സഹിഹ് ബുഖാരിയിലെ വിമർശന വിധേയരായ നിവേദകർ




സഹിഹ്  ബുഖാരിയിലെ വിമർശന വിധേയരായ നിവേദകർ
ഷാഹിദ്  മുവാറ്റുപ്പുഴ
ഇസ്ലാമിക ചരിത്രത്തിനു മുന്നിൽ ചെന്ന്  നിന്നാൽ അവിടെ ഇമാം ബുഖാരി എന്ന അത്യുജ്വലപ്രഭാവനെ കാണാതിരിക്കാൻ ആർക്കുമാവില്ല . മായ്ച്ചാലും മായാതെ അദ്ദേഹം ചരിത്രത്തിലും മനുഷ്യഹൃദയങ്ങളിലും  നിലനിൽക്കുന്നു . ഉസ്ബെക്കിസ്ഥാനിലെ ഖുറാസാൻ പ്രവിശ്യയിൽ പെട്ട ബുഖാറാ എന്ന പ്രദേശത്ത്  ഹിജറ 194 ശവ്വാൽ 13 നു ഒരു ഈദ്‌ ഉൽ ഫിത്തർ ജുമുഅ ശേഷം മുസ്ലിം സമൂഹത്തിന്  ഈദ്‌ ഉപഹാരമെന്നോണം അദ്ദേഹം ഭൂജാതനായി . അദ്ദേഹത്തിന്റെ പേര് മുഹമ്മദ്‌ എന്നായിരുന്നു . പൂർണ്ണ നാമം ;
ബാദദ്ബഹ്  ഇബ്ൻ ബർദസ്ബഹ് ഇബ്ൻ മുഗീറാ ഇബ്ൻ ഇബ്രാഹീം ഇബ്ൻ ഇസ്മയിൽ ഇബ്ൻ മുഹമ്മദ്‌ എന്നായിരുന്നു . അദ്ദേഹം പേർഷ്യൻ വംശജനായിരുന്നു . ശൈഖുൽ ഹദീസ് ഇമാം ബുഖാരി എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു . അദ്ദേഹത്തിന്റെ പ്രാപിതമഹനായ മുഗീറയാണ്  ഇസ്ലാം സ്വീകരിച് വന്നത് . ബുഖാറയിലെ ഗവർണർ യമാൻ ജുഹ്ഫീ വഴിയാണ്  ഇസ്ലാം സ്വീകരിച്ചത് . അങ്ങിനെ ബുഖാറയിൽ താമസമാക്കി . ഹിജറ 90 ൽ  ഹജ്ജാജ്  ഇബ്ൻ യൂസഫിന്റെ കാലത്താണ്  ബുഖാറാ പ്രവിശ്യ  ഇസ്ലാം കീഴടക്കിയത് . പ്രമുഖരായ ഇസ്ലാമിക വിജ്ഞാന കേന്ദ്രമായി തിളങ്ങുന്ന സമയത്താണ്  ഇമാം ബുഖാരി ജനിച്ചത് . അദ്ദേഹത്തിന്റെ പിതാവ് ഇസ്മായിൽ, ഇമാം മാലിക് [റ ] യുടെ ശിഷ്യനായിരുന്നു അബ്ദുള്ള ഇബ്ൻ മുബാറക്കിന്റെയും കീഴിയിൽ പഠിച്ചിട്ടുണ്ട് . ഹദീസ് നിവെദകന്  കൂടിയായിരുന്ന അദ്ദേഹം ഹമ്മദ്‌ ഇബ്ൻ സൈദ്‌ , അബു മുആവിയ , ഇമാം മാലിക്  തുടങ്ങി പ്രമുഖരായ മുഹദ്ദിസുകളിൽ നിന്നും നിവേദനം ചെയ്തിട്ടുണ്ട് . ബുഖാരിയുടെ ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ടു . പിന്നെ മാതാവാണ് വളർത്തിയത് . അന്ന് ബുഖാറയിൽ  ഉണ്ടായിരുന്ന പ്രമുഖരായ മുഹദ്ദിസ് , മുഹമ്മദ്‌ ഇബ്ൻ സലാം ബികന്തീ [ സുഫ്‌യാൻ ഇബ്ൻ ഉയൈനയുടെയും , ഇബ്ൻ മുബാറകിന്റെയും ശിഷ്യൻ ], അബ്ദുള്ള ഇബ്ൻ  മുസ്നദി [ ഫുളഇൽ  ഇബ്ൻ ഇയാള്  ,സുഫ്‌യാൻ ഇബ്ൻ ഉയൈനയുടെയുംശിഷ്യൻ], ഇബ്രാഹിം ഇബ്ൻ അൽ അശാസ്   [ ഫുളഇൽ  ഇബ്ൻ ഇയാള്  ,സുഫ്‌യാൻ ഇബ്ൻ ഉയൈനയുടെയും ശിഷ്യൻ ], മുഖയ്യ്‌ ഇബ്ൻ ഇബ്രാഹിം [തബ്അ താബിഉ ] , അലി ഇബ്ൻ അയ്യാഷ്  [തബ്അ താബിഉ ] എന്നിവരിൽ നിന്നും ബുഖാരി ധാരാളം ഹദീസുകൾ പഠിച്ചു . അപ്പോൾ തന്നെ അദ്ദേഹത്തിന്റെ കയ്യിൽ നല്ലൊരു ഹദീസ് ശേഖരം ഉണ്ടായിരുന്നു . ഇബ്ൻ മുബാറക്കിന്റെ ഗ്രന്ഥം മനപാഠമാക്കി . അങ്ങിനെ ഹിജറ 210 നു അദ്ദേഹം മക്കയിലേക്ക് മാതാവിനും സഹോദരനുമോത്ത്  ഹജ്ജിനുപോയി . ഹജ്ജ് കഴിഞ്ഞു തിരിച്ചു പോകാതെ മക്കയിലെ പ്രമുഖരായ പണ്ഡിതന്മാരുടെ ശിഷ്യത്വത്തിൽ  പഠനം തുടർന്നു . അവിടെ അല്ലമ ഹുമൈദി , അബ്ദുള്ള ഇബ്ൻ യസീദ് , അബ്ദുൽ വാലിദ് അഹമദ് ഇബ്ൻ അസർക്കി , തുടങ്ങി മഹാന്മാരിൽ നിന്നും ഹദീസ് ശേഖരിച്ചു . ഹിജറ 211 ൽ മദീനയിലേക്ക് തിരിച്ചു അവിടെ നിന്നും ഇബ്രാഹിം ഇബ്ൻ ഹംസ , അബൂ സാബിത് , മുഹമ്മദ്‌ ഇബ്ൻ ഉബൈദുല്ല ....എന്നിവരിൽ നിന്നും ഹദീസ്  പഠിച്ചു . തായിഫ് ,ജിദ്ദ ,മദീന എന്നിവിടങ്ങളിലായി അദ്ദേഹം 6 വർഷത്തോളം താമസിച്ചു . പിന്നീട് ബസറയിലേക്ക്  പോയി സുലൈമാൻ ഇബ്ൻ ഹർബ് , സഫ്വാൻ ഇബ്ൻ ഹംസ , മുഹമ്മദ്‌ ഇബ്ൻ അർഅറ , അബ്ദുൽ വാലിദ് ത്വയാലിസി  തുടങ്ങിയവരിൽ നിന്നും ഹദീസ് പഠിച്ചു . അവിടെനിന്നും നേരെ കൂഫയിലെക്ക് പോയി അബ്ദുള്ള ഇബ്ൻ മൂസ , അബു നയീം , സയിദ് ഇബ്ൻ ഹഫ്സ് , ഖാലിദ് ഇബ്ൻ മുഖല്ലദ് തുടങ്ങിയവരിൽ നിന്നും ശേഖരിച്ചു . പിന്നെ ബാഗ്ദാദിലേക്ക്  അവിടെ വെച്ച് ഇമാം അഹമ്മദ് ഇബ്ൻ ഹംബലിന്റെ ശിഷ്യത്വത്തിൽ  പഠിച്ചു .പിന്നീട് ശ്യാമിലെക്കും ഈജിപ്തിലേക്കും പോയി ഹദീസ് ശേഖരിച്ചു.
                വേൾഡ് ഹെരിറ്റേജ്  സൈറ്റ് ലിസ്റ്റിൽ  പെടുത്തിയ നഗരമാണ് ബുഖാറ . 892 -907 CE കാലത്ത്  ബാഗ്ദാദ് ഖലീഫ ഒമർ ഇസ്മയിൽ ഇബ്ൻ അഹമ്മദ് ആയിരുന്നു ബുഖാറ ഭരിച്ചിരുന്നത് .    1220 CE ൽ മംഗോളിയ ഭരണാധികാരി  ജേന്ഗീസ്  ഖാൻ ഖുറാസാൻ പിടിച്ചടക്കി . അതുവരെ ബുഖാറ ഇസ്ലാമിക ദേശമായിരുന്നു . പിന്നീട് 1920 CE ൽ സോവിയെറ്റ് യുണിയൻ ആയി മാറി . 1991 CE    ഓഗസ്റ്റ്‌ 31 നു സോവിയെറ്റ് റഷ്യയിൽ നിന്നും ഉസ്ബെകിസ്ഥാൻ സ്വാതന്ത്രമായി . അങ്ങനെ ഉസ്ബെക് സോവിയെറ്റ് സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്  ആയി മാറി . ചില അല്പഞാനികൾ ഇമാം ബുഖാരി റഷ്യാ കാരനാനെന്നും , റഷ്യാക്കാരൻ  എങ്ങിനെ അറബി പഠിച്ചു എന്നും ഇസ്ലാമിക സംസ്കാരം പഠിച്ചു എന്നും ചോദിക്കാറുണ്ട് . ബാലിശമായ ചോദ്യമാണെന്നു  ചരിത്രം അറിയുന്നവർ മനസ്സിലാക്കും . ഇവർ എങ്ങിനെ ലോക ചരിത്രങ്ങൾ വിശ്വസിക്കും ? കൊളംബസിന്റെ കണ്ടെത്തലുകൾ അന്ഗീകരിക്കും ? ;മലയാളി ഇംഗ്ലണ്ട് കാരനെക്കാൾ വ്യക്തവും വൃത്തിയുമായി ഇംഗ്ലീഷ് സംസാരികുമെനും , ആ ഭാഷ ലോകത്ത് പഠിപ്പിക്കുന്ന അദ്ധ്യാപകൻ ആകുന്നു എന്നും ഇവർ വിസ്മരിക്കുമോ ? ഇവിടെ ഇതിന്റെ ഒന്നും തന്നെ ഒരു പ്രസക്തിയുമില്ല . 800 CE ൽ  ബഖറയിലെ  ഔദ്യോഗിക ഭാഷ തന്നെ അറബിക് ആയിരുന്നു . ഹിജറ 90 ൽ തന്നെ ഇസ്ലാം ഖുറാസാൻ പ്രവിശ്യ കീഴടക്കുകയും ചെയ്തിരുന്നു . അന്ന് മുതൽ ജെന്ഘീസ് ഖാൻ പിടിച്ചടക്കുന്നതുവരെ അവിടം ഇസ്ലാമിക രാജ്യമായിരുന്നു . വലം നിലവാരമില്ലാത്ത ഒരു ആരോപണം മാത്രമണത്.
