ഉസൂലുൽ ഹദീഥ് - പാർട്ട് 9

 

മജ്‌ഹൂൽ

അജ്ഞാതരായ നിവേദകരെയാണ് 'മജ്‌ഹൂൽ' എന്ന് ഹദീസ് വിജ്ഞാനീയത്തിൽ പറയുന്നത് .വളരെ കുറച്ചുമാത്രം ഹദീസ് നിവേദനം ചെയ്‌ത ഇവരെ മുഹദ്ദിസുകൾ പ്രശംസിക്കുകയോ , ആക്ഷേപിക്കുകയോ ചെയ്‌തിട്ടുണ്ടാകില്ല  ഇവരുടെ ആധികാരികത(ഹാൽ ) അജ്ഞമായിരിക്കും അത് കൊണ്ട് ഇത്തരം റാവിയെ   'മജ്‌ഹൂലുൽ ഹാൽ' എന്ന് പറയുന്നു .  ചില പരമ്പരകളിൽ റാവിയുടെ പേരിൻറെ സ്ഥാനത്  'ശൈഖ്' എന്നോ , 'റജുൽ' (വ്യക്തി )എന്നോ , 'സികത്' (സ്വീകാര്യൻ )എന്നോ 'സാഹിബുൻ ലനാ' എന്നോ  (നമ്മുടെ ആളുകളിൽ പെട്ടവൻ ) ആയിരിക്കും ഉണ്ടാകുക ഇത്തരം വാക്കുകളെ "മുബ്ഹം" എന്ന് പറയുന്നു .മുബ്ഹമായ വാക്കുകൾ കൊണ്ട്  അഭിസംബോധന  ചെയ്ത റാവിയെ മുബ്ഹമായ റാവി എന്ന് പറയുന്നു . ഇത്തരം റാവികളുള്ള ഹദീസുകൾ തെളിവിന് പറ്റുന്നതല്ല .

ചിലപ്പോൾ റാവിയുടെ പേര് പറയാതെ 'സിക്കതുൻ ' (സ്വീകാര്യൻ )എന്ന് പറഞ്ഞു സനദ് ഉദ്ധരിക്കും അത് സ്വീകാര്യമല്ല എന്നാണ് ഭൂരിപക്ഷ അഭിപ്രായം എന്നാൽ അധികാരികരായ  ഇമാം അഹമ്മദ്,ഇമാം  മാലിക്ക് പോലുള്ള പണ്ഡിതന്മാർ ഇത് പോലെ  മുബ്ഹമായി റാവിയെ ഉദ്ധരിച്ചാൽ സ്വീകരിക്കാം എന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് . പക്ഷെ ,  റാവിയുടെ നാമം വ്യക്തമായാലാണ് അയാളുടെ ആധികാരികത , പരമ്പരയിലെ ഇൻക്വിതാഉ , മറ്റ് ഇല്ലത്തുകളൊക്കെ അറിയാൻ സാധിക്കു .അത് കൊണ്ട് ആ പ്രസ്താവന  സ്വീകാര്യമായ ഒന്നല്ല . അതേപോലെ , ചിലപ്പോൾ റാവിയുടെ അപ്രശസ്ത നാമം ഉപയോഗിച്ച് ചിലർ ഹദീസ് ഉദ്ധരിക്കും വളരെ ചുരുങ്ങിയ ആളുകൾക്ക് മാത്രമേ ആ നാമം പരിചയമുണ്ടാകു. ഉദാഹരണത്തിന് അബൂബക്കർ (റ )വിൻറെ നാമം അബ്ദുല്ലഹ് ഇബ്ൻ ഉസ്മാൻ എന്നാണ് എന്നാൽ അദ്ദേഹം അറിയപ്പെടുന്നത് അബൂബക്കർ സിദ്ധീക്ക് എന്നാണ് മറ്റേ നാമം അധികം ആളുകൾക്ക് അറിയില്ല . ഇങ്ങനെ ഉദ്ധരിക്കുമ്പോൾ ആ റാവിയെ കൃത്യമായി തിരിച്ചറിയാനായാൽ , അയാളുടെ യോഗ്യതയനുസരിച്ച്  ഹദീസ് സ്വീകാര്യവും , അസ്വീകാര്യവുമാകും .എന്നാൽ റാവിയെ കൃത്യമായി തിരിച്ചറിയാനായില്ലെങ്കിൽ ഇത്തരം റാവികളെയും മസ്‌തൂറായി പരിഗണിക്കും മജ്‌ഹൂലായ റാവിയുടെ മറ്റൊരു നാമമാണ് " മസ്‌തൂർ ".ചിലപ്പോൾ ഒരു റാവി വളരെ കുറച്ചു ഹദീസുകൾ മാത്രം നിവേദനം ചെയ്തിട്ടുണ്ടാകും അത് വളരെ കുറച്ച് ശിഷ്യന്മാർ മാത്രമെ  റിപ്പോർട്ട് ചെയ്തിട്ടുണ്ടാകു അതിനാൽ മുഹദ്ദിസുകളുടെ അടുക്കൽ ആ ശൈഖിനെ കുറിച്ച് യാതൊരു രേഖയും കാണില്ല , കേവലം നാമവും സ്ഥലവും അറിയുന്നത് കൊണ്ട് ഒരു റാവി മജ്ഹൂലിന്റെ പരിധിയിൽ നിന്ന് പുറത്ത് കടക്കില്ല . അതുകൊണ്ട് ആ റാവി അജ്ഞാതനായി മാറും . ഇത്തരം റാവികളെ കുറിച്ച് ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട് .

ബിദ്ഈ കക്ഷികൾ

പ്രവാചക വിയോഗ ശേഷം ഇസ്ലാമിക ലോകത് പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട് . കാലാന്തരത്തിൽ പല പുത്തൻ ആശയങ്ങളും ഇസ്ലാമിലേക്ക് കൂട്ടിചേർക്കപ്പെട്ടിട്ടുണ്ട് . വൈജ്ഞാനിക  വിസ്ഫോടനത്തിന്റെ ഫലമായി അന്യ ഭാഷ ഗ്രന്ഥങ്ങൾ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ അതിലെ ആശയങ്ങളുമായി ഇസ്ലാമിക ആശയങ്ങളെ സംയോജിപ്പിച്ച് പലരും പല വ്യഖ്യാനങ്ങളും നൽകാൻ തുടങ്ങി . അതിന്റെ ഫലമായി പുതിയ ആശയ ധാരകൾ മുസ്ലിംങ്ങൾക്കിടയിൽ രൂപപ്പെട്ടു .  അലിയ്യ് (റ )ലഭിക്കേണ്ട രിസാലത്താണ്‌ മുഹമ്മദ് നബിക്ക് ലഭിച്ചതെന്ന് വാദിക്കുന്ന ശിയാക്കൾ , അല്ലാഹുവിൻറെ നാമങ്ങളേയും , വിശേഷണങ്ങളെയും നിഷേധിക്കുന്ന ജഹ്മിയാക്കൾ ,അവർ വാദിച്ചത് അത് സൃഷ്ടികൾക്ക് മാത്രമേ യോജിക്കു അള്ളാഹുവിന് യോജിക്കില്ല എന്നാണ് , അല്ലാഹുവിന്റെ അനുമതിയില്ലാതെ തന്നെ എന്തും ചെയ്യുന്നവനാണ് മനുഷ്യൻ എന്ന് വാദിച്ച ഖദ്രിയ്യാക്കൾ , മനുഷ്യൻ  സ്വന്തമായി ഒന്നും ചെയ്യുന്നില്ല എല്ലാം അല്ലാഹുവാണ് അവനെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് എന്ന് വാദിച്ച ജബരിയ്യാക്കൾ, വിശ്വാസം മാത്രം മതി കർമ്മത്തിന് പ്രസക്തിയില്ല എന്ന് വാദിച്ച മുർജിഉകൾ, അല്ലാഹുവിൻറെ വിശേഷണങ്ങൾ നിഷേധിക്കുകയും അവൻ സൃഷ്ടികളിൽ നിന്ന് വേറിട്ടവനാണെന്നും , മനുഷ്യന് സ്വയം കർമ്മങ്ങൾ ചെയ്യാനാകുമെന്നും അവൻ അവന്റെ ഇച്ഛക്കനുസരിച്ചാണ് കർമ്മങ്ങൾ ചെയ്യുന്നത് എന്നും മറ്റെല്ലാ കാര്യങ്ങളെപോലെ തന്നെ എല്ലാം അല്ലാഹു വിൻറെ അനുമതി കൂടാതെ നടക്കില്ല എന്നും വൻ പാപം ചെയ്തവൻ വിശ്വാസിയോ , അവിശ്വാസിയോ അല്ല രണ്ടിനും മധ്യത്തിലാണ് ഉള്ളതെന്നും വാദിച്ച മുഅതിസിലിയ്യാക്കൾ തുടങ്ങി അനേകം ചിന്താധാരകൾ ഉടലെടുത്തു .

