നമസ്‌ക്കാരം നബി ചര്യയിലൂടെ -പാർട്ട് 1

            

ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ആരാധനയാണ് അഞ്ച് നേരത്തെ നമസ്‌ക്കാരം .മുസ്‌ലിമിന്റെ തിരിച്ചറിയൽ രേഖകൂടിയാണ് നമസ്‌ക്കാരം . ഒരു പള്ളിയിലെ തന്നെ ആളുകളുടെ നമസ്‌ക്കാരം വീക്ഷിച്ചാൽ മിക്കവാറും ഭിന്നമായ രീതിയിൽ തന്നെയായിരിക്കും അവരുടേ ഓരോരുത്തരുടെയും നമസ്‌ക്കാരം . അതിന് കാരണം തിരക്കിപ്പോയാൽ കണ്ടെത്തുന്നത് പലതാണ് അതിൽ പ്രധാനപ്പെട്ട ഒരു കാരണം വ്യത്യസ്ത മദ്ഹബുകളാണ് . ഒരു പണ്ഡിതൻറെ പാണ്ഡിത്യത്തെ അന്ധമായി അനുകരിക്കുന്നതിലൂടെയാണ് മദ്ഹബുകൾ രൂപപ്പെടുന്നത് . ഒരു സുപ്രഭാതത്തിൽ രൂപപ്പെടുത്തുന്നതല്ല മദ്ഹബുകൾ. മുജ്തഹിദുകൾ ഖുർആൻ ആയത്തുകളുടെ വ്യഖ്യാനിക്കുമ്പോൾ ഉണ്ടാകുന്ന  വ്യത്യസ്ത വ്യഖ്യാനങ്ങൾ   , ഹദീസുകളുടെ ആധികാരികത നിർണ്ണയിക്കുന്നതിലുള്ള വീക്ഷണ വ്യത്യാസം  എല്ലാം ഓരോ മുജ്തഹിദുകളും  ഓരോ വിഷയത്തിൽ  വ്യത്യസ്‍ത അഭിപ്രായം പറയാൻ കാരണമാകുന്നു . കാലക്രമേണ ഏതെങ്കിലും  മുജ്തഹിദിൻറെ അഭിപ്രായങ്ങൾ മാത്രം പിൻപറ്റുന്ന ഒരു കൂട്ടം ആളുകൾ  രൂപപ്പെടുകയും അവരിലൂടെ ഒരു പ്രത്യേക മദ്ഹബ് രൂപപ്പെടുകയും ചെയ്യുന്നു . ഇസ്ലാമിക ചരിത്രത്തിൽ ധാരാളം മദ്ഹബുകൾ രൂപം പ്രാപിച്ചിരുന്നു അതിൽ നാലെണ്ണം  ഇന്നും നിലനിൽക്കുന്നുണ്ട് . ഹനഫീ , മാലിക്കി , ഹമ്പലി , ശാഫിഈ , സൗരി , ദാഹിരി , ലൈസി, ദാവൂദി തുടങ്ങി അനേകം മദ്ഹബുകളുണ്ടായിരുന്നു . ആദ്യത്തെ നാലൊഴിച്ച് ബാക്കി എല്ലാം കാലാന്തരങ്ങളിൽ ചെറുതായി ചെറുതായി അപ്രത്യക്ഷമായി. കേവലം ഈ  നാല് മദ്ഹബുകളിൽ മാത്രം ചുരുങ്ങാതെ അവർ അഭിപ്രായങ്ങൾ രൂപപ്പെടുത്തിയ തെളിവുകൾ കഴിവിൻറെ പരിധിയിൽ നിന്നുകൊണ്ട്  തന്നെ പരിശോധിച്ച് അതിൻറെ ആധികാരികത ഉറപ്പ് വരുത്തി നബി[സ] യുടെ നമസ്ക്കാര രൂപം എങ്ങിനെ എന്ന് കണ്ടെത്തുകയാണ് ഈ ലേഖനത്തിൻറെ ഉദ്ദേശം . ഇൻശാ അല്ലാഹ്.

 

 

.