                                     നിരവധി ഗ്രന്ഥമുണ്ടെങ്കിലും അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ “അൽ ജാമിഉ  സഹിഹ് അൽ മുസ് നദ്  മിൻ ഹദിസ്‌  അൽ റസൂൽ  വ സുന്നത്തി വ അയിമ്മത്തി”  അഥവാ ‘സഹിഹ് അൽ ബുഖാരി’ നീണ്ട 16 വർഷം കൊണ്ടാണ്  പൂര്ത്തിയാകിയത് . അതിൽ മർഫൂ മുത്തസിൽ ആവര്തനത്തോടെ 7394 ഉം മർഫൂ മുഅല്ലഖ്  1341 ഉം മുത്താഅബാത്ത്  344 ഉം  കൂടി 9082 ഹദീസുകലാണ്  ഉള്ളത് . [ ഫത് ഹുൽ ബാരി ]
ഇമാം ബുഖാരി അന്ന്  പ്രചാരത്തിലുണ്ടായിരുന്ന ആറു ലക്ഷം ഹദീസിൽ നിന്നുമാണ്  അദ്ദേഹത്തിന്റെ സഹിഹിൽ 9082 ഹദീസുകൾ ഉള്കൊള്ളിച്ചത് . ബാക്കിയുള്ള ഹദീസുകളെല്ലാം ദുർബലമായാതിനാനല്ല തന്റെ ഗ്രന്ഥത്തിൽ കൊടുക്കാത്തത്  മറിച്  ദൈർഖ്യം ഭയന്നാണ് .
ഇമാം ബുഖാരി പറയുന്നു : 'ഞാൻ ഈ ജാമിഇൽ സഹിഹല്ലാതെ ഉള്കൊള്ളിച്ചിട്ടില്ല . ദൈർഖ്യം നിമിത്തം മടുപ്പുളവാതിരിക്കാൻ മറ്റു സഹിഹുകൾ വിട്ടു കളഞ്ഞിരിക്കുകയാണ് " [ മുഖദ്ദിമ ഉലൂംഉൽ ഹദീസ്  9 ,10 ]. ആറു ലക്ഷം എന്ന് കേൾകുമ്പോൾ ഇന്ന് ചിലർ കോളിളക്കം ഉണ്ടാക്കുകയാണ് . അപ്പോൾ ബാക്കി ഹദീസ് എവിടെ ? ബാക്കിയെല്ലാം കള്ള ഹദീസണോ ? അന്നുണ്ടായിരുന്ന ആ ഹദീസെവിടെ ? അത് സംരക്ഷിക്കാൻ പണ്ഡിതന്മാർ മേനകെടാഞ്ഞതെന്ത് ? തുടങ്ങി പല സംശയങ്ങളും ഉന്നയിക്കുന്നു . അത്  ഉലൂമുൽ ഹദീസിൽ വേണ്ടത്ര അറിവില്ലതതുമൂലം ഉണ്ടാകുന്ന സംശയമാണ് . മുഹദ്ദിസുകൾ ഹദീസ് എന്ന് പറയുമ്പോൾ പല രീതിയുണ്ട് . ഖബറിനും , അസറിനും അവർ ഹദീസ് എന്ന് പ്രയോഗിക്കും . ചിലർ മാത്രം നബിയിൽ നിന്നും മർഫൂ ആയി വന്നതിനെ മാത്രം ഹദീസ് എന്നും സഹാബിയിൽ നിന്നും വന്ന മൗഖൂഫിനെ ഖബർ എന്നും പറയും . അപ്പോൾ അവർ ആറു ലക്ഷം ഹദീസ്  എന്ന് പറയുന്നത്  നബിയിൽ നിന്നും വന്ന വ്യത്യസ്ത സനദുള്ള വചനങ്ങൾക്കും[മർഫൂ ] , സഹാബിയുടെ വചനങ്ങൾക്കും[മൗഖൂഫ് ] , അസറൂകൾക്കും [ സഹാബിയുടെ കാലത്ത് നടക്കുന്ന സംഭവങ്ങൾ ആവരുടെ കർമ്മ ങ്ങൾ ]കൂടിയാണ് . സഹിഹ് ബുഖാരിയിൽ തന്നെ ഇത്തരത്തിലുള്ളവ കാണാം . അതാണ്‌  എന്നതിലെ ദൈർഖ്യം . ഉദാഹരണം : " എന്റെ പേരിൽ ആരെങ്കിലും മനപ്പൂർവം കളവ് പറഞ്ഞാൽ അവൻ നരകത്തിൽ അവന്റെ സ്ഥാനം ഉറപ്പിച്ചുകൊള്ളട്ടെ " എന്ന ഹദീസ്  . ഇതിനു ഒരു സനദല്ല ഉള്ളത് . ഇത് മുതവാതിർ ആണ് . ഈ ഒരു നബിവചനം നമുക്ക് ലഭിക്കുന്നത്  100 ൽ അധികം വ്യത്യസ്ത  സനദിലൂടെ യാണെ ങ്കിൽ  അതിനെ ഒരു ഹദീസ് എന്നല്ല പറയുക പകരം 100 ഹദീസ് എന്നാണ് . ഇതുപോലെയുള്ള ആറു ലക്ഷം ഹദീസിൽ നിന്നാണ് ഇമാം ബുഖാരി തന്റെ ജാമിഉ സഹിഹ്  ഉണ്ടാക്കിയത് . ഇമാം ബുഖാരി പറഞ്ഞു :"എനിക്ക് ഒരു ലക്ഷം സഹിഹ് ഹദീസുകൾ മന പാഠമാണ്  രണ്ടു ലക്ഷം ദുർബല ഹദീസുകളും " [ ഇഖ്തിസാർ ഉലൂമുൽ ഹദീസ്  10 ]
മുഹദ്ദിസുകളുടെ ഇടയിൽ ഇമാം ബുഖാരി സൂര്യനാണ്  . ചുറ്റുമുള്ളവരെ പ്രകാശിതമാക്കുന്ന വെളിച്ചം .ആ പ്രഭ കൊണ്ട് മാത്രം തിളങ്ങിയവരാണ്  ശിഷ്യന്മാർ . ബുഖാരി ഇല്ലായിരുന്നെങ്കിൽ  അവർ ഇത്രമാത്രം പ്രശസ്തരാവില്ലായിരുന്നു . അദ്ദേഹത്തിന്റെ പ്രഗൽഭരായ ചില ശിഷ്യന്മാർ ...
ഇമാം ദാരിമി [181-255 ] ബുഖാരിയെക്കാൾ പ്രായകൂടുത്തൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ശിഷ്യത്വം സ്വീകരിച്ചു .
മുസ്ലിം ഇബ്ൻ ഹജ്ജാജ്  [202-261] സഹിഹ്  മുസ്ലിമിന്റെ കർത്താവ്‌ .
അബു ഈസാ തിർമൂദി [209 -279] ജാമി ഉ തിർമൂദി യുടെ കർത്താവ്‌  
നസായി [215- 304]  സുനനുൽ കുബ്ര യുടെ കർത്താവ്‌  
അബു ദാവൂദ് [202-275] സുനൻ അബു ദാവൂ ദിന്റെ കർത്താവ്‌  
മുഹമ്മദ്‌ ഫർബരി [231 -330 ] സഹിഹ് ബുഖാരി നെരിട്ട്  റിപ്പോർട്ട്‌ ചെയ്തു
അബു ഹാത്തിം റാസി [240-327] പ്രമുഖനായ മുഫസ്സിറും കൂടിയാണിദ്ധേഹം 
ഇബ്ൻ ഖുസൈമ [223-311] സഹിഹ് ഇബ്ൻ ഖുസൈമയുടെ കർത്താവ്‌.
അങ്ങനെ നീളും ശിഷ്യ പരമ്പര . ഗുരുവിന്റെ നാമം അനശ്വരമാക്കിയ ശിഷ്യന്മാരെയാണ് അദ്ദേഹത്തിന് ലഭിച്ചത് .  . മറ്റൊരു ഈദ്‌ ഉൽ ഫിതറിന്റെ രാവിൽ  ഹിജറ 256 ൽ ആ മഹാ പണ്ഡിതൻ ഇഹലോകം വെടിഞ്ഞു . അല്ലാഹു അദ്ദേഹത്തിന് പൊറുത്ത് കൊടുകട്ടെ ..നമ്മെയും അദ്ദേഹത്തെയും സ്വർഗ്ഗ പൂന്തോപ്പിൽ ഒരുമിപ്പിക്കുമാറാകട്ടെ ...