ഇവരാണ് ബിദ്ഈ കക്ഷികൾ ഇത്തരം വിശ്വാസങ്ങൾ കുഫ്‌റും , ഹറാമുമാണ് . അതിനാൽ ഇത്തരക്കാരുടെ ഹദീസുകൾ സ്വീകാര്യവുമല്ല . ചില പണ്ഡിതന്മാർ ഇവരുടെ ആശയങ്ങളെ പ്രചരിപ്പിക്കുന്ന ഹദീസുകൾ മാത്രം ഉപേക്ഷിച്ചാൽ മതി മറ്റുള്ളവ സ്വീകരിക്കാമെന്ന് പറയുന്നു . അതിൻറെ ഫലമായി ബിദ്അതുകാരായ  ധാരാളം നിവേദകരുടെ ഹദീസുകൾ സിഹാഹുകളിൽ പോലും ഉദ്ധരിച്ചിട്ടുണ്ട് .

ഉദാഹരണത്തിന് ശൈഖൈനികളുടെ ഗ്രന്ഥത്തിൽ തന്നെ വന്ന നിവേദകരെ നോക്കുക ;

ഇബ്രാഹിം ഇബ്ൻ തഹ്മാൻ - ജഹ്മിയ്യ

ബഷീർ ഇബ്ൻ മുഹാജിർ - മുർജിഈ

ഖാലിദ് ഇബ്ൻ മുഖാലിദ് -ശിഈ

ഇബ്രാഹിം ഇബ്ൻ മുഹമ്മദ് ഇബ്ൻ സംആൻ - മുഅതിസിലിയ്യ

മുഹദ്ദിസുകൾ ഈ നിവേദകരെ രണ്ടായി തിരിച്ചിരിക്കുന്നു . ഒന്ന് , ഈ സംഘത്തിൻറെ ആളുകൾ രണ്ട് , ഈ സംഘത്തിൻറെ വിശ്വാസങ്ങൾ പേറി നടക്കുന്നവർ . ഒന്നാമത്തെ കക്ഷികളുടെ ഹദീസുകൾ സ്വീകാര്യമല്ല എന്നത് തർക്കമില്ലാത്ത കാര്യവും രണ്ടാമത്തെ വിഭാഗത്തിന്റെ ഹദീസുകൾ ചില നിബന്ധനകളിലൂടെ സ്വീകാര്യമാകുന്നവയുമാണ് .

റാവിക്ക് വേണ്ട ശർത്തുകൾ

1 , അയാൾ മുതവാത്തിറായി സ്ഥിരപ്പെട്ട കാര്യങ്ങളെ നിഷേധിക്കുന്ന ആളാകരുത്

2 , ബിദ്ഈ ആശയമുള്ളപ്പോൾ തന്നെ മറ്റു യോഗ്യതകൾ (അദാലത് )പൂർത്തിയായിരിക്കണം

3 , ഖുർആനും , സുന്നത്തും തന്റെ ബിദ്ഈ ആശയങ്ങൾക്കനുസൃതമായി ദുർവ്യാഖ്യാനിച്ചിട്ടുണ്ട് എന്ന് ആരോപിതനാകരുത്

4 , കളവ് പറയൽ അനുവദനീയമാണ് എന്ന് പറയുന്നവനാകരുത്

5 , അയാളുടെ നിവേദനം അഖീദയുമായി ബന്ധപ്പെട്ടതാകരുത് .

(തുഹ്ഫത്തുൽ ദുറർ 65 -66 )

            ബിദ് ഈ കക്ഷികളുടെ ആശയങ്ങളോട് അനുഭാവമുള്ള റാവികൾ നിവേദനം ചെയ്യുന്ന ഹദീസുകൾ മേൽ പറഞ്ഞ നിബന്ധനകൾ പാലിച്ചാൽ സ്വീകരിക്കാമെന്നാണ് മുഹദ്ദിസുകൾ അഭിപ്രായപ്പെട്ടത് . അതി സൂക്ഷ്മമായ നിരീക്ഷണം ഈ വിഷയത്തിൽ ആവശ്യമാണ്  കേവലം ആരെങ്കിലും ഇത്തരം നിവേദകരെ പ്രശംസിച്ചാൽ മാത്രം അത് മതിയാവതല്ല . വിശ്വാസത്തിന്റെ കപട മുഖമണിഞ്ഞവരെ തിരിച്ചറിയുക പ്രയാസമാണ് .

ഉസൂലുൽ ഹദീഥ് - പാർട്ട് 8

മുദ്‌റജ്

സനദിന്റെ  ശരിയായ രൂപത്തിന് ഭംഗം വരുത്തുന്നതിനെയോ , മത്നിൻറെ മൂലത്തിൽ ഇല്ലാത്ത ഒരു വചനം കൂട്ടിച്ചേർക്കുന്നതിനെയോയാണ് മുദ്‌റജ്  എന്ന് പറയുന്നത് . സനദിലാണ് മാറ്റം വരുത്തുന്നതെങ്കിൽ മുദ്‌റജുൽ  ഇസ്നാദ് എന്നും മത്നിലാണ് മാറ്റം വരുത്തുന്നതെങ്കിൽ മുദ്‌റജുൽ മത്ന് എന്നും പറയും .

ഇത് സംഭവിക്കാനുള്ള ഒരു കാരണം , ഗുരുവിന്റെ മുഖത്തു നിന്നും ഹദീസ് കേൾക്കുന്ന സമയം ഹദീസിന്റെ മൂലത്തിൽ ഇല്ലാത്ത എന്തെങ്കിലും വാക്കുകൾ ഗുരു മുഖത്തുനിന്ന് വരുകയും അത് ഹദീസ് എന്ന് തെറ്റിദ്ധരിച്ച് ശിഷ്യന്മാർ രേഖപ്പെടുത്തുകയും ചെയ്യുമ്പോളാണ് . ഒരിക്കൽ ശരീക്ക്‌  ഇബ്ൻ അബ്ദുല്ലാ ഖാദി ഒരു ഹദീസ് തന്റെ ശിഷ്യന്മാർക്ക് ഓതി കൊടുക്കുകയായിരുന്നു . അദ്ദേഹം പറഞ്ഞു ; ഹദ്ദസനാ അ'അമശ് അൻ അബീ സുഫ്‌യാൻ  അൻ ജാബിർ (റ ) കാല ; കാല റസൂൽ (സ )......ശേഷം ശിഷ്യർ അത്രയും രേഖപ്പെടുത്തുന്നത് വരെ മൗനം ദീക്ഷിച്ചു . ആ സമയത്താണ് ക്ലാസ്സിലേക്ക് സാബിത് ഇബ്ൻ മൂസ കടന്ന് വരുന്നത് സാബിത്തിനെ കണ്ട ഉടനെ ശരീക്ക് ഇബ്ൻ അബ്ദുല്ല അദ്ദേഹത്തെ നോക്കി പറഞ്ഞു " രാത്രി ധാരാളം നമസ്ക്കരിക്കുന്നവരുടെ മുഖം പകൽ മനോഹരമായിരിക്കും " ശരീക്ക് ഇബ്ൻ അബ്ദുല്ല അത് പറയാൻ കാരണം സാബിത് രാത്രിയിൽ ധാരാളം നമസ്ക്കരിക്കുന്നവനാണ്  എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു സാബിത്തിനെ അദ്ദേഹം പ്രശംസിച്ചതായിരുന്നു . പക്ഷെ സാബിത് കരുതി ഇത് നബി വചനമാണെന്ന് . സാബിത് എഴുതി എടുക്കുകയും  നിവേദനം ചെയ്യുകയും ചെയ്തു . ഈ സംഭവം ഇമാം ഇബ്ൻ അദിയ്യ് അൽ ജുർജാനി തൻറെ അൽ കാമിലിൽ സാബിത് ഇബ്ൻ മൂസയുടെ ചരിത്രം വിവരിക്കുന്നിടത് ഉദ്ധരിച്ചാതാണ്

(അൽ കാമിൽ ഫീ ദുഅഫാ അൽ റിജാൽ 2/ 526 )

അദ്ദേഹം നിവേദനം ചെയ്തത് കൊണ്ട് തന്നെ പല ഹദീസ് ഗ്രന്ഥത്തിലും " രാത്രി ധാരാളം നമസ്ക്കരിക്കുന്നവരുടെ മുഖം പകൽ മനോഹരമായിരിക്കും " എന്ന ശരീക്കിന്റെ വാക്കുകൾ നബി വചനമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഇമാം ഇബ്ൻ മാജ രാത്രിയിലെ സുന്നത്ത് നമസ്‌കാരത്തിന്റെ മഹത്വം എന്ന അധ്യായത്തിൽ ഈ വചനം ഉദ്ധരിച്ചിട്ടുണ്ട് (ഇബ്ൻ മാജ 1313 ) സിഹാഹ് സിത്ത എന്ന് വിശേഷണത്തിൽ ഉൾപ്പെട്ട സുനന് ഇബ്ൻ മാജയിലാണ് ഈ ഹദീസ് എന്നതോർക്കണം !

