ഹിജ്റ നാലാം നൂറ്റാണ്ടായപ്പോഴേക്കും ഹദീസ് നിവേദനം ചെയ്യുന്നതിലും പഠിക്കുന്നതിലും ചില തളർച്ചകൾ പണ്ഡിതന്മാർക്കിടയിൽ പ്രകടമായിരുന്നു. ഹദീസുകളുടെ നിബന്ധനകളെക്കുറിച്ചോ, നിവേദകരുടെ വിശ്വാസ്യതയെക്കുറിച്ചോ ആഴത്തിൽ പഠിക്കാതെ ഹദീസ് മനപ്പാഠമാക്കുന്ന ഒരു ശൈലി ചിലർക്കിടയിൽ വളർന്നു വന്നു.ഹദീസ് വെറുമൊരു മനപ്പാഠമാക്കൽ ഉപകരണമല്ല, അതീവ സൂക്ഷ്മമായ ഒരു ജീവ ശാസ്ത്ര ശാഖയാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാൻ അന്ന് രംഗത്തുവന്ന മഹാനാണ് ഇമാം ഹാകിം നൈസാപൂരി . ഹദീസ് ശാസ്ത്രത്തിലെ നിയമങ്ങളെയും സാങ്കേതിക ശബ്ദങ്ങളെയും 52 ഇനങ്ങളായി തരം തിരിച്ചു അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചു , 'മഅ്‌രിഫതു ഉലൂമിൽ ഹദീസ്'. ഹദീസ് ശാസ്ത്രത്തിലെ ഏറ്റവും ആദ്യത്തെയും പ്രധാനപ്പെട്ടതുമായ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് ഈ ഗ്രന്ഥം .
സ്വഹീഹായ (ആധികാരികമായ) ഹദീസിന്റെ നിബന്ധനകൾ എന്തൊക്കെയാണ്?
മുർസൽ, മുഅ്ദൽ (കണ്ണികൾ നഷ്ടപ്പെട്ടവ) തുടങ്ങിയ ബലഹീനമായ ഹദീസുകളെ എങ്ങനെ തിരിച്ചറിയാം?
ഹദീസ് നിവേദകരുടെ ജീവചരിത്രവും വിശ്വാസ്യതയും പരിശോധിക്കേണ്ടത് എങ്ങനെ?
തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. നിയമങ്ങൾ പറയുന്നതിനൊപ്പം ഓരോന്നിനും തന്റെ സ്വന്തം പരമ്പരയിലൂടെയുള്ള ഹദീസ് ഉദാഹരണങ്ങളും അദ്ദേഹം നൽകി.
ഇമാം ഹാകിമിന് മുൻപ് ഇമാം ഷാഫി(റ) തന്റെ രിസാലയിലും, ഇമാം തിർമിദി തന്റെ സുനനിലും ഹദീസ് നിയമങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെങ്കിലും, ഹദീസ് ശാസ്ത്രത്തിന് മാത്രമായി ഒരു വലിയ സ്വതന്ത്ര ഗ്രന്ഥം രൂപപ്പെടുന്നത് ഹാകിമിന്റെ ഗ്രന്തത്തിലൂടെയാണ് .ഇമാം ഖതീബ് ബഗ്ദാദി, ഇമാം ഇബ്നു സ്വലാഹ് തുടങ്ങിയ പ്രമുഖരെല്ലാം തങ്ങളുടെ ഗ്രന്ഥങ്ങൾ രചിക്കാൻ പ്രധാന അടിത്തറയാക്കിയത് ഇമാം ഹാകിമിന്റെ ഈ മഅ്‌രിഫതു ഉലൂമിൽ ഹദീസ് ആണ്.