        ഏതൊരു പണ്ഡിതനെ പോലെയും അദ്ദേഹവും മഅസൂമല്ല [ തെറ്റ് പട്ടതവാൻ ]അതുകൊണ്ട് തന്നെ മാനുഷികമായ അബദ്ധങ്ങളും , പിഴവുകളും അദ്ദേഹത്തിനും സംഭാവിചിടുണ്ട് . നിവെദന്മാരെ സ്വീകരികുന്നതിൽ ചില പിഴവുകൾ അദ്ദേഹത്തിനും വന്നിട്ടുണ്ട് . അഹ്ൽ സുന്നക്ക്  പുറത്തുള്ള കക്ഷികളിൽ നിന്നും , അതുപോലെ പ്രബലരല്ലാത്ത നിവെദകരിൽ നിന്നുമെല്ലാം   അദ്ദേഹം തന്റെ   സഹിഹിൽ ഹദീസുകൾ കൊടുത്തിട്ടുണ്ട് . പിൽകാലക്കാരും , സമകാലീനരും അതിനെ വിമര്ശിച്ചിട്ടുണ്ട്  . ഇമാം ദാറ് ഖുത്ത്നി  ആ വിഷയത്തിൽ "അൽ ഇൽസമാത്  "എന്ന ഒരു ഗ്രന്ഥം രചിച്ചിട്ടുമുണ്ട് . ഇത് വെറും സ്വാഭാവികം മാത്രം , കാരണം അല്ലാഹുവിന്റെ ഗ്രന്ഥമാല്ലാതെ വേറൊരു ഗ്രന്ഥവും സമ്പൂർണ സത്യാമകാൻ ഒരു വഴിയുമില്ല. അങ്ങനെ ഉണ്ടെന്നു ഒരു മുസ്ലിം വാദിച്ചാൽ അവൻ അല്ലാഹു ഇറക്കിയതിനെ നിഷേധിച്ചവനാണ് . സത്യാ സമ്പൂര്ണത   എന്നത്  കേവലം ഖുർആനിന്റെ  സ്വിഫത്താണ് . അല്ലാഹു പറയുന്നു :
أَفَلاَ يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِندِ غَيْرِ اللّهِ لَوَجَدُواْ فِيهِ اخْتِلاَفًا كَثِيرًا
'അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു. '
[ നിസാഅ് 82 ]
എന്നാൽ ഈ വസ്തുതയൊക്കെ നിഷേധിച് ,  'സഹിഹ് ബുഖാരിയിൽ ഉള്ള മുസ് നാദുകൾ  സത്യസമ്പൂർണമാണെന്നും , ആ മുസ് നദുകൾ  ഒരെണ്ണം എങ്കിലും ദുർബലമാണ് എന്ന് വാദിച്ചാൽ  അവൻ ഹദീസ് നിഷേധിയാണെന്നും  അതുവഴി അവൻ കാഫിറായി എന്നുമാണ് '  ചില നൂതന വിഭാകക്കാരുടെ വാദം . ഇമാം ബുഖാരി ഉദ്ധരിച്ചാൽ പിന്നെ സനദ് നോകണ്ടാ , കണ്ണടച് സ്വീകരികാം എന്ന് പറഞ്ഞു ജനങ്ങളെ  തെറ്റായ തക് ലീദിന്റെ  പാതയിലേക്കാണ്  ഇവർ നയിക്കുന്നത് . ഈ ആളുകൾ പോലും അങ്കികരിക്കുന്ന ആധുനികനും സലഫിയുമായ ഷൈക് നസിറുധീൻ അൽ അൽബാനി വരെ ബുഖരിയിലെ ഹദീസുകളിൽ ചിലതിനെ ദുർബലം എന്ന്  അദ്ദേഹത്തിന്റെ ഫതവയിൽ പറഞ്ഞിട്ടുണ്ട്  [ഫതവ അൽബാനി  565]. ഈ സത്യത്തെയൊക്കെ നിഷേധിച്ചാണ്  ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിന്റെ പേരിൽ ഇവർ ഒരു വിഭാഗത്തെ കാഫിറാക്കുന്നത് .!മേൽ പറഞ്ഞ പണ്ഡിതന്മാരുടെ എല്ലാ അഭിപ്രായവും ഇവർ സ്വീകരിക്കരുമില്ല എന്നത്  വിരോധാഭാസം . അപ്പോൾ പ്രാമാണികമായി വസ്തുത നോക്കിക്കാണലല്ല  ഉദ്ദേശമെന്നു വ്യക്തം . അപ്പോൾ പിന്നെ എന്തായിരിക്കും ഈ ആരോപണ ലക്ഷ്യം ? അത് വായനക്കാർ വിലയിരുത്തുക .
അല്ലാഹു പറയുന്നു : "സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള് ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി. " [ ഹുജറാത്ത്  6 ]
അതിനാൽ ബുഖാരിയുദ്ധരിച്ചതാണെലും മുസ്ലിമുദ്ധരിച്ചതാണേലും സനദ് പരിശോധിക്കണം , വാർത്ത പരിശോധിക്കണം . സഹാബത് മുതൽ പ്രസ്തുത ആയത്തുകൾ പരിഗണിച്  അന്ന് മുതൽ സ്വീകരിച്ചുപോന്ന പല മാനദൺഡങ്ങളും  കോർത്തിണക്കിയും  മിനുക്കിയെടുതും ഉണ്ടായ ഹദീസ് നിദാനശാസ്ത്രപ്രകാരം ഒരു ഹദീസ് സഹിഹ് എന്ന് പരിഗണിക്കണമെങ്കിൽ ;
1-സനദിലെ എല്ലാ നിവേദകരും ആദിൽ ആയിരികണം ;
സത്യസന്ധനും ,മഹാപാപങ്ങളിൽ നിന്നും വിട്ടുനിക്കുന്നവനും.വിമര്ശന വിധേയനാകതവനും ആകണം.
2-സനദിലെ എല്ലാ നിവേദകരും ഓർമ്മ ശക്തി ഉള്ളവരും സനദ് കൃത്യമായി ഓർമ്മയുള്ളവരും ആകണം ;
ഓർമ്മ ശക്തി ഉള്ള വനയിരിക്കണം എന്നാൽ അയാൾ ഹദീസ്  ഓർമ്മയുടെ അടിസ്ഥാനത്തിൽ  മാത്രം ഉദ്ധരി കുന്നവനെങ്കിൽ  മനപാഠ മാക്കി വെച്ചിടുണ്ടാകണം എന്നര്ഥം . അല്ലെങ്കിൽ അയാൾ കിത്താബിൽ എഴുതിവെക്കുന്നവനായിരിക്കണം . എന്നിട്ട് അതിൽ നിന്നും ഉദ്ധരിക്കണം.
3-സനദ് മുത്തസ്സിൽ  ആകണം  ;
അഥവ ഹദീസ് ഉദ്ധരി കുന്ന മുഹദ്ധിസ്  മുതൽ നബി [സ ] വരെ ഇടക്ക്  കണ്ണി മുറിയാത്തതായിരിക്കണം . റാവികൾ സനദ് കൃത്യമായി ഓർമ്മയുള്ളവരായിരിക്കണം . കണ്ണി മുറിഞ്ഞാൽ അത് ഹദീസിന്റെ സിഹ്ഹതിനെ [ആധികാരികതയെ ] ബാധിക്കും .
4-ഹദീസ് മുഅല്ലൽ ആകരുത്  ;
ഒളിഞ്ഞിരിക്കുന്ന ന്യൂനതിയിൽ നിന്നും സനദ് , മത് ന്  എന്നിവ  മുക്തമായിരിക്കണം
5-ഹദീസ് ശാധു ആകരുത് ;
കൂടുതൽ പ്രാമാണികരായ നിവേദകർ  ഉദ്ധരിച്ചതിൽ നിന്നും വിരുദ്ധമായി  ഉള്ള ഹദീസ്  ആകരുത്  എന്നർത്ഥം.
[നുക്ക്ബത്തുല്  ഫിക്കർ  ]
ഇമാം ശാഫി പറയുന്നു : ഒരു ഹദീസ്  സഹിഹാകാൻ ആ ഹദീസിലെ നിവേദകന്മാർ വിശ്വാസികളാവണം , സത്യാ സന്ധരാകണം , നിവേദനം ചെയ്യുന്ന കാര്യം വെക്തമായും മനസ്സിലക്കിയിടുണ്ടാകണം ,വെക്തമായ ഭാഷയിൽ തന്നെ പറയണം ഇല്ലെങ്കിൽ ഹദീസിന്റെ ആശയം വെക്തമാകില്ല . ചിലപ്പോൾ അതുകാരണം ആശയം തന്നെ അട്ടിമറിക്കപെട്ടെകാം .നിവേദകൻമാർ ഓർമയിൽനിന്നുമാണ് ഹദീസ് ഉദ്ധരികുന്നത്തെന്ഗിൽനല്ല ഓർമ്മശക്തിയുള്ളവരായിരിക്കണം . ഗ്രന്ഥത്തിൽ നിന്നുംഉദ്ധരികുന്നത്തെന്ഗിൽ കൃത്യമായി ഹദീസുകൾ എഴുതിസൂക്ഷികുന്നവരായിരിക്കണം . കൂടുതൽ പ്രബലരായ നിവേദകർ ഉദ്ധരിച്ചതിൽ നിന്നും എതിരാകരുത് ,നിവേദകർ മുദല്ലിസ് ആകരുത്  അഥവാ താൻ നേരിട്ട് കണ്ടിടുള്ള നിവേദകനിൽ നിന്നും താൻ കേൾക്കാത്ത ഹദീസ്  അയാളിലേക് ചേര്ത് പറയുന്നവരാകരുത് . അതുപോലെ , ഇത്തരം ഗുണങ്ങൾ ഉള്ള നിവേദകന്മാർ തുടരെ തുടരെ പരമ്പരമുറിയാതെ നബി [സ ] വരെ എത്തുകയും ചെയ്യണം .[രിസാല 320]
പ്രസ്തുത ഉസൂലുകൾ  അബൂദാവൂദിനും , തിര്മൂദിക്കും , ഇബ്ൻ മാജകും മാത്രം ബാധകമല്ല മറിച്ചു ബുഖാരിക്കും ,മുസ്ലിമിനും ബാധകമാണ് .
വിമർശന വിധേയരായ നിവേദകർ  ഉള്ള സനദിലൂടെ ബുഖാരി ഹദീസ് ഉദ്ധരിച്ചാൽ അത്  ദുർബലം തന്നെയാണ് . അല്ലാ എന്ന് വാദിക്കൽ കേവലം ഇമാം ബുഖാരിയെ അന്തമായി തക്ലീദ്  ചെയ്യൽ മാത്രമാണ് . ആരോപണം വന്നാൽ  കേവലം എന്തെങ്കിലും മറുപടി  ഏതെങ്കിലും പണ്ഡിതന്മാർ പറഞ്ഞാൽ മതിയാകുകയില്ല മറിച്ച്  മറുപടി ശക്തയുക്തമാകണം . എന്തെങ്കിലും മറുപടി പറഞ്ഞിട്ട്  , നിങ്ങളുടെ ആരോപണത്തിന് മറുപടി ഉണ്ട് എന്ന്  നാവുകൊണ്ട് പറഞ്ഞാൽ മതിയാകുകയില്ല .
വിമർശന വിധേയരായ ചില റാവികൾ [ നിവെദകർ ]
إبراهيم بن يوسف بن إسحاق بن أبي إسحاق السبيعي الكوفي
 وقال النسائي : ( ليس بالقوي ) وقال إبراهيم بن يعقوب : ( ضعيف الحديث )
1-ഇബ്രാഹീം ഇബ്ൻ യൂസഫ്‌
ഇബ്രാഹീം ഇബ്ൻ യൂസഫ്‌ ഇബ്ൻ ഇസഹാക്ക് ഇബ്ൻ അബീ ഇസഹാക്ക്  സബീയ്ഹി കൂഫി