ഇമാം ഇബ്ൻ ജൗസി ഈ വചനം മൗദൂആണെന്ന് പറഞ്ഞു (അൽ മൗദൂആത് ഇബ്ൻ ജൗസി 110 )

നേരത്തെ ഉദാഹരണം പറഞ്ഞ ഗുരുവായ ശരീക്ക് ഇബ്ൻ അബ്ദുല്ലയായാലും , ശിഷ്യൻ സാബിത് ആയാലും അവർ പിഴവുകൾ വരുത്തുന്ന , വഹ്മുള്ള റാവികളാണ് എന്ന് ആ സംഭവം കൊണ്ട് മനസ്സിലാക്കാം . അങ്ങനെയാണ് മുഹദ്ദിസുകൾ റാവികളുടെ ന്യുനത കണ്ടെത്തുന്നത് .

ഇത്തരത്തിൽ ഇദ്‌റാജ്  സംഭവിക്കാനുള്ള മറ്റൊരു കാരണം ,റാവികൾ  ഹദീസ് ഉദ്ധരിക്കുമ്പോൾ സ്വന്തം അഭിപ്രായം കൂടി അതിനൊപ്പം പറയുന്നതാണ് . നബിയുടെ വാക്കുകളും അവരുടെ വാക്കുകളും കൂട്ടികലർത്തും . ഇതെല്ലം റാവികളുടെ ആധികാരികതയെ  ബാധിക്കുന്ന കാര്യങ്ങളാണ് .

ഉദാഹരണത്തിന് ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഉദ്ധരിച്ച "  സദസ്സില്‍ നിന്ന് വേര്‍പിരിയുന്നതുവരെ കച്ചവടത്തില്‍ നിന്ന് പിന്‍മാറുവാന്‍ വില്‍പ്പനക്കാരനും വാങ്ങുന്നവനും സ്വാതന്ത്യ്രമുണ്ട് " (ബുഖാരി 2114 ) എന്ന ഹദീസിൻറെ അവസാനത്തിൽ കച്ചവടം ഉറപ്പിച്ചു എന്നോ പിൻവലിച്ചു എന്നോ മൂന്ന് തവണ വാക്കാൽ ഉറപ്പിക്കണം എന്നുണ്ട് . ഇതിൽ "മൂന്ന് തവണ" എന്നത് നബിയുടെ (സ ) വാക്കുകളല്ല കൂട്ടി ചേർത്തതാണ് എന്ന് മുഹദ്ദിസുകൾ രേഖപ്പെടുത്തുന്നു.  (ഫത്ഹുൽ ബാരി 4 / 327 ,334 )

ചുരുക്കി പറഞ്ഞാൽ  മഹത് ഗ്രന്ഥങ്ങളിൽ പോലും ഇത്തരത്തിൽ റാവിയുടെ അഭിപ്രായങ്ങൾ , വാക്കുകൾ അബദ്ധത്തിൽ സംഭവിച്ചതും , മനപ്പൂർവ്വം കൂട്ടിച്ചേർത്തതും ഒക്കെ  നബി വചനവുമായി കൂട്ടി ചേർത്ത് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് . ഇത്തരത്തിലുള്ള ഹദീസുകളെ മുദ്‌റജ്  എന്ന് പറയുന്നു .

ഇവയെ വേർതിരിച്ചെടുക്കാനുള്ള ഒരു രീതി ശാസ്ത്രം പണ്ഡിതന്മാർ വികസിപ്പിച്ചെടുത്തിട്ടുമുണ്ട് അവിടെയാണ് ഉസൂലുൽ ഹദീഥിൻറെ പ്രസക്തി നിലകൊള്ളുന്നത് .

മഖ് ലൂബ്

സാൻദിലോ, മത്നിലോ ഏതെങ്കിലും ഒരു പദം  തല തിരിഞ്ഞു വരുന്നതിനെയാണ് മഖ് ലൂബ് ഹദീസ് എന്ന് പറയുന്നത് . സനദിൽ മാറ്റം  വന്നാൽ മഖ് ലൂബു സ്സനദ് എന്നും മത്നിൽ മാറ്റം  വന്നാൽ മഖ് ലൂബുൽ മത്ന് എന്നും പറയും .

ഉദാഹരണത്തിന് ; കഅബ് ഇബ്ൻ മർറത്ത്  എന്ന പേര് സനദിൽ തിരിച് പറഞ്ഞാൽ അഥവ മർറത്ത് ഇബ്ൻ കഅബ് എന്ന് പറഞ്ഞാൽ അതിനെ മഖ് ലൂബു സ്സനദ് എന്ന് പറയും . അതേപോലെ വാലിദ് ഇബ്ൻ മുസ്ലിം എന്നത് മുസ്ലിം ഇബ്ൻ വലീദ് എന്ന് പറയുക ഇതൊക്കെ മഖ് ലൂബു സ്സനദിന് ഉദാഹരങ്ങളാണ് . (ഫത്ഹുൽ മുഗീസ് 1/ 278 )

മത്നിൽ വാക്കുകൾ തല തിരിഞ്ഞു വരുന്നതിന്  ഉദാഹരണം ;

അബൂഹുറൈറ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ തണലല്ലാത്ത മറ്റു യാതൊരു തണലുമില്ലാത്ത ദിവസം ഏഴ് വിഭാഗത്തിന് അവൻ തണല്‍ നൽകുന്നതാണ്.നീതിമാനായ നേതാവ് അല്ലാഹുവിന് ഇബാദത്ത്‌ ചെയ്തുകൊണ്ട് ജീവിച്ചു വളർന്ന യുവാവ്  ഹൃദയം  എല്ലാ സമയവും പള്ളിയുമായി ബന്ധപ്പെട്ട മനുഷ്യൻ അല്ലാഹുവിന്റെ പേരിൽ പരസ്‌പരം സ്നേഹിക്കുകയും അതായത് അവന്റെ പേരിൽ ഒന്നിക്കുകയും അവന്റെ പേരിൽ ഭിന്നിക്കുകയും ചെയ്ത രണ്ട് ആളുകൾ സൗന്ദര്യവും സ്ഥാനമാനങ്ങളുമുള്ള ഒരു സ്‌ത്രീ അവിഹിത വേഴ്ചക്ക് ആവശ്യപ്പെട്ടപ്പോൾ ഞാൻ അല്ലാഹുവിനെ സൂക്ഷിക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ മനുഷ്യൻ ഇടത്  കൈകൊണ്ട് കൊടുക്കുന്നത് വലത്  കൈപോലും അറിയാത്ത വിധത്തിൽ വളരെ രഹസ്യമായി ദാനധർമ്മങ്ങൾ ചെയ്‌തവൻ ഏകനായിരുന്നുകൊണ്ട് അല്ലാഹുവിനെ ഓർത്ത്‌ കണ്ണുനീർ വാർത്തവൻ (ഇവരാണ് ഏഴു കൂട്ടർ). (മുസ്ലിം 1031 )

ഇവിടെ വലതു കൈകൊണ്ട് കൊടുക്കുന്നത് ഇടത് കൈപോലും അറിയില്ല എന്നതിനെ തല തിരിച്ച് 'ഇടത്  കൈകൊണ്ട് കൊടുക്കുന്നത് ' എന്ന്  ഇമാം മുസ്ലിമിന്റെ റാവി നിവേദനം ചെയ്തു . ഇതിനെ മഖ് ലൂബുൽ മത്ന് എന്ന് പറയുന്നു . (ഇഖ്തിസാർ  ഉലൂമിൽ ഹദീഥ്  - 88)

ഇമാം മുസ്ലിമിന്റെ കോപ്പികളിൽ വലതു കൈക്ക് പകരം ഇടത് എന്നണുള്ളത് . എന്നാൽ ഇമാം  മാലിക്ക് , ഇമാം ബുഖാരി എന്നിവർ വലതു കൈ എന്നുതന്നെയാണുള്ളത് . ഇത്തരത്തിൽ സനദിലും , മത്നിലും വാക്കുകൾ തിരിഞ്ഞു വരാം . സൂക്ഷ്മമായ പഠനത്തിലൂടെ മാത്രമേ ഇതെല്ലം തിരിച്ചറിയാനാകു .