നിയ്യത്

നമസ്ക്കാരത്തിനായി ഉദ്ദേശിച്ച വ്യക്തി അതിനുള്ള അംഗ ശുദ്ധി വരുത്തി ഖിബ്‌ലയെ അഭിമുഖീകരിച്ചു നിൽക്കുക . കഴിവുള്ളവർ നിൽക്കുക തന്നെ വേണം . ശാരീരിക വൈകല്യമോ രോഗമോ മൂലം നിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ മാത്രാമാണ് സൗകര്യമുള്ള മറ്റു വഴികൾ സ്വീകരിക്കേണ്ടത് .
ഏതൊരു ആരാധന കർമ്മങ്ങൾ ചെയ്യുമ്പോളും നേരായ ഉദ്ദേശശുദ്ധി ഉണ്ടെങ്കിലേ അത് അല്ലാഹു സ്വീകരിക്കു . ആരെങ്കിലും താൻ വലിയ നമസ്‌ക്കാരക്കാരനാണെന്നോ , നോമ്പ് കാരനാണെന്നോ, ദാന ധാർമ്മിയാണെന്നോ ജനത്തെ ധരിപ്പിക്കാൻ ഉദ്ദേശിച്ചാൽ അത് അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ ഒരു കർമ്മമാകില്ല . അതിനാലാണ് റസൂൽ [സ ] പറഞ്ഞത് " ഉദ്ദേശങ്ങളുനസരിച്ചു മാത്രമാണ് കർമ്മങ്ങളുടെ മൂല്യം . ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചത് ലഭിക്കുന്നു . " [ബുഖാരി 1 ]
അപ്പോൾ ഉദ്ദേശശുദ്ധി ഇല്ലെങ്കിൽ അല്ലാഹു അമലുകൾ സ്വീകരിക്കില്ല , അതിനാൽ നമസ്‌ക്കരിക്കുമ്പോൾ നേരായ ഉദ്ദേശശുദ്ധി [നിയ്യത് ] വേണം . നാവുകൊണ്ട് ഒന്ന് ഒരുവിടുകയും ഹൃദയത്തിൽ മറ്റൊന്ന് വിചാരിക്കുകയും ചെയ്‌താൽ അല്ലാഹു സ്വീകരിക്കില്ല . നിയ്യത്തായി നബി [സ ] പ്രത്യേഗിച്ചു ഒന്നും തന്നെ പഠിപ്പിച്ചിട്ടില്ല . അതിനാൽ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചു നമസ്‌കരിക്കുക . ആളുകൾ നബി ചര്യയിൽ ഇല്ലാത്ത ആചാരങ്ങൾ നമസ്ക്കാരവുമായി ബന്ധപ്പെട്ട് ചെയ്തുപോരുന്നുണ്ട്  അതെല്ലാം ഒഴിവാക്കേണ്ടതാണ് . ഇല്ലെങ്കിൽ പരലോകത്തു നബി [സ ] അത്തരക്കാരുടെ ശത്രുവായി മാറുന്നതാണ് . ഓരോ നമസ്‌കാരത്തിന് മുമ്പ് നാവുകൊണ്ട് ഉരുവിടുന്ന നിയ്യത് പലരും ചെയ്യാറുണ്ട് ഇതൊന്നും നബി [സ ] യുടെ ചര്യയിൽപ്പെട്ടതല്ല .

വുദൂ

സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന്‌ ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട്‌ കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത്‌ ( വലിയ അശുദ്ധി ) ബാധിച്ചവരായാല്‍ നിങ്ങള്‍         (കുളിച്ച്‌ ) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട്‌ അതുകൊണ്ട്‌ നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. (ഖുർആൻ 5/ 6 )

 

നമസ്ക്കരത്തിന് മുൻപ് വുദൂ നിർബന്ധമാണ് . വുദൂ എടുത്തോ , ജനാബത്തിൽ നിന്ന് കുളിച്ചു ശുദ്ധിയായോ , തയമ്മും ചെയ്ത് ശുധിയായോ അല്ലാതെ നമസ്ക്കാരം ശരിയാകില്ല  .

عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ لاَ تُقْبَلُ صَلاَةٌ بِغَيْرِ طُهُورٍ

 

 ഇബ്ൻ ഉമർ [റ ]വിൽ നിന്ന് ; നബി [സ ] പറഞ്ഞു ശുദ്ധിയാക്കാത്തവർക്ക്  നമസ്ക്കാരമില്ല " [തിർമുദി 1 ]

സ്വയമേ ശുദ്ധിയുള്ളതും മറ്റുള്ളവയെ ശുദ്ധിയാക്കാൻ പര്യാപ്തമായതുമായ വെള്ളം കൊണ്ടാണ് വുദൂ എടുക്കേണ്ടത് .

وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءً طَهُورًا

ആകാശത്ത്‌ നിന്ന്‌ ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ 25/ 48 )

മഴവെള്ളം ശുദ്ധമായ വെള്ളമാണ് അത് കൊണ്ട് വുദൂ ചെയ്യാം . അതേപോലെ തന്നെ കടൽ വെള്ളം കൊണ്ടും വുദൂ എടുക്കാം .

عَنِ الْمُغِيرَةِ بْنِ أَبِي بُرْدَةَ أَنَّهُ سَمِعَ أَبَا هُرَيْرَةَ، يَقُولُ جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنَّا نَرْكَبُ الْبَحْرَ وَنَحْمِلُ مَعَنَا الْقَلِيلَ مِنَ الْمَاءِ فَإِنْ تَوَضَّأْنَا بِهِ عَطِشْنَا أَفَنَتَوَضَّأُ بِهِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ ‏"

അബൂഹുറൈറ [റ ] വിൽ നിന്ന് നിവേദനം ; ഒരാൾ നബി [സ ] യോട് ചോദിച്ചു ' ഞങ്ങൾ കടലിലൂടെ യാത്രപോകും അപ്പോൾ അൽപ്പം വെള്ളമേ കൂടെ കൊണ്ടുപോകാറുള്ളു അത് കൊണ്ട് വുദൂ എടുത്താൽ ദാഹം കൊണ്ട് വലയും അതിനാൽ കടൽ വെള്ളം കൊണ്ട് വുദൂ എടുത്തോട്ടെ ? നബി [സ ] പ്രതിവദിച്ചു ; അതെ അതിലെ വെള്ളം ശുദ്ധവും അതിലെ മാംസം ഭക്ഷ്യയോഗ്യവുമാണ് "

(മുവത്വ 12 , അബൂദാവൂദ് 83 , നസാഈ 59 , തിർമുദി 69 , ഇബ്ൻ മാജ 386 )

قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ ‏.‏ وَهُوَ قَوْلُ أَكْثَرِ الْفُقَهَاءِ مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم مِنْهُمْ أَبُو بَكْرٍ وَعُمَرُ وَابْنُ عَبَّاسٍ لَمْ يَرَوْا بَأْسًا بِمَاءِ الْبَحْرِ

ഇമാം അബൂഈസ പറയുന്നു ; ഈ ഹാദീസ് ഹസനും സ്വാഹീഹുമാണ് . നബിയുടെ സ്വഹാബികൾ എല്ലാരും ആ അഭിപ്രായക്കാരായിരുന്നു , അബൂബക്കർ . ഉമർ ,ഇബ്ൻ അബ്ബാസ് ഒക്കെ കടലിലെ വെള്ളത്തിൽ ഒരു തകരാറും കണ്ടിരുന്നില്ല  (ജാമിഉ തിർമുദി 69 )

സംസം വെള്ളം കൊണ്ടും വുദൂ എടുക്കാവുന്നതാണ് .

إنها مُباركة، إنها طعام طُعم

അബൂദർറ് [റ ] വിൽ  നിന്നും ; നബി [സ ] പറഞ്ഞു ; സംസം വെള്ളം അനുഗ്രഹീതമാണ് അത് ഭക്ഷണവുമാണ് ( മുസ്ലിം 6513 )

സംസം വെള്ളം ഒരു ദിവ്യ ജലമായി ചിലർ വിശ്വസിക്കാറുണ്ട് തികച്ചും മൗഢ്യമാണാവിശ്വാസം. അത് കൊണ്ട് വുദു എടുക്കാം , ശരീരം കഴുകാം  മറ്റെല്ലാ ജലം ഉപയോഗിക്കുന്ന ആവശ്യങ്ങൾക്കും ഉപയോഗിക്കാം . 

ഐസും , ആലിപ്പഴവും മഞ്ഞുകൊണ്ടും വുദൂ എടുക്കാം.

اللهم اغسلني من خطاياي بالماء والثلج والبرد

"അല്ലാഹുവേ മഞ്ഞുകൊണ്ടും , വെള്ളം കൊണ്ടും , ആലിപ്പഴം കൊണ്ടും  എന്റെ പാപങ്ങളെ കഴുകികളായണേ"

[ബുഖാരി- 744 മുസ്‌ലിം 598]

ശുദ്ധവും മാറ്റ് വസ്തുക്കളെ ശുദ്ധീകരിക്കാൻ സാധിക്കുന്നതുമായ വസ്തുക്കളാണ് മഞ്ഞും ,. ഐസ് കട്ടയും , ആലിപ്പഴവുമെല്ലാം . അത് കൊണ്ട് അവയിൽ നിന്ന് ലഭിക്കുന്ന വെള്ളം കൊണ്ടും വുദൂ എടുക്കാം . ജലം അധികമായി ലഭിക്കുന്ന നാടുകളിൽ ഇതിൻറെ ആവശ്യം വരുന്നില്ല അതുകൊണ്ട് ഈ വസ്തുക്കളെ ഉപയോഗിക്കുന്ന സാഹചര്യം അവർക്ക് ബോധ്യമാകണമെന്നില്ല . ജല ദൗർലഭ്യമുള്ള നാടുകളിൽ ഉള്ളവർക്ക് ഈ വസ്തുക്കളുടെ  ആവശ്യകതയെക്കുറിച് നല്ല ബോധ്യമുണ്ടാകും .

വെള്ളം ലഭ്യമല്ലാത്ത അവസരങ്ങളുണ്ടാകാം , അതേപോലെ വെള്ളം ശരീരത്തിൽ സ്പർശിച്ചാൽ രോഗം മൂർച്ഛിക്കാനുള്ള സാധ്യത . കഠിന തണുപ്പ് മൂലം വെള്ളം കൊണ്ട് മുണ്ടാകാനുള്ള സാധ്യതയൊക്കെ ഉണ്ടാകാം . ഇത്തരം സന്ദർഭത്തിൽ തയമ്മും ചെയ്ത് ശുദ്ധിയാകണം .

'നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട്‌ നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു' (ഖുർആൻ 43 )

"ശുദ്ധിയുള്ള ഭൂമുഖം "എന്നത് കൊണ്ട് മണ്ണോ, പൊടിയോ, കല്ലോ, ജിപ്സമോ എല്ലാമാകാം എന്ന് പണ്ഡിതന്മാർ പറയുന്നു(ഫിഖ്ഹ് സുന്ന 1/ 66 )

جُعِلَتْ لِيَ الأَرْضُ مَسْجِدًا وَطَهُورًا

നബി [സ ] പറഞ്ഞു ; എനിക്ക് മുൻപ് മറ്റാർക്കും കൊടുക്കാത്ത അഞ്ചുകാര്യങ്ങൾ അല്ലാഹു എനിക്ക് പ്രത്യേകം നൽകിയിട്ടുണ്ട് . എനിക്ക് ഭൂമി നമസ്ക്കരിക്കാനും ശുദ്ധികരിക്കാനുമുള്ള ഇടമാക്കി തന്നിരിക്കുന്നു (ബുഖാരി 335 )

