ഹദീസ് നിഷേധം ?

 

                  

ഹദീസിൻറെ സ്വീകാര്യത പ്രസ്താവിക്കുന്നത് പണ്ഡിതന്മാരുടെ ഇജ്തിഹാദാണ്‌.അതിനാൽ ഒരു ഹദീസിൻറെ സ്വിഹ്ഹത്ത് തീരുമാനിക്കുന്നതിൽ   ഓരോരുത്തർക്കും വീക്ഷണ വ്യത്യാസം ഉണ്ടാകാം . ഒരു പണ്ഡിതൻ സ്വാഹീഹ്‌ ആണെന്ന് പ്രസ്താവിക്കുന്നത് മറ്റു ചിലർക്ക് സ്വീകാര്യമായികൊള്ളണമെന്നില്ല . അത് ഇസ്ലാമിക ലോകത്ത് സുവിദിതമായ കാര്യമാണ് . അതിന്റെ പേരിൽ അവർ പരസ്പ്പരം ഹദീസ് നിഷേധം ആരോപിക്കാറില്ല . അവരുടെ അത്രേം സൂക്ഷമതയുള്ള സ്വഭാവം ഇന്ന് പല വിഭാഗങ്ങൾക്കുമില്ല

.ഇമാം തിർമുദി പറഞ്ഞു ; വിജ്ഞാനത്തിന്റെ മറ്റ് വശങ്ങളിൽ വ്യത്യസ്തരായിരിക്കുന്നതുപോലെ, നിവേദകന്മാരെ വിമർശിക്കുന്നതിൽ  പണ്ഡിതന്മാർ വ്യത്യസ്ത്തപെട്ടിരിക്കുന്നു "

(അൽ ഇലലു സ്വഗീർ തിർമുദി 5/ 709 )

ഇമാം ഇബ്ൻ തൈമിയ്യ പറഞ്ഞു ; 'നിവേദകരെ  വിലയിരുത്തുന്ന   മേഖല വിശാലമാണ്, മറ്റ് വിജ്ഞാന ശാഖകളിലെ പണ്ഡിതന്മാർ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ പണ്ഡിതന്മാർക്ക് ചിലപ്പോൾ നിവേദകരുടെ വിശ്വാസ്യതയിൽ വിയോജിപ്പുണ്ടാകാം.'

(ഖവാഇദ് ഫീ ഉലൂമിൽ ഹദീഥ് -46 )

ഇത്തരത്തിൽ പണ്ഡിതന്മാർ ഭിന്നിക്കാൻ പല കാരണങ്ങളും കാണാം . ഹദീസ് സ്വഹീഹ്‌ ആകാൻ പൊതുവെ അഞ്ച് ശർത്തുകളാണുള്ളത് . ഇവയെല്ലാം തന്നെ പാലിക്കണമെന്ന് എല്ലാ മുഹദ്ദിസുകൾക്കും അഭിപ്രായമില്ല . അത് കൊണ്ട് തന്നെ ഇവയിൽ ഒന്നോ അതിലധികമോ നിബന്ധന ഒത്തുവന്നില്ലെങ്കിലും ചില മുഹദ്ദിസുകൾക്ക് പ്രസ്തുത ഹദീസ് സ്വീകാര്യമായിരിക്കും .

ഇമാം ഇബ്ൻ സലാഹ് പറഞ്ഞു ; 'ചില ഹദീസുകളുടെ ആധികാരികത നിർണ്ണയിക്കുന്നതിൽ പണ്ഡിതന്മാർ ചിലപ്പോൾ വ്യത്യാസപ്പെട്ടിട്ടുണ്ടാകും  .  മേൽ പറഞ്ഞ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള അവരുടെ വിയോജിപ്പിന്റെ ഫലമായിരിക്കാം ഇത്. ചിലപ്പോൾ മേൽ പറഞ്ഞ വ്യവസ്ഥകളിൽ ചിലതിന്റെ പ്രസക്തിയെക്കുറിച്ചുള്ള അവരുടെ വിയോജിപ്പിന്റെ അനന്തരഫലം പോലും ആകാം. '

(മുഖദ്ദിമ ഇബ്ൻ സ്വലാഹ് -13 )