മുള്ത്വരിബ്

പരസ്പ്പരം സംയോജിപ്പിക്കാൻ അസാധ്യമായ വിധത്തിൽ  വ്യത്യാസത്തോടെ വരുന്ന , അതെ സമയം ഒന്നിനെ മറ്റൊന്നിനേക്കാൾ മുൻഗണന നൽകാൻ സാധിക്കാത്തവിധം ബലാ ബലം സമമായി വരുന്ന  ഹദീസുകളെയാണ് മുള്ത്വരിബ് എന്ന് പറയുന്നത് . ഇത് സനദിലും , മത്നിലും സംഭവിക്കാം .  മുള്ത്വരിബു സ്സനദ് , മുള്ത്വരിബുൽ മത്ന് എന്നിങ്ങനെ പറയും . ഒരു വിഷയത്തെ കുറിച്ചായിരിക്കും ഹദീസുകൾ നിവേദനം ചെയ്യപ്പെടുന്നത് എന്നാൽ ഓരോ നിവേദനവും പരസ്പരം ഭിന്നമായിരിക്കും .ഇതിൽ ഒരു നിവേദനം സ്വീകരിച്ച് മറ്റേത് മാറ്റിവെക്കാൻ (തർജീഹ് ) സാധ്യമല്ലാത്ത വിധം ആധികാരികതയിൽ എല്ലാം സമമായിരിക്കും . ഇവയുടെ ആശയം സംയോജിപ്പിക്കാനും(ജംഉ) സാധ്യമാകാത്ത വിധം ഭിന്നവുമായിരിക്കും .

ഉദാഹരണം ;

അബൂബക്കർ (റ )വിൽ നിന്ന് നിവേദനം ; അദ്ദേഹം നബിയോട് പറഞ്ഞു ; അല്ലാഹുവിന്റെ ദൂതരെ താങ്കളെ നര ബാധിച്ചതായി ഞാൻ കാണുന്നു ; നബി [സ] പറഞ്ഞു 'ഹൂദും അതിന്റെ സഹോദരികളുമാണ് എന്നെ നരപ്പിച്ചത് '

(തിർമുദി 3297  , ഹാക്കിം )

ഈ ഹദീസ് വ്യത്യസ്തമായ പത്തോളം രീതിയിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് എല്ലാം അബൂ ഇസഹാക്ക് അസ്സബഈ വഴിയാണ് വന്നിട്ടുള്ളത് . ചിലത് മുർസലായിട്ടും , ചിലത് മൂത്തസ്വിലായിട്ടുമാണ് നിവേദനം ചെയ്യുന്നത് . ചിലതിൽ അബൂബക്കർ [റ ] വാണ് സ്വഹാബിയെങ്കിൽ ചിലതിൽ ആയിശ[റ ]യാണ് ചിലതിൽ സഅദാണ് . ഒന്നിന് മുൻഗണന നൽകി മറ്റൊന്നിനെ താഴെയാക്കാൻ പറ്റാത്ത വിധം സനദ് തുല്യമാണ് . ഇമാം ദാറുഖുത്നി ഈ ഹദീസ് മുള്ത്വരിബു സ്സനദിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു .

(ഇഖ്തിസാർ  ഉലൂമിൽ ഹദീഥ്  - 72 )

മത്നിൽ ഇള്ത്വിറാബ് സംഭവിച്ചതിന്  സിഹ്ർന്നബി ഹദീസ് ഉത്തമ ഉദാഹരണമാണ് . ഹിശാം ഇബ്ൻ ഉർവ്വയിൽ നിന്ന് സിഹാഹുകാർ ഉദ്ധരിച്ച നിവേദനത്തിൽ സിഹ്ർ ചെയ്ത വസ്തുക്കൾ നശിപ്പിച്ചതിനെ ചൊല്ലി പരസ്പര ഭിന്ന അഭിപ്രായമാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് .

 

"ആയിശ [റ ]നബിയോട് ചോദിച്ചു ; നബിയെ എന്താണ് അങ് സിഹ്ർ വസ്തുക്കൾ ജനങ്ങളെ പ്രദർശിപ്പിക്കാഞ്ഞത് ? നബി [സ ] പറഞ്ഞു ; എനിക്ക് അല്ലാഹു ശമനം നൽകി . ഇത് പുറത്തെടുത്ത് കാണിച്ചു ജനങ്ങൾക്കിടയിൽ പ്രശ്നം പരക്കുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല അങ്ങനെ നബി [സ ] ആ കിണർ മൂടാൻ കൽപ്പന കൊടുത്തു  "

ഇതിനു വിരുദ്ധമായി ഹിശാമിൽ നിന്ന് തന്നെയുള്ള മറ്റൊരു നിവേദനത്തിൽ

"അങ്ങനെ സിഹ്ർ വസ്തുക്കൾ പുറത്തെടുത്തു  ആയിശ [റ ]നബിയോട് ചോദിച്ചു ; നബിയെ എന്താണ് അങ്ങ്  നുശ്ര (മറു സിഹ്ർ ) ചെയ്യഞ്ഞത് ? എനിക്ക് അല്ലാഹു ശമനം നൽകി അതുകൊണ്ട് ജനങ്ങൾക്കിടയിൽ പ്രശ്നം പരക്കുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല '

ആദ്യത്തേതിൽ ആയിശ [റ ]യുടെ ചോദ്യം, സിഹ്ർ വസ്തുക്കൾ ജനങ്ങൾക്ക് കാണിച്ചു കൊടുക്കുന്നതിനെ പറ്റിയാണ്. രണ്ടാമത്തേതിൽ ആയിശ  [റ ] വിൻറെ റസൂലിനോടുള്ള ചോദ്യം നുശ്ര ചെയ്യുന്നതിനെ പറ്റിയാണ്രണ്ടു ചോദ്യത്തിനും നബി [സ ] ഒരേ ഉത്തരമാണ്  'റസൂൽ [സ ] പറഞ്ഞത് അത് 'അല്ലാഹു എനിക്ക് സുഖപ്പെടുത്തിയിരിക്കുന്നു അത് കൊണ്ട് ജനങ്ങൾക്കിടയിൽ ഈ വാർത്ത പരക്കുന്നത്  ഞാൻ ഭയപ്പെടുന്നു ' എന്നതാണ്.  ഇത് പരിഹരിക്കാൻ പറ്റാത്ത വൈരുധ്യമാണ്. ഇതിൽ ഒന്നിനെ മറ്റൊന്നിനേക്കാൾ മുൻഗണന നൽകാനും സാധിക്കില്ല രണ്ടും ബലാബലത്തിൽ തുല്യമാണ് .

ഇബ്ൻ ബതാൽ പറയുന്നു : മുഹല്ലബ് പ്രസ്താവിച്ചു 'കുടോത്രം ചെയ്യാനുപയോഗിച്ച വസ്തുകൾ പുറത്തെടുത്ത സംഭവം ഹിശാം പറഞ്ഞതിനെപറ്റി നിവെദകന്മാരു ഭിന്നിചിരികുന്നു . സുഫ് യാനു എടുത്തു എന്ന് സ്ഥാപിച്ചു .ആയിഷ [റ ] ചോദ്യം മാരണം നിഷ്ക്രിയമാകിയതിനെ പറ്റിയ ണെന്നു വരുത്തുകയും ചെയ്തു . ഈസ ഇബ്ൻ യുനുസകട്ടെ മാരണം നിഷ്ക്രിയമാകിയതിനെ പറ്റിയല്ല മറിച്ചു കുടോത്രം ചെയ്യാനുപയോഗിച്ച വസ്തുകൾ പു റതെടുതോ എന്നാണ് ആയിശ [റ ] യുടെ ചോദ്യമായി സ്ഥാപിച്ചത് , മുഹല്ലബ് ഇതിനൊന്നും മറുപടി പറഞ്ഞില്ല "

[
ഫത് ഹുൽ ബാരി 13/ 165 ]

മുഹദ്ദിസുകൾക്ക് ഈ വൈരുദ്ധ്യത്തെ ജംഉ ചെയ്യാൻ സാധിച്ചില്ല  മറുപടി പറയാതെ മൗനം പാലിക്കുകയും ചെയ്തു  . പ്രസ്തുത ഹദീസ് പ്രസിദ്ധമായ ഗ്രന്ഥങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്  എന്നത് അതിൻറെ ആധികാരിതയെ സൂചിപ്പിക്കുന്നില്ല  കാരണം മുഹദ്ദിസുകൾ സ്വഹീഹ് ആയ നിവേദനം മാത്രമല്ല ശേഖരിക്കുക . അവർ നിവേദനം ചെയ്യപ്പെട്ട പ്രസിദ്ധമായ ഹദീസുകളെല്ലാം ശേഖരിക്കും അതിൽ ദുർബലതകളുള്ളതും ഇല്ലാത്തതും ഉണ്ടാകും . അവർ ഏത് നിലക്ക് നിവേദനം ചെയ്തോ അതെ നിലക്ക് ഉദ്ധരിക്കും കാരണം പിൽകാലക്കാർക്ക് അതിലെ യോഗ്യതകളും ,ന്യുനതകളും  മനസ്സിലാക്കാനും പഠിക്കാനുമുള്ളതാണ് .