അമ്മാര്‍(റ) പറയുന്നു: ''റസൂല്‍(സ്വ) ഒരാവശ്യത്തിന് എന്നെ പറഞ്ഞയച്ചു. ആ സന്ദര്‍ഭത്തില്‍ എനിക്ക് ജനാബത്തുണ്ടായി. വെള്ളം കിട്ടിയതുമില്ല. അപ്പോള്‍ മൃഗങ്ങള്‍ചെയ്യുന്നതുപോലെ ഞാന്‍ തറയില്‍ കിടന്നുരുണ്ടു. അനന്തരം ഞാനതു നബി(സ്വ)യോടു പറഞ്ഞു. നബി(സ്വ)യുടെ മറുപടി. 'നിനക്ക് ഇങ്ങനെ ചെയ്താല്‍ മതിയായിരുന്നു' എന്നായിരുന്നു. എന്നിട്ട് തന്റെ മുന്‍കൈ കൊണ്ട് നബി(സ്വ) തറയിലടിച്ചു. അവ കുടഞ്ഞതിനുശേഷം അവ രണ്ടും കൊണ്ട് അദ്ദേഹം വലതു മുന്‍കൈയുടെ പുറം ഇടതുകൈകൊണ്ടും ഇടതു മുന്‍കൈയുടെ പുറം (മറ്റെ) മുന്‍കൈ കൊണ്ടും തടവി. പിന്നെ അതുകൊണ്ട് തന്റെ മുഖവും തടവി (ബുഖാരി 339 ).

عَنْ عَمْرِو بْنِ الْعَاصِ، قَالَ احْتَلَمْتُ فِي لَيْلَةٍ بَارِدَةٍ فِي غَزْوَةِ ذَاتِ السَّلاَسِلِ فَأَشْفَقْتُ إِنِ اغْتَسَلْتُ أَنْ أَهْلِكَ فَتَيَمَّمْتُ ثُمَّ صَلَّيْتُ بِأَصْحَابِي الصُّبْحَ فَذَكَرُوا ذَلِكَ لِلنَّبِيِّ صلى الله عليه وسلم فَقَالَ ‏"‏ يَا عَمْرُو صَلَّيْتَ بِأَصْحَابِكَ وَأَنْتَ جُنُبٌ ‏"‏ ‏.‏ فَأَخْبَرْتُهُ بِالَّذِي مَنَعَنِي مِنَ الاِغْتِسَالِ وَقُلْتُ إِنِّي سَمِعْتُ اللَّهَ يَقُولُ ‏{‏ وَلاَ تَقْتُلُوا أَنْفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا ‏}‏ فَضَحِكَ رَسُولُ اللَّهِ صلى الله عليه وسلم وَلَمْ يَقُلْ شَيْئًا

അംറ് ഇബ്ൻ ആസ് [റ ] പറയുന്നു ; എനിക്ക് ദത്ത് സലാസിൽ യുദ്ധത്തിൻറെ രാത്രിയിൽ സ്വപ്ന സ്ഖലനമുണ്ടായി ഞാൻ കുളിച്ചാൽ മരിച്ചു പോകുമോ എന്ന ഭയമുണ്ടായി അത് കൊണ്ട് ഞാൻ തയമ്മും ചെയ്തു എന്നിട്ട് സുബ്ഹിക്ക് സ്വഹാബികൾക്ക് ഇമാമായി നമസ്ക്കരിച്ചു . ഈ വിവരം നബി [ സ] അറിഞ്ഞു . നബി [സ ] ചോദിച്ചു ' അംറേ  താങ്കൾ അശുദ്ധിയുള്ളപ്പോൾ ഇമാം നിന്നോ ? ഞാൻ അതിനുള്ള കാരണങ്ങൾ നബിയെ [സ ] ബോധിപ്പിച്ചു എന്നിട്ട പറഞ്ഞു ' നബിയെ ഞാൻ അല്ലാഹുവിൻറെ വചനം കേട്ടിട്ടുണ്ട് " നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട്‌ കരുണയുള്ളവനാകുന്നു." അപ്പോൾ നബി [സ ] ചിരിച്ചു മറച്ചൊന്നും പറഞ്ഞില്ല ( അബൂദാവൂദ് 334 )

ഇമാം മുന്തിരി ഈ ഹദീസിൻറെ പരമ്പര ഹസൻ എന്ന് പറഞ്ഞു

(ഔനുൽ മഅബൂദ് 1/ 405)

ശൈഖ് അൽബാനി ഇത് സ്വഹീഹ്‌ എന്ന് പറഞ്ഞു

അതിശൈത്യം , മുറിവ് ഒക്കെ കൊണ്ട് പ്രയാസമനുഭവിക്കുന്ന സന്ദർഭത്തിൽ വെള്ളം ഉപയോഗിച്ചാൽ അപകടമുണ്ടെന്ന് ഭയമുള്ള സന്ദർഭങ്ങളിൽ തയമ്മും ചെയ്യാം . അല്ലാഹുവിൻറെ ഇളവുകൾക്ക് മുസ്ലിംകൾക്ക് ആശ്വാസമാണ് .

