരു കേക്ക് കഷണം സമ്മാനിച്ചാൽ അത് കഴിക്കൽ നിഷിദ്ധമാണ് എന്ന് വാദിക്കുകയാണ് ചിലർ.
ഒരു നേർച്ചയുടെ ഭക്ഷണമല്ല കേക്ക് എന്നോർക്കണം. അതേപോലെ ആ കേക്ക് കഴിക്കുന്ന ഒരാളും  ഈസ നബി ദൈവ പുത്രനാണെന്നും,അദ്ദേഹത്തിൻ്റെ ജന്മദിനമാണ് അന്നെന്നും  വിശ്വസിക്കുന്നുമില്ല. സഹോദര മതസ്ഥരുടെ ഒരു സന്തോഷത്തിൽ പങ്ക് കൊള്ളുക എന്ന ഒരു ചിന്ത മാത്രമേ അതിലുള്ളൂ. ഇഫ്താറുകളിൽ പങ്കെടുക്കുന്ന അമുസ്‌ലിങ്ങൾ ആരും അല്ലാഹു മാത്രമാണ് ദൈവം എന്ന് വിശ്വസിക്കുന്നില്ലല്ലോ ! അവർ തങ്ങളുടെ സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കുന്നു എന്ന് മാത്രം. ഇഫ്താർ ഒരു നേർച്ച ഭക്ഷമല്ല. 

 മറ്റൊരു സംഭവം നോക്കുക: 

حدثنا وكيع قال ثنا الحسن بن حكيم عن أمه عن أبي برزة الأسلمي أنه كان له سكان مجوس فكانوا يهدون له في النيروز والمهرجان ، فيقول لأهله : ما كان من فاكهة فاقبلوه ، وما كان سوى ذلك فردوه

അബൂബര്‍സ(റ)ന് അഗ്നിയാരാധകരായ കുറച്ചു കൊല്ലപ്പണിക്കാര്‍ ഉണ്ടായിരുന്നു. അവര്‍ അവരുടെ ആഘോഷ ദിവസങ്ങളില്‍ അബൂബര്‍സ(റ)വിന്‍റെ കുടുംബത്തിന് സമ്മാനങ്ങള്‍ കൊടുത്തിരുന്നു. അപ്പോള്‍ അബൂബര്‍സ(റ) തന്‍റെ വീട്ടുകാരോടു പറയും. "അവരുടെ പഴങ്ങള്‍ പോലുള്ള സമ്മാനങ്ങള്‍ സ്വീകരിക്കുക. അല്ലാത്തത് (മാംസം) മടക്കി കൊടുക്കുക". 
(ഇബ്നു അബീശൈബ 5/548)

പച്ചക്കറി, പഴം , മധുരങ്ങൾ ഒക്കെ അവർ സ്വീകരിച്ചിരുന്നു എന്നാൽ മാംസം സ്വീകരിച്ചിരുന്നില്ല. കാരണം അത് അറുത്തതാകൻ സാധ്യതയില്ല എന്നതാണ് വസ്തുത. അറുത്തതായാലും അല്ലാഹു അല്ലാത്ത വസ്തുക്കളുടെ നാമം ഉച്ചരിച്ചതാകാനും സാധ്യതയുണ്ട്. നേർച്ച യല്ലാതെ ശരിയായ രീതിയിൽ അറുത്ത താണെങ്കിൽ   അവർ അറുത്ത അനുവദിക്കപ്പെട്ട മാംസങ്ങൾ അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ച് മുസ്ലീംങ്ങൾക്ക് കഴിക്കാവുന്നതാണ്.

ٱلْيَوْمَ أُحِلَّ لَكُمُ ٱلطَّيِّبَـٰتُ ۖ وَطَعَامُ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ ۖ 
ഇന്നു നിങ്ങള്‍ക്കു (നല്ല) വിശിഷ്ടമായ വസ്തുക്കള്‍ (പൊതുവെ) അനുവദിക്കപ്പെട്ടിരിക്കുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ ഭക്ഷണവും നിങ്ങള്‍ക്കു അനുവദനീയമാകുന്നു: നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാകുന്നു. 
(മാഇദ  - 5:6)

ഒരു മുസ്ലിമിന് എന്ത് അനുവദനീയം എന്ത് നിഷിദ്ധം എന്ന് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.

حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَحْمُ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسْتَقْسِمُوا۟ بِٱلْأَزْلَـٰمِ ۚ ذَٰلِكُمْ فِسْقٌ ۗ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُوا۟ مِن دِينِكُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِ ۚ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ 
وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا ۚ فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

നിങ്ങളുടെ മേല്‍ ശവവും രക്തവും, പന്നിമാംസവും, അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തപ്പെട്ട [അറുക്കപ്പെട്ട]തും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു; കുടുങ്ങിച്ചത്തതും, തല്ലിക്കൊല്ലപ്പെട്ടതും, വീണു ചത്തതും, കുത്തേറ്റു ചത്തതും, ദുഷ്ടജന്തു തിന്നതും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു); നിങ്ങള്‍ അറുത്തതൊഴികെ ബലിപീഠത്തിങ്കല്‍ (അഥവാ പ്രതിഷ്ഠകളുടെ അടുക്കല്‍) വെച്ച് അറുക്കപ്പെട്ടതും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു) - അമ്പുകോലുകള്‍ കൊണ്ടു നിങ്ങള്‍ ഓഹരി [ഭാഗ്യം] നോക്കലും (നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). അതു തോന്നിയവാസമാകുന്നു. ഇന്നത്തെ ദിവസം, നിങ്ങളുടെ മതെത്തക്കുറിച്ച് അവിശ്വസിച്ചവര്‍ നിരാശപ്പെട്ടിരിക്കുകയാണ്. എനി, നിങ്ങള്‍ അവരെ പേടിക്കരുതു; എന്നെ പേടിക്കുകയും ചെയ്യുവിന്‍. ഇന്നു നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ പൂര്‍ണ്ണമാക്കിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്കു തൃപ്തിപ്പെട്ടു തരുകയും ചെയ്തിരിക്കുന്നു. എനി, വല്ലവനും കുറ്റത്തിലേക്ക് ചായ്‌വ് കാണിക്കുന്നവനല്ലാത്ത നിലയില്‍ പട്ടിണിയില്‍(പെട്ട്) നിര്‍ബന്ധിതനായിത്തീരുന്ന പക്ഷം, അപ്പോള്‍ (അതിനു വിരോധമില്ല). നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
(മാഇദ  - 5:4)

ഇതിൽ ഉറച്ചു നിന്ന് അനുവദനീയമായ കര്യങ്ങൾ ചെയ്തു ജീവിക്കുക. പ്രമാണങ്ങളെ തെറ്റായ കോണിൽ വ്യാഖ്യാനിച്ച് വഴിതെറ്റാതെ ജീവിക്കുക.

 മറ്റൊരു സംഭവം നോക്കുക:
حدثنا جرير عن قابوس عن أبيه أن امرأة سألت عائشة فقالت : إن لنا إطارا من المجوس وإنهم يكون لهم العيد فيهدون لنا ، فقالت : أما ما ذبح لذلك اليوم فلا تأكلوا ، ولكن كلوا من أشجارهم 

ഒരു മുസ്‌ലിം സ്ത്രീ ഒരിക്കല്‍ മുഹമ്മദ്‌ നബി(സ)യുടെ ഭാര്യ ആഇശ(റ)യോട് ചോദിച്ചു: "ഞങ്ങള്‍ക്ക് അഗ്നിയാരാധകരായ ചില ആയമാരുണ്ട്. അവര്‍ അവരുടെ ആഘോഷ ദിവസം ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ തരാറുണ്ട്. അത് നമുക്ക് ഉപയോഗിക്കാമോ...?. ആഇശ(റ) പറഞ്ഞു: "അവരുടെ ആഘോഷ ദിവസം അവര്‍ അറുത്തതു നിങ്ങള്‍ ഭക്ഷിക്കരുത്, എന്നാല്‍ അന്നത്തെ അവരുടെ പച്ചക്കറികള്‍ നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക." 
(ഇബ്നു അബീശൈബ 5/548). 