മുസ്വഹ്ഹഫ് , മുഹർറഫ്

ഗുരുവിന്റെ ഗ്രന്ഥങ്ങളിൽ നിന്ന് ശിഷ്യൻ ഹദീസ് വായിച്ചെടുക്കുമ്പോളോ , എഴുതി എടുക്കുമ്പോളോ നുഖ്തകളോ (കുത്തുകൾ ) ഇ'റാബുകളോ (വ്യഞ്ജനാക്ഷരം ) തെറ്റായി വായിച്ചെടുക്കുന്നത് മൂലം ഹദീസിന്റെ സനദിലോ മത്നിലോ ഉള്ള പദങ്ങളിൽ വ്യത്യാസം വരാറുണ്ട് . ഈ വ്യത്യാസം നുഖ്തയിലാണെങ്കിൽ അതിനെ തശീഫ് എന്നോ മുസ്വഹ്ഹഫെന്നോ പറയുന്നു . ഇ'റാബുകളിലാണ് വ്യത്യാസമെങ്കിൽ മുഹർറഫ് എന്നും പറയുന്നു .

മുസ്വഹ്ഹഫിന് ഉദാഹരണം ; العوام بن مراجم എന്നത്  العوام بن مزاحم എന്ന് റാവി തെറ്റായി ഉദ്ധരിച്ചിട്ടുള്ളത് .

മുഹർറഫിന് ഉദാഹരണം ; عاصم الأحول  എന്നതിനെ واصل الأحدب എന്ന് റാവി തെറ്റായി ഉദ്ധരിച്ചിട്ടുള്ളത് . ഇമാം നസാഈ ഇബ്ൻ മസ്ഊദ് (റ ) വിൽ നിന്നും ഉദ്ധരിച്ച  ' ഏറ്റവും വലിയ പാപമേതാണ് നബിയെ ' എന്നുതുടങ്ങുന്ന ഹദീസ് (നസാഈ 4014 ,4015 )

 (ശറഹ് അൽ തബ്‌സ്വിറത് വൽ തദ്‌കിറത് 2 / 105, തുഹ്ഫത്തുൽ ദുറർ 58 )

ഹദീസിൻറെ മത്നിൽ ഇത് പോലെ മാറ്റം വരുത്തൽ അനുവദനീയമല്ല . അത് ആശയം ചുരുക്കുന്നതിനു വേണ്ടിയാണെങ്കിലും , വ്യഖാനിച്ചു പറയുവാനാണെങ്കിലും അതിൽ വന്ന പദങ്ങളിൽ മാറ്റം വരുത്തൽ അനുവദനീയമല്ല . ചില പണ്ഡിതന്മാർ , ഭാഷ ഗ്രാഹ്യമുള്ള , ഗ്രാമർ അറിയുന്ന നഹ്‌വും സർഫും അറിയുന്ന റാവികൾ അർത്ഥവ്യത്യാസമില്ലാതെ വാക്കുകൾ മാറ്റുന്നതിൽ തെറ്റില്ല എന്ന അഭിപ്രായമുണ്ട് .

(തുഹ്ഫത്തുൽ ദുറർ  59 )

എന്നാൽ ഏറ്റവും ശരിയായത് ഒരു മാറ്റവും വരുത്താതെ നബിയിൽ നിന്നും കേട്ട അതെ പദങ്ങൾ തന്നെ ഉദ്ധരിക്കുക എന്നതാണ് . ഇമാം ബുഖാരി, ബർറാ'അ (റ )വിൽ നിന്നുദ്ധരിച്ച  "ഉറങ്ങും മുൻപുള്ള ദുആ ' പഠിപ്പിക്കുന്ന ഹദീസിൽ 'നബിയ്യിക്ക ' എന്നുള്ള ഭാഗത് റസൂലിക്ക എന്ന് ബർറാ'അ (റ ) മാറ്റി പറഞ്ഞപ്പോൾ നബി (സ ) നബിയ്യിക്ക എന്ന് തന്നെ പറയണം എന്ന് തിരുത്തുന്നത് കാണാം . അർത്ഥവ്യത്യാസമില്ലെങ്കിലും നബി [സ ] പറയുന്ന വാക്കുക്കൾ തന്നെ ഹദീസ് റിവായത് ചെയ്യാൻ ഉപയോഗിക്കണം എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം .

 

ശാദ്ദ്

വിശ്വസ്തനായ ഒരു റാവി നിവേദനം ചെയ്ത ഒരു ഹദീസിനു വിരുദ്ധമായി അദ്ദേഹത്തേക്കാൾ കൂടുതൽ സ്വീകാര്യനായ മറ്റൊരു  റാവി  ഹദീസ് ഉദ്ധരിച്ചാൽ ആദ്യത്തെ ഹദീസ് ശാദ്ദ് എന്ന് പറയുന്നു . കൂടുതൽ പ്രാമാണികമായ റാവി ഉദ്ധരിച്ചത്  സ്വീകരിക്കുകയും  അതിലും താഴെ സഥാനത്തുള്ള റാവികൾ ഉദ്ധരിച്ചതിനെ ഒറ്റപ്പെട്ടതായി (ശാദ്ദ് ) പരിഗണിക്കുകയുമാണ് നിദാന ശാസ്ത്രത്തിൽ ചെയ്യുക . ഇത് സനദിലും , മത്നിലും സംഭവിക്കും .

ഉദാഹരണം ;

വെണ്ണയിൽ എലി വീഴുന്നതിനെ പറ്റിയുള്ള ഹദീസിൽ രണ്ട് വഴികളുണ്ട് (ത്വരീഖ്‌ )

ഒന്ന് ; 'അമർ ഇബ്ൻ റഷാദ് വഴിക്കും വന്നത്

രണ്ട് ;മാലിക്ക് ഇബ്ൻ അനസ്  വഴിക്കും  വന്നത്

ഒന്നാമത്   മ'അമർ ഇബ്ൻ റഷാദ് വഴി വന്നത്തിന്റെ ആശയം നോക്കുക :

'അമർ -- സുഹ്‌രി -- സഈദ് -- അബൂഹുറൈറ (റ ) --നബി (സ )--ശുദ്ധമായ കട്ടി വെണ്ണയിൽ എലി വീണാൽ അതിനെ എടുത്ത് കളയുക കൂടാതെ അത് വീണ ഭാഗത്തെ വെണ്ണയും എടുത്ത് കളയുക . ഇനി വെണ്ണ പാനീയ രൂപത്തിൽ ആണെങ്കിൽ നിങ്ങൾ അതിനെ ഉപയോഗിക്കരുത് " (അബൂദാവൂദ് 3842 )

രണ്ടാമത് മാലിക്ക് ഇബ്ൻ അനസ്  വഴി വന്നതിന്റെ ആശയം നോക്കുക

മാലിക്ക് -- സുഹ്‌രി --ഉബൈദുല്ലാഹ്‌ ഇബ്ൻ അബ്ദുല്ലാഹ് --ഇബ്ൻ അബ്ബാസ് (റ ) --മൈമൂന (റ ) ;ശുദ്ധമായ വെണ്ണയിൽ  എലി വീണാൽ എന്ത് ചെയ്യണമെന്ന് നബിയോട് ചോദിക്കപ്പെട്ടു അപ്പോൾ നബി (സ )പറഞ്ഞു ; നിങ്ങൾ അതിനെ എടുത്ത് കളയുക കൂടാതെ അത് വീണ ഭാഗത്തെ വെണ്ണയും എടുത്ത് കളയുക "

(മുവത്വ 1785 )

'അമർ  ഈ ഹദീസ് സുഹ്‌രിയിൽ നിന്ന് സഈദ് അൽ മക്ബൂരി വഴിക്ക് അബൂഹുറൈറയിൽ നിന്നാണ് ഉദ്ധരിക്കുന്നത് എന്നാൽ ഇതിലും പ്രാമാണികമായ സനദാണ് മാലിക്കിൽ നിന്നും ഉദ്ധരിക്കപ്പെട്ടത് , അത് സുഹ്‌രിയിൽ നിന്ന് ഉബൈദുല്ലാഹ്‌ ഇബ്ൻ അബ്ദുല്ലാഹ് വഴി ഇബ്ൻ അബ്ബാസ്(റ ) വഴി മൈമൂന (റ ) നിന്നാണ് നിവേദനം ചെയ്യുന്നത് അതിനാൽ മ'അമറിന്റെ സനദ് ശദ്ദാണ് .