പണ്ഡിതന്മാർ ഹദീസ് നിവേദകരുടെ (റാവികളുടെ) യോഗ്യത നിർണ്ണയിക്കുന്നതിലുള്ള വ്യത്യാസവും മറ്റൊരു കാരണമാണ് . ഹദീസ് പണ്ഡിതന്മാർ സമകാലീനരായ  റാവികളെ നിരീക്ഷിക്കുകയും , അവരുടെ മതനിഷ്‌ഠ ,സ്വഭാവം , നീതി ബോധം ,  ഓർമ്മ ശക്തി , ഹദീസ് കിത്താബുകൾ , എന്നിവ പരിശോധിച്ചും അവരെ വിലയിരുത്തുന്നു . സമകാലീനരല്ലാത്തവരെക്കുറിച്ച്  അവരുടെ ജീവ ചരിത്രം പഠിച്ചിട്ടുമാണ് അവരെ കുറിച്ച് അഭിപ്രായം പ്രസ്താവിക്കുന്നത് . ഓരോരുത്തരുടെയും  ഈ കണ്ടെത്തലുകൾ പോലും വ്യത്യസ്‍തമാകുന്നതും അവരെ സ്വീകരിക്കുന്നതിൽ വ്യത്യാസം കാണിക്കും ഇത് ഹദീസിൻറെ സ്വിഹ്ഹത്ത്  പ്രസ്താവിക്കുന്നതിലും ബാധിക്കും .

ഇമാം നവവി പറഞ്ഞു ; “ചിലസമയത്  ഒരു നിവേദകൻ  ഇമാം മുസ്‌ലിമിന്റെ അഭിപ്രായത്തിൽ വിശ്വസനീയനും മറ്റുള്ളവരുടെ വീക്ഷണത്തിൽ വിശ്വസനീയമല്ലാത്തവനുമായിരിക്കാം."

(മുഖദ്ദിമ ശറഹ് മുസ്ലിം 16 )

ഇമാം മുന്ദിരി പറഞ്ഞു ;' ഹദീസ് പണ്ഡിതന്മാരുടെ ഭിന്നത(നിവേദകന്മാരെ കുറിച്ച് ) ഫുഖ്ഹാക്കളിലെ ഭിന്നതപോലെ തന്നെയാണ് .

(ജവാബുൽ ഹാഫിദ് അൽ മുന്ദിരി 83 )

ശംസുദ്ധീൻ  ഇബ്നുൽ ഹാദി പറയുന്നു ; ചിലപ്പോൾ ഒരു മുഹദ്ദിസ്  ഒരു  പ്രത്യേക നിവേദകനെ  'മത്രൂക്' (വളരെ ദുർബലൻ) എന്ന് തരംതിരിക്കുന്നു, മറ്റുള്ളവർ അവനെ വിശ്വസനീയമായി അംഗീകരിക്കുകയും അവന്റെ ഹദീസ് തെളിവായി ഉപയോഗിക്കുകയും ചെയ്യുന്നു.

(ശറഹുൽ ഖസീദ -41  )

ഇമാം സുയ്യൂത്തി പറഞ്ഞു ; ' ചില വിദഗ്‌ദ്ധർ ദുർബ്ബലമായും മറ്റുചിലർ ഹസനായും   കണക്കാക്കിയ നിരവധി ഹദീസുകളുണ്ട് '

(തദ്‌റീബു റാവി  1 / 217 )

ഒരു ഉദാഹരണം നോക്കുക ;

 

അബ്ദുല്ലാഹ് ഇബ്ൻ മുആദ് അൽ സൻആനി  അൽ ബസരി

 

ഈ റാവിയെക്കുറിച്ച് പണ്ഡിതന്മാരുടെ വീക്ഷണം നോക്കുക ;

 

ഇമാം യഹിയ്യ ഇബ്ൻ മഈൻ പറഞ്ഞു ; സ്വീകാര്യൻ

ഇമാം മുസ്ലിം പറഞ്ഞു ; സ്വീകാര്യൻ

ഇമാം ജുർജാനി പറഞ്ഞു ; അദ്ദേഹത്തിന് ഒരു  പ്രശ്നമില്ല

ഇമാം ദഹബി പറഞ്ഞു ; വിശ്വസ്തൻ

ഇമാം അബ്ദുറസാഖ് പറഞ്ഞു ; കളവ് പറയും

ഇമാം അഹമ്മദ് പറഞ്ഞു ; ഞാൻ മക്കയിൽ വെച്ച് കണ്ടു പക്ഷെ ഒന്നും എഴുതിയെടുത്തില്ല

 