വുദൂ തുടങ്ങുമ്പോൾ ബിസ്മില്ലാഹ് ചൊല്ലൽ  നിർബന്ധമാണ് എന്ന് ചിലർ  വാദിക്കാറുണ്ട്  . അതിന് ഉപോൽബലമായി  അവർ കൊണ്ട് വരുന്ന തെളിവ് 'അല്ലാഹുവിൻെറ നാമമുച്ചരികാതെ ചെയ്യുന്ന വുദൂ സ്വീകാര്യമല്ല' എന്ന്   അഹമ്മദ്, ദാറുഖുത്നി പോലുള്ളവർ ഉദ്ധരിക്കുന്ന ഹദീസാണ് .  എന്നാൽ അത് ദുർബലമായ ഹദീസാണ്. ശൈഖ് ശുഐബ് അർനൂതി അത് തൻറെ ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നുണ്ട് [തഖ്‌രീജ് മുസ്നദ് 11370]

അതേപോലെ അബൂ ഹുറൈറ [റ ] , അബൂ സഈദ്[റ ]  , സഈദ് ഇബ്ൻ സൈദ്[റ ] , ആയിശ[റ ] , സഹ്ൽ ഇബ്ൻ സഹ്ദ്[റ ] , അലി [റ ] തുടങ്ങി ധാരാളം സ്വഹാബികളിൽ നിന്നും  "വുദൂ എടുക്കാതെ നമസ്ക്കാരവും ശരിയാകില്ല അല്ലാഹുവിൻറെ നാമമുച്ചരിക്കാത്ത വുദൂഉം ശരിയാകില്ല " എന്ന ആശയത്തിലും  ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . പക്ഷെ അവയെല്ലാം തന്നെ ദുർബലമാണ് .

قال أحمد بن حنبل : إنه أحسن شيء في هذا الباب .

ഇമാം അഹമ്മദ് പറഞ്ഞത് ഈ വിഷയത്തിൽ നല്ലതായ ഒന്നും വന്നിട്ടില്ല എന്നാണ് [ തൽഖീസ് 1/ 122 ]

ദൈർഖ്യം മൂലം അവ വിശദീകരിക്കുന്നില്ല . എന്നാൽ ഇവയ്ക്ക് ഉപോൽബലമായി ഇമാം നസാഈ അനസ് [റ]വിൽ  നിന്ന് നല്ല പരമ്പരയോടെ  വുദൂ ബിസ്മി കൊണ്ട് തുടങ്ങാൻ പറയുന്ന ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് .

 

عَنْ أَنَسٍ، قَالَ طَلَبَ بَعْضُ أَصْحَابِ النَّبِيِّ صلى الله عليه وسلم وَضُوءًا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ هَلْ مَعَ أَحَدٍ مِنْكُمْ مَاءٌ ‏"‏ ‏.‏ فَوَضَعَ يَدَهُ فِي الْمَاءِ وَيَقُولُ ‏"‏ تَوَضَّئُوا بِسْمِ اللَّهِ ‏"‏ ‏.‏ فَرَأَيْتُ الْمَاءَ يَخْرُجُ مِنْ بَيْنِ أَصَابِعِهِ حَتَّى تَوَضَّئُوا مِنْ عِنْدِ آخِرِهِمْ

 

 അനസ് [റ ]വിൽ  നിന്ന് നിവേദനം ; ചില സ്വഹാബികൾ വുദൂ ചെയ്യാൻ വെള്ളം നോക്കി നടക്കുകയായിരുന്നു റസൂൽ [സ ] അന്നേരം ചോദിച്ചു 'നിങ്ങടെ കയ്യിൽ വെള്ളമുണ്ടോ ? (അങ്ങനെ നബി [സ ] ഒരു പാത്രത്തിലേക്ക് കയ്യിട്ടു ) നബി [സ ] പറഞ്ഞു "നിങ്ങൾ അല്ലാഹുവിൻറെ നാമത്തിൽ വുദൂ എടുക്കുക " എല്ലാരും വുദൂ എടുക്കും വരെ നബിയുടെ വിരലുകൾക്കിടയിലൂടെ വെള്ളം വന്നു കൊണ്ടിരുന്നു (നസാഈ 78 )

ഇതിൽ നിന്നും വുദൂ എടുക്കുമ്പോൾ ബിസ്മി ചൊല്ലൽ സുന്നത്താണ് എന്ന് മനസ്സിലാക്കാം . വാജിബിനെ കുറിക്കുന്ന ഹദീസുകൾ മുഴുക്കെ ദുർബലമാണ് .

عَنْ عَبْدِ خَيْرٍ، قَالَ أَتَيْنَا عَلِيَّ بْنَ أَبِي طَالِبٍ - رضى الله عنه - وَقَدْ صَلَّى فَدَعَا بِطَهُورٍ فَقُلْنَا مَا يَصْنَعُ بِهِ وَقَدْ صَلَّى مَا يُرِيدُ إِلاَّ لِيُعَلِّمَنَا فَأُتِيَ بِإِنَاءٍ فِيهِ مَاءٌ وَطَسْتٍ فَأَفْرَغَ مِنَ الإِنَاءِ عَلَى يَدَيْهِ فَغَسَلَهَا ثَلاَثًا ثُمَّ تَمَضْمَضَ وَاسْتَنْشَقَ ثَلاَثًا مِنَ الْكَفِّ الَّذِي يَأْخُذُ بِهِ الْمَاءَ ثُمَّ غَسَلَ وَجْهَهُ ثَلاَثًا وَغَسَلَ يَدَهُ الْيُمْنَى ثَلاَثًا وَيَدَهُ الشِّمَالَ ثَلاَثًا وَمَسَحَ بِرَأْسِهِ مَرَّةً وَاحِدَةً ثُمَّ غَسَلَ رِجْلَهُ الْيُمْنَى ثَلاَثًا وَرِجْلَهُ الشِّمَالَ ثَلاَثًا ثُمَّ قَالَ مَنْ سَرَّهُ أَنْ يَعْلَمَ وُضُوءَ رَسُولِ اللَّهِ صلى الله عليه وسلم فَهُوَ هَذَا