   അതേപോലെ മ'അമറിന്റെ ഹദീസിൽ വെണ്ണയുടെ കട്ടയായ അവസ്ഥയെയും , ദ്രാവകമായ അവസ്ഥയെയും പരാമർശിക്കുന്നുണ്ട് അതേപോലെ നബിയുടെ ഖൗലായിട്ടാണ് മ'അമർ ഉദ്ധരിക്കുന്നത് എന്നാൽ മാലിക്ക്, നബിയോട് ചോദിക്കപ്പെടുമ്പോൾ മറുപടി പറയുന്നതായിട്ടാണ് നിവേദനം ചെയ്യുന്നത് . അതിൽ വെണ്ണയുടെ അവസ്ഥകളെ കുറിച്ച് ഒരു പരാമർശവുമില്ല . അതിനാൽ മ'അമറിന്റെ മത്നും ശാദ്ദാണ് .

അൽ മസീദു ഫീ മുത്വസിലിൽ അസാനീദ്

സനദിൽ അധികമായി റാവിയെ കൂട്ടിച്ചേർക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത് . സനദ് മുറിഞ്ഞു പോകാത്തതും പ്രത്യക്ഷത്തിൽ കുറ്റമറ്റതുമായ പരമ്പരയിൽ അധികമായി റാവിയെ കൂട്ടിച്ചേർക്കപ്പടുന്നു . ഇതിനു കാരണം ഹദീസ് കേൾക്കുമ്പോളുള്ള അശ്രദ്ധ തന്നെയാണ് .

ഉദാഹണം ;

രാത്രി മുഴുക്കെ ഉറങ്ങാതെ ഇബാദത് എടുക്കുന്ന  ഹൌലാ ബിൻത് തുവൈത്തിനെ കുറിച്ചുള്ള ഹദീസിൻറെ സനദിൽ അധികമായി ഒരു റാവിയുടെ പേര് കടന്നു വരുന്നുണ്ട്

അബ്ദുല്ലാഹ് ഇബ്ൻ സാലിം വഴി വന്ന റിപ്പോർട്ടിൽ  --- സുബൈദിയ്യ് --- സുഹ്‌രി --- ഹബീബ് മൗലാ ഉർവ്വ --- ഉർവ്വ --- ആയിശ (റ ) എന്നാണ്  പക്ഷെ ഉസ്മാൻ ഇബ്ൻ ഉമർ വഴി വന്ന റിപ്പോർട്ടിൽ യൂനസ് ഇബ്ൻ യസീദ്  --- സുഹ്‌രി --- ഉർവ്വ --- ആയിശ (റ ) എന്നാണ്. അബ്ദുല്ലാഹ് ഇബ്ൻ സാലിം വഴി വന്ന റിപ്പോർട്ടിൽ ഹബീബ് മൗലാ ഉർവ്വ എന്ന റാവി അധികപ്പറ്റായി കയറി വന്നിട്ടുണ്ട് .

(ഫത്ഹുൽ മുഗീസ് 4/ 74 )

ഇങ്ങനെ അധികരിച്ചു വരുന്ന പരമ്പര ദുർബലമാണ് . ഹദീസുകൾ കൈകാര്യം ചെയ്യുമ്പോൾ വരുന്ന അശ്രദ്ധമൂലമാണ് ഇങ്ങനെ സിയാദത് സംഭവിക്കുന്നത് . നിവേദക  ശ്രേണിയിലെ റാവികളുടെ അയോഗ്യത മൂലം ദുർബലമാകുന്ന ഹദീസുകളെ കുറിച്ചാണ് ഇവിടെ ഇത്രയും ചർച്ച ചെയ്തത് . വളരെ ചുരുക്കിയാണ് മേൽ കാര്യങ്ങൾ വിവരിച്ചത് കൂടുതൽ പഠനം ആഗ്രഹിക്കുന്നവർക്ക്   ഇബ്ൻ ഹജറിന്റെ നുഖ്ബയുടെ ശറഹും , ഹാഫിദ് ഇറാഖിയുടെ അൽഫിയത്തിൻെറ ശറഹായ  ഫത്ഹുൽ മുഗീസും മതിയാകുന്നതാണ് . 

ഉസൂലുൽ ഹദീഥ് - പാർട്ട് 7

 

മർദൂദ് ആയ ഹദീസുകളിൽ ഒന്നാമത്തെവിഭാഗമായ  നിവേദക ശ്രേണിയുടെ കണ്ണിമുറിയലുമായി ബന്ധപ്പെട്ട ഇനങ്ങളാണ് ഇത് വരെ ചർച്ച ചെയ്തത് .

രണ്ട് ; നിവേദക ശ്രേണിയിലെ നിവേദകരുടെ അയോഗ്യതയുമായി ബന്ധപ്പെട്ടത്

മതനിഷ്ഠ ,ധാർമികത പോലുള്ള വിഷയത്തിലോ , ഹദീസ് മനഃപാഠമാക്കൽ  എഴുതി സൂക്ഷിക്കൽ , കൈകൊള്ളൽ മുതലായ വിഷയത്തിൽ ന്യൂനത ആരോപിക്കപ്പെട്ടവനാകുക എന്നതാണ് നിവേദകരുടെ അയോഗ്യത എന്ന് പറയുന്നത് .

മത ധാർമ്മികതയുമായി ബന്ധപ്പെട്ട് അഞ്ച് കാര്യങ്ങളുണ്ട്

1 , കളവ് പറയൽ (കിദ്ബ്)

2 , കളവു പറഞ്ഞു എന്ന ആരോപണം

3 , അധാർമ്മിക പ്രവർത്തികൾ (ഫിസ്‌ക്‌)

4 , അനാചാര ബന്ധം (ബിദ്അത്)

5 , നിവേദകൾ ആജ്ഞതാനാകുക (മജ്ഹൂൽ)

 

ഹദീസ് മനഃപാഠമാക്കലുമായി ബന്ധപ്പെട്ടവ

1 , ഗുരുതരമായ അബദ്ധങ്ങൾ

2 , മനഃപാഠ വൈകല്യങ്ങൾ (സൂഉൽ ഹിഫ്ദ്)

3 , അശ്രദ്ധ

4,  ധാരണ പിശകുകളുടെ ആധിക്യം (വഹ്മ്)

കരുതിക്കൂട്ടിയല്ലാതെ സനദിലും , മത് നിലും തെറ്റുകൾ വരുത്തുക

5, പ്രാമാണികരോടുള്ള വിയോജിപ്പ്

ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം ഹദീസുകളെ വിവിധ ഇനമായി തിരിച്ചിട്ടുണ്ട് .

മൗദൂഅ͑

നബിയുടെ പേരിൽ കളവ് പറഞ്ഞിട്ടുണ്ട് എന്നതാണ് നിവേദകന്റെ അയോഗ്യതയെങ്കിൽ അയാളുൾപ്പെടുന്ന ഹദീസിനെ മൗദൂഅ͑  എന്ന് വിളിക്കുന്നു .

ഉദാഹരണം ;

ജാബിർ [റ ] നിന്ന് നിവേദനം നബി [സ ] പറഞ്ഞു ; ഈ സമുദായത്തിലെ അവസാനത്തെ ജന വിഭാഗം ആദ്യത്തെ ജന വിഭാഗത്തെ പഴിക്കുന്ന വേളയിൽ ആരെങ്കിലും ഒരു ഹദീസ് മറച്ചു വെച്ചാൽ അല്ലാഹു അവതരിപ്പിച്ചത് മറച്ചു വെച്ചപോലെയാണ് . (ഇബ്ൻ മാജ 263 )

ഇതിന്റെ സനദിലെ ഹുസ്സൈൻ ഇബ്ൻ അബീ സരീ എന്ന റാവി കളവ് പറയുന്നവനാണ് എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട് . (തഹ്ദീബ് 2/ 1625 )

അതിനാൽ പ്രസ്തുത ഹദീസ് മൗദൂആണ് .