പ്രസ്തുത റാവിയെ ചിലർ സ്വീകാര്യൻ എന്നും , ചിലർ വിശ്വസ്തൻ എന്നും , ചിലർ കളവ് പറയുമെന്നും പറയുന്നു. ആ റാവിയുടെ ഹദീസ് പരിശോധിക്കുന്നവർ മേൽ പറഞ്ഞ ഏത് മുഹദ്ദിസിന്റെ അഭിപ്രായം സ്വീകരിക്കുന്നോ അതനുസരിച്ച് ആ ഹദീസിന്റെ സ്വിഹ്ഹത്തിൽ പണ്ഡിതന്മാർ മൂന്നോ അതിലധികമോ വീക്ഷണത്തിൽ വരെ എത്താം . അഥവ സ്വഹീഹ്‌ എന്നും , ഹസൻ എന്നും , ദഈഫ് എന്നും , മത്റൂഖ് എന്നും വിധിക്കാം . ആ ഹദീസിനെ ദഈഫ് ആക്കിയ പണ്ഡിതന്മാരെ ഹദീസ് നിഷേധിയെന്ന് ആക്ഷേപിക്കാൻ സാധിക്കുമോ ? യഹിയ്യ ഇബ്ൻ മഈൻ പോലുള്ള നാക്കിദുകളാണ് സ്വീകാര്യൻ എന്ന് വിളിച്ചത് അതിനെതിരെ അഭിപ്രായം സ്വീകരിക്കുന്നവർ ആക്ഷേപിക്കപെടേണ്ടതാണോ ? യഥാർത്ഥത്തിൽ ഇത്തരം പ്രവണതയ്കക്കാണോ ഹദീസ് നിഷേധം എന്ന് വിളിക്കുക ?!

മുഹദ്ദിസ് സഫർ അഹമ്മദ് തൻവി പറയുന്നു ; 'മേൽപ്പറഞ്ഞ കാര്യങ്ങൾ തെളിയിക്കുന്ന എണ്ണമറ്റ ഉദ്ധരണികൾ പണ്ഡിതന്മാരിൽ നിന്ന് ഉണ്ട്. ഒരുപക്ഷേ ഞാൻ ഉദ്ധരിച്ച കാര്യങ്ങൾ മതിയാകും. അതിനാൽ ഒരു ഹദീസ് (അല്ലെങ്കിൽ ഒരു നിവേദകൻ ) ഒരു പണ്ഡിതൻറെ അഭിപ്രായത്തിൽ സ്വീകാര്യമോ  ,അസ്വീകാര്യമോ  ആയാലും , മറ്റുള്ളവരുടെ അഭിപ്രായത്തിൽ അത് അങ്ങനെ ആകണമെന്നില്ല .'

(ഖവാഇദ് ഫീ ഉലൂമിൽ ഹദീഥ് - 55 )

പണ്ഡിതന്മാരുടെ ഇത്തരം ഉദ്ധരിണികളിൽ നിന്ന് തന്നെ വളരെ വ്യക്തമാകുന്നത് ,മുഹദ്ദിസുകൾ ഒരു ഹദീസിൻറെ സ്വിഹ്ഹത്തിന്റെ വിഷയത്തിൽ ഏക അഭിപ്രായക്കാരല്ല . പക്ഷെ അവർ പരസ്പ്പരം ഹദീസ് നിഷേധം ആരോപിച്ചിട്ടില്ല . കൂടുതൽ ശരിയെന്നു തോന്നുന്ന അഭിപ്രായം സ്വീകരിക്കുക മാത്രമാണ് ചെയ്തത് . മാത്രവുമല്ല ഒരു പണ്ഡിതൻ ഒരു ഹദീസിനെ  സ്വഹീഹ്‌ എന്ന് പ്രസ്താവിച്ചു എന്നത് കൊണ്ട് പിൻഗാമികളായ പണ്ഡിതന്മാർ പരിശോധന കൂടാതെ കണ്ണടച്ച് അത് സ്വീകരിക്കണമെന്നില്ല എന്നും മേൽ പണ്ഡിതന്മാരുടെ പ്രവർത്തികൾ , കൗലുകൾ സ്ഥാപിക്കുന്നു .

അത് കൊണ്ട്  തെളിവിന്റെ അടിസ്ഥാനത്തിൽ ഹദീസ് നിരൂപണം നടത്തുന്നതും , സ്വന്തം താൽപര്യം അനുസരിച് ഹദീസുകൾ സ്വീകരിക്കാത്തതും ഒരേ കാര്യമല്ല . അത്തരം പ്രവർത്തികൾ ഹദീസ് നിഷേധമാണെന്ന് അവിതർക്കമായ കാര്യവുമാണ് .