അബ്ദുൽ ഖൈർ പറഞ്ഞു ; ഞങ്ങൾ അലി [റ]വിനോടൊപ്പം ഞങൾ നമസ്ക്കരിച്ചു ശേഷം അദ്ദേഹം വെള്ളം കൊണ്ട് വരാൻ പറഞ്ഞു . നമസ്ക്കാരം കഴിഞ് എന്തിനാണ് വെള്ളം എന്ന് ഞങൾ വിചാരിച്ചു സത്യത്തിൽ ഞങളെ പഠി പ്പിക്കാനായിരുന്നു . ഒരു പാത്രം വെള്ളം കൊണ്ടുവരപ്പെട്ടു . അദ്ദേഹം അൽപ്പം വെള്ളം കൈയ്യിലെടുത്തു മൂന്ന് തവണ കഴുകി ശേഷം അൽപം വെള്ളം വായിലും മൂക്കിലും കയറ്റി മൂന്ന് തവണ ചീറ്റി . പിന്നീട് മൂന്ന് തവണ മുഖം കഴുകി ശേഷം വലത് കൈ മൂന്ന് പ്രാവശ്യം കഴുകി ശേഷം ഇടത് കൈ മൂന്ന് പ്രാവശ്യം കഴുകി ശേഷം തല ഒരു തവണ തടവി ശേഷം വലത് കാൽ  മൂന്ന് പ്രാവശ്യം കഴുകി ശേഷം ഇടത് കാൽ മൂന്ന് പ്രാവശ്യം കഴുകി' എന്നിട്ട് അദ്ദേഹം പറഞ്ഞു 'നിങ്ങൾ ആരെങ്കിലും നബി [സ ] വുദൂ ചെയ്ത പോലെ ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഇത് പോലെ ചെയ്യൂ ' ( നസാഈ 92 )

തല മുഴുവനും തടവണം  തലയുടെ ഭാഗമായിട്ടാണ് ചെവി തടവുന്നത് . ചെവിക്കായി പ്രത്യേകം വെള്ളം എടുക്കേണ്ടതില്ല . കൈകൾ തലയുടെ മുന്നിൽ നിന്ന് തുടങ്ങി പിന്നിലോട്ടുപോയി അവിടെനിന്ന് തിരികെ മുന്നിലേക്ക് വന്ന ശേഷം ചെവിയുടെ അകത്ത് ചൂണ്ടു  വിരൽ കടത്തി തള്ള വിരൽ കൊണ്ട് പുറവും തടവണം .

عَنِ ابْنِ عَبَّاسٍ، قَالَ تَوَضَّأَ رَسُولُ اللَّهِ صلى الله عليه وسلم فَغَرَفَ غَرْفَةً فَمَضْمَضَ وَاسْتَنْشَقَ ثُمَّ غَرَفَ غَرْفَةً فَغَسَلَ وَجْهَهُ ثُمَّ غَرَفَ غَرْفَةً فَغَسَلَ يَدَهُ الْيُمْنَى ثُمَّ غَرَفَ غَرْفَةً فَغَسَلَ يَدَهُ الْيُسْرَى ثُمَّ مَسَحَ بِرَأْسِهِ وَأُذُنَيْهِ بَاطِنِهِمَا بِالسَّبَّاحَتَيْنِ وَظَاهِرِهِمَا بِإِبْهَامَيْهِ ثُمَّ غَرَفَ غَرْفَةً فَغَسَلَ رِجْلَهُ الْيُمْنَى ثُمَّ غَرَفَ غَرْفَةً فَغَسَلَ رِجْلَهُ الْيُسْرَى ‏.‏

 

ഇബ്ൻ അബ്ബാസ് [റ ] വിൽ നിന്ന് നിവേദനം ; നബി [സ ] വുദു എടുത്തു ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് വായ് കുപ്ലിച്ചു  പിന്നെ ബാക്കി വെള്ളം മൂക്കിൽ കയറ്റി  ചീറ്റി.പിന്നെ ഒരു  കൈക്കുമ്പിൾ വെള്ളമെടുത്ത് മുഖം കഴുകി പിന്നെ അതേപോലെ വെള്ളമെടുത്ത് വലതു കൈ കഴുകി പിന്നെ അതേപോലെ വെള്ളമെടുത്ത് ഇടത് കൈ കഴുകി പിന്നെ തല തടവി  ശേഷം ചെവിയുടെ അകത്തേക്ക് ചൂണ്ടു വിരൽ കയറ്റി തള്ള വിരൽ പുറത്തൂടെ തടവി പിന്നെ ഒരു കൈക്കുമ്പിൾ വെള്ളമെടുത്ത് വലതു കാൽ കഴുകി ശേഷം അതേപോലെ ഇടത് കാലും കഴുകി "

(നസാഈ 102, അബൂദാവൂദ് 121)

നബി [സ ] രണ്ട് പ്രാവശ്യം വീതം വുദൂ എടുക്കുമ്പോൾ  അവയവങ്ങൾ കഴുകിയതായി അബ്ദുല്ലാഹ് ഇബ്ൻ സൈദ് (റ )വിൽ നിന്നും റിപ്പോർട്ട് ഉണ്ട് (ബുഖാരി 158 ) അതേപോലെ തന്നെ നബി [സ ] ഒരു പ്രാവശ്യം വീതം വുദൂ എടുക്കുമ്പോൾ  അവയവങ്ങൾ കഴുകിയതായി ഇബ്ൻ അബ്ബാസ് (റ )വിൽ നിന്നും റിപ്പോർട്ട് ഉണ്ട് (ബുഖാരി 157  )