മത്റൂക്ക്

കളവ് പറഞ്ഞു എന്ന ആരോപണമുള്ള ഒരു റാവി യുൾപ്പെടുന്ന ഹദീസിനെ മത്റൂക്ക് (വർജ്യം )എന്ന് പറയുന്നു.

ഇവർ സാധാരണ സംസാരത്തിൽ കളവു പറയുന്നവനായി അറിയപ്പെടുന്നവനായിരിക്കും കൂടാതെ ദീനിൽ അറിയപ്പെട്ട കാര്യങ്ങൾക്ക് എതിരായി ഇവരിൽ നിന്ന് മാത്രം ഹദീസ് നിവേദനം ചെയ്യപ്പെടും . ഇത്തരം റാവികൾ ഉദ്ധരിക്കുന്ന ഹദീസുകളെ മത്റൂക്ക് എന്ന് വിളിക്കപ്പെടും .

അമ്മാർ [ ]വിൽ നിന്നും , അലി [ ] വിൽ നിന്നും നിവേദനം   ; അവർ രണ്ടുപേരും നബി()യുടെ പിന്നിൽ നിന്ന് പ്രഭാതത്തിൽ നമസ്കരിക്കുകയും  ഖുനൂത്ത് ചെയ്യുകയും ചെയ്തു. ( സുനന് ദാറുഖുത്നിയ്യ് 1489 )

 

ഈ ഹദീസിൻറെ പരമ്പരയിൽ അംറ് ഇബ്ൻ ഷമീർ ജൂഅഫി എന്ന നാമത്തിൽ ഒരു നിവേദകനുണ്ട് . അയാൾ മത്റൂക്കുൽ ഹദീസ് ആണ്.അതേപോലെ തന്നെ ജാബിർ ഇബ്ൻ യസീദ് ജൂഅഫി എന്ന നാമത്തിലുള്ള മറ്റൊരു മത്റൂക്കുൽ ഹദീസ് ആയ നിവേദകനുമുണ്ട് ഇതിന്റെ പരമ്പരയിൽ .

قالَ النسائي عَمْرو بْن شمر كوفي متروك الحديث قال النسائي جَابِر بْن يزيد الجعفي كوفي متروك الحديث

(അൽ കാമിൽ ഫീ ദുഅഫാഉ റിജാൽ )

      മത്റൂകായിട്ടുള്ള ചില റാവികൾക്ക് ഉദാഹരണം  ;

 

സഈദ് ഇബ്ൻ സിനാൻ ശാമി

അസ് റം ഇബ്ൻ ഹൗശബ് ഹംദാനി

അബൂബക്കർ ഹദ്‌ലി

അഹമ്മദ് ഇബ്ൻ ഹാരിസ് ഗസ്നി

വലീദ് ഇബ്ൻ മുഹമ്മദ് മൗക്കറി

 

ഈ റാവികളിൽ അബൂബക്കർ ഹദ്‌ലിയിൽ നിന്ന് സിഹാഹു സിത്തായിലെ സുനന് ഇബ്ൻ മാജയിൽ ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്  , അതേപോലെ വലീദ് ഇബ്ൻ മുഹമ്മദ് മൗക്കറിയിൽ നിന്ന് സുനന് ഇബ്ൻ മാജയിലും ജാമിഉ തിർമുദിയിലും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് . മുഹദ്ദിസുകൾ സ്വഹീഹ് ആയ ഹദീസ് മാത്രമല്ല ശേഖരിക്കുക , ദുർബലം കൂടി ശേഖരിക്കും കാരണം പലതാണ് . അതിൽ പ്രഥമ കാരണം  പ്രസ്തുത ഹദീസ് ആരിൽ നിന്നാണ് നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത് എന്നത് പിൽക്കാലക്കാക്ക് മനസ്സിലാക്കാൻ ഇതാണ് നല്ല മാർഗ്ഗം . വ്യാജ നിർമ്മിത സനദുകൾ തിരിച്ചറിയാൻ ഇത് ഉപകരിക്കും . കൃത്രിമമായി ഒരു പരമ്പര ഉണ്ടാക്കി ഒരു ഹദീസിനെ പിൽകാലത് സ്വീകാര്യമാക്കാൻ  നോക്കിയാൽ അതിനവർക്ക് സാധിക്കില്ല ,  കാരണം   മുഹദ്ദിസുകൾ ആ ഹദീസ് നിവേദനം ചെയ്യപ്പെട്ട എല്ലാ തരീക്കുകൾ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും .

മുൻകർ

ഗുരുതരമായ അബദ്ധം , തികഞ്ഞ അശ്രദ്ധ ,ധാർമ്മികതക്ക് നിരക്കാത്ത പ്രവർത്തികൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ആക്ഷേപിക്കപ്പെട്ട റാവികൾ സനദിൽ ഉണ്ടെങ്കിൽ അത്തരം ഹദീസിനെ മുൻകർ  എന്ന് പറയുന്നു .

ഉദാഹരണം

 

ആയിശ (റ )വിൽ നിന്ന് നിവേദനം ; നബി (സ ) പറഞ്ഞു ; നിങ്ങൾ പച്ച ഈന്തക്കായ ഉണങ്ങിയ ഇന്തപ്പഴവുമായി ചേർത്ത് ഭക്ഷിക്കുക നിശ്ചയം ആദമിന്റെ മക്കൾ ഇങ്ങനെ കഴിക്കുകയാണെങ്കിൽ പിശാച് കോപിഷ്ടനാകും "

{സുനന് ഇബ്ൻ മാജ 3330 , സുനനുൽ കുബ്റ നസാഈ 5553 ,ഹാക്കിം 7238 ,ബസ്സാർ 18/ 99 , അഖ്ബാറുൽ അസ്ബഹാൻ 450 }

ഈ ഹദീസിലെ അബൂ സുഖൈർ യഹിയ്യബ്‌നു മുഹമ്മദിബ്നു ഖൈസ് പ്രാമാണികനല്ല

ഇമാം ഉഖൈലി പറഞ്ഞു ; ഇദ്ദേഹത്തെ ഹദീസിന്റെ കാര്യത്തിൽ പിൻപറ്റാനാകില്ല

ഇമാം ഇബ്ൻ മഈൻ പറഞ്ഞു ; ദുർബലൻ

ഇമാം സക്കരിയ്യ സാജി പറഞ്ഞു ; ലയ്യിനുൽ ഹദീസാണ് - തിക്കാത്തിൻറെ (പ്രാമാണികൻ ) യോഗ്യതയിലേക്ക് ഉയരാത്ത റാവിയെയാണ്  'ലയ്യിൻ' എന്ന് വിമർശിക്കുന്നത് .  റാവികൾ തികച്ചും അശ്രദ്ധരും , ലാഘവത്തോടെ കാര്യങ്ങളെ കാണുന്നവരുമായിരിക്കും.

ഇമാം ഇബ്ൻ ഹജർ ; സത്യസന്ധനാണെങ്കിലും ധാരാളം പിഴവുകൾ വരുത്തും .

(സിയർ അഅലാമു നുബിലാ , തഹ്ദീബ്)

ഈ ഹദീസിനെ കുറിച്ച് ഇമാം നസാഈ തന്നെ പറയുന്നത് മുൻകർ എന്നാണ് (തുഹ്ഫത്തുൽ അഷ്‌റാഫ് 17334 )

പ്രാമാണികരായ റാവികൾ നിവേദനം ചെയ്ത ഹദീസിനു വിരുദ്ധമായി ഹദീസുകൾ നിവേദനം ചെയ്താലും അതിനെ മുൻകർ എന്ന് വിളിക്കും .