ഹിജ്റ 577-ൽ (ക്രിസ്തുവർഷം 1181) ഇന്നത്തെ ഇറാഖിന്റെ വടക്കൻ മേഖലയിലുള്ള ശഹ്റസൂർ എന്ന പ്രദേശത്താണ് ഇബ്ൻ സലാഹ് ജനിച്ചത്. അബൂ അംറ് തഖിയുദ്ദീൻ ഉഥ്മാൻ ബിൻ അബ്ദിറഹ്മാൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. അദ്ദേഹം പ്രമുഖ ശാഫിഈ പണ്ഡിതനാണ്. ഇമാം ഹാകിം മരിച്ച് ഏകദേശം 240 വർഷങ്ങൾക്ക് ശേഷമാണ് ഇമാം ഇബ്നു സ്വലാഹ് ജീവിക്കുന്നത്. ഈ രണ്ട് നൂറ്റാണ്ടുകൾക്കിടയിൽ ഹദീസ് ശാസ്ത്രത്തിൽ വലിയ വികാസങ്ങൾ ഉണ്ടായി. പ്രത്യേകിച്ചും, ഇമാം ഹാകിമിന് ശേഷം വന്ന ഇമാം ഖതീബ് ബഗ്ദാദി (ഹിജ്റ 463) ഹദീസ് ശാസ്ത്രത്തിലെ ഓരോ ചെറിയ ശാഖയെക്കുറിച്ചും (ഉദാഹരണത്തിന്: ഹദീസ് എഴുതിയെടുക്കുന്ന നിയമങ്ങൾ, നിവേദകരുടെ പേരുകളിലെ സാദൃശ്യം തുടങ്ങിയവ) വലിയ വിജ്ഞാനകോശങ്ങൾ തന്നെ രചിച്ചു കഴിഞ്ഞിരുന്നു. അൽ കിഫായ , താരീഖ് ബാഗ്ദാദ് അവയിൽ പ്രധാനമാണ് .
ഇബ്ൻ സലാഹിന്റെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി ഇവയെല്ലാം ഒരു കുടക്കീഴിലാക്കുക ,അങ്ങിനെ വിദ്യാർത്ഥികൾക്ക് ഉലൂമുൽ ഹദീസ് എളുപ്പത്തിൽ പഠിക്കാനാകുക എന്നതായിരുന്നു .
ഇമാം ഹാകിം നൽകിയ 52 ഇനങ്ങളെ അടിത്തറയാക്കി
അതിലേക്ക് ഖതീബ് ബഗ്ദാദിയുടെയും മറ്റ് പണ്ഡിതന്മാരുടെയും നിയമങ്ങൾ കൂട്ടിച്ചേർത്തു ഏറ്റവും പ്രധാനമായി, നീണ്ട ഹദീസ് പരമ്പരകൾ ഒഴിവാക്കി,വിട്ടുപോയ ചില ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി അതിനെ 65 അധ്യായങ്ങളാക്കി 'ഉലൂമുൽ ഹദീസ്' എന്ന പേരിൽ ഗ്രന്ഥം രചിച്ചു . ഇമാം ഇബ്നു സ്വലാഹിനെ ഹദീസ് ചരിത്രത്തിൽ അമരനാക്കിയത് അദ്ദേഹം രചിച്ച ഈ ഗ്രന്ഥമാണ്. ഇത് പിൽക്കാലത്ത് 'മുഖദ്ദിമതു ഇബ്നി സ്വലാഹ്' എന്ന പേരിൽ പ്രശസ്തമായി. ഈ ഗ്രന്ഥത്തെ വിപുലീകരിച്ചാണ് 'നുഖ്ബത് അൽ ഫിക്കർ' എന്ന ഗ്രന്ഥം ഇമാം ഇബ്ൻ ഹാജർ അസ്ഖലാനി രചിച്ചത് . അതിന്റെ വ്യഖ്യാനവും അദ്ദേഹം തന്നെ രചിച്ചു (നുസ്ഹതു നദ്‌ർ) . പിന്നീട് വന്ന സകല നിദാനശാസ്ത്ര ഗ്രന്ഥത്തിന്റെയും അടിസ്ഥാനം ഇമാം ഇബ്ൻ സലാഹിന്റെ 'മുഖദ്ദിമ " തന്നെയായിരുന്നു . തന്റെ ഈ ഗ്രന്ഥത്തിലാണ് അദ്ദേഹം ആധികാരികമായ ഹദീസുകളെ കുറിച്ച് തന്റെ വീക്ഷണം പ്രഖ്യാപിച്ചത് . ഇമാം ഇബ്നു സ്വലാഹ് പ്രഖ്യാപിച്ച ആ 7 ആധികാരിക സ്ഥാനങ്ങൾ താഴെ പറയുന്ന ക്രമത്തിലാണ്:
മുത്തഫഖുൻ അലൈഹി: ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഒരുപോലെ സ്വഹീഹാണെന്ന് സമ്മതിച്ച് അവരുടെ ഗ്രന്ഥങ്ങളിൽ ഒരുമിച്ച് ഉദ്ധരിച്ച ഹദീസുകൾ
ഇമാം ബുഖാരി മാത്രം തന്റെ 'സ്വഹീഹിൽ' ഉദ്ധരിച്ച ഹദീസുകൾ.