വുദൂ എടുക്കുമ്പോൾ എല്ലാ അവയവങ്ങളും ഒരു പ്രാവശ്യം മാത്രം കഴുകലും, രണ്ട് പ്രാവശ്യം കഴുകലും , മൂന്ന് പ്രാവശ്യം കഴുകലുമൊക്കെ  അനുവദനീയമാണ് . ഒരു പ്രാവശ്യം കഴുകൽ നിർബന്ധവും ബാക്കി സുന്നത്തുമാണ് . ജലത്തിൻറെ ലഭ്യത അനുസരിച്ചു എണ്ണം ചുരുക്കാൻ സാധിക്കും . അത് ജല സംരക്ഷണം കൂടിയാകും . വുദൂഇന് വേണ്ടി അമിതമായി ജലം നഷ്ടപ്പെടുത്തുന്നത് നബി [സ ] വിലക്കിയിട്ടുണ്ട് .

അബ്ദുല്ലാഹ് ഇബ്ൻ അംറ് ഇബ്ൻ ആസ് [റ ]വിൽ നിന്ന് നിവേദനം; സഅദ് [റ ]വിൻറെ അരികെ കൂടെ  നബി [സ ]നടന്നു പോയി അപ്പോൾ നബി [സ ] പറഞ്ഞു ; എന്താണ് ഇങ്ങനെ ദൂർത്താകുന്നത് ? നബിയെ വുദൂഇലും ദൂർത്തുണ്ടോ ? നബി [സ ] പറഞ്ഞു ; അതെ അതിലും ഉണ്ട് നിങ്ങൾ ഒഴുകുന്ന ഒരു അരുവിയിൽ നിന്ന് വുദു എടുത്താലും ശരി "

(അഹമ്മദ് 6/ 481 )

മുല്ലാ അലി ഖാരി  ഈ ഹദീസ് ഹസൻ എന്ന് പറയുന്നു (മിർഖാത് 2/ 420 )

ശൈഖ് അഹമ്മദ് ശാക്കിർ ഈ ഹദീസ് സ്വഹീഹ് എന്ന് പ്രസ്താവിക്കുന്നു . എന്നാൽ ഇതിൻറെ പരമ്പര ദുർബലമാണ് . ഇതിൽ അബ്ദുല്ലാഹ് ഇബ്ൻ ലഹീഅത്  ഉണ്ട്ഇമാം അബൂ സുർആ  റാസി , ഇമാം ഇബ്ൻ ഖറാഷ്  ,ഇമാം നസാഈ  എന്നിവർ ഇദ്ദേഹം ദുർബലനാണ് എന്ന് പറയുന്നു

وَقَالَ النَّسَائِيُّ : لَيْسَ بِثِقَةٍ . وَقَالَ عَبْدُ الرَّحْمَنِ بْنُ خِرَاشٍ : لَا يُكْتَبُ حَدِيثُهُ قَالَ أَبُو زُرْعَةَ : لَا يُحْتَجُّ بِهِ قَالَ : يَحْيَى بْنِ مَعِينٍ  ابْنُ لَهِيعَةَ لَا يُحْتَجُّ بِهِ

(സിയർ ദഹബി 8/ 22 )

എന്നിരുന്നാലും വുദൂ ചെയ്യുമ്പോൾ അൽപ്പം വെള്ളം മാത്രാമാണ് ഉപയോഗിക്കാവൂ എന്ന് നബി [സ] പ്രസ്താവിച്ചിട്ടുണ്ട് അത് കൊണ്ട് ഇതിൻറെ ആശയത്തിന് തെറ്റില്ല.

عَنْ أَنَسِ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَتَوَضَّأُ بِالْمُدِّ وَيَغْتَسِلُ بِالصَّاعِ إِلَى خَمْسَةِ أَمْدَادٍ

അനസ് [റ] വിൽ നിന്ന് നിവേദനം ; നബി [സ] ഒരു മുദ്ദ് വെള്ളം കൊണ്ട് വുദൂ ചെയ്തു ഒരു സാഅ മുതൽ അഞ്ച് മുദ്ദ് വരെ വെള്ളം കൊണ്ട് കുളിച്ചു " (മുസ്ലിം 325 )

ഒരു മുദ്ദ് എന്ന് പറഞ്ഞാൽ ഏകദേശം 700  M L വെള്ളമാണ്

ഒരു അരുവിയിൽ നിന്ന് വുദൂ എടുത്താലും ശരി അമിതമായി അതിലെ വെള്ളം ഉപയോഗിക്കൽ ദൂർത്താണ് അപ്പോൾ പള്ളികളിലെ ടാപ്പിൽ നിന്ന് അമിതമായി വെള്ളം ഉപയോഗിക്കുന്നത് എത്ര ഗൗരവമായ കാര്യമാണ് എന്നുമനസ്സിലാക്കാം .

വുദൂ എടുത്ത് കഴിഞ്ഞ ശേഷം ഇങ്ങനെ പറയൽ സുന്നത്താണ് .