ഇതിലെ പരമ്പരയിൽ ഖാബൂസ് ഇബ്ൻ അബീദബിയാനെ ഇമാം അഹ്മദ്, നസാഈ , ഇബ്ൻ സഅദ് തുടങ്ങിയവർ ദുർബലപ്പെടുത്തി എന്നാൽ ഇമാം ഇബ്ൻ മഈൻ, ഫസവി, ജുർജാനി, സ്വാലിഹ് ജൈലി, ഇബ്ൻ ശാഹീൻ തുടങ്ങിയവർ സ്വീകാര്യൻ എന്ന് പറഞ്ഞു.
(കിത്താബ് ദക്കിറ മിൻ ഇഖ്തി ലാഫിൽ ഉലമാഉ - ഇബ്ൻ ശാഹീൻ)

കൂടാതെ ജരീർ ഇബ്ൻ അബ്ദുൽ ഹുമൈദ് ഖാബൂസിൽ നിന്നാണ് ഇത് ഉദ്ധരിക്കുന്നത് ഈ ഖാബൂസ് എന്നത് ഖാബൂസ് ഇബ്ൻ അബീ മുഖാരിക്കാകാനും സാധ്യതയുണ്ട്. ഈ രണ്ട് ഖാബൂസിൽ നിന്നും ജരീർ ഹദീസുകൾ നിവേദനം ചെയ്യാറുണ്ട്. രണ്ടും ജരീരിൻ്റെ ശൈഖ് മാരാണ്. ഖാബൂസ് ഇബ്ൻ അബീ മുഖാരിക്ക് സ്വീകാര്യനാണ് .
ഇവിടെ നബിയും സ്വഹാബികളും മറ്റ് മതസ്ഥരുമയി എങ്ങനെയെല്ലാം സഹകരിക്കാമെന്നും , അവരോട് സഹിഷ്ണുത യിലായിരിക്കണമെന്നും പഠിപ്പിക്കുന്നു. 

കൂടാതെ ഇമാം ഇബ്ൻ തൈമിയ്യ ഈ അഥറുകൾ തെളിവ് പിടിച്ചു അമുസ്ലിം ആഘോഷങ്ങളിലെ സമ്മാനങ്ങൾ മുസ്ലിംകൾക്ക് സ്വീകരിക്കാം എന്ന് പ്രസ്താവിക്കുന്നു .

قال شيخ الإسلام ابن تيمية رحمه الله : " وأما قبول الهدية منهم يوم عيدهم فقد قدمنا عن علي بن أبي طالب رضي الله عنه أنه أتي بهدية النيروز فقبلها

'അവരുടെ പെരുന്നാൾ ദിനത്തിൽ അവരിൽ നിന്ന് ഒരു സമ്മാനം സ്വീകരിക്കുന്നതിന്, ഞാൻ  മുകളിൽ ഉദ്ധരിച്ചത് തെളിവാണ്  , 'അലി ഇബ്‌നു അബീ താലിബ് നയ്‌റൂസിന്റെ അവസരത്തിൽ ഒരു സമ്മാനം കൊണ്ടുവന്നു, അദ്ദേഹം അത് സ്വീകരിച്ചു.(ഇഖ്തിളാ അൽ സ്വിറാത്തൽ മുസ്തകീം 250 )
 
عن ابن عمر قال قال رسول الله صلى الله عليه وسلم من تشبه بقوم فهو منهم


ഇബ്ൻ ഉമർ(റ) നിന്ന് നബി (സ)പറഞ്ഞു : ആരെങ്കിലും ഒരു സമൂഹത്തെ അനുകരിച്ചാൽ അവർ അവരിൽപ്പെടും.
(അഹ്മദ് ,അബൂദാവൂദ്)