ഉദാഹരണം ;

ഇബ്ൻ അബ്ബാസ് (റ ) വിൽ നിന്ന് നിവേദനം ; നബി (സ )പറഞ്ഞു ; വല്ലവനും നമസ്ക്കാരം നിലനിർത്തുകയും , സകാത്ത് നൽകുകയും , കഅബയിൽ പോയി ഹജ്ജ് നിർവ്വഹിക്കുകയും നോമ്പ് അനുഷ്ഠിക്കുകയും , അതിഥിയെ സൽക്കരിക്കുകയും ചെയ്‌താൽ അവൻ സ്വർഗ്ഗ പ്രവേശനത്തിന് അർഹനായി "

(ഥബ്റാനി 12526 )

മുസന്നഫ് അബ്ദിറസാക്കിൽ ഇബ്ൻ അബ്ബാസ് (റ ) വിൽ നിന്ന് മൗഖൂഫ് ആയിട്ടാണ് ഇത് നിവേദനം ചെയ്തിട്ടുള്ളത് (മുസന്നഫ് 20529)

എന്നാൽ ഈ ഹദീസിൽ  നബിയുടെ വാക്കായിട്ടാണ് ഉദ്ധരിക്കുന്നത് . പ്രസ്തുത ഹദീസിൽ , ഹുബൈബ് ഇബ്ൻ ഹബീബ് എന്ന റാവി യുണ്ട് അയാൾ ദുർബലനായ റാവിയാണ് പ്രാമാണികരായ റാവികൾ ഉദ്ധരിച്ചതിന് വിരുദ്ധമായതിനാൽ മേൽ പ്രസ്താവിക്കപ്പെട്ട ഹദീസ് മുൻകറാണ് .

ഇമാം അബൂ സുർഅ റാസി പറഞ്ഞു ; ഇത് മുൻകറാണ് , ഇത് ഇബ്ൻ അബ്ബാസിൽ നിന്ന് മൗഖൂഫായിട്ടാണ് വന്നിട്ടുള്ളത് (അൽ ഇലൽ ഇബ്ൻ അബീ ഹാതിം 1998 )

മുഅല്ലൽ

ബാഹ്യദൃഷ്ടിയിൽ യാതൊരു ന്യൂനതയുമില്ലാത്തതും എന്നാൽ കാര്യമായ ന്യൂനത മറഞ്ഞു കിടക്കുന്നതുമായ ഹദീസുകളെയാണ് മുഅല്ലൽ(വികലം ) എന്ന് പറയുന്നത് .ഈ ന്യൂനത സനദിലും , മത് നിലും ഉണ്ടാകാറുണ്ട് .

റാവികൾക്ക് സംഭവിക്കുന്ന വഹ്മാണ് ഇത്തരം ഇല്ലത്തുകളുണ്ടാകാൻ  കാരണം .

സനദിലെ ഇല്ലത്തിന് ഒരു ഉദാഹരണം ;

യഅല ഇബ്ൻ ഉബൈദ് സൗരിയിൽ നിന്നും അദ്ദേഹം അംറ് ഇബ്ൻ ദീനാറിൽ നിന്നും അദ്ദേഹം ഇബ്ൻ ഉമറിൽ (റ )നിന്നും നിവേദനം ; “നബി [സ ] പറഞ്ഞു ; സദസ്സില്‍ നിന്ന് വേര്‍പിരിയുന്നതുവരെ കച്ചവടത്തില്‍ നിന്ന് പിന്‍മാറുവാന്‍ വില്‍പ്പനക്കാരനും വാങ്ങുന്നവനും സ്വാതന്ത്യ്രമുണ്ട്"

ഈ ഹദീസിൻറെ മത്നിൽ പറയുന്ന കാര്യം സ്ഥിരപ്പെട്ടതാണെങ്കിലും ഈ സനദിൽ ന്യൂനതയുണ്ട് . അംറ് ഇബ്ൻ ദീനാർ എന്ന റാവി ഇബ്ൻ ഉമറിൽ (റ )നിന്ന് ഹദീസ് കേട്ടിട്ടില്ല . സനദിലെ  മറ്റ് റാവികൾക്ക് വഹ്മ് സംഭവിച്ചതാണ് യഥാർത്ഥത്തിൽ അബ്ദുല്ലാഹ് ഇബ്ൻ ദീനാർ ആണ് ഇബ്ൻ ഉമറിൽ (റ )നിന്ന് ഹദീസുകൾ  കേട്ടിട്ടുള്ളത് . റാവികളിൽ ആർക്കൊ അബദ്ധം സംഭവിച്ച് അംറ് ഇബ്ൻ ദീനാർ എന്ന് റിപ്പോർട്ട് ചെയ്തതാണ് . (തദ്‌രീബുറാവി 1/ 296 )

" സൗരി - അംറ് ഇബ്ൻ ദീനാർ - ഇബ്ൻ ഉമർ " എന്നാണ് സനദ്  ഇതിൽ  സൗരി ഹദീസ് കേട്ടിട്ടുള്ള  ശൈഖ് അബ്ദുല്ലാഹ് ഇബ്ൻ ദീനാർ ആണ് . അദ്ദേഹം കേട്ടത് ഇബ്ൻ ഉമറിൽ നിന്നാണ് എന്നാൽ റാവിയുടെ പേര് തെറ്റായിട്ടാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് . ചിലപ്പോൾ ഹദീസ് പകർത്തി എഴുതിയെടുത്തപ്പോൾ പിഴവ് സംഭവിച്ചതാകാനും സാധ്യതയുണ്ട് . അഥവ പ്രത്യക്ഷത്തിൽ ന്യൂനതയില്ല എന്നാൽ ഒരു ന്യൂനത ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു ഈ പരമ്പരയിൽ .

മത്നിലെ ഇല്ലത്തിന് ഒരു ഉദാഹരണം ;

ഇബ്ൻ അബ്ബാസ് (റ )വിൽ നിന്ന് നിവേദനം ; നബി [സ ] നമസ്‌കാരത്തിൽ  ' ബിസ്മില്ലാഹി ' എന്ന് തുടങ്ങിയതാണ് ഫാതിഹ ഓതിയത് ' (ജാമിഉ തിർമുദി )

 

ഈ ഹദീസിൻറെ മത്നിൽ ഇല്ലത്തുണ്ട് . പ്രബലരായ നിവേദകരെല്ലാം നിവേദനം ചെയ്തത് ,  നബി [സ ] നമസ്‌കാരത്തിൽ  ഫാതിഹ തുടങ്ങിയത്  ' അൽഹംദുലില്ലാഹി ' എന്ന് ഓതികൊണ്ടാണ് എന്നാണ് .

(ഉലൂമുൽ ഹദീസ് ഇബ്ൻ സ്വലാഹ് 1/ 91 -92 )

ഇമാം ബുഖാരി , മുസ്ലിം അടക്കം ധാരാളം മുഹദ്ദിസുകൾ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് . മുസ്ലിം ഉദ്ധരിച്ചതിൽ സിയാദായായി വന്നിട്ടുള്ളത് " നമസ്കാര ആരംഭത്തിലോ അന്ത്യത്തിലോ  'ബിസ്‌മി ' ഓതിയിട്ടില്ലാ ' എന്ന് കൂടിയുണ്ട് .

ഇത്തരത്തിലുള്ള ഇല്ലത്തുകൾ കണ്ടെത്തുക എന്നത് ശ്രമകരമായ കാര്യമാണ് . നിദാന ശാസ്ത്രത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗവും ഇത് തന്നെ . ഹദീസ് നിദാന  ശാസ്ത്രവുമായിട്ടുള്ള നിരന്തരമായിട്ടുള്ള ഇടപെടലിലൂടെ മാത്രം ആർജ്ജിച്ചെടുക്കാവുന്ന ഒരു അറിവ് മാത്രമാണിത്  . ഇമാം അലി ഇബ്ൻ മദീനി ഈ വിഷയത്തിൽ നിപുണനായിരുന്നു . അദ്ദേഹത്തിന്റെ 'കിത്താബ് അൽ ഇലൽ ' എന്ന ഗ്രന്ഥം അതിൽ പ്രശസ്തമാണ് . ഇമാം ബുഖാരിയടക്കം പലരും അദ്ദേഹത്തിൽ നിന്ന് ആ കിത്താബ് ഓതി പഠിച്ചിട്ടുണ്ട് . ഇമാം തിർമുദി , ഇമാം ഇബ്ൻ അബീ ഹാതിം എന്നിവരും "അൽ ഇലൽ" എന്ന പേരിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് . ഇമാം തിർമുദി പറഞ്ഞത് അതിൽ ഭൂരിഭാഗവും അദ്ദേഹം പഠിച്ചത് തന്റെ ശൈഖായിരുന്ന ഇമാം  ബുഖാരിയിൽ നിന്നായിരുന്നു എന്നാണ് . ഇമാം തിർമുദി യുടെ ഈ ഗ്രന്ഥത്തിന് ഇബ്ൻ റജബ് വ്യാഖ്യാനവും എഴുതിയിട്ടുണ്ട്.