ഇമാം നസായി  പറഞ്ഞു : ഇദ്ദേഹം പ്രബലനല്ല
ഇമാം ഇബ്രാഹിം ഇബ്ൻ യഅകൂബ്  പറഞ്ഞു : ഇയാളുടെ ഹദീസുകൾ ദുർബലമാണ്
[തഹ്ദീബ് അല കമാൽ 1/ 148 ]

 وقال أبو داود : ( ضعيف )  وقال الذهبي : ( فيه لين )

ഇമാം അബൂദാവൂദ്  പറഞ്ഞു ; ഇയാൾ ദുർബലനാണ്  [ തഹ്ദീബ്  അ തഹ്ദീബ്  1/ 160 ]
ഇമാം ദഹബി  പറഞ്ഞു : വളരെ അശ്രധനാണ്   [ കാശിഫ്  1/ 227 ]

وقال النسائي : ( ليس بالقوي )

ഇമാം നസായി  പറഞ്ഞു : ഇദ്ദേഹം പ്രബലനല്ല

[ദുഅഫാഹുൽ  നസായി 13 ]

ഇമാം ബുഖാരി 35, 156 ,240 , 1781 , 3763, 4349, etc.  നമ്പറായി ഉദ്ധരിച്ച ഹദീസുകൾ ഇദ്ദേഹത്തിൽ നിന്നാണ് .

سلم بن زرير العطاردي أبو يونس البصري
ال : عنه يحيى بن معين : ( ضعيف )  وقال : أبـو داود : ( ليس بذاك قال النسائي : ( ليس بالقوي


2- സാലിം ഇബ്ൻ സരീർ
സാലിം ഇബ്ൻ സരീർ അബൂ യുനസ് ബസരീ

ഇമാം യഹിയ്യ ഇബ്ൻ മുഈൻ  പറഞ്ഞു : ഇയാൾ ദുർബലനാണ്
ഇമാം അബൂദാവൂദ്  പറഞ്ഞു ; ഇയാൾ ഒന്നുമല്ല
ഇമാം നസായി  പറഞ്ഞു :ഇയാൾ പ്രബലനല്ല
[തഹ്ദീബ് അല കമാൽ 3/234, തഹ്ദീബ്    തഹ്ദീബ് 4/114]


ഇമാം ബുഖാരി 682, 3241, 3571, 6172, 6449 നമ്പറായി ഹദീസുകൾ ഇദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നു.

عبد الله بن المثنى بن عبد الله بن أنس الأنصاري

قال النسائي : ( ليس بالقوي وقال الدار قطني : ( ضعيف وقال إبن معين : ( ليس بشيء وقال الساجي : ( فيه ضعف لم يكن من أهل الحديث روى مناكير


3- അബ്ദുല്ല ഇബ്ൻ മുസന്നി
അബ്ദുല്ല ഇബ്ൻ മുസന്നി  ഇബ്ൻ അബ്ദുള്ള ഇബ്ൻ അനസ് അൻസാരി

ഇമാം നസായി  പറഞ്ഞു :ഇയാൾ പ്രബലനല്ല
ഇമാം യഹിയ്യ ഇബ്ൻ മുഈൻ  പറഞ്ഞു ; ഇയാൾ ഒന്നുമല്ല
ഇമാം ദാറുഖുത്ത്നി പറഞ്ഞു : ഇയാൾ ദുർബലനാണ്           
ഇമാം സാജി പറഞ്ഞു ; ഇയാളുടെ ഹദീസിലെ ദുർബലത മുലം അഹ് ലുൽ ഹദീസുകാർ ഇയാളിൽ നിന്നും ഹദീസ് ഒഴിവാക്കി

[തഹ്ദീബ്    തഹ്ദീബ് 5/338 , തഹ്ദീബ് അല കമാൽ 2/263]

ഇമാം ബുഖാരി 94,5004, 6244 etc .ഹദീസുകൾ ഇദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നു.

عبد الرحمن بن عبد الله بن دينار 

وقال إبن معين : ( في حديثه عندي ضعف وذكره إبن الجوزي في ( الضعفاء ) الورقة : 94.
وقال أبو زرعة الرازي : ( ليس بذاك ) أبو زرعة : 443. وقال الدار قطني : ( غيره إثبت منه ) التتبع : 254. قال : عنه أبو حاتم : ( لين يكتب حديثه ولا يحتج به 

4- അബ്ദുള്ള ഇബ്ൻ ദിനാർ
അബ്ദുറഹ്മാൻ ഇബ്ൻ അബ്ദുള്ള ഇബ്ൻ ദിനാർ

ഇമാം യഹിയ്യ ഇബ്ൻ മുഈൻ  പറഞ്ഞു ; അദ്ദേഹത്തിന്റെ ഹദീസുകളിൽ ദുർബലതയുണ്ട്
ഇമാം ഇബ്ൻ ജവ്സി  ദുഅഫാഹിൽ  ഉദ്ധരിച്ചിരിക്കുന്നു [ദുഅഫാഹ്  94]
ഇബ്ൻ ഹജർ തക്രീബിൽ പറഞ്ഞത്  വിശ്വസ്തനാണെലും പിഴവ് വരുത്താറണ്ടെന്നാണ് .
ഇമാം അബു ഹാത്തിം പറയുന്നു : അശ്രധനാണ് .
ഇമാം അബൂ സുർഅത്ത്  പറഞ്ഞു : ഇദ്ദേഹം ഒന്നുമല്ല
മറ്റുള്ളവർ പ്രബലനെന്നു പറഞ്ഞു

[തഹ്ദീബ്    തഹ്ദീബ് 6/187 , അബു സുർഅത്ത്  443 , അൽ ഇൽസമാത്  തതബ്ബുഅ 254]

ഇമാം ബുഖാരി  210, 694, 2159, 6478,7043 etc. ഹദീസുകൾ ഇദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നു.

نعيم بن حماد بن معاوية 
وقال أَبُو عبيد الآجري، عَنْ أَبِي دَاوُدَ: عند نعيم بن حماد نحو عشرين حديثا عَنِ النَّبِيِّ صَلَّى اللَّهُ عليه وسلم ليس لها أصل .
وقال  النسائي نعيم بن حماد ضعيف

5- നുഅഈം ഇബ്ൻ ഹമ്മാദ്
നുഅഈം ഇബ്ൻ ഹമ്മാദ് ഇബ്ൻ മുആവിയ ഇബ്ൻ ഹാരിസ്

 
ഇമാം അബു ദാവൂദ് പറഞ്ഞു : നഈം ഇബ്ൻ ഹമ്മാദ്  നബിയിലെക്ക് ചേർത്തു അദ്ദേഹം പറയാത്ത 20 ഓളം ഹദീീസുകൾ കേട്ടിയുണ്ടാക്കിയിട്ടുണ്ട് .
ഇമാം നാസയി പറഞ്ഞു : ഇയാൾ ദുർബലനാണ് .

 [തഹ്ദീബ് അല കമാൽ 6451]

قال ابن حماد - يعني الدولابي - : نعيم ضعيف . قاله أحمد بن [ ص: 609 ] شعيب ، ثم قال ابن حماد : وقال غيره : كان يضع الحديث في تقوية السنة ، وحكايات عن العلماء في ثلب أبي فلان كذب 

ഇമാം ഇബ്ൻ ഹമ്മദ്‌  ദൗലാബി പറഞ്ഞു : ദുർബലനാണ് , ഹദീസുകൾ കെട്ടി ഉണ്ടാകാറുണ്ട് .
ഇമാം അബു ദാവൂദ് പറഞ്ഞു : നഈം ഇബ്ൻ ഹമ്മാദ്  നബിയിലെക്ക് ചേർത്തു അദ്ദേഹം പറയാത്ത 20 ഓളം ഹദീീസുകൾ കേട്ടിയുണ്ടാക്കിയിട്ടുണ്ട് .
ഇമാം നാസയി പറഞ്ഞു : ഇയാൾ ദുർബലനാണ് .

[സിയാർ അഅലാ]

ഇദ്ദേഹം ജഹിമിയ്യ വിഭാഗത്തിൽ പെട്ടതായിരുന്നു പിന്നീട്  തിരിച്ച് വന്നു ആദ്യത്തെ മുസ് നദ്  എഴുതി . ഹദീസ് കേട്ടിയുണ്ടാകുന്ന ഇയാളിൽ നിന്നാണ്  കുരങ്ങു വ്യഭിചരിച്ചു എന്ന ഹദീസ് ഇമാം ബുഖാരി സ്വീകരിച്ചത്  ! അത്  അദ്ദേഹത്തിന് പറ്റിയ ഒരു അബദ്ദമാണ് . വഹിയ്യില്ലാത്ത വെറും പണ്ഡിതൻ മാത്രമാണ്  ഇമാം ബുഖാരി .

ഇമാം ബുഖാരി  3849, 7189 etc. ഹദീസുകൾ ഇദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നു.

അതെ പോലെ ഇമാം മുസ്ലിം അദ്ദേഹത്തിന്റെ സഹീഹിൽ അഹ് ല്  സുന്നക്ക്  പുറത്തുള്ള മുർജീഉകളിൽ നിന്നും ഹദീസ് ഉദ്ദരികുന്നുണ്ട് .
ബഷീർ ഇബ്ൻ മുഹാജിർ ഉദാഹരണം .ഇമാം അഖീലി പറഞ്ഞു : ഇദ്ദേഹം മൂർജീഉകളിൽ പെട്ടവനാണ്.
[തഹ്ദീബ്    തഹ്ദീബ് 1/411]

അയാളെ കുറിച്ച് പണ്ഡിതന്മാർ പറയുന്നത്

زكريا بن يحيى الساجي منكر الحديث، عنده مناكير
          أحمد بن حنبل        منكر الحديث
          يخالف في بعض حديثه


ഇമാം അഹമ്മദ്  പറയുന്നു : ഇയാളുടെ ഹദീസുകൾ നിഷിദ്ധമാണ്
ഇമാം സാജി പറയുന്നു : ഇയാളുടെ ഹദീസുകൾ നിഷിദ്ധമാണ്
ഇമാം ബുഖാരി പറയുന്നു : ധാരാളം വ്യരുധ്യങ്ങൾ ഹദീസിൽ വരുത്താറുണ്ട് .  