 

عَنْ عُقْبَةَ بْنِ عَامِرٍ الْجُهَنِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم ‏.‏ قَالَ فَذَكَرَ مِثْلَهُ غَيْرَ أَنَّهُ قَالَ ‏ "‏ مَنْ تَوَضَّأَ فَقَالَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ

ഉഖ്ബത് ഇബ്ൻ ആമിർ (റ) പറയുന്നു; നബി [സ ] പറഞ്ഞു ആരെങ്കിലും വുദൂ എടുത്താൽ ശേഷം ഇങ്ങനെ പറയുക . അല്ലാഹുവേ നിയയല്ലാതെ ആരാധ്യനില്ല എന്നും നിനക്ക് പങ്കുകാരില്ല എന്നും മുഹമ്മദ് നബി നിൻറെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു "

(മുസ്ലിം 234, ഇബ്ൻ ഖുസൈമ  1/ 147 , ത്വബ്റാനി 17 / 332 , അൽ ബഹ്ർ അൽ സഖാർ 1/ 362 , ഇബ്ൻ മാജ 470 , നസാഈ 148  )

 

 

ഈ ദുആയുടെ കൂടെ അൽപം അധികരിച്ച ഒരു ഭാഗം കൂടി ഇമാം തിർമുദി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ قَالَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ فُتِحَتْ لَهُ ثَمَانِيَةُ أَبْوَابِ الْجَنَّةِ يَدْخُلُ مِنْ أَيِّهَا شَاءَ

ഇതിൽ اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ എന്ന ഭാഗം സിയാദത്താണ്  (അധികരിച്ചു വരുന്നത് ). എന്നാൽ ഇത് ഉദ്ധരിച്ച് ഇമാം തിർമുദി തന്നെ മുൾത്വരിബാണെന്നു (കുഴഞ്ഞു മറിഞ്ഞത് ) പറയുന്നു .

(തുഹ്ഫത്തുൽ അഹ്വാദി 1 / 148 )

മുൾത്വരിബ് ദുർബല ഹദീസുകളുടെ കൂട്ടത്തിൽപെട്ടതാണ്  ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസാണ് സ്വഹീഹായത് .

وَمَنْ تَوَضَّأَ ثُمَّ قَالَ : سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ لَا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

എന്ന ദുആയും ഈ വിഷയത്തിൽ ഇമാം ഹാകിമും , ദാറുഖുത്നിയും   ഉദ്ധരിച്ചിട്ടുണ്ട് . എന്നാൽ ഇവ മൗഖൂഫ് ആണെന്ന് ഇമാം ഇബ്ൻ ഹജർ പറയുന്നു  (തൽഖീസ് 1/ 176 )

കൂടാതെ ഇതിൻറെ പരമ്പരയിൽ യഹിയ്യ ഇബ്ൻ കസീറുണ്ട് അദ്ദേഹം അറിയപ്പെട്ട മുദല്ലിസ്സാണ് .

يحيى بن أبي كثير معروف بالتدليس

(അൽ ബുർഹാൻ അൽ ഹലബി , അസ്മാഉൽ മുദല്ലിസീൻ )

വുദു ചെയ്യുമ്പോൾ ഓരോ അവയവം കഴുകുമ്പോളും ചൊല്ലേണ്ടതായി ഒരു ദുആ  വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട് ഉദാഹരണത്തിന് , വലത് കൈ കഴുകുന്ന വേളയിൽ അല്ലാഹുവെ എൻറെ ഗ്രൻഥം എനിക്ക് നീ എൻറെ വലതുകൈയ്യിൽ നൽകണമേ എന്നും , മുഖം കഴുകുമ്പോൾ അല്ലാഹുവെ മുഖം പ്രസന്നമാകുന്ന ദിവസം എൻറെ മുഖം നീ വെളുപ്പിക്കണേ എന്നുമുള്ള ദുആ . ഇതിന് യാതൊരു അടിസ്ഥാനവുമില്ലാത്ത ദുആയാണ്‌ . ഇത് അലി [റ ] വിൻറെ പേരിൽ കെട്ടിച്ചമച്ച റിപ്പോർട്ടാണ് .

 

 اللّهُمّ بَيّضْ وَجْهي يَوْمَ تَسْوَدُّ فيهِ الوُجوهُ وَلا تُسَوَدْ وَجْهي يَوْمَ تَبْيَضُّ فيهِ الوُجُوهُ

(اللّهُمّ أعْطِني كِتابي بِيمَيني وَالْخُلْدَ في الجِنانِ بيسارِي وَحاسِبْني حِساباً يَسيراً

 

സവാബുൽ അ'മാൽ പോലുള്ള ശീഈ ഗ്രന്ഥങ്ങളിൽ ഇടം പിടിച്ചിട്ടുള്ള ദുആയാണിത് . ഇതിന് അടിസ്ഥാനമില്ല എന്ന് പല പണ്ഡിതന്മാരും പ്രസ്താവിച്ചിട്ടുണ്ട് .

قال الإمام النووي  وأما الدعاء على أعضاء الوضوء فلم يجئ فيه شيء عن النبي صلى الله عليه وسلم

ഇമാം നവവി [റഹ് ] പറയുന്നു ; ഓരോ അവയവങ്ങൾ കഴുകുമ്പോൾ ചൊല്ലുന്ന ദുആയുടെ  ഒരു ഹദീസ് പോലും  നബിയിൽ [സ]നിന്നുംഉദ്ധരിക്കപ്പെട്ടിട്ടില്ല (അൽ അദ്കാർ 24 )




TO BE CONTINUED

No comments:

Post a Comment