ഈ നബി വചനത്തെ തെറ്റായി മനസ്സിലാക്കി ചില പ്രാസംഗികർ അതിര് കവിഞ്ഞ മത വിധികൾ ജൽപ്പികുന്നുണ്ട്.  
മറ്റ് സമൂഹങ്ങളുടെ ആരാധന, അനുഷ്ഠാനങ്ങൾ അനുകരിക്കരുത് എന്ന പൊതുവായ നിയമമാണ് ഈ വചനം  മുന്നോട്ട് വെക്കുന്നത്. അല്ലാതെ മറ്റ് സമൂഹത്തെ ഒരു നിലക്കും അനുകരിക്കരുത് എന്നാണെങ്കിൽ ഷർട്ടോ, മുണ്ടോ, പൻ്റോ, ബനിയനോ, തുടങ്ങി അരിയോ, പശുവിൻ പാലോ ,അലോപ്പതി മരുന്നുകൾ വരെ നിരവധി അനവധി അന്യ സമൂഹത്തിൻ്റെ സംഭാവനകളായ, സംസ്കാരത്തിൽ പെട്ട പലതും ഉപേക്ഷിക്കേണ്ടി വരും. അറബികൾ ധരിക്കുന്ന ഗൗണും, തലയിലെ തുണിയും ധരിച്ച് നടക്കേണ്ടി വരും. ചില പ്രാസംഗികർമാർ  അത്തരം വസ്ത്രം ധരിക്കുന്നത് ഇത്തരം അതിര് കവിഞ്ഞ ചിന്താധര മൂലമാണ്. ഇസ്ലാം മുന്നോട്ട് വെക്കുന്ന ഡ്രസ്സ് കോഡ് അത് ശരീരത്തിൻ്റെ ലാവണ്യ സൗന്ദര്യ ഭാഗങ്ങൾ വെളിവാകത്ത വസ്ത്രം എന്നതാണ്. കറുത്ത നിറവും വെള്ള നിറവും മാത്രമേ പാടുള്ളൂ എന്നില്ല. ഇസ്ലാം മുന്നോട്ടു വെക്കുന്ന വസ്ത്രം ധരിക്കേണ്ടതിൻ്റെ ആവശ്യകതയാണ് പൂർത്തിയാകേണ്ടത്. അത് നഗ്നത മറക്കുക , മറ്റുള്ളവർക്ക് വശ്യതയുണ്ടാക്കത്തിരിക്കുക എന്നതാണ്.  അത് മൂലം വസ്ത്രം ധരിക്കുന്ന ആൾക്ക് മറ്റുള്ളവരുടെ ഉപദ്രവത്തിൽ നിന്ന് രക്ഷ കിട്ടുക എന്നതുമാണ്. വസ്ത്രം ഒരു പരിച മാത്രമാണ്. 

കൂടാതെ അബൂദാവൂദ് ഉദ്ധരിച്ച ഹദീസിൻറെ പരമ്പര ദുർബലവുമാണ് .

قَالَ الْمُنْذِرِيُّ : فِي إِسْنَاده عَبْد الرَّحْمَن بْن ثَابِت بْن ثَوْبَانِ وَهُوَ ضَعِيف
 تهذيب سنن أبي داود " (6/ 25)

ഇമാം മുൻദിരി പറഞ്ഞു ; ഇതിന്റെ പരമ്പരയിലെ അബ്ദിറഹ്മാൻ ഇബ്ൻ സാബിത് ഇബ്ൻ സൗബാൻ ദുർബലനാണ് 
(തഹ്ദീബ് സുനന് അബീദാവൂദ്  6/ 25)

മതം എന്നത് കേവലം അക്ഷര വായന മാത്രമല്ല മതത്തിൻ്റെ ആശയം കൂടി മനസ്സിലാക്കണം. 


لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَـٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَـٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ
മത(വിഷയ)ത്തില്‍ നിങ്ങളോടു യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്നു നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോടു വിരോധിക്കുന്നില്ല; (അതെ) നിങ്ങള്‍ അവര്‍ക്കു നന്‍മ ചെയ്യുകയും, അവരോടു നീതിമുറ പാലിക്കുകയും ചെയ്യുന്നതു (വിരോധിക്കുന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
(മുംതഹിനഃ  - 60:8)
അന്യ സമൂഹത്തിൽ പെട്ടവർക്ക് നന്മ ചെയ്യുകയും അവരോട് നീതിയോടെ പ്രവർത്തിക്കണം എന്നുമാണ് ഖുർആൻ പഠിപ്പിക്കുന്നത്. അതാണ് മുസ്ലിമിൻ്റെ രീതി.
يَـٰٓأَهْلَ ٱلْكِتَـٰبِ لَا تَغْلُوا۟ فِى دِينِكُمْ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ 
വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ അതിരു കവിയരുത്; നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍യഥാര്‍ത്ഥമല്ലാതെ പറയുകയും ചെയ്യരുത്. 
(നിസാഅ് - 4:171)
തെറ്റായ കോണിലൂടെ മതത്തെ വിവരിച്ച് മതത്തിൽ അതിര് കവിയരുത്. 
സ്വന്തം വിശ്വാസങ്ങളിൽ അടിയുറച്ച് നിന്ന്  മറ്റുള്ള സമൂഹത്തിന് ഒപ്പം സൗഹൃദത്തിൽ , സഹിഷ്ണുത യിൽ സഹകരിച്ച് മുന്നോട്ട് പോകുക ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ.



 

No comments:

Post a Comment