[തഹ്ദീബ് അല കമാൽ 727]      

അതേപോലെ ശിയാക്കളിൽ നിന്നും ഇമാം ബുഖാരി ഹദീസ്  ഉദ്ധരിക്കുന്നുണ്ട് .
ഉദാഹരണം : ഉബൈദുല്ല ഇബ്ൻ മൂസ കൂഫി
عبيد الله بن موسى
أبو حاتم بن حبان البستي ;    قال كان يتشيع
أبو دواد السجستاني ; كان محترقا شيعيا
عبد الباقي بن قانع البغدادي  يتشيع
يعقوب بن سفيان الفسوي     منكر الحديث


ഇമാം അബുദാവൂദ്  പറയുന്നു : ഇദ്ദേഹം കടുത്ത ശിയാ ആണ് .
അബു ഹാത്തിം ഇബ്ൻ ഹിബ്ബാൻ ബസതി പറയുന്നു : ഇദ്ദേഹം ശിയാക്കളിൽ പെട്ടവനാണ് .
അബ്ദുൽ ബക്കി ഇബ്ൻ ഖനിഹ്  ബഗ്ദാദി പറയുന്നു : ഇദ്ദേഹം ശിയാക്കളിൽ പെട്ടവനാണ് .
യാക്കൂബ് ഇബ്ൻ സുഫ്‌യാൻ ഫസവീ പറയുന്നു ; ഇദ്ദേഹത്തിന്റെ ഹദീസുകൾ നിഷിദ്ധമാണ് .

[തഹ്ദീബ് അല കമാൽ 3689  , സിയാർ അഅലാ]

ഇമാം ബുഖാരി 7311, 6154 etc.. ഹദീസുകൾ ഇദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നു

മറ്റൊരു റാവി അബ്ബാദ് ഇബ്ൻ യാഅക്കൂബ് ആണ് .
وقال ابن عدي : فيه غلو في التشيع

وقال ابن عدي : روى مناكير في الفضائل والمثالب
          أبو الفرج بن الجوزي     متهم بالوضع
قال  عَلِي بْن مُحَمَّد المروزي سئل صَالِح بْن مُحَمَّد، عَنْ عباد بْن يعقوب الرواجني، فَقَالَ: كَانَ يشتم عُثْمَان

ഇബ്ൻ അദിയ്യു പറയുന്നു ; ഇദ്ദേഹം അതിര് കവിഞ്ഞ ശിയായാണ്  , ഫദാഇലുകൾ  പറയുന്ന ഇദ്ദേഹത്തിന്റെ ഹദീസുകൾ നിഷിദ്ധമാണ് .
ഇമാം ഇബ്ൻ ജവ്സി പറയുന്നു : ഇയാള് കളവ് പറയുന്നവനാണ്
ഉബൈദുല്ല ഇബ്ൻ യഅകൂബ്  റവാജിനി പറയുന്നു : ഇദ്ദേഹം ഉസ്‌മാൻ [റ ] അക്ഷേപികാരുണ്ട്

[ തഹ്ദീബ് അൽ കമാൽ 3104 , സിയാർ അഅലാ ]

ഇമാം ബുഖാരി 7534 ആം  ഹദീസ് ഇദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നു.

ഇതേപോലെ വിമർശന വിധേയരായ നൂറു ക്കണക്കിന്  റാവികൾ ബുഖാരി , മുസ്ലിം എന്നിവരുടെ ഗ്രന്ഥങ്ങളിൽ ഉണ്ട് . അത് ആ മഹാന്മാരുടെ ഗ്രന്ഥങ്ങൾക്ക്  യാതൊരു മങ്ങലും എൽപ്പിക്കുന്നില്ല . അത്തരം റാവികളുടെ അൽപം ചില ഹദീസുകൾ ഒഴിച്ചാൽ ബാക്കി എല്ലാം  തികച്ചും ആധികാരികമാണ് . അതുകൊണ്ട് തന്നെ ഇസ്ലാമിക ലോകം പരിശുദ്ധ ഖുർആൻ  കഴിഞ്ഞാൽ  കൂടുതൽ ആധികാരിക ഗ്രന്ഥമായി പരിഗണിക്കുന്നത്  ;ലോകത്തുള്ള മറ്റു വേദങ്ങളേയോ  സംഹിതകളെയോ അല്ല  പകരം ഇമാം മുഹമ്മദ്‌ ബുഖാരിയുടെ ജാമിഉ സഹിഹ്  ആണ്  . ആ സ്ഥാനം ആ ഗ്രന്ഥത്തിന് ലഭിച്ചത്  അദ്ദേഹത്തിന്റെ ആത്മാർത്ഥ പരിശ്രമം കൊണ്ടാണ് ,പലതിനോടും വിരക്തി പ്രകടിപ്പിച് എന്നാൽ സുന്നത്തുകൾ പിൻപറ്റി അദ്ദേഹം നടത്തിയ കഠിനാധ്വാനത്തിന്റെ  ഫലമാണ് . അദ്ദേഹം ജീവിതമായും ജീവിത ലക്ഷ്യമായും കണ്ടത്  ഹദീസ് പഠനമാണ് . അദ്ദേഹം പറയുന്നത്  നോക്കുക : " ഭാരണാധികാരിയുമായുള്ള സഹവാസം വിജ്ഞാനത്തെ ഇടിച്ചു താഴ് ത്തുന്നതിനു തുല്യമാണ്  അവരെ പുകഴ് ത്തുന്നത്  ദീനിനെ കളങ്കപെടുത്തലും "
അദ്ദേഹത്തിന്റെ ഒരു സദസ്സിനു ആളുകൾ  കൊതിച്ചിരുന്നു ഇമാം മുസ്‌ലിം പറയൂന്നു ; " ബുഖാരി നിശാപൂരിലെത്തുന്നു എന്ന വാർത്ത അറിഞ്ഞ ഉടനെ ജനങ്ങൾ മൂന്നും നാലും വഴികളിലൂടെയായി അദ്ദേഹത്തെ സ്വീകരിക്കാൻ പുറപ്പെടുമായിരുന്നു . ഇത്തരം സ്വീകരണം ഏതെങ്കിലും ഭാരണാധികരിക്കോ പണ്ഡിതനോ കിട്ടിയതായി എനിക്കറിയില്ല " [ സീറത്തുൽ ബുഖാരി ]
അതിനാൽ അല്ലാഹുവിന്റെ പ്രസ്താവന അനുസരിച്  അവന്റെ ഗ്രന്ഥമാല്ലാതെ മറ്റുള്ള ഗ്രന്ഥം സമ്പൂർണ സത്യമാകില്ല എന്ന വസ്തുത പ്രകാരം സഹിഹ് ബുഖാരിയിൽ ഉള്ള മുസന്നദുകൾ എല്ലാം തന്നെ കുറവുകളിൽ നിന്നും പിഴവുകളിൽ നിന്നും മുക്തമല്ല എന്ന് വിശ്വസിക്കൽ  സത്യവിശ്വാസിയുടെ ബാധ്യതയാണ് .

വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ്‌ അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച്‌ പോകുന്ന പക്ഷം തനിക്ക്‌ ദോഷത്തിനായി തന്നെയാണ്‌ അവന്‍ വഴിപിഴച്ചു പോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത്‌ വരെ നാം ( ആരെയും ) ശിക്ഷിക്കുന്നതുമല്ല”

[ഇസ്റാഅˇ 15]













താടി വളർത്തൽ



                       താടി വളർത്തൽ
 ഷാഹിദ്  മുവാറ്റുപ്പുഴ

ലോക നാഗരീകതയിലെ ആധികാരിക ചരിത്രം പരിശോധിച്ചാൽ ആ കാലത്തിലെ പുരുഷൻമാർ മതഭേദമന്യേ താടി വെച്ചിരുന്നു എന്ന് കാണാൻ സാധിക്കും. മെസ്സപെട്ടോമിയൻ സംസ്കാരമെടുതലും , ഭാരതീയ സംസ്കരംയാലും അറേബ്യനയാലും അവർ താടി വളർത്തൽ ഒരു ഭക്തിയുടെയും വിജ്ഞാനതിന്റെയും സിംബലായി കണ്ടിരുന്നു. സുമെറീയൻസും , ബാബിലോണിയൻസും , കെൽദാനിയൻസും ,അസീറീയൻസുമെല്ലാം താടിയിൽ എണ്ണ ഇടുകയും അതിനെ ഭംഗിയായി സംരക്ഷിക്കുകയും ചെയ്തിരുന്നു .ഇന്ത്യയിൽ താടി അഭിമാനത്തിന്റെയും പാണ്ടിത്യത്തിന്റെയും അടയാളമായി കണ്ടിരുന്നു . അതിനാൽ സന്യാസിമാർ തടി വെച്ചിരുന്നു . ഗ്രീക്കുകാർ താടി വെക്കൽ പൌരുഷത്തിന്റെ അടയാളമായിട്ടാണ്  കണ്ടിരുന്നത് . താടി വെക്കതവരെ അവർ ശണ്ട്ടന്മാരായി പരിഗണിച്ചിരുന്നു . സ്പാർട്ടൻസ്  ,  ഭീരുക്കളായ ആളുകളെ ശിക്ഷിച്ചിരുന്നത്  അവരുടെ താടി വടിച്ചയിരുന്നു .
[Homer Iliad 1:500-1, A then. xiii. 565]

എന്നാൽ റോമാക്കാർ ഭിന്നമായിരുന്നു.  അവർ AD299 തന്നെ ബാർബറെ കൊണ്ട് വന്നു . Ticinius ആയിരുന്നു കൊണ്ട് വന്നത്. പൌരുഷത്തിന്റെ ആരംഭമായി അവർ താടിയെ കാണ്ടു അതിനാൽ ആദ്യത്തെ താടി വടിക്കൽ ഒരു ആഘോഷമയി അവർ മാറ്റി . കാതോലിക്ക സഭ താടി വളർത്തൽ നിരോധിച്ചു പ്രത്യേഗിച്  പുരോഹിതന്മാർക്ക് . അവർCLEAN SHAVE ചെയ്യാൻ ഉത്തരവിട്ടു , ബ്രഹ്മചര്യത്തിന്റെ അടയാളമായിട്ടാണ്  അവർ ക്ലീൻശേവിനെ കണ്ടത് .പിനീട് താടി വടിക്കൽ ബ്രഹ്മ ചര്യത്തിന്റെ ചിഹ്ന്നമായി മാറി.
[WIKIPEDIA]

ഇസ്ലാമിന് മുൻപ്  അറബികളും താടി വെച്ചിരുന്നു . മുസ്ലീംങ്ങളുടെ  ശത്രുവായിരുന്ന അബൂ ജഹലിനുവരെ തടിയുണ്ടായിരുന്നു .
قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ "‏ مَنْ يَنْظُرُ مَا صَنَعَ أَبُو جَهْلٍ ‏"‏ فَانْطَلَقَ ابْنُ مَسْعُودٍ، فَوَجَدَهُ قَدْ ضَرَبَهُ ابْنَا عَفْرَاءَ حَتَّى بَرَدَ قَالَ آأَنْتَ أَبُو جَهْلٍ قَالَ فَأَخَذَ بِلِحْيَتِهِ‏.‏ قَالَ وَهَلْ فَوْقَ رَجُلٍ قَتَلْتُمُوهُ أَوْ رَجُلٍ قَتَلَهُ قَوْمُهُ? قَالَ أَحْمَدُ بْنُ يُونُسَ أَنْتَ أَبُو جَهْلٍ‏?