ഇമാം മുസ്‌ലിം മാത്രം തന്റെ 'സ്വഹീഹിൽ' ഉദ്ധരിച്ച ഹദീസുകൾ.
ബുഖാരിയിലോ മുസ്‌ലിമിലോ ഇല്ലെങ്കിലും, അവർ രണ്ടുപേരും വെച്ച കർശനമായ നിബന്ധനകൾക്ക് ഒത്തുവരുന്ന ഹദീസുകൾ.
ഇമാം ബുഖാരിയുടെ നിബന്ധനകൾക്ക് മാത്രം ഒത്തുവരുന്ന ഹദീസുകൾ.
ഇമാം മുസ്‌ലിമിന്റെ നിബന്ധനകൾക്ക് മാത്രം ഒത്തുവരുന്ന ഹദീസുകൾ.
ഇവ ഇരുവർക്കും പുറമെ മറ്റ് പ്രമുഖ ഹദീസ് പണ്ഡിതന്മാർ (ഉദാഹരണത്തിന് ഇമാം അബൂദാവൂദ്, തിർമിദി തുടങ്ങിയവർ) സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തിയ ഹദീസുകൾ.
അദ്ദേഹത്തിന് ശേഷം വന്ന ഇമാം നവവി, ഇമാം ഇബ്നു ഹജർ അസ്ഖലാനി തുടങ്ങിയ പിൽക്കാല ഹദീസ് പണ്ഡിതന്മാർ ഇതേ തരംതിരിവ് തന്നെയാണ് ശരിവെക്കുകയും പിന്തുടരുകയും ചെയ്തത്. അതേപോലെ പില്കാലക്കാരും ഈ ഒരു സ്ഥാനം പിന്തുടർന്ന് പൊന്നു . ഇമാം ഇബ്ൻ സലാഹാണ് സ്വഹീഹൈനിക്ക് ഇത്ര വലിയ സ്ഥാനം പ്രഖ്യാപിച്ചത് . അത് പില്കാലക്കാരിൽ വലിയ വിഭാഗം ആളുകളും അനുകരിച്ചു പൊന്നു . എങ്കിലും ധാരാളം മുഹദ്ദിസുകൾ സ്വഹീഹൈനിയിലെ ഹദീസുകളിൽ ദുർബലതയുള്ള ഹദീസുകളും ഉണ്ടെന്ന അഭിപ്രായക്കാരാണ് . സ്വയം ഇമാം ഇബ്ൻ സലാഹ് തന്നെ സ്വഹീഹൈനിലെ ഹദീസിനെ ദുര്ബലപ്പെടുത്തിയിട്ടുമുണ്ട് . അവയ്ക്ക് ആധികാരികതയിൽ ഉയർന്ന സ്ഥാനം ഉണ്ടെന്നത് കൊണ്ട് അതിലെ ഹദീസുകൾ മുഴുവനും സ്വീകാര്യമാണ് എന്നല്ല ഹദീസ് പണ്ഡിതൻമാർ മനസ്സിലാക്കിയത് . പക്ഷെ അല്ലഹുവും ,റസൂലും പ്രസ്തുത ഗ്രന്ഥങ്ങള്ക് ആ സ്ഥാനം നൽകിയ പോലെയാണ് ആധുനികരായ ചില പണ്ഡിതന്മാരുടെ പ്രസ്താവനകൾ. അത് കേട്ട് ജനങ്ങൾ ധരിച്ചു വെച്ചിരിക്കുന്നതും സ്വഹീഹൈനിയിലെ മുഴുവനും ഹദീസുകൾ സ്വഹീഹ് ആണെന്നാണ് . എന്നാൽ ഈ സ്ഥാനം നൽകിയത് പണ്ഡിതന്മാരാണ് ഇത് ജനം മനസ്സിലാക്കിയിട്ടില്ല .കേവലം പണ്ഡിതന്മാരുടെ അഭിപ്രായം മത നിയമമല്ല . ഹദീസ് പണ്ഡിതന്മാർ നിർവഹിച്ചത് ഹാദീസ് ക്രോഡീകരണമാണ് . അതിനാൽ അവ എക്കാലത്തും പരിശോധന നടത്തുകയും അതിന്റെ ആധികാരികതയുടെ വെളിച്ചത്തിൽ സ്വീകരിക്കുകയും മത നിയമം ഉണ്ടാക്കുകയും ചെയ്യേണ്ട ഒന്നാണ് .