നബി [സ ] പറഞ്ഞു : ആരാണ്  അബു ജഹലിന്  എന്തുപറ്റി എന്ന് നോക്കുക ? ഇബ്ൻ മസ് ഊദ്  [റ ] അന്വേ ഷിക്കാൻ പോയി . അപ്പോൾ അദ്ദേഹം കണ്ടത്  അഫ്രാ യിന്റെ  രണ്ടു മക്കൾ വെട്ടി വീഴ്തുന്നതാണ് . അവസാന ശാസം വലിക്കുന്ന നേരത്ത്  ഇബ്ൻ  മസ് ഊദ്  [റ ] ചോദിച്ചു : നീ അബൂ ജഹലാണോ ? എന്നിട്ട്  അബൂ ജഹലിന്റെ താടിയിൽ പിടിച്ച്  ഉയർത്തി ." [ബുഖാരി 3962 ]

അവിശ്വാസിയായ അബൂജഹലിനും താടിയുണ്ടായിരുന്നു  എന്ന്  വ്യക്തം . കാരണം അറേബ്യൻ സംസ്കാരത്തിൽ പെട്ട ഒന്നായിരുന്നു താടി .പക്ഷെ മുഹമ്മദ്‌ നബി [സ ] ശരിഅത്  ലഭിച്ചപ്പോൾ അദ്ദേഹം അവിശ്വാസികളിൽ നിന്നും എല്ലാത്തിലും ഭിന്നത പുലർത്തി .

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ خَالِفُوا الْمُشْرِكِينَ أَحْفُوا الشَّوَارِبَ وَأَوْفُوا اللِّحَى ‏"‏ ‏.‏

നബി [സ ] പറഞ്ഞു :" നിങ്ങൾ ബഹു ദൈവ വിശ്വാസികളിൽ നിന്നും ഭിന്നത പുലർത്തുക  മീശ വെട്ടി ചുരുക്കുകയും, താടി വളരാൻ വിടുകയും ചെയ്യുക " [മുസ്ലിം 259  ]

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى خَالِفُوا الْمَجُوسَ

നബി [സ ] പറഞ്ഞു :" നിങ്ങൾ അഗ്നി ആരാധകരിൽ നിന്നും നിന്നും ഭിന്നത പുലർത്തുക  മീശ വെട്ടി ചുരുക്കുകയും, താടി വളരാൻ വിടുകയും ചെയ്യുക " [മുസ്ലിം 260 ]

മുശിരിക്കുകൾ താടി വെച്ചിരിന്നു പക്ഷേ അവരിൽ നിന്നും വ്യത്യസ്തത പാലിക്കാൻ മീശ വെട്ടിച്ചുരുക്കാൻ കൂടി നബി മുസ്ലിംങ്ങലോട്  പറഞ്ഞു . പരിശോധിച്ചുകഴിഞ്ഞാൽ പല വിഷയങ്ങളിലും മറ്റു സമുദായക്കാരോട് ഭിന്നത പുലർത്താൻ നബി അനുശാസിക്കുനുണ്ട് .  ഉദാഹരണത്തിന് ,

نْ أَبِي هُرَيْرَةَ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ ‏"‏ إِنَّ الْيَهُودَ وَالنَّصَارَى لاَ يَصْبُغُونَ فَخَالِفُوهُمْ

നബി [സ ] പറഞ്ഞു ;യഹൂദരും നസാറാക്കളും മുടിക്ക് ചായം കൊടുക്കാറില്ല നിങ്ങൾ അവർക്ക് ഭിന്നമായി ചായം കൊടുക്കുക .[ അബൂ ദാവൂദ് 4203]

താടിവളർത്തൽ നബി [സ ] യുടെ പ്രബലമായ ചര്യയാണെന്നതിൽ ലോകത്ത് ആർക്കും തർക്കമില്ല . എന്നാൽ അത് നിർബന്ധമായ ചര്യയാണോ എന്നതിലാണ്  സംശയം. ഇന്ന്  വളരെ അധികം ആളുകൾക്ക്  സംശയമുള്ളതും, അതുപോലെ തന്നെ ചർച്ച ചെയ്യുന്നതുമായ വിഷയമാണ്  താടി വെക്കൽ നിർബന്ധമാണോ എന്നത് ..

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى خَالِفُوا الْمَجُوسَ


നബി [സ ] പറഞ്ഞു :" നിങ്ങൾ അഗ്നി ആരാധകരിൽ നിന്നും നിന്നും ഭിന്നത പുലർത്തുക  മീശ വെട്ടി ചുരുക്കുകയും, താടി വളരാൻ വിടുകയും ചെയ്യുക "

കൽപനാ സ്വരത്തിലുള്ള ഹദീസായതിനാൽ മിക്ക പണ്ഡിതന്മാരും താടി വടിക്കൽ ഹറാമാണെന്ന്  വിധിച്ചു ,ചിലർ ഹറാമിനോടാടുത്ത താണെന്ന്  വിധിച്ചു  ചിലർ സുന്നത്താണെന്ന്  വിധിച്ചു . ചിലർ അൽപം കൂടി കടന്നു താടി വടിക്കൽ മാത്രമല്ല അതിൽ നിന്നും അൽപം എടുക്കൽ അഥവാ വെട്ടിചച്ചുരുക്കൽ പോലും ഹറാമാണെന്ന്  വിധിച്ചു .
എന്നാൽ ഈ വിഷയത്തിൽ വന്ന ഹദീസുകൾ ഒന്ന് പരിശോധിച്ചാൽ  അത്  പ്രബലമായ ഒരു സുന്നത് മാത്രമാണെന്നേ  കാണാൻ സാധിക്കൂ .

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ انْهَكُوا الشَّوَارِبَ، وَأَعْفُوا اللِّحَى ‏"

നബി [സ ] പറഞ്ഞു : നിങ്ങൾ മീശ വെട്ടി ചുരുക്കുകയും, താടി വളരാൻ വിടുകയും ചെയ്യുക "

[ബുഖാരി 5893, തിർമുദി 2763 ,നസായി 5045]          

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ أَمَرَ بِإِحْفَاءِ الشَّوَارِبِ وَإِعْفَاءِ اللِّحْيَةِ 


ഇബ്ൻ ഉമർ [റ ] പറഞ്ഞു ;നബി [സ ] ഞങ്ങളോട്  കൽപ്പി ച്ചു  നിങ്ങൾ മീശ വെട്ടി ചുരുക്കുകയും, താടി വളരാൻ വിടുകയും ചെയ്യുക  [  മുസ്ലിം 259 ]



عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ خَالِفُوا الْمُشْرِكِينَ أَحْفُوا الشَّوَارِبَ وَأَوْفُوا اللِّحَى ‏"‏ ‏.‏

നബി [സ ] പറഞ്ഞു :" നിങ്ങൾ ബഹു ദൈവ വിശ്വാസികളിൽ നിന്നും ഭിന്നത പുലർത്തുക  മീശ വെട്ടി ചുരുക്കുകയും, താടി വളരാൻ വിടുകയും ചെയ്യുക " [മുസ്ലിം 259  ]

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ جُزُّوا الشَّوَارِبَ وَأَرْخُوا اللِّحَى خَالِفُوا الْمَجُوسَ

നബി [സ ] പറഞ്ഞു :" നിങ്ങൾ അഗ്നി ആരാധകരിൽ നിന്നും നിന്നും ഭിന്നത പുലർത്തുക  മീശ വെട്ടി ചുരുക്കുകയും, താടി വളരാൻ വിടുകയും ചെയ്യുക " [മുസ്ലിം 260 ]

ഈ ഹദീസിലെ കൽപനാ സ്വരം കണ്ടു ഇതിനെ വാജിബകാൻ നോക്കിയാൽ  ഇബ്ൻ ഉമർ [ റ ] വിന്റെ പ്രവർത്തി  കൊണ്ട്  നാം അതിനെ ഖണ്ഡിക്കുന്നു . താടി വളരാൻ വിടുക എന്നത് നിർബന്ധ കൽപ്പനയാണെങ്കിൽ ഇബ്ൻ ഉമർ [ റ ]ഒരിക്കലും താടി വെട്ടി ചുരുക്കില്ലായിരുന്നു . ഒരു കാര്യം നിർബന്ധമാണോ എന്ന്  വിധിക്കുന്നത്  ആ കാര്യം നബിയും സഹാബത്തും എങ്ങിനെ ജീവിതത്തിൽ പകർത്തി എന്ന് നോക്കിയാണ് . വാക്കിൽ പറഞ്ഞത് പ്രവർത്തിയിൽ ഒരിക്കലും മാറ്റില്ല .അപ്പോൾ സഹാബത്ത്  അത് വാജിബായി കണ്ടിരുന്നില്ല എന്ന് മനസ്സിലാക്കാം .

عَنْ نَافِعٍ، عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ خَالِفُوا الْمُشْرِكِينَ، وَفِّرُوا اللِّحَى، وَأَحْفُوا الشَّوَارِبَ ‏"‏‏.‏ وَكَانَ ابْنُ عُمَرَ إِذَا حَجَّ أَوِ اعْتَمَرَ قَبَضَ عَلَى لِحْيَتِهِ، فَمَا فَضَلَ أَخَذَهُ

നാഫിഅ ั [റ ] നിന്നും നിവേദനം , ഇബ്ൻ ഉമർ ั [റ ] പറഞ്ഞു : നബി [സ ] പറഞ്ഞു 'നിങ്ങൾ ബഹു ദൈവ വിശ്വാസികളിൽ നിന്നും ഭിന്നത പുലർത്തുക താടി വളരാൻ വിടുകയും മീശ വെട്ടി ചുരുക്കുകയും ചെയ്യുക '. ഇബ്ൻ ഉമർ [റ ]ഹജ്ജിന്റെയും ഉംറായുടെയും സമയത്ത്  ഒരു കൈപിടിയിൽ കൂടുതലുള്ള തടി വെട്ടി കളയുമായിരുന്നു "

[ ബുഖാരി 5892 ]

أَنَّ عَبْدَ اللَّهِ بْنَ عُمَرَ، كَانَ إِذَا حَلَقَ فِي حَجٍّ أَوْ عُمْرَةٍ أَخَذَ مِنْ لِحْيَتِهِ وَشَارِبِهِ

നാഫിഅ ั [റ ] നിന്നും നിവേദനം ; ഇബ്ൻ ഉമർ [ റ ] ഹജ്ജിനും ഉംറക്കും  തല മുണ്ഡനം ചെയ്‌താൽ താടിയും മീശയും വെട്ടി ചുരുക്കുമായിരുന്നു " [ മുവത്ത 895 ]

وَحَدَّثَنِي عَنْ مَالِكٍ، أَنَّهُ بَلَغَهُ أَنَّ سَالِمَ بْنَ عَبْدِ اللَّهِ، كَانَ إِذَا أَرَادَ أَنْ يُحْرِمَ دَعَا بِالْجَلَمَيْنِ فَقَصَّ شَارِبَهُ وَأَخَذَ مِنْ لِحْيَتِهِ قَبْلَ أَنْ يَرْكَبَ وَقَبْلَ أَنْ يُهِلَّ مُحْرِمًا

സാലിം  ഇബ്ൻ അബ്ദുള്ള [റ  ](ഉമർ[റ  ] മകൻ ) ഇഹ്രാമിൽ പ്രവേശികാൻ ഉദേശിച്ചാൽ താടിയും മീശയും വെട്ടി ചുരുക്കാൻ  കത്രിക കൊണ്ടുവരാൻ പറയാറുണ്ടായിരുന്നു ." " [ മുവത്ത 898 ]

ഇമാം ഇബ്ൻ ഹജർ [റ ഹ് ] പറയുന്നു;

وقال قوم إذا زاد على القبضة يؤخذ الزائد ، ثم ساق بسنده إلى ابن عمر أنه فعل ذلك ، وإلى عمر أنه فعل ذلك برجل ، ومن طريق أبي هريرة أنه فعله

ഒരു വിഭാഗം പണ്ഡിതന്മാർ പറഞ്ഞു ഒരു പിടിയിൽ കൂടുതലുള്ള താടി എടുക്കപെടും .ഇബ്ൻ ഉമർ [റ ] വിന്റെ പ്രവർത്തിയും അബൂഹു റൈറ വിന്റെ പ്രവർത്തിയിലും അത് ഉദ്ധരിക്കപെട്ടിടുണ്ട്  . [ഫത്തഹുൽ ബാരി കിതബുലിബാസ്  ഹദീസ്: 5553]

ثم حكى الطبري اختلافا فيما يؤخذ من اللحية هل له حد أم لا ؟ فأسند عن جماعة الاقتصار على أخذ الذي يزيد منها على قدر الكف ، وعن الحسن البصري أنه يؤخذ من طولها [ ص: 363 ] وعرضها ما لم يفحش

താടി വെട്ടുന്നതിനു പരിധിയുണ്ടോ എന്ന് അഭിപ്രായ വെത്യസമുണ്ട് . ഒരു വലിയ വിഭാഗം പണ്ഡിതന്മാർ പറയുന്നത്  ഒരു പിടിയിൽ കവിയുന്നത് വെട്ടാമെന്നാണ് .ഹസൻ ബസരി [റ ]  താടിയുടെ നീളത്തിൽ നിന്നും വീഥിയിൽ നിന്നും വെട്ടി ഒതുക്കാറൂണ്ടായിരുന്നു . [ഫത്തഹുൽ ബാരി കിതബുലിബാസ്  ഹദീസ്: 5553]

താടി വളരാൻ വിടൽ വാജിബാണെങ്കിൽ സഹാബികൾ ഒരിക്കലും തടി വെട്ടില്ലായിരുന്നു അതിനെ വളരാൻ വിട്ടേനെ . അപ്പോൾ വളരാൻ വിടുക എന്നത്  നിർബന്ധ കൽപനയല്ല . മറിച്  അത്  വെട്ടി ഭംഗിയായി വളർത്തൽ സുന്നത്താണ്  എന്നാതാണ് സഹാബികൾ മനസ്സിലാക്കിയത് .  അപ്പോൾ പണ്ഡിതന്മാർ വാജിബാക്കിയാലും അത് വാജിബല്ല എന്ന് സ്പഷ്ട്ടമാണ് . താടി വടിക്കുന്നതിനെ പറ്റിയണെ ങ്കിൽ നബി [സ ] അത്  നിരോധിക്കതതുകൊണ്ട്  അത്  നിരോധിക്കാൻ ആർക്കും അവകാശമില്ല . പണ്ഡിതമാർ തന്ന്നെ പറഞ്ഞത്  കറാഹതാണ്  [വേറൂക്കപെട്ടത് ]എന്നാണു അല്ലാതെ ഹറാം എന്നല്ല.

وقال عياض : يكره حلق اللحية وقصها وتحذيفها ، وأما الأخذ من طولها وعرضها إذا عظمت فحسن ، بل تكره الشهرة في تعظيمها كما يكره في تقصيرها

ഖാദി ഇയാൾ [റ ] പറഞ്ഞു : താടി വടിക്കൽ കറാഹതാണ് . താടി കൂടുതൽ നീട്ടി പ്രസിദ്ധി ആഗ്രഹിക്കുന്നതും അതേപോലെ താടി തീരെ വെട്ടി ചുരുക്കുന്നതും കറാഹതാണ് "

[ഫത്തഹുൽ ബാരി കിതബുലിബാസ്  ഹദീസ്: 5553]

കേവലം ഹദീസിന്റെ പ്രയോഗം കൽപനാ സ്വരമാണെന്നതിനാൽ  അത്  വാജിബാകുന്നില്ല ആണെങ്കിൽ  നമസ്ക്കരതിൽ  ചെരുപ്പും കാലുറയും ധരിച്  നമസ്ക്കരികെണ്ടിവരും , മുഹർറം 9 ഉം 10 ഉം ഫർദ് നൊമ്പാണെന്ന്  പറയേണ്ടിവരും .

قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " خَالِفُوا الْيَهُودَ فَإِنَّهُمْ لاَ يُصَلُّونَ فِي نِعَالِهِمْ وَلاَ خِفَافِهِمْ " .

"നിങ്ങൾ ജൂതർക്ക് എതിരാകുവിൻ അവർ ചെരുപ്പും കാലുറയും ധരിച് നമസ്കരിക്കാറില്ല നിങ്ങൾ അവ രണ്ടിലും നമസ്ക്കരിക്കുവിൻ " [അബൂദാവൂദ് 652]

عَبْدَ اللَّهِ، بْنَ عَبَّاسٍ - رضى الله عنهما - يَقُولُ حِينَ صَامَ رَسُولُ اللَّهِ صلى الله عليه وسلم يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " فَإِذَا كَانَ الْعَامُ الْمُقْبِلُ - إِنْ شَاءَ اللَّهُ - صُمْنَا الْيَوْمَ التَّاسِعَ " . قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم.

നബി [സ ] ആശുറാ ദിനം നോമ്പ് എടുത്തു എന്നിട്ട് സഹാബികളോട്  നോമ്പേടുക്കാൻ കല്പ്പിച്ചു. അപ്പോൾ സഹാബികൾ പറഞ്ഞു ;ഇതു ജൂദന്മരുദെ മഹത്വമായ ദിനമാണ് . അപ്പോൾ നബി [സ ] പറഞ്ഞു : എന്നാൽ അടുത്തകൊല്ലം ഞാൻ ജീവിച്ചിരുന്നാൽ മുഹറം 9 നും 10 നും നോമ്പ് എടുക്കും "

[മുസ്ലിം 1134]


കൽപന ക്രിയ നോക്കിയല്ല ഒരു കാര്യം വാജിബും സുന്നതുമാകുന്നത് . കൂടാതെ താടി വെട്ടുന്നതോ വടിക്കുന്നതോ നബി വിലക്കുന്നുമില്ല . അപ്പോൾ അത്  നിർബന്ധത്തിന്റെ പരിധിയിൽ വരുന്നില്ല .

                    മാത്രവുമല്ല   താടി വളർത്തൽ പ്രകൃതി ചര്യയിൽ പെട്ടതുമാണ് . പുരുഷന്  അവന്റെ പൌരുഷത്തിന്റെ അടയാളമാണ് താടി . അത് ഇസ്ലാം മാത്രമല്ല മറ്റു സമൂഹവും  അങ്ങിനെ കണ്ടിരുന്നു എന്ന്  മുകളിൽ വിവരിച്ചിരുന്നു . മീശ വെട്ടി ചുരുക്കലും പ്രക്രതിക്ക്  അനുഗുണമാണ്  കാരണം മീശ അൽപം വളർന്നാൽ പിന്നെ കൊഴിയും . അത് ഭക്ഷണം കഴിക്കുമ്പോളൊ  പാനിയം കുടിക്കുമ്പോളൊ ആണെങ്കിൽ നാം അറിയാതെ വയറിനകത്ത്‌ പോകും അത്  ആരോഗ്യപ്രശ്നങ്ങലുണ്ടാക്കും . അതിനാലാണ്  നബി [ സ ] ശുദ്ധമായ പ്രകൃതി ചര്യ നമ്മെ പഠിപ്പിച്ചത് . ഇമാം തിർമുദി ഉദ്ധരിച്ച ഒരു ഹാദീസുകൂടി കണ്ടാൽ കാര്യം കൂടുതൽ വ്യക്തമാകും .

عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ "‏ عَشْرٌ مِنَ الْفِطْرَةِ قَصُّ الشَّارِبِ وَإِعْفَاءُ اللِّحْيَةِ وَالسِّوَاكُ وَالاِسْتِنْشَاقُ وَقَصُّ الأَظْفَارِ وَغَسْلُ الْبَرَاجِمِ وَنَتْفُ الإِبْطِ وَحَلْقُ الْعَانَةِ وَانْتِقَاصُ الْمَاءِ

ആയിഷ [ റ ]  വിൽ നിന്നും നിവേദനം, നബി [സ ] പറഞ്ഞു “പത്തുകാര്യങ്ങൾ പ്രകൃതി ചര്യയിൽ പെട്ടതാണ് . മീശ വെട്ടിച്ചുരുക്കൽ  , താടി വളരാൻ വിടൽ ,പല്ല് തെക്കൽ, മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ ,നഖം വെട്ടൽ , വിരൽ സന്ധികൾ  കഴുകൽ , കക്ഷത്തിലെ രോമം നീക്കം ചെയ്യൽ ,ഗുഹ്യാവയവത്തിലെ രോമം നീക്കം ചെയ്യൽ, വെള്ളം കൊണ്ട്  ശുദ്ധിയാക്കൽ”  [തിർമുദി  2757]

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم " عَشْرٌ مِنَ الْفِطْرَةِ قَصُّ الشَّارِبِ وَإِعْفَاءُ اللِّحْيَةِ وَالسِّوَاكُ وَاسْتِنْشَاقُ الْمَاءِ وَقَصُّ الأَظْفَارِ وَغَسْلُ الْبَرَاجِمِ وَنَتْفُ الإِبْطِ وَحَلْقُ الْعَانَةِ وَانْتِقَاصُ الْمَاءِ " . قَالَ زَكَرِيَّاءُ قَالَ مُصْعَبٌ وَنَسِيتُ الْعَاشِرَةَ إِلاَّ أَنْ تَكُونَ الْمَضْمَضَةَ . زَادَ قُتَيْبَةُ قَالَ وَكِيعٌ انْتِقَاصُ الْمَاءِ يَعْنِي الاِسْتِنْجَاءَ


ആയിഷ [ റ ]  വിൽ നിന്നും നിവേദനം, നബി [സ ] പറഞ്ഞു “പത്തുകാര്യങ്ങൾ പ്രകൃതി ചര്യയിൽ പെട്ടതാണ് . മീശ വെട്ടിച്ചുരുക്കൽ  , താടി വളരാൻ വിടൽ ,പല്ല് തെക്കൽ, മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ ,നഖം വെട്ടൽ , വിരൽ സന്ധികൾ  കഴുകൽ , കക്ഷത്തിലെ രോമം നീക്കം ചെയ്യൽ ,ഗുഹ്യാവയവത്തിലെ രോമം നീക്കം ചെയ്യൽ, ഗുഹ്യാവയവം വെള്ളം കൊണ്ട്  ശുദ്ധിയാക്കൽ  [മുസ്ലിം 261]

അപ്പോൾ നഖം മുറിക്കുന്നപോലെ , പല്ല് തെക്കുന്നപോലെയുള്ള പ്രകൃതി ചര്യയാണ്  പുരുഷന്  താടി വെക്കൽ എന്നും അല്ലാതെ നിർബന്ധ നമസ്ക്കാരം പോലെ വാജിബാക്കപെട്ട കാര്യമല്ല എന്നും  വ്യക്തമായി .
 പിന്നെ നബി [സ ] ബഹു ദൈവ വിശ്വാസികളിൽ നിന്നും അഗ്നി പൂജകരിൽ നിന്നുമെല്ലാം ഭിന്നത പുലർത്താൻ പറഞ്ഞതത്  കൽപന സ്വരം ഫർദിന്റെ  പരിധിയിലല്ല വരുന്നത് . കാരാണം മറ്റു പല വിഷയങ്ങളും അത്തരത്തിൽ പറഞ്ഞിട്ടുണ്ട്  ഉദാഹരണത്തിന്
نْ أَبِي هُرَيْرَةَ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ ‏"‏ إِنَّ الْيَهُودَ وَالنَّصَارَى لاَ يَصْبُغُونَ فَخَالِفُوهُمْ

നബി [സ ] പറഞ്ഞു ;യഹൂദരും നസാറാക്കളും മുടിക്ക് ചായം കൊടുക്കാറില്ല നിങ്ങൾ അവർക്ക് ഭിന്നമായി ചായം കൊടുക്കുക .”[ അബൂ ദാവൂദ് 4203]

മുടിക്ക്  ചായം കൊടുക്കൽ  വാജിബല്ല . ചായം കൊടുക്കാത്ത സഹാബികളും ഉണ്ട് , കൊടുത്തവരുമുണ്ട് . വാജിബാണെങ്കിൽ  എല്ലാ സഹാബികളും ചായം കൊടുത്തേനെ .

ഇബ്ൻ ഹജർ [ റ ] : അബൂബക്കർ [റ ]  , ഉമർ [റ ]  എന്നിവർ താടിക്ക് നരക്ക്  ചായം കൊടുത്തിരുന്നു എന്നാൽ ഉബയ് ഇബ്ൻ കഅബ്  [റ ]  ,അനസ്  [റ ]  എന്നിവർ കൊടുത്തിരുന്നില്ല " [ഫത്തഹുൽ ബാരി ] .

അപ്പോൾ മറ്റു സമുദായക്കാരിൽ നിന്നും രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും സവിശേഷമായ വ്യക്തിത്വം നിലനിർത്താനാണ്  റസൂൽ [സ ] അവരോട് ഭിന്നത പുലർത്താൻ പറഞ്ഞത് .


അബൂശാമ പറയുന്നു : താടി വടിക്കുന്ന ഒരു ജനത ഉണ്ടായിരുന്നു , മജൂസികളിൽ നിന്നും അനുകരിക്കപെട്ടാത്ത ണെന്ന് തോന്നുന്നു അവരത്‌  വടിച്ചു കളയുന്നവരായിരുന്നു "[ഫത്തഹുൽ ബാരി ]

 റോമാക്കാർ താടി വടിക്കുന്നവരയിരുന്നു . അവർ ബഹു ദൈവ വിശ്വാസികളിൽ പെട്ടവരുമായിരുന്നു . കൂടാതെ തടിവടിക്കൽ ബ്രഹ്മ ചര്യത്തിന്റെ സിംബലുമയി അവർ കണ്ടു . മാത്രമല്ല ഗ്രീക്കുകാർ താടിവടിക്കലിനെ സ്ത്രയണതയുമായി  ചേർത്ത് വെച്ചു . ഈ രണ്ടു കാര്യങ്ങളും ഇസ്ലാം എതിർക്കുനതയിരുന്നു അഥവാ ബ്രഹ്മചര്യവും , സ്ത്രീകളെ അനുകരിക്കലും . അതിനാൽ തന്നെ താടി വടികലിനെ പ്രോത്സാഹിപ്പിക്കാതെ അവരുടെ ആ വിശ്വാസത്തിൽ നിന്നും ഭിന്നമായി താടി വളര്ത്താൻ നിർദേശിച്ചു . അതേപോലെ തന്നെ താടി വളർത്തിയിരുന്ന മക്കാ മുശ്രിക്കുകളിൽ നിന്നും വ്യത്യസ്തമാകാൻ മീശ കൂടി വെട്ടി ചുരുക്കി ശുദ്ധ പ്രക്രിതിയകാൻ നിർദേശിച്ചു .
                       
അപ്പോൾ ഈ വിഷയം സമഗ്രമായി നോക്കുമ്പോൾ താടി വെക്കലും അത്  നല്ല രീതിയിൽ പരിപാലിക്കലും പ്രബലമായ നബി ചര്യയാണ് . ഏതുപോലെ എന്ന് വെച്ചാൽ 

 عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي لأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلاَةٍ ‏"

"എന്റെ സമുദായത്തിന്  പ്രയാസകരമാകില്ലായിരുന്നെങ്കിൽ  ഓരോ നമസ്ക്കാരത്തിനു മുൻപും പല്ല് തേക്കാൻ ഞാൻ കല്പ്പിക്കുമായിരുന്നു ." [തിർമിദി 22 ]എന്ന്  നബി [സ ] പറഞ്ഞപോലെ . അത്രക്ക് പ്രാധാന്യമുള്ള കാര്യമായതിനാലാണല്ലോ റസൂൽ [സ ] പല്ല് തെപ്പിന് മഹത്വം പറഞ്ഞത് . അതേപോലെ മഹത്വപെട്ട സുന്നത്താണ്  താടി വെക്കൽ .

وَلاَ تَقُولُواْ لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلالٌ وَهَذَا حَرَامٌ لِّتَفْتَرُواْ عَلَى اللَّهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لاَ يُفْلِحُونَ

നിങ്ങളുടെ നാവുകൾ  വിശേഷിപ്പിക്കുന്നതിന്റെ  അടിസ്ഥാനത്തിൽ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ്. എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങൾ  അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ ( അതിന്റെ ഫലം ) അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നവർ വിജയിക്കുകയില്ല; തീർച്ച. [ നഹൽ 116 ]

ഇമാം  അബൂ ഹനീഫ [റ ഹ് ] യുടെ കൂട്ടുകാരനായ ഖാദീ അബൂ യൂസുഫിനെ ഉദ്ധരിച്ച്  ഇമാം ശഫീഈ  [റഹ്]പറയുന്നു : "വ്യാഖ്യാനത്തിനിടയില്ലാതെ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ വന്നതിനെ കുറിച്ചല്ലാതെ ഇതു നിഷിദ്ധമാണെന്നും ഇത് അനുവടനീയമാണെന്നും  പറഞ്ഞു വിധി നൽകാൻ വിസമ്മതിക്കണമെന്നു പണ്ഡിതന്മാരിൽ നിന്നും നമ്മുടെ ഗുരുക്കന്മാർ മനസ്സിലാക്കിയിരിക്കുന്നു ." [ അൽ ഉമ്മു്  7/ 317 ]

അല്ലാഹു അവനിഷ്ട്ട പെടുന്ന ദാസന്മാരുടെ കൂട്ടത്തിൽ നമ്മെയും ഉള്പെടുത്തുമാറാകട്ടെ .