ഖത്തീബ് ബാഗ്ദാദിയുടെ اقتضاء العلم العمل എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ,
ശൈഖ് അൽബാനി (റഹ്) പറയുന്നു :"ഒരു ചോദിക്കുന്നയാൾ ഇങ്ങനെ ചോദിച്ചേക്കാം: ഹദീസ് സഹീഹാണോ ദുർബലമാണോ എന്ന് തിരിച്ചറിയുന്നതിൽ ഗ്രന്ഥകാരന് ഇത്രയും ഉയർന്ന പാണ്ഡിത്യമുണ്ടായിരിക്കെ, അദ്ദേഹത്തിന്റെ ഈ ഗ്രന്ഥവും മറ്റു ഗ്രന്ഥങ്ങളും ദുർബലമായ ഹദീസുകളാൽ നിറഞ്ഞുകാണുന്നത് എന്തുകൊണ്ടാണ്?"
ഉത്തരം: ഹദീസ് പണ്ഡിതന്മാരുടെ ഇടയിൽ അംഗീകരിക്കപ്പെട്ട ഒരു അടിസ്ഥാന തത്വമുണ്ട്. അതായത്, ഒരു മുഹദ്ദിസ് (ഹദീസ് പണ്ഡിതൻ) ഒരു ഹദീസ് അതിന്റെ സനദോടുകൂടി ഉദ്ധരിച്ചാൽ, അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിൽ നിന്ന് അദ്ദേഹം ഒഴിവാകുന്നു. കാരണം, ആ ഹദീസ് സഹീഹാണോ അല്ലയോ എന്ന് ഒരു പണ്ഡിതന് പരിശോധിച്ച് മനസ്സിലാക്കാൻ കഴിയുന്ന മാർഗ്ഗം അദ്ദേഹം അതിനോടൊപ്പം നൽകിയിട്ടുണ്ട്. ആ മാർഗ്ഗം തന്നെയാണ് ഇസ്നാദ് (اقتضاء العلم العمل).
ഹദീസ് നിദാന ശാസ്ത്രത്തിന്റെ അതിരുകൾക്ക് അപ്പുറം നിൽക്കുന്ന ഒരു അമാനുഷിക ഗ്രന്ഥം ലോകത്തില്ല എന്ന സത്യം നാം മനസ്സിലാക്കേണ്ടതാണ് .
വായനയുടെയും , അതിലൂടെ നേടുന്ന അറിവിന്റെയും , അന്വേഷണത്മകതയെയും അനുസ്മരിക്കുന്ന ഈ വേളയിൽ , തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വിജ്ഞാന സേവനത്തിനായി നീക്കിവെച്ച ഈ മഹാ പണ്ഡിതനെ ഓർമ്മയിലേക്ക് കൊണ്ടുവരാതിരിക്കാൻ കഴിയില്ല . ഇമാം ഇബ്നു സ്വലാഹ് ഹിജ്റ 643-ൽ (ക്രിസ്തുവർഷം 1245) തന്റെ 66-ാം വയസ്സിൽ ദമാസ്കസിൽ വെച്ച് അന്തരിച്ചു. ദമാസ്കസിലെ പ്രശസ്തമായ 'സൂഫിയ്യാ മഖ്ബറ'യിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.
ഹദീസ് ശാസ്ത്രത്തെ ഇന്നത്തെ രൂപത്തിൽ ക്രമീകരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് കണക്കിലെടുത്ത് പിൽക്കാല പണ്ഡിതന്മാർ അദ്ദേഹത്തെ "ശൈഖുൽ ഇസ്‌ലാം" എന്നാണ് വിശേഷിപ്പിച്ചത്. അല്ലാഹു അദ്ദേഹത്തിന്റെ സൽകർമ്മങ്ങൾ സ്വീകരിക്കുമാറാകട്ടെ .

No comments:
Post a Comment